വിധിയെ തടഞ്ഞ ധര്‍മ്മവീര്യത്തിന്റെ എട്ടുവര്‍ഷങ്ങള്‍

വിധിയെ തടഞ്ഞ ധര്‍മ്മവീര്യത്തിന്റെ എട്ടുവര്‍ഷങ്ങള്‍
Published on
  • പോള്‍ തേലക്കാട്ട്

എറണാകുളം-അങ്കമാലി അതിരൂപതയിലെ 469 വൈദികര്‍ 2017 മുതല്‍ 2025 വരെ സഭാനേതൃത്വത്തോട് വിയോജിച്ച് പ്രതിരോധത്തിലായിരുന്നു. കേരളത്തിലെ ക്രൈസ്തവരും അക്രൈസ്തവരും എട്ടുകൊല്ലം നീണ്ട അധികാര പ്രതിരോധത്തില്‍ കാണിച്ച സംഘബോധവും സമരവീര്യവും അതിന്റെ ധര്‍മ്മനിഷ്ഠയും ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയിക്കുന്നു. സഭയുടെ അധികാരത്തോടു ഏറ്റുമുട്ടി പരിക്കുപറ്റി തിരിച്ചുപോകുകയല്ലാതെ മറ്റൊന്നും ഇവര്‍ നേടില്ല എന്നു കരുതിയവരും പരിഹസിച്ചവരുമുണ്ട്. ഈ എട്ടു കൊല്ലവും വൈദികര്‍ക്ക് നേതൃത്വം നല്കിയതും അവരുടെ സമ്മേളനങ്ങളില്‍ സംഘാതമായി നിശ്ചയങ്ങള്‍ സ്വീകരിക്കാന്‍ അവരെ വിളിച്ചുകൂട്ടി സംഘടിപ്പിച്ചതും അതിരൂപതയുടെ വൈദികസമിതിയൂടെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനായിരുന്നു.

അദ്ദേഹം ഈ വര്‍ഷങ്ങളിലൂടെയുള്ള കഠിനമായ യാത്രയെ വിശേഷിപ്പിക്കുന്നതു 'കനല്‍പ്പാതയില്‍ എരിയാത്ത ബോധ്യങ്ങള്‍' എന്നാണ്. ഈ ദൗത്യം അദ്ദേഹം 'ദൈവനിയോഗത്തിന്റെ ആകസ്മികത' എന്നു വിശേഷിപ്പിച്ചു. 2017 മുതല്‍ 2022 വരെ കാലഘട്ടത്തില്‍ വൈദികസമിതി മാസത്തില്‍ രണ്ടു പ്രാവശ്യം വരെ കൂടിയിട്ടുണ്ട്. 2021-2024 കാലയളവില്‍ വൈദികരുടെയും അല്‍മായരുടെയും 25-ല്‍ അധികം സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. കേവലം ഒരു വാട്‌സാപ്പ് സന്ദേശത്തിലാണ് വൈദികരുടെ യോഗം വിളിച്ചിരുന്നത്. ''ഒന്നും നേടാനല്ല. എന്തു നഷ്ടപ്പെട്ടാലും ഞാന്‍ സ്‌നേഹിക്കുകയും ജീവിക്കുകയും ചെയ്യുന്ന എന്റെ അതിരൂപതയില്‍ സത്യവും നീതിയും ധര്‍മ്മവും ക്രിസ്തുവും അന്യം നിന്നുപോകാന്‍ പാടില്ല എന്ന വാശിതന്നെയാണ് അതിന്റെ പിന്നില്‍. സത്യവെളിച്ചം കെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ലോകം മുഴുവന്‍ നമുക്കെതിരായാലും ഈശോയുടെ തിരുഹൃദയം കൈവിടുകയില്ല എന്ന ഉറച്ചബോധ്യമാണ് അതിരൂപതയുടെ ദശാസന്ധിയെ അതിജീവിക്കാന്‍ പ്രേരകമായത്.'' അദ്ദേഹം പറഞ്ഞു.

ഈ വൈദികയോഗങ്ങളില്‍ പങ്കെടുത്തിട്ടുള്ള വ്യക്തി എന്ന നിലയില്‍ ഞാന്‍ ഈ സമ്മേളനങ്ങളില്‍ വലിയ അദ്ഭുതം കണ്ടു. കാര്യനടത്തിപ്പിനു ഒരു കമ്മിറ്റിയോ പ്രത്യേക സംഘങ്ങളോ ഉണ്ടായിരുന്നില്ല. പ്രതിസന്ധിയുടെ ഏതു സാഹചര്യത്തിലും വൈദികരുടെ യോഗം വിളിക്കുന്നു. ആ യോഗത്തില്‍ എല്ലാവര്‍ക്കും സംസാരിക്കാം. അവിടെ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതായിരുന്നു നടപടി ക്രമം. അവര്‍ ഓരോരുത്തരും സംസാരിച്ചു. അവരുടെ മനസ്സാണ് എന്നെ ആശ്ചര്യപ്പെടുത്തിയത്. ധാര്‍മ്മികരോഷം കത്തുന്ന മനസ്സുകള്‍. അവിടെ വിചാരവികാരങ്ങള്‍ തിളച്ചു മറിയുന്നതു ഞാന്‍ കണ്ടു. അത് ഏതാനും പേരിലല്ല; എല്ലാവരിലും ഈ തിളച്ചുമറിയുന്ന അഗ്നിപര്‍വതം പ്രകടമായിരുന്നു. ഗരീസിം മലമുകളില്‍ കയറിനിന്ന യോഥോമിനെപ്പോലെ ഓരോ വൈദികനെയും ഞാന്‍ കണ്ടു. അഗ്നിപര്‍വതം ഭാഷയായി മാറി.

അതില്‍ സംസ്‌കാര രഹിതമായി ഒന്നുമുണ്ടായില്ല. കോപവും സങ്കടവും അണപൊട്ടിയൊഴുകി. നുരഞ്ഞുപൊങ്ങി ഭാഷയായി മാറിയ ആ പ്രവാഹം എല്ലാവരേയും ഒന്നായി ഉരുക്കിച്ചേര്‍ത്തു. ഈ പ്രതിരോധ സമരത്തിന്റെ രഹസ്യം ഈ ഒന്നാകലും അതില്‍ നിറഞ്ഞുകത്തിയ ധാര്‍മ്മികരോഷവുമായിരുന്നു. മനസ്സുകളിലെ ഭീകരമായ ധര്‍മ്മവേദന നിറഞ്ഞൊഴുകുകയായിരുന്നു. ഭാഷയുടെ പേമാരിയില്‍ ആരേയും അവഹേളിക്കുകയോ അവജ്ഞ പ്രകടിപ്പിക്കുകയോ ഉണ്ടായില്ല. ഈ ഭാഷയുടെ പെയ്തിറങ്ങല്‍ അവരെ പരസ്പരം ഉരുക്കിച്ചേര്‍ത്തു. ഇതു മനസ്സിലാക്കാന്‍ അധികാരികള്‍ക്കോ ചിലപ്പോ പൊതുസമൂഹത്തിനോ കഴിഞ്ഞില്ല. ഞങ്ങളുടെ കൂടെ ജീവിച്ച വിശ്വാസികള്‍ക്കും സന്യാസസമൂഹാംഗങ്ങള്‍ക്കും അതു മനസ്സിലായി. ഒന്നിപ്പിന്റെ ഒറ്റശബ്ദമാണ് പലരുടെ ഭാഷണങ്ങളില്‍ മുഴങ്ങിയത്. അതില്‍ വെറും വൈകാരിക പ്രകടനം മാത്രമല്ല, ഉറച്ച നിലപാടും അതിനു ഏതറ്റം വരെയും സഹിക്കാനുള്ള തീവ്രവികാര സമര്‍പ്പണവുമുണ്ടായിരുന്നു. അതു ഖണ്ഡിക്കാനാവാത്ത ആവേശമായി. പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടാന്‍ എന്തു നല്കാനും അവര്‍ തയ്യാറായിരുന്നു.

ഈ സമരം ഒരു അധികാരത്തിന്റെ വിധിയോടായിരുന്നു. അതിന്റെ ശക്തമായ അക്രമത്തിന്റെ ഊക്കിനെ വൈദികര്‍ തങ്ങളുടെ ധാര്‍മ്മികശക്തികൊണ്ടാണ് പ്രതിരോധിച്ചത്. അതിരൂപതയിലെ ജനങ്ങള്‍ വൈദികരുടെ പിന്‍ബലമായി നിന്നു. അതു ധര്‍മ്മസമരമായിരുന്നു. ബലവത്തായ മാനസ്സികപൊരുത്തവും ശങ്കയില്ലാത്ത ധാര്‍മ്മികലക്ഷ്യവും വൈദികരില്‍ നിറഞ്ഞുപൊങ്ങി. അതവരെ ഉയര്‍ത്തി, ഓരോ സമ്മേളനവും ശക്തിപകരുന്ന ഉദ്ദീപനൗഷധമായി. തങ്ങളില്‍ നിരഞ്ഞുപൊങ്ങിയ ഒരു വീര്യം ഏതോ ലഹരിയായി മാറി. അതിനു ധര്‍മ്മരോഷം എന്നുമാത്രം പേരു പറയാനെ കഴിയുന്നുള്ളൂ. ഒരു വലിയ ആത്മീയഹര്‍ഷം നിറഞ്ഞു തുളുമ്പി. അതാണ് ഈ സഭയുടെ ചരിത്രത്തില്‍ സാധാരണമായി ഒരിക്കലും കാണാനാകാത്തതു കാണാന്‍ ഇടയാക്കിയത്. അതാണ് വിധിയുടെ യാഥാര്‍ഥ്യങ്ങളെ തടഞ്ഞത്. ആന്തരികമായ ധര്‍മ്മബോധത്തിന്റെ ശക്തി വലിയ സാമൂഹികസമ്മര്‍ദ്ദമായി മാറി.

ധര്‍മ്മധീരതയുടെ സംഘാതശക്തിയില്‍ വിധികള്‍ തടുക്കപ്പെട്ടു. ഊക്കിന്റെ യാഥാര്‍ഥ്യശക്തിയെ അച്ചടക്കത്തിന്റെ ധര്‍മ്മബലത്തില്‍ പ്രതിരോധിക്കപ്പെട്ടതു സങ്കല്പത്തിന്റെ പ്രസാദത്തിലായിരുന്നു. ധാരാളം കേസുകളും മറ്റു പ്രതിസന്ധികളും വഴിയേ വന്നുകൊണ്ടിരുന്നു. വൈദികര്‍ ഈ പ്രശ്‌നങ്ങളില്‍ തങ്ങളുടെ ആത്മാവുകളെ സന്നിവേശിപ്പിച്ചു. സഭാചരിത്രത്തില്‍ ഉണ്ടാകാത്തതു സംഭവിച്ചു. എട്ടു കൊല്ലങ്ങള്‍കൊണ്ട് നടത്തിയ സമരം വിലയിരുത്തേണ്ടത് അതിന്റെ ജയത്തിലോ നേട്ടങ്ങളിലോ അല്ല. അതു നടത്തിയ ലക്ഷ്യവും വിധവും വിലയിരുത്തിയാണ്. വര്‍ഗസമരമല്ല നടത്തിയത്. ഞങ്ങളുടെ ആയുധം ഭാഷയുടെ ധര്‍മ്മ യുക്തിയായിരുന്നു. വ്യക്തിപരവും ആന്തരികവുമായ ഒരു വലിയ സാമൂഹികശക്തിയാണ് തല്‍ഫലമായി ഉണ്ടായത്. നുണയുടെ ചീട്ടുകൊട്ടാരങ്ങള്‍ ആ കാറ്റില്‍ നിലംപൊത്തി.

ഷെക്കം നിവാസികളോടു ചെറുപ്പക്കാരനായ യോഥാം ഗരീസിം മലമുകളില്‍ നിന്നു തന്റെ ഉള്ളില്‍ എരിഞ്ഞ അഗ്നിപര്‍വതത്തെ കഥയാക്കിപ്പറഞ്ഞാണ് - മുള്‍ച്ചെടി മരങ്ങളുടെ രാജാവായി തിരഞ്ഞെടുക്കപ്പെട്ട കഥ (ന്യായാധിപന്മാര്‍ 9:8). ധര്‍മ്മബലം നുരഞ്ഞുപൊങ്ങി ശക്തമായ സാമൂഹികശക്തിയായി മാറി. കാര്യങ്ങള്‍ സംഭാഷണത്തിന്റെ മേശയിലേക്കു വരേണ്ടി വന്നു. അധികാരത്തിന്റെ മാര്‍ഗം ശക്തിയുടെ അടിച്ചേല്പിക്കലല്ല, സൗഹൃദപരമായ സംഭാഷണത്തില്‍ പരസ്പരം കേട്ടും പറഞ്ഞും പരിഹരിക്കാമെന്ന ലളിതമായ സത്യം. ആധിപത്യത്തിന്റെ അക്രമവഴി അടിമകളുടെയും അപരിഷ്‌കൃതരുടേയുമാണ് എന്ന് അംഗീകരിക്കേണ്ടി വന്ന ചരിത്രനിര്‍മ്മാണം.

''ധര്‍മ്മബലം നുരഞ്ഞുപൊങ്ങി ശക്തമായ സാമൂഹിക ശക്തിയായി മാറി. കാര്യങ്ങള്‍ സംഭാഷണത്തിന്റെ മേശയിലേക്കു വരേണ്ടി വന്നു.''

ദൈവജനത്തിന്റെ 'ആത്മീകസ്വാദ്' അനുഭവിച്ച കഠിനതരമായ പരീക്ഷണങ്ങളുടെ കാലം. എല്ലാം നിയമാനുസൃതമായിരുന്നു; എന്നാല്‍ ദൈവത്തിനു നിരക്കുന്നത് ആയിരു ന്നില്ല. ഞങ്ങള്‍ക്ക് ആരും ശത്രുക്കളല്ല. ചിലരെ ദുരന്തത്തില്‍ നിന്നു ദൈവത്തിനുപോലും രക്ഷിക്കാനാവില്ല എന്നതു ദുഃഖകരമത്രേ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org