നിയമത്തിനു മുമ്പില്‍

നിയമത്തിനു മുമ്പില്‍
Published on

പോള്‍ തേലക്കാട്ട്

നിയമം അറിയാനും പാലിക്കാനും എല്ലാവര്‍ക്കും സംലബ്ദമാകണം എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ കഫ്കയുടെ കഥ "നിയമത്തിനു മുമ്പില്‍" വ്യത്യസ്തമായി നില്‍ക്കുന്നു. ഒരു ഗ്രാമീണന്‍ നിയമം അറിയാനും പഠിക്കാനും നിയമത്തിന്റെ കവാടത്തിനു മുമ്പില്‍ പ്രത്യക്ഷനായി. കാവല്‍ക്കാരന്‍ ഒരു സ്റ്റൂള്‍ നീക്കിയിട്ടു കൊടുത്ത് അയാളെ മാറ്റി ഇരുത്തി, പ്രവേശനം നല്കിയില്ല. അയാള്‍ പറഞ്ഞു: 'അരുത്.' കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് കടക്കാനും കഴിയാതെ അയാള്‍ അവിടെ ഇരുന്നു. നിവര്‍ന്നു നടന്നു വന്നവന്‍ ഒടിഞ്ഞ് ഇരിപ്പായി. ആ ഇരിപ്പ് ഒരു ആയുസ്സ് മുഴുവനുമായി. അവസാനം അയാള്‍ മരിക്കാറായപ്പോള്‍ കാവല്‍ക്കാരന്‍ പറ ഞ്ഞു: "ഞാന്‍ ഈ വാതില്‍ അടയ്ക്കാന്‍ പോകുന്നു: താങ്കള്‍ക്കു വേണ്ടി മാത്രമുണ്ടാക്കിയ വാതിലാണിത്."
കഫ്ക എന്താണ് ഈ കഥകൊണ്ട് അര്‍ത്ഥമാക്കിയത്? നിയമം എന്നതു (law) യഹൂദനായ കഫ്കയെ സംബന്ധിച്ചിടത്തോളം ദൈവം മോസ്സസിനു കൊടുത്ത കല്പനകളാണ്. ഈ നിയമത്തിന്റെ മുന്നിലേക്കാണ് ചെന്നത്. കാവല്‍ക്കാരന്‍ നിയമത്തിന്റെ മര്‍മ്മമാണ് അടിസ്ഥാനമാണ് പറഞ്ഞത്, അരുത്. ഇതാണ് എല്ലാ കല്പനകളും പറയുന്നത്. നിരോധനം – അരുത്. കല്പന നിരോധനം മാത്രമാണ്. അതിന്റെ അകത്തേക്ക് പ്രവേശനമില്ല, കാരണം അതിന് അകമില്ല. നിയമത്തിന്റെ യുക്തിയിലേയ്‌ക്കോ അതിന്റെ മനസ്സിലാക്കലിലേക്കോ പ്രവേശനമില്ല. അതിലേക്കുള്ള പ്രവേശനം അപരന്റെ മുമ്പിലാണ് – കാവല്‍ക്കാരന്‍. അതിന്റെ രഹസ്യം അവന്റെ രഹസ്യമാണ്. അതിനു വിശദീകരണമില്ലാതെ നല്കപ്പെട്ടു. അവന്റെ അകത്ത് അതു വിശദീകരണമില്ലാതെ നില്‍ക്കുന്നു. കല്പന ഒരുവന്റെ തീരുമാനത്തിന്റെ ഫലമല്ല. അതിന് യുക്തിയുമില്ല. ഈ അരുതുകളുമായി അവന്‍ ജീവിക്കണം. ഈ അരുതുകളുടെ അടിസ്ഥാനം ആരുടെയും മനസ്സിലാക്കലല്ല. അവന്‍ അതാണ്. അവനില്‍ അത് ആലേഖിതമാണ്. അത് അവന്റെ അസ്തിത്വധര്‍മ്മമാണ്. അവന്‍ അവന്റെ പേരില്‍ നിന്ന് അഥവാ അഹത്തില്‍നിന്നു പിന്‍വലിയാന്‍ കഴിവുള്ളവനാണ്. അവന്‍ ധാര്‍മ്മികനാകുകയല്ല. ധാര്‍മ്മികത അവന്റെ വ്യാകരണമാണ്. അതില്‍നിന്ന് അവന് ഒഴിവില്ല, അത് അവന് ഒഴിവാകാനാവില്ല.
ലെവീനാസ് മനുഷ്യന്റെ പ്രലോഭനത്തിന്റെ പ്രലോഭനത്തെക്കുറിച്ച് എഴുതി. "പ്രലോഭനത്തിന്റെ പ്രലോഭനം അറിയാനുള്ള പ്രലോഭനമാണ്… ഒരിക്കല്‍ ഈ പ്രലോഭനത്തില്‍ വീണാല്‍ പിന്നെ അന്ത്യമില്ല. അതു അനന്തമാണ്… പ്രലോഭനത്തിന്റെ പ്രലോഭനം അറിവിന്റെ പ്രലോഭനമാണ്, വിവേകത്തിന്റെയല്ല; അനുഭവിക്കാതെ എല്ലാം അറിയാന്‍." വിവേകത്തില്‍ വലിയ സഹനമുണ്ട്. അറിവ് വര്‍ദ്ധിപ്പിക്കുന്നവന്‍ സങ്കടങ്ങളും വര്‍ദ്ധിപ്പിക്കുന്നു. അതില്‍നിന്ന് അകന്നിരിക്കുക. "എല്ലാം എനിക്കു നിയമാനുസൃതമാണ്. എന്നാല്‍ എല്ലാം പ്രയോജനകരമല്ല." "നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല" (1 കൊറി. 6:12). എന്റെ മനസ്സിലാക്കലിന്റെ ബോധ്യത്തിലല്ല കാര്യങ്ങള്‍. എല്ലാം പരീക്ഷിച്ചു നോക്കാനും എല്ലാറ്റിനാലും പരീക്ഷിക്കപ്പെടുവാനും തുനിയുന്നതാണ് പ്രലോഭനത്തിന്റെ പ്രലോഭനം. എന്റെ ആത്മാവബോധം എന്നെക്കുറിച്ചുള്ള ബോധത്തിലേക്കു പിന്‍വലിയലല്ല. എന്നിലെ കല്പനകളിലേക്കു തിരിയല്‍ എന്റെ ബോധത്തിന്റെ ലക്ഷ്യം മനസ്സിലാക്കലാണ്. അത് അപരനാണ്. മണല്‍ക്കാട്ടില്‍വച്ച് ഇസ്രയേല്‍ക്കാരുടെ അറിവിന്റെ ആകാശം മേഘങ്ങള്‍ തടഞ്ഞു. അറിവിന്റെ വ്യാപനം നിന്റെ തീരുമാനത്തിന്റെ പ്രശ്‌നമല്ല. അതു നിന്നില്‍ ആലേഖിതമായ "അരുതു"കളില്‍ തട്ടി നില്‍ക്കുന്നു. നിന്നെ കാണാതെ നിനക്ക് എല്ലാം കാണാനാകുമ്പോള്‍ നിന്റെ സ്വാതന്ത്ര്യത്തിനും നിന്റെ അറിവിനും പരിധിനിര്‍ണ്ണയിക്കാന്‍ ആരുമില്ല എന്നു തോന്നാം. നിന്നെ ആരും കാണാതെ നിനക്കു എല്ലാം കാണാം എന്നാകുമ്പോള്‍ നിനക്കുണ്ടാകുന്ന പ്രലോഭനം. അത് ഒരു രോഗബാധയാണ് – അവനവനിസം. അതു ഒരുതരം വ്യാജമായ നിര്‍ദോഷാവസ്ഥയാണ്. "നീ കാണുന്നു മറ്റുള്ളവര്‍ കാണുന്നില്ല. ആ കാണലിന്റെ പ്രതികൂല്യങ്ങള്‍ അനുഭവിക്കാന്‍ ബാധ്യതയില്ല എന്ന ഭാവം. ലെവീനാസ് എഴുതി: നരകത്തിന്റെ വൃണങ്ങളില്ലാത്ത ഒരു പ്രപഞ്ചവുമില്ല." ആരും കാണാതെ ലോകത്തിലെ എല്ലാം അനുഭവിക്കാനുള്ള യാത്ര – അരുത്.
പ്ലേറ്റോ ജൈജസിന്റെ കഥയിലൂടെ പറഞ്ഞത് ഇന്ന് വളരെ അന്വര്‍ത്ഥമാകുകയാണ്. ആരും കാണാതെ എല്ലാം കാണുന്ന മാന്ത്രികമോതിരവുമായി അയാള്‍ എല്ലാത്തരം അവിഹിതങ്ങളും നടത്തുന്നു. യാദൃശ്ചികമായി ലഭിച്ച മാന്ത്രിക മോതിരത്തിന്റെ ശക്തിയാല്‍ ആര്‍ക്കും കാണാനാവാതെ രാജകൊട്ടാരത്തില്‍ കടന്ന് രാജാവിനെ കൊല്ലുകയും ഭാര്യയെ സ്വന്തമാക്കുകയും ചെയ്യുന്നു. ഇയാള്‍ ചെയ്യുന്നതിന് ഒരു സാക്ഷിയുമില്ല. ഈ മാന്ത്രികതയാണ് മേശപ്പുറത്തിരിക്കുന്ന കംപ്യൂട്ടറിന്റെ ഇന്റര്‍നെറ്റിലൂടെ കരഗതമാകുന്നത്. ആരും കാണാതെ ആരും അറിയാതെ എല്ലാം കാണാനും അനുഭവിക്കാനും പറ്റിയ സ്വകാര്യലോകം. അവിടെ വിലക്കുകള്‍ പറയാന്‍ ആരുമില്ല.
"നാം ഒരിക്കല്‍ മാത്രം ജീവിക്കുന്നു" എന്ന മുദ്രാവാക്യത്തില്‍ എല്ലാം അടിച്ചുപൊളിച്ചാസ്വദിക്കാം എന്ന ചിന്ത വ്യാപകമാണ്. എന്റെ ബോധമണ്ഡലത്തിന്റെ അവസാനത്തെ അധികാരി ഞാനായി മാറുന്നു. എന്റെ ബോധത്തിന്റെ അടിസ്ഥാനത്തില്‍ അന്തര്‍ലീനമായ ഘടന അഥവാ വ്യാകരണം ഞാന്‍ മറക്കുന്നു. കല്പന എന്റെ അടിസ്ഥാന വ്യാകരണമാണ്. എന്റെ വാക്കിന്റെ വ്യാകരണം. എന്റെ വാക്ക് എന്റെയല്ല, എനിക്കു നല്കപ്പെട്ടതാണ്. അതാണ് ഉള്ളില്‍ നിക്ഷിപ്തമായ വാഗ്ദാന ഉടമ്പടി. എന്നിലേക്കു പിന്‍വലിയാനുള്ള പ്രേരണ നിഷേധിച്ചുകൊണ്ട് എന്നെ ഞാനല്ലാത്തത് ആക്കുന്നതും എന്റെ പേരില്‍ നിന്ന് ഞാന്‍ പിന്‍വലിയുന്ന എന്റെ കഴിവ് എന്റെ വ്യാകരണം ഞാന്‍ അനുസരിക്കുന്നു. മനുഷ്യത്വത്തിലേക്കു പിന്‍വലിഞ്ഞാണ് ഞാന്‍ എന്നേക്കാള്‍ അധികമാകുന്നത്. അപ്പോഴാണ് കല്പനകളുടെ മനുഷ്യന്‍ തന്റെ ചരിത്രത്തെ പ്രവാചക പ്രചോദനത്തിന്റെ മാനവചരിത്രമാക്കുന്നത്. കല്പനകളുടെ മുന്നിലെ വഴി ജീവന്റെയും മരണത്തിന്റേയുമാണ്. "ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുമ്പില്‍ വച്ചിരിക്കുന്നു" (നിയമാവര്‍ത്തനം 30:19).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org