പോള്‍ തേലക്കാട്ട്
പ്ലേറ്റോ ചോദിച്ചു: ആരു നമ്മെ ഭരിക്കും? ഈ ചോദ്യത്തില്‍ അപകടം കാണാത്തവരാണ് അധികവും. കാരണം ഈ ചോദ്യമാണ് ചരിത്രത്തിലുടനീളം ജനങ്ങളെ കൊന്നതും കണ്ണീരിലാഴ്ത്തിയതും. നേതൃത്വത്തെ സ്വേച്ഛാധിപത്യത്തിന്റെ വഴി നടത്തുന്നത് ഈ ചോദ്യമാണ് എന്നു കരുതിയ കാള്‍ പോപ്പര്‍ "തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും" എന്ന പുസ്തകത്തില്‍ ഈ ചോദ്യം തിരുത്തി എഴുതി; "നേതാക്കള്‍ നമ്മെ നശിപ്പിക്കുന്നതു എങ്ങനെ തടയും?" ഇന്നു നാം ജീവിക്കുന്ന രാഷ്ട്രീയസമൂഹത്തിലും മതസമൂഹങ്ങളിലും പ്രസക്തമായ ചോദ്യം ഇതു മാത്രമാണ്, ഭരിക്കുന്നവര്‍ ഉണ്ടാക്കുന്ന നാശത്തില്‍ നിന്ന് നാം എങ്ങനെ രക്ഷെപ്പടും?
എന്തുകൊണ്ട് ഇവര്‍ ഇങ്ങനെ നശിപ്പിക്കാനിറങ്ങുന്നു? ലളിതമാണ് കാരണം. അവര്‍ക്ക് സാമാന്യബോധം നഷ്ടമായിരിക്കുന്നു. സാമാന്യബോധം കോമണ്‍സെന്‍സാണ്: അതു ഗോത്രത്തിലോ പ്രത്യയശാസ്ത്രത്തിലോ, ജാതിയിലോ, ഒരു ദേശത്തോ മാത്രം ഒതുങ്ങുന്നതും ഇടുങ്ങിയതുമായ ബോധമല്ല. മനുഷ്യകുടുംബത്തിനുള്ളിലെ പൊതുബോധമാണ്. അതാണ് മാനവീകതയുടെ പൊതുബോധം. ഈ ബോധം ചില നേതാക്കള്‍ക്ക് നഷ്ടപ്പെടുന്നത് അവര്‍ മനുഷ്യകുടുംബത്തില്‍ നിന്നു മാറി നില്‍ക്കുമ്പോഴാണ്. ഞാന്‍ കുറുക്കനല്ല എന്നു പറഞ്ഞ നീലക്കുറുക്കന്റെ കഥപോലെ. മാത്രമല്ല പൊതുബോധത്തെ അവര്‍ പുച്ഛിച്ചുതള്ളുന്നു. ഇവര്‍ ഏകാകികളാണ് – ഒറ്റയാന്മാര്‍. ഇവര്‍ക്കു മാനവ കുടുംബത്തിലെ ധര്‍മ്മബോധവുമായി ബന്ധമില്ല. ഈ ഒറ്റയാന്മാര്‍ ഓര്‍വലിന്റെ വല്യേട്ടന്മാരുടെ സ്വഭാവം സ്വീകരിക്കുന്നു. അവര്‍ പറയും 2+2=5. കാരണം, 2+2=4 ആകുന്ന പൊതുസമ്മതത്തില്‍ അവര്‍ പങ്കുചേരുന്നില്ല. കാമ്യുവിന്റെ കലിഗുളയെപ്പോലെ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നു. അങ്ങനെ സൂര്യനോട് കല്പിക്കാനുള്ള പരമാധികാരം ലഭിച്ചിട്ടുണ്ട് എന്ന അഹന്തയില്‍ ആണിവച്ചു കഴിയുന്നു. ഇവര്‍ തത്ത്വശാസ്ത്രജ്ഞന്‍ രാജാവാകുന്ന പ്ലേറ്റോയുടെ അവകാശികളാണ്. കാരണം ഭരണത്തിന്റെ സൂര്യവെളിച്ചം കിട്ടിയവരാണ് അവര്‍. അവര്‍ക്ക് ആ വെളിച്ചത്തില്‍ ഗുഹാവാസികളെ നയിക്കാനുള്ളതാണ്. അതുകൊണ്ട് ഗുഹയിലുള്ളവരുടെ എണ്ണവും സ്വരവും അവര്‍ക്കു കേള്‍ക്കേണ്ടതില്ല. ഭരിക്കാനുള്ള വെളിച്ചവും വിജ്ഞാനവും തങ്ങളില്‍ ഉള്ളവരാണ് അവര്‍. അങ്ങനെ കാക്കകളെ ഭരിക്കാന്‍ നിയുക്തരായ കൊക്കുകളായി ഇവര്‍ സ്വയം മാറുന്നു. ഇങ്ങനെ ഭരിക്കാന്‍ വരം കിട്ടിയവര്‍ സാധാരണക്കാരല്ല താരങ്ങളാണ് – ആകാശത്തു നിന്നിറങ്ങിയവര്‍. പക്ഷെ, അവര്‍ നമ്മെ മാനവികതയില്‍ നിന്ന് വഴി തെറ്റിക്കുന്ന വര്‍ഗ്ഗീയവാദികളാണ്.
ഇവര്‍ പഴയ രാജത്വത്തിന്റെ തുടര്‍ച്ചക്കാരാണ്. രാജത്വത്തിന്റെ ജനിതക പാരമ്പര്യമുള്ളവരാണ്, രാജാവായി ജനിച്ചവര്‍, ആ വിളി നിത്യതയില്‍ നിന്നു ലഭിച്ചവര്‍! രാജത്വത്തിനായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവര്‍. ഇവര്‍ ദൈവത്തിന്റെ പ്രത്യേക സൃഷ്ടികളായി മാറുന്നു. ശരിയും തെറ്റും ആരും അവരെ പഠിപ്പിക്കേണ്ടതില്ല. അതു മനുഷ്യസമൂഹത്തില്‍ നിന്നു പഠിക്കേണ്ടതുമല്ല. മൂക്കില്ലാരാജ്യത്ത് ആരാണ് രാജാവാകുക – മുറിമൂക്കന്‍ തന്നെ! ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ സ്വയം ഭരിക്കാന്‍ പഠിച്ചവരാണ്. ഇതാണ് ഭരണത്തിനുള്ള ഏറ്റവും വലിയ യോഗ്യത. സ്വയം ഭരിക്കാന്‍ കഴിയാത്തവരെ അടിച്ചു ഭരിക്കേണ്ടി വരുന്നതും ഇവി ടെ തന്നെ. ഇങ്ങനെ വെളിച്ചത്തിന്റെ സൂര്യവെളിച്ചം സ്വീകരിച്ചവര്‍ ഇരുട്ടില്‍ കഴിയുന്നവരെ വെളിവിലേക്കു നയിക്കുന്നു. സൂര്യദേവന്റെ അവതാരമായവര്‍. അവര്‍ വടക്കോട്ട് തിരിയാന്‍ കല്പിച്ചാല്‍ എതിര്‍ക്കുന്ന ത് അന്ധകാരസന്തതികള്‍ മാത്രമാണ്!
മധ്യകാല യൂറോപ്പില്‍ വലിയ വിവാദപ്രശ്‌നമായ ചോദ്യമുണ്ട്. ദൈവം കല്പിച്ചതുകൊണ്ട് ഒരു കാര്യം നല്ലതായതാണോ, അതോ നല്ലതായതുകൊണ്ട് ദൈവം കല്പിക്കുകയാണോ? ദൈവത്തിനു മുകളില്‍ നിശ്ചയിക്കാന്‍ ആരുമില്ലല്ലോ? അതുകൊണ്ട് ദൈവനിശ്ചയത്തിലാണ് ശരിയും തെറ്റുമുണ്ടാകുന്നത്. ദൈവത്തിന്റെ മനമറിയുന്നവര്‍ കൃത്യമായി പ്രസ്താവിച്ചു തന്നതു ചോദ്യം ചെയ്യുന്ന ദൈവദോഷികളെ നാടുകടത്തണം. ദൈവം കൊല്ലാന്‍ പറഞ്ഞാല്‍ കൊല്ലണം, വെറുക്കാന്‍ പറഞ്ഞാല്‍ വെറുക്കണം. അനുസരണമാണ് പുണ്യം. വിധേയത്വം എന്നതു ബുദ്ധി അടിയറ വയ്ക്കുന്നതാണ്. പിന്നെ ഒരു രാജാവും ബാക്കി അടിമകളും.
ഇവിടെയാണ് ചിന്തയുടെ ഭാരം ഒഴിഞ്ഞ റുഡോള്‍ഫ് ഐക്മാന്‍ 60 ലക്ഷം യഹൂദരെ കൊല്ലാന്‍ കൊടുത്തത്. തുറന്ന സമൂഹത്തിന്റെ ശത്രുക്കള്‍ ആരാണ്? ഗോത്ര ജാതി മഹത്വത്തിന്റെ മൗലികവാദികളും വര്‍ഗ്ഗമഹത്വത്തിന്റെ മാര്‍ക്‌സിസ്റ്റുകളും. ആധുനിക നേതൃത്വത്തിനു വേണ്ട ഒന്നാമത്തെ ആദര്‍ശം – ഭരിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ സമന്മാരില്‍ ഒരുവന്‍ മാത്രമാണ് എന്നതാണ്. ഭരിക്കാന്‍ വിളിക്കപ്പെടുന്നതു പലരുള്ളിടത്താണ്; പലരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനാണ്. ഈ വൈവിധ്യത്തിലും അതിന്റെ സ്വാതന്ത്ര്യത്തിലും ഭരിക്കാന്‍ സന്നദ്ധമല്ലാത്തവര്‍ ഫാസിസ്റ്റുകളായി മുദ്രകുത്തി അധികാരത്തില്‍നിന്നു പുറത്താക്കാന്‍ വഴികള്‍ തേടണം. തിന്മയെ നേരിടാനും പ്രതിരോധിക്കാനും മനുഷ്യബുദ്ധിക്കു കഴിയുമോ? അധികാരത്തിന്റെ അതിക്രമങ്ങളില്‍ ആശാഭംഗം അനുഭവിക്കുന്ന സാധാരണക്കാരുടെ ചോദ്യമാണിത്. ശൂന്യത കണ്ണില്‍ കയറുമ്പോള്‍ ചിന്തയുടെ നടപടിക്ക്, സംഭവിക്കുന്നതും കാണുന്നതും അറിയുന്നതുമായവയുടെ ഉള്ളടക്കമോ ഫലമോ എന്തുമാകട്ടെ, വിധേയമാക്കിയാണ്, ആ തിന്മയില്‍ നിന്നു മാറി നില്‍ക്കാനും സ്വയം കവചം തീര്‍ക്കാനും കഴിയില്ലേ? ഇതു മാത്രമാണ് ജീവനെ ഉണര്‍ത്തുന്നത്. അതു സംഘാതമായി നടന്നാല്‍ ജീവന്‍ പുഷ്‌ക്കലമാകും. തെറ്റും ശരിയും വിവേചിക്കുന്ന ചിന്തയില്‍നിന്ന് അവധിയെടുത്താല്‍ ചിന്തയുടെ മരണത്തിന്റെ വിധി വന്നു ചേരും.