
പോള്‍ തേലക്കാട്ട്
പഴയനിയമത്തിലെ ഉല്‍പത്തി പുസ്തകത്തിന്റെ 11-ാം അധ്യായത്തിലാണ് ബാബേല്‍ ഗോപുര കഥയുള്ളത്. അതും ഉല്‍പത്തിയുടെ കഥയുടെ ഭാഗമാണ്. ''ആകാശം മുട്ടുന്ന ഒരു ഗോപുരം തീര്‍ത്ത് പ്രശസ്തി നിലനിര്‍ത്താന്‍'' വേണ്ടിയിട്ടുള്ള വലിയ ശ്രമത്തിന്റെ കഥയാണിത്. ഉല്‍പത്തികളുടെ കഥയെഴുതിയവര്‍ അസ്സീറിയായുടെയും ബാബിലോണിന്റെയും ആധിപത്യത്തില്‍ സമൂഹങ്ങളെ അടിമകളാക്കിയതു കണ്ടു. ആദത്തിന്റെ ആദിഭാഷയുടെ പേരില്‍ അടിമത്തം ഉണ്ടാക്കി ആധിപത്യത്തിന്റെ പേരുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രമങ്ങളിലേക്കു ദൈവം ഇറങ്ങി വന്നു. ഒന്നിലേക്ക് എല്ലാം ഒന്നിപ്പിക്കുന്ന ഏകീകരണ ശ്രമമാണ് ദൈവം തകര്‍ത്തത്. അവിടെയാണ് കുഴപ്പം സൃഷ്ടിച്ചു ബഹുസ്വരതയുടെ ഭാഷകള്‍ ഉണ്ടാക്കിയത്. ആദത്തിന്റെ സത്യസന്ധതയുടെ പേരില്‍ ഏകീകരണം എന്ന ആധിപത്യശ്രമങ്ങളാണ് വിഘടിപ്പിച്ചത്.
പലമയുടെ ഏകീകരണം തകര്‍ത്ത ദൈവം പല ഭാഷകള്‍, ബഹുസ്വരതയുടെ പലമ ഉണ്ടാക്കുന്നു. അശ്വമേധയാഗകഥയുടെ തന്ത്രപൂര്‍വകമായ ഏകീകരണമാണ് - യൂറോപ്പിലെ ഡോ. ഫൗസ്റ്റസിന്റെ കഥ. ഗ്രീക്കുകാര്‍ ഈഡിപ്പസിന്റെ കഥ പറഞ്ഞു. രണ്ടും ഒന്നിപ്പിക്കലിന്റെയും മാന്ത്രികതയുടെയും അധികാരകാമത്തിന്റെയും കഥകളായിരുന്നു. അബോധത്തിന്റെ അന്ധമായ കഥയും ദൈവമായി ചമയുന്ന അധികാരകാമത്തിന്റെ മന്ത്രവാദ കഥയും - ഇതു ചിന്തയില്ലായ്മയുടെ കഥകളായിരുന്നു - അധര്‍മ്മത്തിന്റെ അധികാരകാമം ഉണ്ടാക്കുന്ന കഥകള്‍.
സഭയുടെ അധികാരകഥ എങ്ങനെ ഏകീകരണ കഥയായി ഐക്യപ്പെടുത്തുന്നതല്ല, ഐകരൂപ്യം ഉണ്ടാക്കുന്ന പൊള്ളയായ കഥ. അതുണ്ടാക്കിയതു നിരന്തരം നുണകള്‍ പറഞ്ഞാണ്. പേരുണ്ടാക്കാന്‍ തുടങ്ങിയ കഥ അസ്തിത്വങ്ങളുടെ അടിസ്ഥാനമായി പിന്‍വാങ്ങി നില്‍ക്കുന്നവന്റെ കഥ മറന്ന് അസ്തിത്വകേളിയില്‍ വിലസിക്കുന്നവരുടെ കഥകളായി മാറി. ഇതു ദൈവനിഷേധത്തിന്റെ കഥയായിരുന്നു. അസ്തിത്വ വിസ്മയത്തിന്റെ കേളീതാരങ്ങള്‍ ദൈവങ്ങളായി വേഷമിട്ട കാപട്യകഥകള്‍. എല്ലാം നിറുത്തി ചിന്തിക്കാന്‍ അവര്‍ സന്നദ്ധരായില്ല. ചിന്തയുടെ ശല്യപ്പെടുത്തല്‍ ഉണ്ടായില്ല. ചിന്താരാഹിത്യത്തിന്റെ ഉറപ്പിലായിരുന്നു. ചിന്താരഹിതമായ അധികാരം ഏകപക്ഷീയമായ കല്‍പനകള്‍ ഉണ്ടാക്കി. എല്ലാ വിഘടനവും നിയമവിരുദ്ധമാക്കി.
പലമ എന്ന പലര്‍ ഒന്നിച്ചിരുന്നു എല്ലാം നിറുത്തി ചിന്തിച്ചു. അവര്‍ ചരിത്രത്തില്‍ ഇടപെടാന്‍ നിശ്ചയിച്ചു. അധികാരത്തിന്റെ അധര്‍മ്മത്തെ അവര്‍ പ്രതിരോധിച്ചു. അവരുടെ നിശ്ചയം പരസ്പരമുള്ള സംവേദനത്തിന്റെ സൗഹൃദത്തില്‍ ഉറപ്പിച്ചവയായിരുന്നു. സ്റ്റാലിന്റെയും ഹിറ്റ്‌ലറിന്റെയും പേരുണ്ടാക്കുന്ന കഥകളില്‍ അവിടെ മനുഷ്യരുടെ സര്‍ഗാത്മകതയുടെ പങ്കാളിത്തമുണ്ടായിരുന്നില്ല. അനുസരിക്കുക മാത്രമായിരുന്നു അവര്‍ക്കും ചെയ്യാനുള്ളത്. അവരുടെ സര്‍ഗശക്തികള്‍ക്ക് അവര്‍ ഒരു വിലയും കൊടുത്തില്ല. മരങ്ങളെക്കുറിച്ചുപോലും പറയുന്നതു സംശയിക്കപ്പെട്ടു. മൗനമാണ് അവര്‍ ആവശ്യപ്പെട്ടത്. സംഭാഷണം മുടക്കുന്ന അധിനിവേശനടപടികള്‍. ഇതു ശ്രദ്ധാപൂര്‍വം കണ്ടറിഞ്ഞവര്‍ ഒരു ലളിതകാര്യം തിരിച്ചറിഞ്ഞു.
വി. അഗസ്റ്റിന്റെ 'ദൈവനഗരം' എന്ന പുസ്തകത്തിലെ ഒരു വാചകം. ''ആരംഭം ഉണ്ടാക്കാന്‍ വേണ്ടി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു.'' 36 ല്‍ 35 ഉം അനുസരിച്ചു. ഒരു കൂട്ടര്‍ മാത്രം ചിന്തിച്ചു - അത് അപകടകരമായ ചിന്തയായിരുന്നു - ചിന്തയുടെ ഭക്തി എന്ന വിമര്‍ശനം. അവര്‍ ഒന്നിച്ചുകൂടി പരസ്പരം സംഭാഷിച്ചു. ഈ സംഭാഷണവും കൂടിവരവും നിരന്തരം നടന്നു. അതുണ്ടാക്കിയത് ഒറ്റക്കെട്ട് എന്നു വിശേഷിപ്പിക്കുന്ന പലമയുടെ ഒരുമയായിരുന്നു. ഒറ്റപ്പെട്ട വ്യക്തികള്‍ ആരുമല്ലായിരുന്നു. പക്ഷെ, ഒറ്റപ്പെട്ടവര്‍ ഒന്നിച്ച് സംഭാഷിച്ചുണ്ടാക്കിയ സൗഹൃദം സൃഷ്ടിച്ചതു ഭീകരമായ ചെറുത്തുനില്‍പിന്റെ ശക്തിയായിരുന്നു.
അതു ചരിത്രം സൃഷ്ടിക്കുന്ന പലമയുടെ യോജിപ്പായിരുന്നു. അതു രാഷ്ട്രീയ ശക്തിയായി മാറി. അരിസ്റ്റോട്ടില്‍ പണ്ടേ പറഞ്ഞ ഒരു കാര്യമുണ്ട്. സംസ്‌കാര സമ്പന്നരുടെയും സ്വതന്ത്രപൗരന്മാരുടെയും രാഷ്ട്രീയവഴി ഭാഷണത്തിന്റേതാണ്. അടിമകളും അപരിഷ്‌കൃതരുമാണ് വിപ്ലവം രാഷ്ട്രീയവഴി യായി സ്വീകരിക്കുന്നത് - അക്രമവഴിയില്‍ ചരിക്കുന്നത്. സര്‍വശക്തമായ അധികാരത്തിന്റെ അക്രമവഴിയെ അവര്‍ പലരുടെ ഒരുമയുടെ സംഭാഷണവഴി പ്രതിരോധിച്ചു.
ദൈവം അധികാരാധിപത്യത്തിലേക്ക് ഇറങ്ങി വന്നു. എങ്ങനെ? പലരുടെ ഏകീകൃതമായ ഭാഷണത്തില്‍. ആ ഭാഷണം ഏകീകരിച്ചതു ദൈവചൈതന്യമാണ്. എല്ലാവരിലും പ്രവര്‍ത്തിക്കുന്ന ദൈവചൈതന്യം. അവര്‍ ഒന്നിച്ച് പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. അതു സഹനമായിരുന്നു - തല്ലു കൊള്ളലായിരുന്നു. തുടക്കം ഉണ്ടാക്കുന്ന മനുഷ്യാവസ്ഥ അതു പലരുടേതായി മാറി. തുടക്കത്തിന്റെ തത്വം ലോകത്തിലേക്കു വന്നു. മനുഷ്യസൃഷ്ടിയില്‍ പുതുമ ഉണ്ടായതു അപ്രതീക്ഷിതമായി തുടക്കത്തിന്റെ സ്വഭാവത്തില്‍ നിന്നാണ്.
ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചന നിയമത്തെ പ്രതിരോധിച്ചതു ഒരു ജനതയാണ്. അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ ഒന്നിച്ചു പ്രതിരോധിച്ചത് ഒരു സമത്വത്തിനും ഒരു മാനവികതയ്ക്കും വേണ്ടിയാണ്. ഇവിടെയും സംഭവിച്ചത് അതാണ് - കള്ളത്തരത്തോട് സന്ധിയില്ലാത്ത പ്രതിരോധം. നുണയില്‍ കെട്ടിപ്പടുത്ത ബാബേല്‍ ഗോപുരത്തിലേക്കു ദൈവം ഇറങ്ങി വന്നു. അത് അധികാരികളും കണ്ണുതുറന്നു കണ്ടു - അംഗീകരിച്ചു. ട്രോജന്‍ യുദ്ധകഥയില്‍ ഹോമര്‍ മനുഷ്യത്വത്തിന്റെ തുടക്കം ഉണ്ടാക്കി.
പ്രിയാം തന്റെ മകനെ കൊന്ന അക്കില്ലസിനോട് പറഞ്ഞു, ''എന്റെ കണ്ണുകളിലേക്കു നോക്കുക, നിന്റെ പിതാവിനെ ഓര്‍മ്മിക്കുക.'' പരസ്പരം കൊന്ന ആ കണ്ണുകളില്‍ വെള്ളമൂറി. അവര്‍ പരസ്പരം മനുഷ്യരെ കണ്ടു. അതു യുദ്ധത്തിന്റെ ജയമായിരുന്നില്ല. മനുഷ്യത്വത്തിന്റെ മഹത്വപൂര്‍ണ്ണമായ ദൈവികതയായിരുന്നു. ഏതു കറുത്ത കാലങ്ങളിലും അവിടെയും ഇവിടെയും പ്രതികൂലസാഹചര്യങ്ങളിലും വിറച്ചു കത്തുന്ന മനുഷ്യരിലെ ദീപങ്ങളും അവയുടെ കൂട്ടായ്മയുമാണ് അദ്ഭുതകരം.