ദൈവത്തെ ആയുധമാക്കുന്നവര്‍

ദൈവത്തെ ആയുധമാക്കുന്നവര്‍

യഹൂദമതം വിഗ്രഹാരാധനയ്‌ക്കെതിരായ ശക്തമായ നിലപാടാണ്. അതു വെറും വിഗ്രഹധ്വംസനമല്ല. മോസ്സസിനു ദൈവത്തെ കാണാന്‍ ആഗ്രഹം. ദൈവത്തെ കണ്ടാല്‍ പിന്നെ ജീവിച്ചിരിക്കില്ല എന്നതാണ് യഹൂദ നിലപാട്. മോസ്സസ് ദൈവത്തെ കാണുന്നതിനെക്കുറിച്ചു പുറപ്പാടു പുസ്തകം 33:19-23 പറയുന്നു. ദൈവത്തെ കണ്ടു എന്നല്ല ''ദൈവത്തിന്റെ കടന്നുപോക്കു കണ്ടു'' എന്നാണ്. ദൈവം മറയുന്നതു കണ്ടു; ദൈവത്തിന്റെ അസാന്നിധ്യം കണ്ടു. ഇതിനര്‍ത്ഥം ദൈവം കാഴ്ചയുടെ വിഷയമല്ല എന്നാണ്. ദൈവത്തെ കാഴ്ചയുടെ വിഷയമാക്കുന്നതാണ് വിഗ്രഹാരാധന. മറ്റുവിധത്തില്‍ പറഞ്ഞാല്‍ കാഴ്ചവസ്തുക്കളെ കാണുന്നതു പോലെ ദൈവത്തെ കാണാന്‍ ശ്രമിക്കുന്നതാണ് വിഗ്രഹാരാധന. ദൈവത്തെ വസ്തുവാക്കുന്നതാണ് നിഷിദ്ധം. വസ്തുവാക്കല്‍ ഈ ലോകത്തിലെ ആധിപത്യ ചിന്തയാണ്. എല്ലാറ്റിനേയും ചരക്കാക്കുന്ന കച്ചവട ചിന്ത.

മനുഷ്യന് മറ്റൊരു മനുഷ്യനോട് ഉണ്ടാകുന്ന ബന്ധം. ലോകത്തിലെ വസ്തുവകകളോട്, അസ്തിത്വങ്ങളോട് പുലര്‍ത്തുന്ന ബന്ധമല്ല. അങ്ങനെയുള്ള ബന്ധമാക്കുന്നതു ആധിപത്യമാണ്, ആക്രമമാണ്. അതു വ്യക്തികളെ ചരക്കാക്കുന്ന ചിന്താ നടപടിയാണ്. ഈ ബന്ധം അക്രമബന്ധമാണ്, ആദരബന്ധമല്ല. അടിച്ചമര്‍ത്തുന്നു, കീഴ്‌പ്പെടുത്തുന്നു. ഇവിടെ ധര്‍മ്മത്തിന് ഒരു പ്രസക്തിയുമില്ല.

എമ്മാനുവേല്‍ കാന്റ് ആണ് ചിന്ത ധര്‍മ്മചിന്തയാണ് എന്ന് വ്യക്തമാക്കിയത്. ആകാശങ്ങളിലെ താരകളുടെ വഴിയും അകത്തെ ധര്‍മ്മത്തിന്റെ വഴിയും ഒരു വഴിയല്ല; അതു ഭിന്നമാണ്. ആധുനിക ലോകത്തിന്റെ പേഗനിസം. ലോകത്തിലെ ചരാചരങ്ങളെ അറിയുന്ന വഴിയാണ് മനുഷ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളേയും ഇന്നു കേറി ഭരിക്കുന്നത്. ചിന്തിക്കാന്‍ ധൈര്യപ്പെടുക എന്നതായിരുന്നു നവോത്ഥാനത്തിന്റെ മുദ്രാവാക്യം. ഇവിടെ ചിന്തിക്കല്‍ കീഴ്‌പ്പെടുത്തലായിരുന്നു - മനസ്സിലേക്ക് ആവാഹിച്ച് സ്വന്തമാക്കലായിരുന്നു - വിധേയപ്പെടുത്തല്‍. അതു ഭാരതപാരമ്പര്യത്തിലെ അശ്വമേധം പോലെയാണ്. അഹത്തിന്റെ കുതിരയെ അഴിച്ചുവിടുന്നു; പിടിച്ചുകെട്ടുന്നവനുമായി യുദ്ധം. അഹത്തിന്റെ പുറപ്പാട് ദിക്‌വിജയത്തിന്റെ യുദ്ധകാണ്ഡമാണ്. അതാണ് കോളനിവല്‍ക്കരണം. ശക്തന്മാര്‍ കോളനികള്‍ ഉണ്ടാക്കി അശക്തരുടെ സ്വാതന്ത്ര്യം നഷ്ടമാക്കി. അങ്ങനെ ആധിപത്യത്തിന്റെ ലോകമുണ്ടായി.

നാസ്സികള്‍ ഉണ്ടായതു നവോത്ഥാന കാലഘട്ടത്തിലാണ്. ലോക മഹായുദ്ധങ്ങള്‍ രണ്ടും നടന്നത് ഈ കാലഘട്ടത്തില്‍ത്തന്നെ. വ്യവസായ വിപ്ലവവും ഈ കാലഘട്ടത്തിലുണ്ടായി. പ്രപഞ്ചം മനുഷ്യന്റെ മനസ്സിലാക്കലിനു വിധേയമായി, പ്രപഞ്ചശക്തികളെ കീഴടക്കി. ഈ കീഴടക്കല്‍ മനുഷ്യസമൂഹങ്ങളില്‍ സംഭവിച്ചതാണ് നാസ്സി പാളയങ്ങളും കൊലയുടെ ചേമ്പറുകളും. ആര്യവര്‍ഗമായി സ്വയം പ്രഖ്യാപിച്ചവര്‍ മറ്റുള്ളവരെ മ്ലേച്ഛരാക്കി കീഴ്‌പ്പെടുത്തി. ആര്യവര്‍ഗം ഭരിക്കാന്‍ ജനിച്ചവരായി. ഇച്ഛയുടെ ആധിപത്യവും ഭരണവും കീഴടക്കലും. ഇതു മനുഷ്യനില്‍ മാത്രമല്ല ദൈവത്തിലും പ്രയോഗിക്കുന്നു പേഗനിസം. അസ്തിത്വ ചിന്തകനായ ഹൈഡഗര്‍ നാസ്സി പാര്‍ട്ടിയില്‍ ചേര്‍ന്നു. അസ്തിത്വ ചിന്ത ആധിപത്യ ചിന്തയായി.

ഈ പശ്ചാത്തലത്തിലാണ് എമ്മാനുവേല്‍ ലെവിനാസ് ഹൈഡഗറിന്റെ പേഗന്‍ ചിന്തയെ വിമര്‍ശിക്കുന്നത്. ദൈവത്തെ അസ്തിത്വങ്ങളില്‍ ഒന്നാക്കുന്നതാണ് പേഗന്‍ ചിന്ത. ദൈവം ഒരു ഭാഷാപദം മാത്രമാണ്. അതു ചിന്തയുടെ വിഷയമല്ല. ദുരുപയോഗത്തിന്റെ പദമാണ്. കണക്കിന്റെ കംപ്യൂട്ടറില്‍ എന്നപോലെ ദൈവവും ആധിപത്യത്തിന്റെ ആയുധമാക്കപ്പെടുന്നു. ദൈവനാമം അനുസരിപ്പിക്കാനും ആധിപത്യം സൃഷ്ടിക്കാനും എടുത്തുപയോഗിക്കുന്ന ആയുധമാണ്. ക്രൈസ്തവചരിത്രത്തില്‍ ക്രിസതുവിന്റെ നാമം ആധിപത്യത്തെ ആയുധമാക്കിയത് ചെസാരയ(അള്‍ജീരിയ)ക്കാരനായിരുന്ന ബിഷപ് എവുസേബിയൂസിന്റെ കോണ്‍സ്റ്റയിന്റെ ജീവിതചരിത്രത്തിലാണ്. അതിലാണ് ചക്രവര്‍ത്തിക്കുണ്ടായി എന്നു പറയുന്ന ദര്‍ശനം എഴുതപ്പെട്ടത്. അതു കൊന്‍സ്റ്റാന്റിയൂസുമായുണ്ടായ യുദ്ധ പശ്ചാത്തലത്തിലാണ്. സൂര്യനു മുകളില്‍ ആകാശത്ത് കുരിശ് കാണപ്പെടുന്നതിനടിയില്‍ ഒരു ലിഖിതവും. ''ഈ അടയാളത്തില്‍ നീ കീഴടക്കും.'' അങ്ങനെ ക്രിസ്തുവിന്റെ കുരിശ് കീഴടക്കലിന്റെ അടയാളമായി. ഇതു പേഗനിസത്തിലേക്കുതര്‍ച്ചയായി. പിന്നീട് സഭ തിരിച്ചറിഞ്ഞു. ദൈവത്തെ അഹത്തിന്റെ ആധിപത്യത്തിന്റെ അടയാളമാക്കുന്നിടത്ത് വിഗ്രാഹാരാധന ആരംഭിക്കുന്നു. ഈ പേഗനിസമാണ് കമ്പോള സംസ്‌കാരത്തിന്റെ ആധിപത്യചിന്തയും. സ്വന്തം ജാതി ഗോത്രങ്ങളുടെ ആധിപത്യ ജ്വരമായി മതങ്ങള്‍ക്കുള്ളില്‍ മൗലികവാദങ്ങള്‍ ശക്തിപ്പെടുന്നു.

ലെവീനാസിനെ സംബന്ധിച്ചിടത്തോളം യഹൂദ പാരമ്പര്യത്തില്‍ ദൈവം ഒന്നുമല്ല - പ്രാതിഭാസിക ലോകത്തിലെ ഒന്നുമല്ല. പ്രാതിഭാസിക ലോകം നമ്മുടെ ആകാശവും ഭൂമിയുമാണ് - അതില്‍ ദൈവമില്ല. നമുക്കു ചുറ്റുമുള്ളതില്‍ ഒന്നുമല്ല ദൈവം. വസ്തുവകകളുടെ ഉള്ളിലെ രഹസ്യമാണ് എല്ലാ ക്രൂരതകളുടെയും പിന്നില്‍ നില്‍ക്കുന്നത്. ആന്തരികതയുടെ രഹസ്യത്തിലേക്കാണ് ധര്‍മ്മചിന്തയില്‍ ലെവീനാസ് തിരിയുന്നത്. അതു മനുഷ്യന്റെ ബോധതലത്തിലാണ് നടക്കുന്നത്. മനുഷ്യബോധം മൗലികമായി ഉത്തരവാദിത്വബോധമാണ്. മനുഷ്യന്റെ ആന്തരികത ബോധത്തിന്റെ കേന്ദ്രത്തില്‍ അപരനുവേണ്ടിയുള്ള സന്നധതയാണ് - അത് ആതിഥ്യമാണ്. മുഖത്തിന്റെ ഭാഷണസത്വം എന്താണ്? പറഞ്ഞതിനു പിന്നിലെ പറയാത്തത് എന്ത്? പറയാത്തതും അവിടെ പറയുന്നു - ഇതൊരു ചടങ്ങാണ്. അത് ഊരിപോകാനോ രക്ഷപ്പെടാനോ പറ്റാത്ത ഉത്തരവാദിത്വമാണ്. അതു പ്രവാചിക വചനമാണ്. അത് ഒരു കടന്നുപോകലിന്റെ ഫലമാണ്. മോസ്സസ് ദൈവം കടന്നുപോയതു കണ്ടപോലെ. ആന്തരികതയിലൂടെ ദൈവികത കടന്നുപോയി എന്നതിന്റെ തെളിവ് അഥവാ അടയാളം ആതിഥ്യമാണ്. ഇങ്ങനെ പ്രവചനവരം കിട്ടാത്തവര്‍ ആരുമില്ല. അബ്രാഹത്തിനു പ്രചോദനമുണ്ടായതിന്റെ ഫലമാണ്, അടയാളമാണ് മൂന്നു പരദേശികള്‍ക്ക് ആതിഥ്യം നല്കിയത്.

അപരന്റെ മുഖം ഉണര്‍ത്തുന്നത് ധര്‍മ്മമാണ്, ആതിഥ്യമാണ്. മുഖത്തിന്റെ പ്രത്യക്ഷത്തില്‍ കണ്ണിന്റെ നിറം കണ്ടെന്നു വരില്ല. മുഖത്തിനു കൊടുക്കുന്ന മറുപടിയാണ് ഉത്തരവാദിത്വം. അപരന്റെ മുഖം ആവശ്യപ്പെടുന്നതു മനുഷ്യനാകാനുള്ള വിളിയാണ്. അവിടെ നിഷ്പക്ഷത ഉത്തരവാദിത്വമൊഴിയുന്ന അധര്‍മ്മമാണ്. ഒരുവന്‍ വീട് എന്ന വസതി കണ്ടെത്തുകയോ അതിക്രമിച്ച് എടുക്കയോ അല്ല. വീടുണ്ടാകുന്നത് ഒരു ധാര്‍മ്മിക നടപടിയിലാണ്. അതു വാസമാണ്, ഒത്തുവാസത്തിലേ വീടുണ്ടാകൂ. അത് അപരനുമൊത്തു വസിക്കുന്ന ഉത്തരവാദിത്വത്തിന്റെ വാസമാണ്. ധര്‍മ്മത്തിലാണ് വീടണയുന്നത്, അതാണ് ദൈവികമായ വീടണയല്‍. ദൈവത്തെ ആയുധമാക്കി വീട് പിടിച്ചെടുക്കുന്നു, വ്യക്തികളെ വിധേയരാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org