
സീറോ മലബാര്‍ സഭയുടെ അഞ്ചാമത്തെ അസംബ്ലി പാലായില്‍ സമാപിച്ചു. കഴിഞ്ഞ നാല് അസംബ്ലികളിലും ക്രിയാത്മകമായി പങ്കെടുത്ത വ്യക്തി എന്ന നിലയില്‍ ശ്രദ്ധയോടെ അതു സംബന്ധിച്ച് ദീപിക പത്രത്തിലെ ലേഖനങ്ങള്‍ വായിച്ചു. മൂന്നു വിഷയങ്ങളാണ് അസംബ്ലി ചിന്തിച്ചത് എന്ന് മനസ്സിലാക്കുന്നു. വിശ്വാസ പരിശീലനം, അല്‍മായരുടെ പ്രേഷിതദൗത്യം, സീറോ മലബാര്‍ സമുദായത്തിന്റെ ശാക്തീകരണം, വിശ്വാസ പരിശീലനത്തെക്കുറിച്ച് വത്തിക്കാന്‍ ഡയറക്ടറിയാണ് ഇവിടെ മാനദണ്ഡമാകേണ്ടത്. വിശ്വാസം വിശ്വാസിയായ അധ്യാപകന്‍ ജീവിതസാക്ഷ്യത്തിന്റെ ഭാഷയില്‍ തലമുറയ്ക്ക് കൈമാറുന്നതാണ്. അത് ഒരു വിഷയത്തിന്റെ വിദ്യാഭ്യാസ പരിപാടിയല്ല. അത് സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതി പോലെയാകരുത് എന്ന് പ്രത്യേകം ഈ ഡയറക്ടറി പറയുന്നു. എന്നാല്‍ വിശ്വാസ പരിശീലന രീതിയെക്കുറിച്ചോ, ഇപ്പോള്‍ ഈ സഭയില്‍ നടത്തുന്ന വിധത്തെക്കുറിച്ചോ, ഇനി നടത്തേണ്ട വിധത്തെക്കുറിച്ചോ ഒരു പരാമര്‍ശവും അസംബ്ലി നടത്തിയതായി കണ്ടില്ല. വിശ്വാസ പരിശീലനത്തിന് സീറോ മലബാര്‍ സഭയില്‍ ആയിരക്കണക്കിന് അല്‍മായര്‍ മതാധ്യാപകരായി പ്രവര്‍ത്തിക്കുന്നു. അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ''സ്‌കൂള്‍ അധ്യാപന''മല്ലാത്ത (No 297) കര്‍തൃനിഷ്ഠമായ ആത്മീയസാക്ഷ്യത്തിന്റെ വിശ്വാസപരിശീലന പദ്ധതിയാണോ നടക്കുന്നത് എന്ന് ഉറപ്പാക്കുന്ന ചിന്തയും അസംബ്ലിയില്‍ ഉണ്ടായതായി കാണുന്നില്ല. പൂര്‍ണ്ണമായും ആ വിഷയം തഴഞ്ഞമട്ടാണ്.
അവസാനം പറഞ്ഞ അഭിപ്രായങ്ങള്‍ സിനഡിന്റെ നിശ്ചയത്തില്‍ തിരികി കേറ്റിയത് അസംബ്ലിയുടെ കഴിഞ്ഞ നാല് സന്ദര്‍ഭങ്ങളില്‍ അനുവദിച്ചിട്ടുള്ള കാര്യമല്ല. അത് ആര് അനുവദിച്ചു എന്ന് ആലോചിക്കുമ്പോള്‍, അസംബ്ലി അതിന്റെ പരമ്പരാഗതമായ നിഷ്പക്ഷത ഉപേക്ഷിച്ചതായി തെളിയുന്നു
അല്‍മായരുടെ പങ്കാളിത്തം സഭാനവീകരണത്തില്‍ കാര്യമായി ഉണ്ടാകണമെന്ന് പ്രസ്താവന കണ്ടു. പക്ഷെ, അല്‍മായര്‍ക്ക് അവരുടെ ശബ്ദത്തിനു കിട്ടുന്ന ഏക അവസരം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ അസംബ്ലിയാണ്. 345 പേര്‍ മെത്രാന്മാരോടും വൈദികരോടുമൊപ്പം പങ്കെടുത്തു എന്ന് കണ്ടു. കഴിഞ്ഞ സെപ്തംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാന്മാരുടെ സിനഡിലേക്കു 70 അല്‍മായരെ വോട്ടവകാശത്തോടെ അംഗങ്ങളാക്കി. അല്‍മായരും വൈദികരും മെത്രാന്മാരും ഒരു സമത്വബോധത്തില്‍ സംഭാഷണം നടത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഒരു സമത്വബോധം അസംബ്ലിയില്‍ അല്‍മായര്‍ അനുഭവിച്ചോ? സാധാരണമായി നടക്കുന്ന വൈദികാധിപത്യം അസംബ്ലിയിലും ഉണ്ടായി. വൈദികാധിപത്യത്തിന്റെ വിനകള്‍ സഭ അനുഭവിക്കുന്നു എന്ന തിരിച്ചറിവുപോലും ഉണ്ടായിട്ടില്ല എന്ന് തോന്നി.
മറ്റൊരു വിഷയമാണ് സമുദായ ശാക്തീകരണം. സഭ ഗൗരവമായി ചിന്തിക്കേണ്ടത് സഭ സമുദായമാണോ എന്നാണ്. ആ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ശാക്തീകരണ പരിപാടി, ഒരു വര്‍ഗീയ പരിപാടിയായി തരംതാണു പോകുന്നുണ്ടോ? ഈഴവ സമുദായം പോലെ നായര്‍ സമുദായം പോലെ സഭയെ സമുദായമാക്കാനുള്ള ഒരു ഗൂഢശ്രമം അതിലുണ്ട്. സമുദായം, ജാതി, വര്‍ഗം, ഗോത്രം എന്നിങ്ങനെ ജന്മസിദ്ധമായ ചരിത്രത്തെക്കുറിച്ചുള്ള ഒരു വിധി അംഗീകരിച്ചാല്‍, ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം പോലെയാകുന്നതാണ്. യഹൂദ-ക്രൈസ്തവ സമീപനത്തില്‍ ജന്മത്തിന്റെ ഈ മിത്തുകളില്‍ ഊന്നിയുള്ള ജാതി ചിന്ത ക്രൈസ്തവ വീക്ഷണത്തിനു കടകവിരുദ്ധമാണ്. ജീവിതയാത്രയുടെ ബിംബം ഹോമറിന്റെ യൂളീസിസ്സിന്റെ വീട്ടിലേക്കുള്ള മടക്കയാത്രയല്ല. വിശ്വാസത്തിന്റെ പിതാമഹനായ അബ്രാഹം സ്വന്തം നാടും വീടും വിട്ടുപോകുന്ന പുറപ്പാട് യാത്രയാണ്. കേരളത്തിലെ കത്തോലിക്ക കുടുംബങ്ങളിലെ മക്കള്‍ സ്വന്തം ദേശത്തേക്കും കുടുംബ മഹിമയിലേക്കും ചേക്കേറുന്നവരല്ല. അവര്‍ പുറപ്പാടിലാണ് എന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതില്ലല്ലോ.
ഇതാണ് ക്രൈസ്തവ ചരിത്ര ജീവിതയാത്ര; അത് സ്വന്തം തനിമയിലേക്കുള്ള മടക്കയാത്രയല്ല. സ്വന്തം തനിമയില്‍ നിന്നുള്ള പുറപ്പാട്. സ്വന്തം നാട്ടിലല്ല വീട് കണ്ടെത്തുന്നത്; മറിച്ച് സൗഹൃദത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും മഹനീയതയിലാണ് വീട് കണ്ടെത്തുന്നത്. അത് ലോകത്തില്‍ എവിടെയും ആകാം. സഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയാകരുത്. ഒരു പാര്‍ട്ടിക്കും സഭ തീറാകരുത്. ഒരു പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് വിലപിക്കുന്നത് എന്തിന്?
എറണാകുളം അങ്കമാലി അതിരൂപതയിലെ 5 ലക്ഷം കത്തോലിക്കരുടെ പ്രതിനിധികളായി ഏഴ് പേര്‍ അസംബ്ലിയില്‍ പങ്കെടുത്തു. അവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. പാലായിലെ അസംബ്ലിയില്‍ ഈ ഏഴുപേര്‍ക്ക് പ്രത്യേക ''പരിഗണന''യും ''സുരക്ഷിത വലയവും'' ഉണ്ടായിരുന്നു എന്ന് അവര്‍ അനുഭവിച്ചതായി പറഞ്ഞു. അസംബ്ലിയുടെ അവസാനം സിനഡ് പ്രകാരമുള്ള ഏകീകൃത കുര്‍ബാനയര്‍പ്പണം എല്ലാ രൂപതകളിലും നടപ്പിലാക്കണമെന്ന നിശ്ചയത്തില്‍ അവര്‍ ശക്തമായ പ്രതിഷേധം പറഞ്ഞു. അങ്ങനെയൊരു കാര്യം അസംബ്ലിയില്‍ ഒരു സന്ദര്‍ഭത്തിലും ചര്‍ച്ച ചെയ്തില്ലെന്നും ഒരു തീരുമാനവും അസംബ്ലി അങ്ങനെ നടത്തിയില്ലെന്നും അവര്‍ പറഞ്ഞു. അസംബ്ലിയുടെ അവസാനത്തിലെ ശൂന്യവേളയില്‍ അംഗങ്ങള്‍ക്ക് വളരെ ഹ്രസ്വമായി അഭിപ്രായങ്ങള്‍ പറയാന്‍ സന്ദര്‍ഭമുണ്ടായി. എഴുപതിലധികം പേര്‍ പങ്കെടുത്തു സംസാരിച്ച ആ അവസാനസമയത്ത് മൂന്നുപേര്‍ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു.
അതിനു മറുപടി പറയാന്‍ ഈ ഏഴ് പേരില്‍ ആര്‍ക്കും സന്ദര്‍ഭം കിട്ടിയില്ല. അത് അസംബ്ലിയുടെ നിശ്ചയമാക്കിയതില്‍ അവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇങ്ങനെ അവസാനം പറഞ്ഞ അഭിപ്രായങ്ങള്‍ സിനഡിന്റെ നിശ്ചയത്തില്‍ തിരികികേറ്റിയത് അസംബ്ലിയുടെ കഴിഞ്ഞ നാല് സന്ദര്‍ഭങ്ങളില്‍ അനുവദിച്ചിട്ടുള്ള കാര്യമല്ല. അത് ആര് അനുവദിച്ചു എന്ന് ആലോചിക്കുമ്പോള്‍ അസംബ്ലി അതിന്റെ പരമ്പരാഗതമായ നിഷ്പക്ഷത ഉപേക്ഷിച്ചതായി തെളിയുന്നു. ഇത് ചൂണ്ടിക്കാണിക്കുന്നത് ഒരു യോഗം വസ്തുനിഷ്ഠമായി നടത്താനുള്ള സഭയുടെ പക്വതയില്ലായ്മയാണ്.