
''സഭയുടെ നന്മയും ഐക്യവും സ്വപ്നം കാണുന്ന, രൂപതകളെക്കാളും വലുതാണ് സഭയെന്നു ചിന്തിക്കുന്ന, ഒരു തലമുറ ഉയര്‍ന്നു വരും. അവരിലൂടെ ഈ സഭ ഇനിയും വളരും'' എന്നു പ്രാര്‍ത്ഥിക്കുന്നു ചങ്ങനാശ്ശേരിയിലെ സഹായമെത്രാനായ മാര്‍ തോമസ് തറയില്‍. സീറോ മലബാര്‍ സഭ നേരിടുന്ന പ്രതിസന്ധി പ്രാദേശികതാവാദമാണ് എന്നതില്‍ അദ്ദേഹം കേഴുന്നു. കാരണം ''ഒരേ രീതിയില്‍ ലോകത്തെമ്പാടും വി. കുര്‍ബാനയര്‍പ്പിക്കുന്ന 'ഒരു സഭയാണ് ഞങ്ങള്‍' എന്നതില്‍ അഭിമാനിക്കുന്ന സഭയാണ്'' എന്നു പറയാന്‍ കഴയാത്ത വൈദികരും ജനങ്ങളുമാണ് അദ്ദേഹത്തിനു സങ്കടം ഉണ്ടാക്കുന്നത്. സഭയുടെ ഐക്യം തകരുന്നതിലുള്ള മുറവിളിയാണിത്.
നല്ല ബുദ്ധിയുള്ള അദ്ദേഹം കുര്‍ബാനയിലെ ഐകരൂപ്യം ഇല്ലാതായതോടെ ഐക്യം നഷ്ടമായി എന്നു കരുതുന്നു. പിതാവേ, അങ്ങു പറയുന്ന ഐക്യമാണ് പണ്ട് വരാപ്പുഴ മെത്രാപ്പോലീത്ത ഏഴു വ്യാകുലങ്ങള്‍ക്കെതിരായ ഇടയലേഖനം എഴുതിയപ്പോഴും അവരെ കൊവേന്തയില്‍നിന്നു പുറാത്താക്കിയപ്പോ ഴും പറഞ്ഞതും. ഇതുതെന്നയായിരുന്നില്ലേ ലോകത്തെമ്പാടുമുള്ള ലത്തീന്‍ റീത്തിന്റെ അധികാരികള്‍ പറഞ്ഞത്? എന്തിന് വേറെ റീത്ത്? എന്തുകൊണ്ടായിരുന്നു അലക്‌സിസ് മെനേസ്സി സ് പിതാവിന്റെ നടപടികളെ നമ്മുടെ പൂര്‍വ്വികര്‍ എതിര്‍ത്തത്/ എന്തുകൊണ്ടാണ് പി.ഒ.സി.യില്‍ നിന്ന് ഒരു പൊതുവേദപാഠം ഉണ്ടായിരിക്കെ വ്യത്യസ്തമായി റീത്തിനു വേദപാഠമുണ്ടാക്കാന്‍ ചിലര്‍ നിര്‍ബന്ധം പിടിച്ചത്? എന്തുകൊണ്ടാണ് അമേരിക്കയിലും യൂറോപ്പിലും സീറോ മലബാര്‍ രൂപതകളുണ്ടാക്കാന്‍ അവിടത്തെ സഭാധികാരികള്‍ അനുവദിച്ചതും, അംഗീകരിച്ചതും? അന്ന് അത് അവര്‍ അംഗീകരിച്ചു തന്നപ്പോള്‍ സഭ പ്രാദേശികതാ വാദത്തില്‍ വീഴുകയായിരുന്നോ? എന്തിനാണ് മംഗലപ്പുഴ സെമിനാരി വെട്ടിപ്പങ്കിട്ടത്?
ഫ്രാന്‍സിസ് മാര്‍പാപ്പ 2014 ഏപ്രിലില്‍ ''ഐകരൂപ്യം എന്ന പ്രതിഭാസം മനുഷ്യചരിത്രത്തിലുടനീളം ദൗര്‍ഭാഗ്യം ഉണ്ടാക്കു ന്നു'' എന്നു പറഞ്ഞത് ഇവിടെയും പ്രസക്തമല്ലേ? ''കഴിഞ്ഞ നൂറ്റാണ്ടില്‍ ഐകരൂപ്യത്തിന്റെ ഏകാധിപത്യം വളരെയേറെ പ്പേരെ കൊല്ലുന്നതില്‍ എത്തിച്ചതു നാം കണ്ടതാണ്.'' ''ഐകരൂപ്യത്തിലുള്ള ചിന്ത ഇന്നും നിലനില്ക്കുന്നു; ഒന്നിന്റെ തന്നെ സര്‍വ്വാധിപത്യം.'' മാര്‍പാപ്പയുടെ കത്തുമായി എല്ലാ ചര്‍ച്ചകളും ഒഴിവാക്കിയപ്പോഴും ന്യൂനപക്ഷത്തിന്റെ സ്വരം ഇല്ലാതാക്കിയ പ്പോഴും നടന്നതു മാര്‍പാപ്പ പറഞ്ഞ അപകടം തന്നെയായിരുന്നില്ലേ? സിനഡ് പാര്‍ലിമെന്റിനേക്കാള്‍ കൂടുതലാണ് എന്ന് മാര്‍പാപ്പ പറഞ്ഞതു മറന്നു കളഞ്ഞില്ലേ? ഐക്യം തകര്‍ക്കുന്ന വിധത്തിലല്ല ഐകരൂപ്യം നടപ്പിലാക്കേണ്ടത് എന്ന് വത്തിക്കാന്‍ പ്രതിനിധി പറഞ്ഞതു കേട്ടോ? ജാതി, വര്‍ഗ്ഗം, ദേശം, നിറം എന്നിങ്ങനെയുള്ള വ്യത്യാസങ്ങളോടെ കത്തോലിക്കാ സഭയില്‍ അംഗമാകാം. ലത്തീന്‍ കുര്‍ബാനക്രമം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അനുഷ്ഠിക്കുന്നതുപോലെയാണോ ആഫ്രിക്കയില്‍ അനുഷ്ഠിക്കുന്നത്? വ്യത്യാസങ്ങള്‍ ഐക്യത്തെ തകര്‍ ത്തോ?
ദൈവശസ്ത്രവും ആരാധനക്രമവും നമുക്കു വിടാം. നാം ചിന്തിക്കുന്ന മനുഷ്യരല്ലേ? ചിന്തിക്കുക എന്നാല്‍ എന്താണ്? ഞാനും-ഞാനുമായി നടത്തുന്ന സംഭാഷണമാണ്; അതു ആന്തരികവും നിശബ്ദവുമാണ്. ഞാനും-ഞാനുമായി സംഭാഷിക്കാന്‍ ഒന്നായിരുന്ന ഞാന്‍ രണ്ടാവണം. എന്നില്‍ ഉണ്ടാക്കുന്ന വിഭജ നം എന്റെ ഏകത്വത്തില്‍ വ്യത്യാസം ഉണ്ടാക്കുന്നു. ഈ വിധത്തില്‍ ഒന്നു രണ്ടാകുന്നതു ചൂണ്ടുന്നതു ബഹുത്വത്തിലേക്കാണ് (plurality). ഈ പലമ ഒരുമയില്‍ നിന്നു വരുന്നു. എന്റെ ഏകാധിപത്യത്തിനെതിരായി എന്നില്‍ വിഘടനമുണ്ടാകുന്നതാണ് ചിന്ത. അതു വ്യക്തമാക്കുന്നതു മനുഷ്യന്റെ അസ്തിത്വം സ്ഥലകാലങ്ങളില്‍ നിര്‍വചിതമാണ് എന്നതാണ്. എന്റെ ആത്മാവ് സ്വരൈക്യത്തിലാകാത്തപ്പോള്‍ എന്തു സംഭാഷണമാണ് നടക്കുക? ചിന്ത തന്നെ എന്റെ ആന്തരിക പലമയുടെ തെളിവാണ്. മനുഷ്യന്റെ ജീവിതാവസ്ഥയുടെ പ്രത്യേകതയാണ് അതിന്റെ സ്ഥലകാല വിലാസം. അത് അനിവാര്യമായി ഉണ്ടാക്കുന്നതാണ് വിഘടനം. വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുന്നു. അത് അംഗീകരിക്കാതെ സമാധാനമായി ജീവിക്കാനാവുമോ? എന്റെ വ്യത്യാസങ്ങള്‍ എന്റെയല്ല, എനിക്കു കിട്ടിയ ദാനമാണ്. ദൈവം വ്യത്യാസങ്ങള്‍ എല്ലാവര്‍ക്കും കൊടുക്കുന്നു. ഈ വ്യത്യാസങ്ങളുടെ അപരനില്ലാത്ത സമുദായസൃഷ്ടിയാണോ സഭയുടെ ലക്ഷ്യം?
വ്യത്യാസങ്ങളും വൈവിധ്യങ്ങളും അംഗീകരിക്കുന്ന സഭാ യോഗങ്ങള്‍ നടത്താനുള്ള പാകത നമുക്കായിട്ടുണ്ടോ? ഭൂരിപക്ഷം ന്യൂനപക്ഷത്തിന്മേല്‍ അടിച്ചേല്പിക്കേണ്ട ഒരു വിഷയമായിരുന്നോ ഇത്? എല്ലായിടത്തും അനുഷ്ഠിക്കുന്ന കുര്‍ബാനക്രമം ഒന്നായാല്‍ പോരേ എല്ലാ അനുഷ്ഠാനവിധികളും ഒന്നുപോലെയാകണം എന്ന നിര്‍ബന്ധത്തിന്റെ അടിസ്ഥാനം ക്രൈ സ്തവമായിരുന്നോ? കത്തോലിക്കാ സഭയിലെ എല്ലാ പൗര സ്ത്യ സഭകള്‍ക്കും ബാധകമായ 1538 വകുപ്പ് ഭൂരിപക്ഷം എങ്ങ നെയാണ് വ്യാഖ്യാനിച്ചത്? അതു നല്കുന്ന ഒഴിവ് സ്വീകരിക്കുന്നവര്‍ എങ്ങനെയാണ് ഐക്യത്തിന് എതിരായത്?
പറുദീസയില്‍ നിന്നു മാലാഖ ഊതുന്ന കാറ്റിനെക്കുറിച്ച് വാള്‍ട്ടര്‍ ബഞ്ചമിന്‍ എഴുതിയതു പുരോഗതിയുടെ കാറ്റിനെക്കുറിച്ചാണ്. ആ കാറ്റ് മുന്നോട്ടാണ് ഊതുന്നത് പിന്നോട്ടല്ല. മനുഷ്യന്റെ ബഹുത്വത്തിന്റെ സാധ്യതകള്‍ തുടച്ചു നീക്കിയല്ല ഐക്യം ഉണ്ടാക്കേണ്ടത്, അതു കാത്തുസൂക്ഷിച്ചുകൊണ്ടാണ്. ഇവിടെ ഐക്യമാണ് പ്രധാനം, ഐകരൂപ്യമല്ല - അതു പട്ടാളത്തിന്റെ പണിയാണ്. എന്താണ് പ്രശ്‌നമെന്നും അതിനു എന്താ ണ് പരിഹാരമെന്നും സാമാന്യബോധമുള്ള ഏതു കത്തോലി ക്കനും അറിയാം, എന്നിട്ടും വര്‍ഗ്ഗനീതിയുടെ മനിക്കേയന്‍ വാ ക്പയറ്റ് നടത്തി പറ്റിക്കുന്നത് ആരെയാണ്, ക്രിസ്തുവിനെയോ?