അപരവേട്ടയുടെ കൃതികള്‍

അപരവേട്ടയുടെ കൃതികള്‍
Published on

പ്രഭാഷണത്തിനും എഴുത്തിനും പ്രസവവുമായി കലാപരമായ ബന്ധമുണ്ട്. എന്റെ ഏതു തീരുമാനവും എഴുത്തും എന്റെ സന്തതികള്‍ പോലെയാണ്. അത് എന്റെ ആന്തരികതയുടെ വെളിപാടുകളാകും. സീറോ മലബാര്‍ സഭയുടെ അധികാരികള്‍ മധ്യശതകങ്ങളിലേക്കു തിരിച്ചുപോകുന്ന അവരുടെ എഴുത്തുകളും ഉത്തരവുകളും അപര വിദ്വേഷത്തിന്റെ സന്തതികളായി മാറുന്നില്ലേ എന്നതു ലളിതപ്രശ്‌നമല്ല.

ഇറ ലെവിന്‍ 1967-ല്‍ അമേരിക്കയില്‍ പ്രസിദ്ധീകരിച്ച നോവലാണ് ''റോസ് മേരിയുടെ കുഞ്ഞ്'' (Rosemary's Baby). റോസ് മേരി എന്ന യുവതി കന്യാസ്ത്രീ മഠത്തില്‍ വിദ്യാഭ്യാസം നടത്തിയവളും കത്തോലിക്കനെ വിവാഹം ചെയ്തവളുമാണ്. പക്ഷെ, അവര്‍ വിവാഹമോചനം നേടി. വിശ്വാസമില്ലാത്ത ഒരു പ്രൊട്ടസ്റ്റന്റുകാരനെ രണ്ടാമതു കല്യാണം കഴിച്ചു. അവള്‍ക്ക് അങ്ങനെ രണ്ടുപേരുകളുണ്ടായി. രണ്ടു ഭര്‍ത്താക്കന്മാരില്‍ നിന്നു അത് അവളുടെ രണ്ടു തനിമകളായിരുന്നു. ഈ രണ്ടു പേരുകളും രണ്ടു തനിമകളും പരസ്പര വിരുദ്ധമായിരുന്നു. രണ്ടും അവളുടേതുമാണ്. പഴയ വിശ്വാസം അവളിലുണ്ട്. പുതിയ ജീവിത സാഹചര്യങ്ങളും ഭാവിയും അതുമായി പൊരുത്തപ്പെടുന്നില്ല. ഈ രണ്ടു തനിമകള്‍ തമ്മില്‍ മനസ്സില്‍ യുദ്ധമാണ്. ഒരിക്കല്‍ മാര്‍പാപ്പയുടെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോള്‍ പിശാച് അവളില്‍ പ്രവേശിച്ചു വേഴ്ച നടത്തി. അങ്ങനെ അവള്‍ ഗര്‍ഭിണിയായി. അവള്‍ പ്രസവിച്ചു. ഒരു അന്തിക്രിസ്തുവിനെ.

ഈ കഥ അവിശ്വസനീയമായി തോന്നാം. പക്ഷെ, അവളിലെ രണ്ടു പേരുകളുടെയും രണ്ടു തനിമകളുടെയും സംഘട്ടനകഥയാണ്. അവിടെ അവള്‍ ഭാവിയില്‍ പ്രശ്‌നങ്ങളില്ലാതെ ജീവിക്കാന്‍ വിശ്വാസത്തെ എതിര്‍ക്കാന്‍ തീരുമാനിക്കുന്നു. അവളുടെ ശരീരം അതാവശ്യപ്പെടുന്നു. ശരീരം നിലനില്പിനുവേണ്ടി, അതിന്റെ നിഗൂഢ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പടപൊരുതും. അവള്‍ ഉല്പാദിപ്പിക്കുന്നതു ക്രിസ്തുവിരുദ്ധമായി മാറി. വിശ്വാസത്തിന്റെ ശത്രുവിനെ നേരിടാതെ ജീവിക്കാനാവില്ല എന്നു വരുന്നു. വിശ്വാസരാഹിത്യത്തിന്റെ ജാരജാതന്‍ പുറത്തു യുദ്ധം വെട്ടും. അത് ഉള്ളില്‍ നടക്കുന്ന യുദ്ധത്തിന്റെ പുറത്തേക്കുള്ള ഒഴുക്കു മാത്രമാണ്.

ഈ പ്രതിസന്ധി ഇവിടെയും ഉണ്ടാകുന്നില്ലേ? രണ്ടുപക്ഷം പരസ്പര വിപരീതം. പഴയ വിശ്വാസമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഇവരെ തോല്പിക്കാനാവില്ല. അത് ഒരു പേടിയായി മാറുന്നു. കാരണം, തന്റെ കസേരകളും തന്നെ പിന്‍തുണയ്ക്കുന്നവരുടെ താത്പര്യവും സംരക്ഷിക്കണം. ഇതുപോലെ തുടരണം. അതിനു ക്രിസ്തു തടസ്സമാകും, പഴയ മൂല്യങ്ങളും നിലപാടുകളും പ്രശ്‌നമുണ്ടാക്കും. എതിര്‍ക്കുന്നവരെ വെറും എതിര്‍ക്കുന്ന സഹോദരരായി കാണാന്‍ കഴിയില്ല. കണ്ണിന്റെ അധികാര കാമവും അരിശവും കാണുന്നതിനെ അടിമുടി മാറ്റുന്നു. കാരണവരുടെ പ്രതിപക്ഷം ശത്രുക്കളാണ്. ഇതു നിലനില്പിന്റെ യുദ്ധമാണ്. അങ്ങേ വശത്ത് നില്‍ക്കുന്നതു മനുഷ്യരല്ല, പിശാചുക്കളാണ്. ഇനി എല്ലാം മറക്കുന്ന ശരീരത്തിന്റെ അബോധപൂര്‍വകമായ വിധിയാണ് വഴി. അവിടെ എല്ലാം അനുവദനീയമാണ്. ധര്‍മ്മം എന്നതു മൂടല്‍മഞ്ഞ് വെളിച്ചത്തില്‍ എന്ന പോലെ മായുന്നു.

ഗ്രീക്കു പുരാണത്തിലെ നാര്‍സിസ്സൂസ് തടാകത്തില്‍ തന്റെ രൂപം കണ്ട് അതിനെ പ്രേമിക്കുന്നു. കലശലായി പ്രേമം മൂക്കുമ്പോള്‍ തന്റെ പ്രതിച്ഛായകളെ ഇളക്കി ശിഥിലമാക്കുന്ന വെള്ളത്തിലെ എന്തിനേയും വേട്ടക്കാരനായ അയാള്‍ കൊല്ലും. പ്രേമം വേട്ടയാടും. ഈ പ്രേമം തന്റെ അധികാര കാമവുമാകാം. ആ വേട്ടയില്‍ ചെറുപ്പത്തിലെ ഏതു പ്രിയപ്പെട്ടവനും വെറും ഇരയായി മാറും. അയാള്‍ പിശാചിന്റെ തിളപ്പം പ്രതിച്ഛായയെ പുണര്‍ന്ന് അയാള്‍ മരിക്കും.

മനുഷ്യന്റെ സ്വാര്‍ത്ഥ കാമം അതിന്റെ മനിക്കേയന്‍ യുദ്ധത്തിലാണ്. അവിടെ ഇരുപക്ഷവും തമ്മില്‍ സംസാരിക്കില്ല, ബന്ധപ്പെടില്ല. അപരന്‍ ശത്രുവാണ്. കളപറിക്കലിന്റെ പ്രത്യയശാസ്ത്രക്കാരായി മാറുന്നു. ഇവരാണ് അന്തിക്രിസ്തുവിനെ ജനിപ്പിക്കുന്നത്. കാരണം ക്രിസ്തുവിനെ ക്രൂശിച്ചു. സാഹിത്യത്തിലും മനഃശാസ്ത്രത്തിലും പിശാച് ഒരു ബിംബമാണ്, രൂപകമാണ്. മനസ്സ് സൃഷ്ടിക്കുന്ന ബിംബം. അപരനെ ചെകുത്താനാക്കുന്ന പ്രവണത. ചരിത്രത്തിലും സഭയിലും ഉണ്ടായിരുന്നു. ഇന്നും മാര്‍ക്‌സിസത്തില്‍ അതു തന്നെ നടക്കുന്നു. വല്ലാതെ പേടിക്കുന്നവന്‍ രാത്രിയില്‍ ഏതു കുറ്റിക്കാട്ടിലും പിശാചിനേയും ഭൂതത്തേയും കാണും. അത് മനസ്സിന്റെ പ്രക്ഷേപണമാണ്. അങ്ങനെ യുദ്ധഭീതിയില്‍ കഴിയുന്നവര്‍ ശത്രുക്കളെ കൊല്ലേണ്ട പിശാചുക്കളാകും. സാഹിത്യത്തില്‍ ഡാനിയേല്‍ ഡഫോ എഴുതി, ''ചെകുത്താന്‍ ഒരു നാടോടിയായി ഒതുക്കപ്പെട്ട് ഒരിടത്തും ഇടമില്ലാതെ അലയുന്നു. ചെകുത്താന്‍ പഴയ മാലാഖയായതിന്റെ പഴയ സാമ്രാജ്യമുണ്ട്. പഴയ ശിക്ഷയുടെ ഭാഗമായി മലിനമാക്കി ഉച്ഛിഷ്ടസ്വഭാവമുള്ള വായുവിന്റെ ആകാശം ഒന്നുമില്ലാത്ത ശൂന്യത - അവിടെയും കാലുറപ്പിക്കാന്‍ ഇടമില്ലാതെ.'' ഈ ചെകുത്താന്‍ എന്ന ബിംബം സാല്‍മന്‍ റുഷ്ദിയുടെ ''ചെകുത്താന്റെ വചനങ്ങള്‍'' എന്ന നോവലില്‍ ഉണ്ട്. നാര്‍സിസ്സൂസിന്റെ കഥപോലെ സ്വന്തം അധികാരത്തിലും അറിവിന്റെ തെറ്റാവരത്തിലും അഭിരമിക്കുന്നവര്‍ പ്രസവിച്ചു കൊണ്ടേയിരിക്കും; അന്തിക്രിസ്തുമാരെ.

എല്ലാറ്റിനോടും വിഘടിച്ചു, കാരണം ഞാന്‍ എന്തോ ആണെന്നു ഞാന്‍ കരുതുന്നു. എനിക്ക് എന്റെ അവകാശങ്ങളും നേട്ടങ്ങളും കഴിവുകളുമുണ്ട്. എന്നില്‍ ഞാന്‍ ആതിഥേയനായി ഒരുവനെ കുടിയിരുത്തിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. അതാണ് വൈരം. അധികാരത്തിന്റെ തെറ്റാവരമുള്ള അറിവ്. ഈ അറിവിന്റെ അധികാരകാമത്തിലാണ് ഈഡിപ്പസ് രാജാവാകുന്നത്, അവന്റെ ധര്‍മ്മം വെടിഞ്ഞ വിധിയിലേക്കു തകര്‍ന്നടിയുന്നത്. ഈഡിപ്പസ്സിന്റെ ഈ ജ്വരത്തെ ഫ്രോയിഡ് ''പൈശാചികമായ രോഗപ്രതിസന്ധി''യായി വ്യാഖ്യാനിക്കുന്നു. ഇതേ വഴിയിലായ ദെസ്തയേവ്‌സ്‌കിയുടെ കുറ്റവിചാരകന്‍ ക്രിസ്തുവിനെ അടിച്ചു പുറത്താക്കുന്നു. കാരണം ക്രിസ്തു പ്രായോഗികനല്ല, വിജയ വഴിയില്‍ അവന്‍ തടസ്സമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org