സഭാ വിരുദ്ധ പാരമ്പര്യവാദികള്‍

പോള്‍ തേലക്കാട്ട്

ബിഷപ് ലെഫേബറും കൂട്ടരും രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ അംഗീകരിക്കാന്‍ തയ്യാറാകാതെ സഭയില്‍ നിന്നു വിഘടിക്കാനാണ് തീരുമാനിച്ചത്. അവരെ അനുനയിപ്പിച്ച് സഭയില്‍ ഉള്‍ച്ചേര്‍ക്കാനായി ബെനഡിക്ട് മാര്‍പാപ്പ 1962-ലെ ലത്തീന്‍ കുര്‍ബാന ക്രമം അര്‍പ്പിക്കുന്നതിനു നല്കിയ അനുവാദം ഫലം കണ്ടില്ല എന്ന വേദനയോടെ ഫ്രാന്‍സിസ് മാര്‍പാപ്പ ആ ആനുകൂല്യങ്ങള്‍ റദ്ദാക്കിയിരിക്കുന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളായി നടന്ന ലത്തീന്‍ ഭാഷയിലുള്ള കുര്‍ബാനയെക്കുറിച്ച് ലോകമെങ്ങുമുള്ള ലത്തീന്‍ റീത്തിലെ മെത്രാന്മാര്‍ക്ക് ചോദ്യാവലി അയച്ച് അതിന്റെ മറുപടിയുടെ പഠനത്തിനുശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ തീരുമാനമെടുത്തിരിക്കുന്നത്. "റോമന്‍ കുര്‍ബാന ക്രമത്തിന്റെ അസാധാരണ രൂപ"മായി ഈ ക്രമം അംഗീകരിച്ചു നടന്നതിന്റെ ഫലമായി കടുത്ത പാരമ്പര്യവാദികള്‍ "ഞങ്ങളാണ് ശരി" മറ്റുള്ളവര്‍ തെറ്റിലുമാണ് എന്ന നിലപാടില്‍ നിന്നു മാറിയിട്ടില്ല എന്നതാണ് കണ്ടെത്തിയത്. ഫലമായ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ നിരാകരിക്കുന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. സഭയുടെ ഐക്യത്തിനും പുരോഗതിക്കും ഈ നിലപാട് ഭീഷണിയാകുന്നു എന്ന ദുഃഖത്തോടെ കണ്ടെത്തയതിന്റെ ഫലമാണ് നടപടികള്‍.

അതുകൊണ്ട് ഈ കുര്‍ബാനയാചരണം ഇടവകപള്ളിയില്‍ നടത്താന്‍ പാടില്ല, വേറെ സ്ഥലത്തായിരിക്കണം അതു നടത്തേണ്ടത്. ആ കുര്‍ബാനയര്‍പ്പിക്കുന്ന വൈദികന് അതിന്റെ സ്ഥലത്തെ മെത്രാ ന്റെ അനുവാദം വേണം. ഈ കല്പനയ്ക്കു ശേഷം പട്ടം കിട്ടിയ വൈദികര്‍ക്ക് അതിനു സ്ഥലത്തെ മെത്രാന്‍ അനുവാദം കൊടുത്താല്‍ പോര, റോമില്‍നിന്നുതന്നെ അനുവാദം ലഭിച്ചിരിക്കണം. ഈ ലത്തീന്‍ കുര്‍ബാനയര്‍പ്പിക്കുമ്പോള്‍ അതിലെ ബൈബിള്‍ വായനകളില്‍ നാട്ടിലെ മാതൃഭാഷയില്‍ നടത്തണം.

ഇത് ഇന്ന് ഭരിക്കുന്ന മാര്‍പാപ്പ വിരമിക്കുന്ന മാര്‍പാപ്പയെ തിരുത്തുന്നു എന്ന വിധത്തിലല്ല കാണേണ്ടത്. മുന്‍ മാര്‍പാപ്പ എന്തു ലക്ഷ്യത്തില്‍ അതു ചെയ്‌തോ അതു നടന്നില്ല എന്നതുകൊണ്ടാണ് തിരുത്തുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ തീരുമാനത്തിന് അടിസ്ഥാനമാക്കുന്നതു – സൂനഹദോസിനെ അംഗീകരിക്കാത്തവരെ കത്തോലിക്കരായി സ്വീകരിക്കാനാവില്ല എന്ന മാനദണ്ഡമാണ്.

സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണത്തെയല്ല സൂനഹദോസ് അഴിച്ചുപണിതത്. വിശ്വാസപരമായ നിലപാടുകള്‍ മാറ്റുകയായിരുന്നു; കാലാനുസൃതമായി വ്യാഖ്യാനിക്കുകയായിരുന്നു. ഈ കാഴ്ചപ്പാട് മാറ്റം സഭയില്‍ ഉണ്ടായി. സഭാ വിശ്വാസികളെയും മറ്റു മതസ്ഥരേയും സംസ്‌കാരങ്ങളെയും എങ്ങനെ കാണുന്നു എന്നതില്‍ മാറ്റങ്ങള്‍ വന്നു. ഇത് വേദഗ്രന്ഥവും പാരമ്പര്യവും വ്യാഖ്യാനിക്കുന്നതില്‍ വന്ന മാറ്റങ്ങളാണ്. ഏതും പൊതുസമൂഹത്തില്‍ എന്ന പോലെ കത്തോലിക്കാ സഭയിലും പുരോഗമന യാഥാസ്ഥിത ആഭിമുഖ്യങ്ങളുടെ പിരിമുറുക്കങ്ങളുണ്ടാക്കും. അത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യവുമാണ്. രണ്ടു വിഭാഗങ്ങളും സഭയുടെ നന്മയ്ക്കു വേണ്ടി ചിന്തിക്കുന്നവരും സംസാരിക്കുന്നവരുമാണ്. അതിനു അംഗീകൃതമായ ചില അടിസ്ഥാനങ്ങളുടെ ചക്രവാളത്തില്‍ മാത്രമേ സാധിക്കൂ. അതാണ് സൂനഹദോസില്‍ അംഗീകരിക്കപ്പെട്ടത്. അത് അംഗീകരിക്കാതെ പുരോഗമനപരമോ യാഥാസ്ഥിതികമോ ആയ നിലപാടുകള്‍ക്ക് പ്രസക്തിയില്ലാതാകും. പാരമ്പര്യവാദികള്‍ സൂനഹദോസിനെ നിഷേധിക്കുമ്പോള്‍ അവര്‍ ചര്‍ച്ചയുടെ വേദി വിടുകയാണ്. അതു സഭയുടെ ഐക്യത്തെ ഗൗരവമായി ബാധിക്കും. ഈ അപകടകരമായ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെടുന്നത്. "ഒരേ ഒരു പ്രാര്‍ത്ഥനയുടെ ഐക്യം ഭാഷകളുടെ വൈവിധ്യത്തില്‍ പ്രകാശിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്" എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതി. സഭയുടെ വ്യത്യസ്തമായ പാരമ്പര്യങ്ങള്‍ ന്യായമായ വൈവിധ്യത്തില്‍ പ്രകാശിതമാകാന്‍ ആഗ്രഹിക്കുന്നു. കടന്നുപോയവരുെട വിശ്വാസത്തിന്റെ അഗ്നിയാണ്, പാരമ്പര്യമായി കൈമാറുന്നത്. പാരമ്പര്യം പഴമയുടെ ചാരപൂജയല്ല.

കൗണ്‍സില്‍ നിലപാടുകളെ സ്വീകരിക്കണം എന്നു പറയുമ്പോള്‍ അതു ലത്തീന്‍ സഭയ്ക്കു മാത്രമാണ് എന്നു കരുതുന്ന പൗരസ്ത്യ കത്തോലിക്കരുണ്ട്. സൂനഹദോസിന്റെ ആരാധനക്രമ നവീകരണം എല്ലാം പൗരസ്ത്യസഭകള്‍ക്കും ബാധകമാണ്. ഏറ്റവും വിവാദപരമായ വിഷയം, അധികാരം തന്നെയാണ്. കത്തോലിക്കാ സഭയ്ക്കു പണ്ട് ഉണ്ടായിരുന്ന അധികാര കാഴ്ചപ്പാടല്ല സൂനഹദോസിന്റേത്. അതു നിയമങ്ങളെക്കുറിച്ച് എന്നതിനേക്കാള്‍ പ്രസാദവരത്തെക്കുറിച്ചും സഭയെക്കുറിച്ചം എന്നതിനെക്കാള്‍ ക്രിസ്തുവിനെയും അ വന്റെ വചനങ്ങളെക്കുറിച്ചും പറയുന്നതാകണം. മനുഷ്യത്വത്തിന്റെ മണ്ണില്‍ കാലുവച്ച് ജീവിക്കുന്നവരാകണം അധികാരികള്‍. മെത്രാന്മാരുടെ നിയമനത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുമ്പോള്‍ "അവര്‍ രാജകുമാരന്റെ മനഃശാസ്ത്രം" ഉള്ളവരാകരുത് എന്നു പറയുമ്പോള്‍ പണ്ട് നിലനിന്ന 'രാജകുമാര'ന്മാരുടെ ഒരു പാരമ്പര്യത്തിലേക്കു വിരല്‍ചൂണ്ടുന്നതും. മാര്‍പാപ്പ വൈദികാധിപത്യത്തെക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ സംസാരിക്കുമ്പോള്‍ അധികാരഘടനയില്‍ സൂനഹദോസിന്റെ മാറ്റം വന്നിട്ടില്ല എന്നതാണ് അര്‍ത്ഥമാക്കുന്നത്.

റോമന്‍ സാമ്രാജ്യത്തിന്റെ ഭരണ വ്യവസ്ഥ അതിമാത്രം നൈയാമികവും അതിലേറെ അനുഷ്ഠാനബന്ധിയുമായിരുന്നു. സീസര്‍ സാമ്രാജ്യത്തിന്റെ ദൈവമായ സൂര്യന്റെ അവതാരമായിരുന്നു. സഭാധികാരികള്‍ സൂര്യന്റെ അധീശത്വത്തിന്റെ അവതാരങ്ങളാകുകയും ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരല്ലാതാകുകയും ചെയ്തു. നല്ല വൈദികരില്‍നിന്നു തിരഞ്ഞെടുത്തു മെത്രാന്‍ സ്ഥാനത്തു എത്തിക്കഴിയുമ്പോള്‍ സംഭാഷണത്തിന്റെ ശൈലി വിട്ടു വലിയ സൂത്രശാലികളാകുന്നത് ചിലപ്പോള്‍ കണ്ടുപോകുന്നു. പ്രശ്‌നങ്ങള്‍ സംഭാഷണവഴിയില്‍ പരിഹരിക്കാന്‍ കഴിയും എന്ന് എത്രപേര്‍ വിശ്വസി ക്കുന്നു എന്നതു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഭാഷണ വഴിയായ ധര്‍മ്മത്തിന്റെ വഴിയാണ് സഭയുടെ അധികാരം. അതു പരസ്പ രം കേള്‍ക്കുന്നതും സ്വാതന്ത്ര്യത്തെ അത്യധികം മാനിക്കുന്നതുമാകണം. കിഴക്കോട്ട് സൂര്യനിലേക്കു തിരിയാനുള്ള വ്യഗ്രത അധികാരത്തിന്റെ സൂര്യനിലേക്കു തിരിയാനുള്ള താത്പര്യമായി കാണാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org