മെത്രാപ്പോലീത്തയുടെ സഭാവിരുദ്ധ ശക്തികള്‍!

മെത്രാപ്പോലീത്തയുടെ സഭാവിരുദ്ധ ശക്തികള്‍!

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ ദീപികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന (ഒക്‌ടോബര്‍ 15, 2023) അഭിമുഖം കൗതുകപൂര്‍വം വായിച്ചു. ''പാശ്ചാത്യസഭകളില്‍ മാര്‍പാപ്പയുടെയോ ചക്രവര്‍ത്തിയുടെയോ വാക്കുകള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം ഉണ്ടായിരുന്നത്. എന്നാല്‍ പൗര സ്ത്യ സഭകളില്‍ ആദിമകാലം മുതല്‍ക്കെ കൂട്ടായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു ശൈലിയാണുണ്ടായിരുന്നത്.'' പാശ്ചാത്യസഭകളുടെ ഈ അധികാരപ്രവണത പൗരസ്ത്യസഭകളെ അല്പവും സ്വാധീനിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. അതുകൊണ്ട് പൗരസ്ത്യസഭകള്‍ക്ക് ഇതിലൊന്നും ഒരു പുതുമയുമില്ല എന്നാണോ അദ്ദേഹം പറയുന്നത്? ''സഭാ വിരുദ്ധശക്തികള്‍ സാമ്പത്തികമായും മാധ്യമങ്ങള്‍ ഉപയോഗിച്ചും സഭയെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതിനെക്കുറിച്ചും വ്യക്തമായ അറിവ് ലഭിച്ചിട്ടുള്ളതാണ്.''

എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും ജനങ്ങളും ഒരു പരിധിവരെ സന്യസ്തരും ഈ ''സഭാവിരുദ്ധ ശക്തികളുടെ'' സാമ്പത്തിക സഹായം കൈപ്പറ്റി സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നാണ് നിരന്തരമായി ഉയരുന്ന ആക്ഷേപം. ഈ അടുത്ത കാലത്തു സന്യാസ സമൂഹങ്ങളുടെ പ്രൊവിന്‍ ഷ്യള്‍മാരുടെയും ജനറല്‍മാരുടെയും യോഗമാണല്ലോ എറണാകുളം-അങ്കമാലി അതിരൂപതയിലെ ആരാധനക്രമ പ്രശ്‌നം സൗമ്യമായി ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നു സിനഡിനോടാവശ്യപ്പെട്ടത്. അതിരൂപത വളരെ ആകുലതയിലും വേദനയിലും പറഞ്ഞിട്ടും കേള്‍ക്കാത്ത സിനഡ് കേട്ടല്ലോ. സിനഡും പണംപറ്റിയെന്നാണോ? അതിരൂപതയുടെ ഭരണാധികാരി മാര്‍പാപ്പയെ കണ്ടപ്പോഴും ഈ അഭിമുഖത്തിലും പറയാത്ത പ്രധാനമായ ഒരു വസ്തുതയുണ്ട്. ആര്‍ച്ചുബിഷപ്പ് വാസില്‍ ഇവിടെ വന്നപ്പോള്‍ പറഞ്ഞത് ഈ അനുഷ്ഠാനപ്രശ്‌നം പറഞ്ഞു വിഘടിച്ചവര്‍ എല്ലാവരും സഭയ്ക്കു പുറത്താണ് എന്നാണ്. അത് ഒരു ശീശ്മയായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇപ്പോള്‍ അതിരൂപതാധികാരിക്ക് അതു വെറും അച്ചടക്ക പ്രശ്‌നമായി. ശ്രദ്ധിക്കേണ്ട മാറ്റമാണിത്. സഭാവിരുദ്ധരുടെ ചട്ടുകങ്ങളായി മാറുന്നുവെന്നതു പുതിയ ആരോപണമല്ല. ''വ്യക്തമായ അറിവ്'' ഉണ്ടായിട്ടും പരസ്യമായി ഈ ശത്രുവിന്റെ പേരു പറയുന്നില്ല. ചില വ്യക്തിപര സംഭാഷണങ്ങളില്‍ പേരു പറയുന്നു. സഭയില്‍ നിന്നു വിട്ടുപോകാന്‍ നേടിയ ഇടങ്ങളെക്കുറിച്ച് അറിവ് കിട്ടിയവരുണ്ട്. ഇതു കേള്‍ക്കുന്നവര്‍ ചിരിക്കണോ കരയണോ? സിനഡിനു പോലും ഈ കെണി മനസ്സിലായിട്ടില്ലല്ലോ. ആര്‍ച്ചുബിഷപ്പ് വാസില്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ നടന്ന സിനഡ് ഒരു തീരുമാനം സ്വീകരിച്ച് വത്തിക്കാനിലേക്കു നല്കിയതിനെക്കുറിച്ചും നിശബ്ദത പുലര്‍ത്തുന്നു. എന്തുകൊണ്ട്? സിനഡ് ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വച്ച കമ്മിറ്റിയുമായി അതിരൂപതയുടെ പ്രതിനിധികള്‍ എത്തിച്ചേര്‍ന്ന പൊതുസമ്മതരേഖയാണല്ലോ സിനഡ് അംഗീകരിച്ച് വത്തിക്കാനിലേക്ക് അയച്ചത്. അതിരൂപതയുടെ അധികാരി സിനഡില്‍ ഉണ്ടായിരുന്നല്ലോ. സിനഡ് തീരുമാനിച്ചാല്‍ വത്തിക്കാന് പിന്നെ പ്രശ്‌നങ്ങളില്ല എന്നു കാര്‍ഡിനല്‍ സാന്ദ്രിയും കാര്‍ഡിനല്‍ പരോളിനും പറഞ്ഞതായിട്ടാണ് അവരുമായി വത്തിക്കാനില്‍ ചര്‍ച്ച നടത്തിയ വൈദികര്‍ വ്യക്തമായി പറഞ്ഞിട്ടുള്ളത്.

സിനഡിന്റെ ആരാധനക്രമ തീരുമാനത്തോട് വിയോജിപ്പുള്ള വൈദികരും ജനങ്ങളും എത്രപേരുണ്ടെന്ന് സഭാധ്യക്ഷന് അറിയാമല്ലോ. സിനഡിന്റെ പ്രസ്തുത തീരുമാനം നടപ്പിലാക്കാന്‍ ആര്‍ച്ചുബിഷപ്പ് ആന്റണി കരിയിലിന് സാധിച്ചില്ല. അതിന്റെ പേരില്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. പിന്നെ വന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കു നടപ്പിലാക്കാന്‍ സാധിച്ചോ? അദ്ദേഹത്തേയും ശിക്ഷിക്കട്ടെ! അദ്ദേത്തിന്റെ സ്വന്തം അതിരൂപതയില്‍ ഈ തീരുമാനം നടപ്പിലാക്കാനുള്ള എതിര്‍പ്പു ണ്ടായതല്ലേ? അവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത്? ഇരിങ്ങാലക്കുട രൂപതയിലും പ്രശ്‌നങ്ങള്‍ ഉണ്ടായില്ലേ? അവിടെ എന്തു സംഭവിച്ചു? എതിര്‍പ്പിനെ എങ്ങനെ നേരിടാനാണ് സഭ പഠിപ്പിക്കുന്നത്? എതിര്‍ത്തവര്‍ എല്ലാവരും സഭാ വിരുദ്ധരുടെ സാമ്പത്തികം കൈപ്പറ്റിയവരാണോ? അവര്‍ക്ക് വിശ്വാസമുണ്ടോ? ഈ തീരുമാനം എടുക്കുന്നതിനു മുമ്പ് മാര്‍പാപ്പയുടെ കത്തു സംഘടിപ്പിച്ചതില്‍ എന്തെങ്കിലും അനൗചിത്യമുണ്ടോ? ആ കത്തിനുവേണ്ടി പറഞ്ഞ കാര്യങ്ങള്‍ എല്ലാം സത്യാധിഷ്ഠിതമായിരുന്നോ?

''മാര്‍പാപ്പ നേരിട്ട് പറഞ്ഞിട്ടും കാര്യങ്ങള്‍ക്കു തീരുമാനമാകാത്തതു സിനഡ് അംഗങ്ങളെ അത്ഭുതപ്പെടുത്തുന്നു'' എന്ന് ഈ അഭിമുഖത്തില്‍ പറയുന്നുണ്ടല്ലോ. മാര്‍പാപ്പയുടെ കത്ത് ഇങ്ങനെ ഒരു കാര്യം തീരുമാനിക്കാനും നടപ്പിലാക്കാനും ആവശ്യമായിരുന്നോ? ഈ കത്ത് എന്ത് ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച് ഉപയോഗിച്ചു എന്നു ചോദിക്കുന്നതില്‍ പ്രസക്തിയില്ല എന്നു പറയാമോ? അച്ചടക്കത്തിന്റെ വാളില്‍ എല്ലാം ഒതുക്കാം എന്നതാണോ റോമിലെ സിനഡാലിറ്റി സമ്മേളനം പറയുന്നത്? സഭയുടെ ചരിത്രത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം പരിഹരിച്ചത് എങ്ങനെ? പാഷണ്ഡികളെയും പിശാചു ബാധിതരേയും കത്തിച്ച ചരിത്രവുമുണ്ട്. അതു തുടരണമെന്നാണോ സിനഡാലിറ്റി ആവശ്യപ്പെടുന്നത്?

''അച്ചടക്കം പരമപ്രധാന''മെന്നാണല്ലോ അനുശാസിക്കുന്നത്. അഞ്ച് കര്‍ദി നാളന്മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡാലിറ്റിയെ സംബന്ധിച്ച് വിമര്‍ശന പരമായ വിയോജിപ്പ് മാര്‍പാപ്പയെ അറിയിച്ചു പരസ്യമായി. അവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായോ? പോള്‍ ആറാമന്റെ കാലത്ത് അദ്ദേഹത്തിന്റെ ''മനുഷ്യജീവന്‍'' എന്ന ചാക്രിക ലേഖനത്തെ എതിര്‍ത്തുകൊണ്ട് എത്ര മെത്രാന്‍ സമിതികള്‍ രംഗത്തുവന്നു? അതും അച്ചടക്ക പ്രശ്‌നമല്ലേ? ഇവിടെ അച്ചടക്ക പ്രശ്‌നമായതു വൈദികരും അല്‍മായരുമായതുകൊണ്ടാണോ? കാര്‍ഡിനല്‍ ന്യൂമാനെ കത്തോലിക്ക പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തു നിന്നു നീക്കിയത്, അല്‍മായരേയും വിശ്വാസകാര്യാലയങ്ങളില്‍ സഭാധ്യക്ഷന്മാര്‍ കേള്‍ക്കണം എന്ന് ഒരു അല്‍മായന്റെ ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നല്ലോ? ഇപ്പോള്‍ ആ നിലപാടുകള്‍ സഭയില്‍ അംഗീകരിക്കപ്പെട്ടോ? ഇവിടെ ഈ അതിരൂപതയിലെ വൈദികരോ ജനങ്ങളോ എന്തെങ്കിലും വിശ്വാസം സംബന്ധിച്ചോ ധാര്‍മ്മികത സംബന്ധിച്ചോ ആയ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞോ? അവര്‍ ആവശ്യപ്പെട്ടതു 50 കൊല്ലങ്ങളോളം പരിചയിച്ച ഒരു അനുഷ്ഠാനം തുടരണമെന്നു മാത്രമല്ലേ? അത് അടിച്ചേല്പിക്കേണ്ട ഒരു വിഷയമാണോ?

സിറില്‍ വാസ്സില്‍ ആര്‍ച്ചുബിഷപ്പിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സീറോ മലബാര്‍ സിനഡ് നിലപാട് മാറ്റിയത് എന്തുകൊണ്ടാണ്? മഹാഭൂരിപക്ഷം മെത്രാന്മാരും മനസ്സിലാക്കുന്ന ഒരു ലളിത സത്യമുണ്ട്. ഈ പ്രശ്‌നം ഉണ്ടാക്കിയ ഉതപ്പ് അതിഗൗരവമാണ്. നിസ്സാരമായ ഒരു വിഷയം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാ തെ തുടര്‍ന്നത് ഉണ്ടാക്കുന്ന വലിയ ഉതപ്പാണ്. കാക്കനാട്ടു നിന്നു വത്തിക്കാന്‍ പ്രതിനിധി എറണാകുളം പട്ടണത്തിലെ സെന്റ് മേരീസ് ബസിലിക്കയിലേക്ക് നൂറുകണക്കിന് പൊലീസിന്റെ സന്നാഹത്തോടെ നടത്തിയ പ്രദക്ഷിണം ഉണ്ടാക്കിയ ഉതപ്പ് ചെറുതാണോ? ബിഷപ് ഫ്രാങ്കോയുടെ പ്രശ്‌നം ശാന്തമായും സൗമ്യമായും സത്യസന്ധമായും പരിഹരിക്കാന്‍ മെത്രാന്മാരില്‍ ചിലര്‍ക്ക് അവസരം കിട്ടിയതല്ലേ? അത് ഈ നാട്ടില്‍ ഉണ്ടാക്കിയ ഉതപ്പിന് നാം കാരണക്കാരല്ലേ? ഇതൊക്കെ മനസ്സിലാക്കിയ വിവേക വയോധികരായിരുന്നു ആര്‍ച്ചുബിഷപ്പ് തൂങ്കുഴിയും ബിഷപ്പ് കരോട്ടെമ്പ്രയിലും. വിവേകം സന്ധ്യയ്ക്കു വരുന്ന മൂങ്ങയാണ്. സിനഡ് അംഗങ്ങള്‍ അതു വിവേകപൂര്‍വം മനസ്സിലാക്കി. എല്ലാ ആദരവുകളോടെയും എഴുതട്ടെ ഇപ്പോഴും അതു മനസ്സിലാക്കാത്തവരുണ്ട് - എന്തുകൊണ്ട് എന്ന് ഊഹിക്കുന്ന അവിവേകത്തിനു മുതിരുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org