മാലാഖ ആണോ പെണ്ണോ?

മാലാഖ ആണോ പെണ്ണോ?

സീറോ-മലബാര്‍ സഭയുടെ റീത്തു സംബന്ധമായി മാതൃസഭയാണ് കല്‍ദായ കത്തോലിക്കാ സഭ. അതിന്റെ പാത്രിയാര്‍ക്കീസ് കാര്‍ഡിനല്‍ റാഫായേല്‍ സാക്കോ, അദ്ദേഹം ജനുവരിയിലെ സഭൈക്യ പ്രാര്‍ത്ഥനാവാരത്തിന്റെ പ്രാര്‍ത്ഥനകള്‍ക്കു നല്കിയ സന്ദേശത്തില്‍ പൗരസ്ത്യസഭകള്‍ അസ്തിത്വപരമായ നിലനില്പില്‍ നേരിടുന്ന പ്രതിസന്ധിയുടെ അപകടം തിരിച്ചറിയാതെ അപ്രസക്തമായ വിവാദങ്ങളില്‍ മുഴുകുന്നു എന്നു കുറ്റപ്പെടുത്തി. അതിന് കിഴക്കന്‍ സഭകളുടെ കേന്ദ്രമായിരുന്ന കൊണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനം ഓര്‍മ്മപ്പെടുത്തുന്നു. 1452 മേയ് 29-ന് ഓട്ടമന്‍ പട്ടാളാക്രമണത്തില്‍ വീണത്. ഓട്ടമന്‍ പട്ടാളം നഗരകവാടത്തില്‍ എത്തിയപ്പോഴും ബൈസന്റയിന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ മാലാഖമാരുടെ ലിംഗഭേദത്തെപ്പറ്റി തര്‍ക്കിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സ്വന്തം സുരക്ഷിതത്വവും അസ്തിത്വവും അപകടത്തിലാകുമ്പോള്‍ അപ്രസക്തമായ വിവാദങ്ങളില്‍ മുഴുകുന്നു എന്നു കുറ്റപ്പെടുത്തി. അതിനു കാരണമായതു ക്രിസ്മസ് കാലഘട്ടത്തിലെ പള്ളി പ്രസംഗങ്ങളും മാധ്യമ വാര്‍ത്തകളും സന്ദേശങ്ങളുമായിരുന്നു. അവയൊന്നും സഭയില്‍ പുതിയ ആവേശമോ പ്രതീക്ഷയോ നല്കുന്നവയായിരുന്നില്ല. രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ പൗരസ്ത്യ കത്തോലിക്കാ സഭകള്‍ ''കാര്യമായി ഉപകാരപ്പെടുത്തിയില്ല.'' ബെനഡിക്ട് മാര്‍പാപ്പ നിര്‍ദേശിച്ചതു പോലെ വിശ്വാസവും യുക്തിയും തമ്മിലുള്ള നിരന്തരമായതും സത്യസന്ധവും സുതാര്യവും യുക്തിസഹവുമായ സംവേദനങ്ങള്‍ നടക്കണം എന്നാവശ്യപ്പെട്ടു. അവിടെ ഏറ്റവും പ്രധാനം, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ''സര്‍ഗാത്മക'' സമൂഹങ്ങള്‍ ആകണം. അതിന് അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കി പൊതുസമൂഹവുമായി നിരന്തരം സംവേദനം നടത്തണം.

1054-ല്‍ ആണല്ലോ പടിഞ്ഞാറന്‍ സഭയും കിഴക്കന്‍ സഭകളും തമ്മില്‍ വലിയ വേര്‍തിരിവ് ഉണ്ടായത്. ഈ തര്‍ക്കത്തില്‍ ഏറ്റവും പ്രധാനമായതു പരസ്പരമുള്ള വ്യത്യാസങ്ങള്‍ പരസ്പരം ആദരിക്കാനുണ്ടായ വൈമുഖ്യമായിരുന്നു. കിഴക്കന്‍ സഭകളുടെ ആചാര സംസ്‌കാരവ്യത്യാസങ്ങള്‍ മാനിക്കപ്പെടണമെന്നു ഫോസ്സിയൂസിന്റെ ശക്തമായ വാദങ്ങള്‍ ഒരു പ്രശ്‌നമായിരുന്നു. ഈ വ്യത്യാസങ്ങളില്‍ വളരെ നിസ്സാരമായതു പോലും സത്താപരമായ പ്രശ്‌നങ്ങളായി പരസ്പരം അകലാന്‍ കാരണമായി. രണ്ടുദാഹരണങ്ങള്‍ (1) കിഴക്കന്‍ സഭകള്‍ പുളിച്ച അപ്പം കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നു. അതംഗീകരിക്കാന്‍ പടിഞ്ഞാറന്‍ സഭ തയ്യാറായില്ല. (2) കിഴക്കന്‍ സഭകളിലെ വൈദികര്‍ക്ക് താടിയുണ്ടായിരുന്നു. അതു പ്രശ്‌നമായി, വിഭാഗീയത വിഭജനമാക്കി.

ഇതുപോലുള്ള പ്രതിസന്ധിയിലാണ് സീറോ മലബാര്‍ സഭ എത്തിനില്‍ക്കുന്നത് എന്നു സംശയിക്കുന്നു. കുര്‍ബാനയ്ക്ക് എങ്ങോട്ട് തിരിയണമെന്നതു വിവാദമായിരിക്കുന്നു. ഈ വിഷയത്തില്‍ സഭ ആശ്രയിക്കുന്ന ഒരു തത്വമുണ്ട്. അനിവാര്യകാര്യങ്ങളില്‍ ഐക്യം, സംശയകാര്യങ്ങളില്‍ സ്വാതന്ത്ര്യം (in necessariis unitas, in dubiis libertas). ഇതും അംഗീകരിക്കാന്‍ മനസ്സില്ലാത്ത അധികാരിക സാഹചര്യമാണ് ഉണ്ടാകുന്നത്. വത്തിക്കാന്റെ പ്രതിനിധി സിനഡ് സമ്മേളനത്തില്‍ ഓര്‍മ്മപ്പെടുത്തി. ഐകരൂപ്യത്തിനുവേണ്ടി ഐക്യം തകരാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുതന്നെ സംഭവിക്കുന്നു. ഭാരതപാരമ്പര്യത്തിന്റെ ഏകം സത് വിപ്രാ ബഹുതാ വിദന്തി എന്ന തത്വവും വൈവിധ്യങ്ങളെ ഒന്നിലേക്കു അടിച്ചൊതുക്കുന്ന നിലപാടാണ്. ആധുനികചിന്ത ആരംഭിക്കുന്നതു ബഹുസ്വരതയിലാണ്. സത്യം സംഭവിക്കുന്നത് പല ഭാഷ്യങ്ങളിലാണ്. പലതിനെ തട്ടിയുടച്ചല്ല ഐക്യം ഉണ്ടാക്കേണ്ടത്. പലതിന്റെ പൊരുത്തത്തിലാണ്. സത്യത്തിന് ഒരു ഭാഷണം മാത്രമെന്നത് ഏകാധിപത്യമാണ്. ഐകരൂപ്യമല്ല ക്രൈസ്തവ ആദര്‍ശം ഐക്യമാണ്. ''ഐകരൂപ്യ ചിന്തയെ വിഗ്രഹവത്ക്കരിക്കുന്നു'' എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. വ്യത്യാസങ്ങള്‍ അംഗീകരിക്കാത്തതും അപരനെ അപരനെന്ന വിധത്തില്‍ ഉള്‍ക്കൊള്ളാത്തതുമായ ചിന്ത ഏകാധിപത്യ ചിന്തയായി മാര്‍പാപ്പ വിശേഷിപ്പിച്ചു. യേശുവിനെ കല്ലെറിഞ്ഞതു ഭിന്നമായി ചിന്തിക്കുന്നു എന്നതിന്റെ പേരിലാണ് എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിച്ചു.

സീറോ മലബാര്‍ സഭയുടെ നിലനില്പ് അപകടപ്പെടുത്തുന്ന പല പ്രതിസന്ധികള്‍ നമ്മുടെ സഭയിലുണ്ട്. ഇവയൊക്കെ കാണാന്‍ കഴിയേണ്ടതാണ്, സഭാ നേതൃത്വത്തിന് (1) കേരളത്തിന്റെ കത്തോലിക്കാ യുവാക്കള്‍ നാടുവിടുകയാണ്. ഉന്നത വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും സുരക്ഷിതത്വവും തേടി അവര്‍ വികസിത രാജ്യങ്ങളിലേക്കു പുറപ്പാട് നടത്തുകയാണ്. അനധിവിദൂര ഭാവിയില്‍ കേരളസഭ വയസ്സന്മാരുടെയും വയസ്സികളുടെയും സഭയാകാം. കന്യാസ്ത്രീകള്‍ ഇല്ലാതാകും. വൈദിക സന്യാസ ദൈവവിളികള്‍ വരളും. ഈ മാറ്റങ്ങള്‍ സഭയുടെ ജീവിതത്തെ വളരെ ഗൗരവമായി ഘടനയിലും സമൂഹജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. (2) വിശ്വാസം ഉപേക്ഷിക്കുന്നവര്‍ വര്‍ധിക്കുന്നു. അമേരിക്കയിലെ PEW റിസര്‍ച്ച് പ്രകാരം അമേരിക്കന്‍ ഐക്യനാടുകളില്‍ 1972-ല്‍ 90% ക്രൈസ്തവര്‍ ഉണ്ടായിരുന്നെങ്കില്‍ അതു 2020 ആയപ്പോള്‍ 64% മായി കുറഞ്ഞു. യൂറോപ്പിലെ എല്ലാ ക്രൈസ്തവ വാരാന്ത്യങ്ങളിലും പള്ളിയില്‍ പോകുന്നവരുടെ ശതമാനം നിരന്തരം കുറയുകയാണ്. ഓരോ രാജ്യത്തും അതിന് അവരുടെ കാരണങ്ങള്‍ ഉണ്ടാകും. അമേരിക്കയില്‍ മൂന്നാം ലിംഗത്തോട് സഭ പുലര്‍ത്തുന്ന നിലപാട് പോലും ചിലരെ സഭ ഉപേക്ഷിക്കാന്‍ കാരണമാകുന്നു. കേരളത്തിലും നഗര പ്രദേശങ്ങളില്‍ പള്ളിയില്‍ വരുന്നവരുടെ സംഖ്യ കുറയുന്നുണ്ട്. ഇതിനൊക്കെ കാരണങ്ങള്‍ പലതും സഭ തന്നെ ഉണ്ടാക്കിയിട്ടുള്ളതുമാണ്. ക്രൈസ്തവസഭയുടെ വളര്‍ച്ചയ്ക്കു കാരണമാകുന്നതു ക്രൈസ്തവ സമൂഹത്തിലെ മെത്രാന്മാര്‍, വൈദികര്‍, കൊവേന്തക്കാര്‍, അല്മായര്‍ എന്നിവര്‍ ആയിരുന്ന ജീവിതത്തിന്റെ വിലാസമഹിമയാണ് മറ്റൊന്നുമല്ല. സഭയ്ക്ക് വിരുദ്ധമായി മാറുന്ന കാരണങ്ങളും ഈ പറഞ്ഞ വ്യക്തികള്‍ തന്നെ ഉണ്ടാക്കുന്ന വിരുദ്ധ സാക്ഷ്യങ്ങളുമാണ്. ഈ പ്രതിസാക്ഷ്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ സഭ ഗൗരവമായ മരണം നേരിടുന്നു. ഈ മരണസൂചനകള്‍ കേരളത്തില്‍ ധാരളമുണ്ട്. കാലത്തിന്റെ അടയാളങ്ങളില്‍ ദൈവം സംസാരിക്കുന്നതു കേള്‍ക്കാന്‍ തയ്യാറാകാത്തവരെ ചരിത്രം തുടച്ചുനീക്കും. സര്‍ഗാത്മകത ന്യൂനപക്ഷം എന്നാല്‍ എല്ലാം സ്വാംശീകരിക്കാതെയുള്ള സംയോജനത്തിന്റെ കഴിവാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org