
കത്തോലിക്കാസഭയുടെ ഔദ്യോഗികമെന്നു പറഞ്ഞിരുന്ന നിലപാടുകളോട് എല്ലാക്കാലത്തും യോജിപ്പും വിയോജിപ്പുമു ണ്ടായിരുന്നു. സഭയുടെ എല്ലാവിധത്തിലുമുള്ള പുരോഗതിയുടെ പിന്നില്‍ വിയോജിച്ചവരുമുണ്ടായിരുന്നു. ചില ഉദാഹരണങ്ങള്‍ എഴുതാം. 1816-ല്‍ ഒമ്പതാം പീയൂസ് മാര്‍പാപ്പ തന്റെ ചാക്രിക ലേഖനത്തില്‍ - Quanta Cura - കത്തോലിക്കാസഭയെ ഏറ്റവും മഹോന്നതം എന്ന് രാജ്യങ്ങള്‍ അംഗീകരിക്കണമെന്നും ആ വിധത്തില്‍ അതിനു വഴങ്ങാത്തവരെ നിര്‍ബന്ധിക്കാനും ശിക്ഷിക്കാനും സഭയ്ക്ക് അധികാരമുണ്ടെന്നും പഠിപ്പിച്ചു. മനസ്സാക്ഷി സ്വാതന്ത്ര്യം വെറും ഭ്രാന്തായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഓരോ പൗരനും മനസ്സാക്ഷി സ്വാതന്ത്ര്യം ഉണ്ട് എന്നു പഠിപ്പിച്ചവനായിരുന്നു അമേരിക്കക്കാരനായ ഈശോ സഭാ വൈദികന്‍ ജോണ്‍ കുര്‍ട്ട്‌നി മ്യൂറേ. ഈ മനുഷ്യസ്വാതന്ത്ര്യത്തിനു സഭയുടെ പാരമ്പര്യം വഴങ്ങണം എന്നും പിയൂസ് മാര്‍പാപ്പയുടെ പ്രബോധനം കേവലമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ത്ത ദൈവശാസ്ത്രജ്ഞരായിരുന്നു ജോസഫ് ഫെല്‍ടോണ്‍, ഫ്രാന്‍സിസ് കോണല്‍ എന്നിവര്‍. ഈശോസഭാ വൈദികന്റെ അഭിപ്രായങ്ങള്‍ ഉതപ്പുണ്ടാക്കുന്നു എന്നും അതു പാഷണ്ഡതയുമാണ് എന്നു വിമര്‍ശിച്ചു. ഒരു ദൈവശാസ്ത്രജ്ഞനും സത്യസഭയുടെ അവകാശം ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും ഫെല്‍ടോണ്‍ പ്രസ്താവിച്ചു. വത്തിക്കാനില്‍നിന്നു കാര്‍ഡിനല്‍ ഓട്ടോവികാനി മാര്‍പാപ്പയുടെ നിലപാടുകളെ എതിര്‍ക്കാനാവില്ലെന്നും മനസ്സാക്ഷി സ്വാതന്ത്ര്യം മിഥ്യയാണെന്നും മ്യൂറേയുടെ പേര് പറയാതെ വിമര്‍ശനം ഉണ്ടായി. 1954-ല്‍ വത്തിക്കാന്‍ മ്യൂറേക്കു ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അവകാശം നിഷേധിച്ചു. അങ്ങനെ അദ്ദേഹത്തെ വത്തിക്കാന്‍ നിശ്ശബ്ദനാക്കി.
എന്നാല്‍ ജോണ്‍ 23-ാമന്‍ പാപ്പ വത്തിക്കാന്‍ സൂനഹദോസ് പ്രഖ്യാപിച്ചു. മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ച് വത്തിക്കാന്‍ കൗണ്‍ സില്‍ ചര്‍ച്ചകളിലേക്ക് ജോണ്‍ മ്യൂറേയെ ക്ഷണിക്കുന്നതു കാര്‍ഡിനല്‍ ഒട്ടോവികാനിയും ഫാ. ഫെല്‍ടോണും എതിര്‍ത്തു. റോമില്‍ അദ്ദേഹം വിമതനും അപകടകാരിയുമായി. ഫാ. മ്യൂറേ അമേരിക്കന്‍ മെത്രാന്മാര്‍ക്ക് കത്തെഴുതി. അവര്‍ ഈ വൈദികനെ വത്തി ക്കാന്‍ കൗണ്‍സില്‍ രേഖയുടെ നക്കല്‍ എഴുതുന്നതിലേക്ക് ക്ഷണിച്ചു. അദ്ദേഹം കാര്‍ഡിനല്‍ ഒട്ടോവിയാനിയും ഫാ. ഫെല്‍ടോണുമായി ഈ വിഷയത്തില്‍ വാഗ്‌വാദത്തിലേര്‍പ്പെട്ടു. ഫലമായി 1965-ല്‍ മനുഷ്യന്റെ മനസ്സാക്ഷി സ്വാതന്ത്ര്യത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള രേഖ 2308 അനുകൂലവോട്ടുകളോടെ പാസ്സായി. 80 വോട്ടുകള്‍ മാത്രമാണ് പ്രതികൂലമായി ഉണ്ടായത്. അങ്ങനെ വിമതനായി ശിക്ഷിക്കപ്പെട്ട ഫാ. മ്യൂറേ വത്തിക്കാന്‍ സൂനഹദോസിന്റെ ദൈവശാസ്ത്രജ്ഞനായി. ഇത് ഒരാളുടെ മാത്രം കാര്യമായിരുന്നില്ല. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ദൈവശാസ്ത്രജ്ഞരായ ജോണ്‍ ഡാനിയേലൂ, കോംഗാര്‍, കാള്‍ റാനര്‍, ഹെന്റി ലുബാക്ക് എന്നിവര്‍ക്കെല്ലാം ഇങ്ങനെ വിമതാരോപണങ്ങളും കഷ്ടതകളും നേരിടേണ്ടി വന്നിട്ടുണ്ട്.
1859-ല്‍ ഹെന്റി ന്യൂമാന്‍ 59 വയസ്സായപ്പോള്‍ അദ്ദേഹം എഡി റ്ററായിരുന്ന കത്തോലിക്കാ മാസികയായ Ramparts--ല്‍ ''പ്രബോധനകാര്യങ്ങളില്‍ വിശ്വാസികളുടെ ഉപദേശം തേടണം'' എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചു. അതു ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാന്മാരുടെ അനിഷ്ടത്തിനു കാരണമായി, അദ്ദേഹം എഡിറ്റര്‍ സ്ഥാനത്തു നിന്നു രാജിവച്ചു. അതിന്റെ ഫലമായി ഈ വിഷയം വിദഗ്ദ്ധമായി പഠിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. നാലാം നൂറ്റാണ്ടില്‍ സഭയില്‍ അപകടകരമായി വളര്‍ന്ന പാഷണ്ഡതയാണ് - ഏരിയനിസം. യേശു ദൈവമല്ല, ദൈവത്തിന്റെ ശ്രേഷ്ഠ സൃഷ്ടി മാത്രമാണ് എന്നതായിരുന്നു ഈ ചിന്താഗതി. 325-ല്‍ നടന്ന നിക്യ സൂനഹദോസിലാണ് ഈ നിലപാട് തള്ളി യേശു ദൈവമാണെന്നു സഭ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ സൂനഹദോസിന്റെ നടപടികള്‍ സ്വീകരിക്കാന്‍ ഭൂരിപക്ഷം മെത്രാന്മാരും പ്രാദേശികസഭകളും തയ്യാറായില്ല എന്നു ന്യൂമാന്‍ കണ്ടെത്തി. സമ്മര്‍ദ്ദത്തിനു വഴങ്ങി ലിബേ രിയൂസ് മാര്‍പാപ്പ പോലും പാഷണ്ഡതയുടെ നിലപാട് സ്വീകരിച്ചു. എന്നാല്‍ ഈ സാഹചര്യത്തില്‍ സാധാരണ വിശ്വാസികള്‍ യൂറോപ്പിലും ഏഷ്യയിലും മധ്യപൂര്‍വ്വ ഏഷ്യയിലും തങ്ങളുടെ മെത്രാന്മാര്‍ക്കും മാര്‍പാപ്പയ്ക്കുമെതിരായ ശക്തമായ നിലപാട് സ്വീകരിച്ചു. 381-ല്‍ കോണ്‍സ്റ്റാന്റിനോപ്പില്‍ ഒന്നാം സൂനഹദോ സില്‍ യേശു ദൈവമാണെന്നു അംഗീകരിക്കുന്ന നിലപാട് സഭ അംഗീകരിച്ചു. അതിന്റെ പിന്നിലെ ഏകകാരണം വിശ്വാസികളുടെ ദൃഢമായ ''വിശ്വാസബോധ''മായിരുന്നു. ഇതാണ് ന്യൂമാന്റെ നിര്‍ ണ്ണായക നിലപാടിന്റെ അടിസ്ഥാനമായത്. വൈദികരും മെത്രാന്മാ രും വിശ്വാസം വെടിഞ്ഞപ്പോള്‍ അതു മുറുകെപിടിച്ചതു സാധാരണ വിശ്വാസികളാണ്.
ഇതു സംബന്ധിച്ച് ന്യൂമാന്‍ സ്വീകരിച്ച ഉറച്ച നിലപാടിനെതിരെ മോണ്‍. എഡ്വേര്‍ഡ് ടാല്‍ബോട്ട് എഴുതി: ''അല്‍മായരുടെ മണ്ഡലമേതാണ്? നായാട്ട്, വെടി, ഉല്ലാസം, ഈ വിഷയങ്ങള്‍ അവര്‍ക്കു മനസ്സിലാകും. പക്ഷേ, സഭാ കാര്യങ്ങളില്‍ അവര്‍ ഇടപെടരുത്. ഡോ. ന്യൂമാന്‍ ഇംഗ്ലണ്ടിലെ അപകടകാരിയായ മനുഷ്യനാണ്.'' ഈ ആരോപണങ്ങളുടെ നിഴലില്‍ അദ്ദേഹം വര്‍ഷങ്ങള്‍ കഴിഞ്ഞു. വത്തിക്കാനില്‍നിന്ന് അദ്ദേഹത്തിന്റെ നിലപാട് അംഗീകരിച്ച് ഒന്നും സംഭവിച്ചില്ല. പക്ഷേ, അദ്ദേഹത്തെ കര്‍ദ്ദിനാളാക്കി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സഭയെക്കുറിച്ചുള്ള പ്രമാണരേഖ പാസ്സാക്കിയപ്പോള്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ സൂനഹദോസിനെ ''ന്യൂ മാന്റെ സൂനഹദോസ്'' എന്നു വിശേഷിപ്പിച്ചു. ''മഹാനായ പ്രവാചകനായ ക്രിസ്തു... തന്റെ പ്രവാചക ദൗത്യം തുടരുന്നു... സഭാധികാരത്തിലൂടെ മാത്രമല്ല അല്മായരിലൂടെയും'' എന്ന ആ പ്ര ബോധന രേഖ എഴുതി. അനീതിപരമായ സഭയുടെ പീഡനങ്ങള്‍ അനുഭവിച്ച സഭയുടെ ധീര വനിതകളാണ് സിയന്നയിലെ കാതറൈന്‍, ഇംഗ്ലണ്ടിലെ മേരി വാര്‍ഡ്, ആവിലായിലെ ത്രേസ്യാ, സ്വീഡനിലെ ബ്രിജിത്ത് തുടങ്ങിയവര്‍.