
എറണാകുളം-അങ്കമാലി അതിരൂപതയിലെ മഹാഭൂരിപക്ഷം വൈദികരും വിധിക്കെതിരായി പ്രതിഷേധവും പ്രതിരോധവുമായി സമൂഹത്തില്‍ നിലകൊള്ളുന്നു. വിധിയെന്ന വാക്കിന് ഒന്നിലധികം അര്‍ത്ഥമുണ്ട്. വിധി നിശ്ചയമാണ്, ആധികാരികമായ തീരുമാനം. വിധി എന്നതിനു തലവിധി (fate) എന്ന അര്‍ത്ഥവുമുണ്ട്. ദൈവം എന്ന പദത്തിനും ഈ അര്‍ത്ഥമുണ്ട് എന്നു മറക്കുന്നില്ല. ചിലര്‍ക്ക് ഒന്നും നന്നാക്കാനാവാത്ത വിധിയുടെ തളയ്ക്കപ്പെട്ടവരാണ്. ഈ കാഴ്ചപ്പാട് ഗ്രീക്ക് ഭാരതീയ ദര്‍ശനങ്ങളിലും സംസ്‌കാരങ്ങളിലും കാണാം. വിധി വിഹിതം തടുക്കാനാവില്ല എന്ന ചൊല്ലുമുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിധിച്ചവര്‍ വിധിയുടെ വാളുമായി നിലകൊള്ളുകയും വെട്ടുകയും ചെയ്യുന്നു. സ്വന്തം വിധികള്‍ ദൈവത്തിന്റെ നിശ്ചയങ്ങളാക്കാനാണ് എല്ലാ വിധിയാളന്മാര്‍ക്കും താത്പര്യം. ചില സംസ്‌കാരങ്ങള്‍ വിധിയോട് രാജിയായി ജീവിക്കാനാണ് പഠിപ്പിക്കുന്നത്. ദാരിദ്ര്യം, ജാതി, രോഗം, അടിമത്തം ഇതൊക്കെ വിധിയാണ്. ഈ വിധിയോട് ഏറ്റുമുട്ടുന്നവര്‍ വിഡ്ഢികളാണ്.
അങ്ങനെയൊരു വിഡ്ഢിത്തത്തിലാണ് ഈ വൈദികര്‍. അങ്ങനെയല്ലെങ്കില്‍ ക്രൈസ്തവികതയും ഒന്നാംതരം വിഡ്ഢിത്തമാണ്. ഇതു കുറിക്കുന്നവന്‍ സത്യത്തില്‍ വിശ്വസിക്കുന്നു. വസ്തുതയും ബുദ്ധിയും തമ്മിലുള്ള പൊരുത്തമാണ് സത്യം എന്നാണ് തോമസ് അക്വിനാസ് പഠിപ്പിക്കുന്നത്. പല സാഹചര്യത്തിലും വസ്തുതയും ബുദ്ധിയും തമ്മില്‍ പൊരുത്ത പ്പെടുന്നില്ല. അപ്പോള്‍ വസ്തുതയെ മാറ്റാന്‍ ശ്രമിക്കുന്നതു തെറ്റാണോ? കുഷ്ഠരോഗം, അന്ധത, അടിമത്തം ഇതൊക്കെ വിധിയായിരുന്നു. ഈ വിധികളെയാണ് യേശു ചോദ്യം ചെയ്തതും മാറ്റിയതും. ഈ കര്‍മ്മം വസ്തുനിഷ്ഠമല്ല, വസ്തുതയെ മാറ്റുന്ന നടപടിയാണ്. വസ്തുനിഷ്ഠത എന്നത് അറിവിനെ സംബന്ധിച്ച മൂല്യമല്ല, മൂല്യനിഷേധമാണ്. അറിവാണ് ചര്‍ച്ചയുടെ വിഷയം. അറിവ് ധാര്‍മ്മികമാകണം, അത് അധാര്‍മ്മികമാകുന്ന സാഹചര്യങ്ങളാണിത്. പ്രലോഭനം യാഥാര്‍ത്ഥ്യമാണ്.
മനുഷ്യബോധം വിമര്‍ശനബോധമാണ് - ധര്‍മ്മബോധമാണ്. ധര്‍മ്മം ബോധത്തോടെ ചേര്‍ക്കുന്ന വര്‍ണ്ണമോ രുചിയോ അല്ല. മനുഷ്യന്‍ ലോകത്തില്‍ വെറുതെ വസിക്കുകയല്ല - അളന്നു വസിക്കുന്നു. അളവ് എന്നതു ഗണിതശാസ്ത്ര നടപടിയല്ല; മൂല്യബോധത്തിന്റെ വിലമതിക്കലാണ്. അതു ചന്തയിലെ വിലയുമല്ല - ബോധം നമുക്കുള്ളിലെ വെളിച്ചമാണ്, അതു സൂര്യന്റെയോ ചന്ദ്രന്റെയോ വെളിച്ചമല്ല. ലോകത്തില്‍ വസിക്കുമ്പോള്‍ നേരിടുന്നത് അസ്തിത്വത്തിന്റെ - മൂലപദാര്‍ത്ഥങ്ങളുടെ വിധിയാണ്, കടന്നാക്രമണമാണ്. അസ്തിത്വം ആധിപത്യത്തിന്റെ ലോകത്തിലാണ് നാം. അത് അസ്തിത്വ നിയമത്തിന്റെ ആധിപത്യമാണ്. ലോകത്തിന്റെ നീതി, ലോകത്തിന്റെ ക്രമസമാധാനം. ഈ വിധിയാണ് മനുഷ്യസ്വതന്ത്ര്യം വെല്ലുവിളിക്കുന്നത്. ലോകത്തെ വസ്തുനിഷ്ഠമായി അറിയുന്നത് ശാസ്ത്രങ്ങളാണ്. തവളയെ പഠിക്കുന്നു, പഠനത്തോടെ തവള ചാവുന്നു. പഠിക്കല്‍ കൊന്നു പഠിക്കലാണ്, പടമെടുക്കുന്ന പോലെ വസ്തുവാക്കലാണ്.
എന്നാല്‍ മനുഷ്യന്റെ ജ്ഞാനം വെറും അറിവല്ല, അതു വിവേകമായ വിജ്ഞാനമാണ്. മനുഷ്യന്‍ കണക്കിലല്ല ജീവിക്കുന്നത്. ധാര്‍മ്മികമായ അറിവ് വസ്തുനിഷ്ഠമല്ല. ദൈവം, ആത്മീയത, ധാര്‍മ്മികത ഇതൊന്നും വസ്തുനിഷ്ഠമല്ല. മനുഷ്യന്‍ മനുഷ്യനെ അറിയുന്നതു വെള്ളം എന്താണ് എന്നു പഠിക്കുന്നതു പോലെയോ മൂലപദാര്‍ത്ഥങ്ങള്‍ പഠിക്കുന്നതു പോലെയോ അല്ല. അറിവ് വ്യക്തിനിഷ്ഠമാണ്. അതു ബോധത്തിനുള്ളിലാണ്. ദൈവം ആത്മീയസത്യത്തിന്റെ ബിംബമാണ്, ഭാഷണപദമാണ്. ദൈവം ഒരു വസ്തുവല്ല. ലോകവസ്തുവകകളില്‍ ഒന്നുമല്ല. മാര്‍ക്‌സ് അറിവിനെ ഒരു ബോധത്തിന്റെ അഥവാ വിമര്‍ശനബോധത്തിന്റെ ആഖ്യാനമായിട്ടാണ് മനസ്സിലാക്കിയത്. ആ അറിവ് വസ്തുനിഷ്ഠമാക്കാന്‍ അദ്ദേഹം കൂട്ടാക്കിയിട്ടില്ല. അതുകൊണ്ടാണ് ഫൊയര്‍ബാഹിന്റെ ചിന്തയില്‍ നിന്ന് അദ്ദേഹം തെറ്റിമാറിയത്. ബോധത്തിനുള്ളിലെ വിഷയത്തെ ബോധത്തിനു പുറത്തേക്ക് ആരോപിച്ച് വസ്തുനിഷ്ഠമാക്കുന്നതിനെയാണ് അദ്ദേഹം അറിവിന്റെ പതനമാക്കി അന്യവല്‍ക്കരണമായി തള്ളിയത്. അന്യവല്‍ക്കരണമാണ് ചിന്തയുടെ പാപം. രണ്ടു ലോകങ്ങളുടെ ഇടയിലാണ് മനുഷ്യന്‍.
ലോകവും അതിന്റെ ഭൗതികമണ്ഡലവും മനുഷ്യനും അവന്റെ അതിഭൗതികമണ്ഡലവും. മനുഷ്യന്റെ ബോധം യുക്തിയിലല്ല വേരുറച്ചിരിക്കുന്നത്. അതു മനുഷ്യന്റെ ആത്മീയസത്തയിലാണ് മനുഷ്യന്‍ നില്‍ക്കുന്നത്. ഈ അതിഭൗതികതയെ നിഷേധിച്ചാല്‍ മനുഷ്യന്‍ വെറും ഇരുകാലി ജന്തുവാണ്. ബോധവും ആത്മാവബോധവും മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. ബോധം എന്നത് ഒരു മനഃശാസ്ത്ര യാഥാര്‍ത്ഥ്യം മാത്രമല്ല. അതൊരു ആത്മീയ യാഥാര്‍ത്ഥ്യവുമാണ്. ബോധത്തിനപ്പുറത്തേക്ക് കടന്നു നില്ക്കാന്‍ മനുഷ്യന് കഴിയും. അതുകൊണ്ട് ലോക അസ്തിത്വത്തിന്റെ മേല്‍ മനുഷ്യന്റെ ആത്മീയതയ്ക്കു പ്രാമുഖ്യമുണ്ടായിരിക്കണം.
ലോകശക്തികളില്‍ നിന്നുള്ള മനുഷ്യന്റെ സ്വാതന്ത്ര്യമാണ് മനുഷ്യസംസ്‌കാരത്തിന്റെ അടിസഥാനം. ലോകത്തിന്റെ പ്രാതിഭാസികതയില്‍ നിന്നുള്ള മുക്തി എന്നത് ഒരു കലാപമാണ്, വിപ്ലവമാണ്. മനുഷ്യന്റെ ചിന്ത ആത്മീയതയുടെ തലത്തിലേക്കു പ്രവേശിക്കുമ്പോള്‍ സംഭവിക്കുന്നതാണ്. ബോധമണ്ഡലത്തിലെ വിപ്ലവം. കാരണം അതു വസ്തുനിഷ്ഠതയുടെ ലോകത്തെ അതിക്രമിക്കുന്നു. രണ്ടു ലോകങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നതില്‍ വളരെ പ്രധാനം ലോകം പദാര്‍ത്ഥ ലോകമാണ് എന്നതാണ്. എന്നാല്‍ മനുഷ്യബോധത്തിന്റെ അനുഭവതലം പദാര്‍ത്ഥങ്ങളുടെയല്ല. അതു അന്യവല്‍ക്കരണത്തിന്റേയോ വസ്തുനിഷ്ഠതയുടെയോ അല്ല. മറിച്ച് അത് ആത്മീയമാണ്, ധാര്‍മ്മികമാണ്, സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹ ത്തിന്റെയും പാരസ്പര്യത്തിന്റേയുമാണ്. ഈ ലോകത്തിനു ക്രൈസ്തവവിശ്വാസം ദൈവരാജ്യം എന്നു വിളിക്കുന്നു. ഈ ദൈവരാജ്യം മനുഷ്യന്റെ സര്‍ഗാത്മകതയുടെ ധര്‍മ്മത്തിലും, മനുഷ്യന്റെ ആന്തരികതയില്‍ കണ്ടെത്തുന്ന സത്യത്തിലും രൂപപ്പെടുത്തുന്ന ലോകമാണ്. ഈ ദൈവരാജ്യം മനുഷ്യന്റെ സര്‍ഗാത്മകതയില്ലാതെ ഉണ്ടാകില്ല.
ഈ ദൈവികമായ ധര്‍മ്മം പ്രപഞ്ചപഠനത്തിലൂടെ കരഗതമാകുന്നതല്ല. അതിനാണ് ദൈവത്തിന്റെ വെളിപാട് വേണ്ടത്. ദൈവത്തിന്റെ വെളിപാട് അറിവിന്റെ വെളിച്ചമാണ്, ആന്തരിക വെളിച്ചമാണ്. ഈ വെളിവ് മനുഷ്യന്റെ ആന്തരികതയില്‍ സാധ്യമാണ്. ''ഞാന്‍ വഴിയും സത്യവുമാണ്'' എന്നാണ് യേശു പഠിപ്പിച്ചത്. യേശുവിന്റെ ബോധം സത്യം കണ്ടെത്തിയതു തന്നില്‍ത്തന്നെയാണ് - ''ഞാനും പിതാവും ഒന്നാകുന്നു.'' അഗസ്റ്റിന്‍ ആത്മകഥയില്‍ എഴുതി ''ഞാന്‍ എനിക്കൊരു ചോദ്യമായിരിക്കുന്നു'' മനുഷ്യന്റെ അസ്തിത്വ പ്രശ്‌നമാണിത്. ഞാന്‍ എന്ത്, എന്തിന്? ഇതിനുത്തരം അഗസ്റ്റിന്‍ കണ്ടെത്തിയതു: ''കര്‍ത്താവേ നീ എന്നിലായിരുന്നു, ഞാന്‍ നിന്നിലായിരുന്നില്ല.'' സത്യം എന്റെ ബോധത്തിനുള്ളിലാണ്. ഞാന്‍ കണ്ടെത്തുന്ന സത്യം ഉണ്ടാക്കി വച്ചിരിക്കുന്ന ഒന്നുമല്ല. അതൊരു പ്രയാണമാണ് നിത്യതയിലേക്ക്, പൂര്‍ണ്ണതയിലേക്ക്. അതാണ് ദൈവത്തോടുത്തുള്ള ജീവിതയാത്ര. ഈ യാത്രയില്‍ ജീവിതത്തിന്റെ അളവ് നിശ്ചയിക്കുന്ന മനസ്സാക്ഷി ആന്തരികതയിലെ ഞാനല്ലാത്ത എന്നിലെ സാക്ഷിയാണ്.
സഭയിലും ജീവിതത്തിലും ശരിയും തെറ്റും ശാസ്ത്രീയ ഫോര്‍മുലകള്‍ പോലെ നിയമത്തില്‍ എഴുതി വച്ച ഒന്നുമല്ല. വസ്തുനിഷ്ഠമായ ചിന്ത നിയമചിന്തയാണ് - ശാസ്ത്രചിന്തയാണ്. ആ ചിന്തയില്‍ ദൈവവും ധര്‍മ്മവും ആത്മീയതയും അപ്രത്യക്ഷമാകുന്നു. നിയമവും നീതിയും മനുഷ്യരുടെ സംഘാതമായ ആഖ്യാനത്തിലാണ് സംഭവിക്കുന്നത്. അതാണ് വൈദികരുടെ ചെറുത്തുനില്പിന്റെ അര്‍ത്ഥവും പ്രസക്തിയും.