
പോള്‍ തേലക്കാട്ട്
ധാരാളം പറയാനുള്ള ഒരു കഥയായിരുന്നു പടിയറ പിതാവിന്റേത്. വളരെ ആദരവോടും അതിലേറെ സ്‌നേഹത്തോടും മാത്രമേ ആ കഥ പറയാനാവൂ. 1986-ല്‍ ഞാന്‍ ലുവയിനില്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചുവരുമ്പോഴാണ് പടിയറ പിതാവ് എന്ന സത്യദീപത്തിന്റെ എഡിറ്ററായി നിയമിച്ചത്. അതു ചാന്‍സലറായിരുന്ന ജേക്കബ് മനത്തോടത്ത് അച്ചന്റ നിര്‍ദ്ദേശപ്രകാരമായിട്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അക്കാലത്തു, പട്ടം കിട്ടിയ വര്‍ഷത്തിന്റെ ക്രമത്തില്‍ വൈദികരെ ഗ്രൂപ്പുകളായി തിരിച്ചു പിതാവ് കണ്ടിരുന്നു. അങ്ങനെ ഒരു സമ്മേളനത്തില്‍ പങ്കെടുത്തു. പത്തു മണിക്കു പിതാവ് ഒരു ആരംഭപ്രാര്‍ത്ഥനയോടെ പരിപാടി തുടങ്ങി. അതിരൂപതയെക്കുറിച്ചും അതിന്റെ ഭരണ നടപടികളെക്കുറിച്ചും പറയാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കിക്കൊണ്ട് പിതാവ് നിശബ്ദനായി ഇരുന്നു. ഓരോരുത്തരായി പറയാന്‍ തുടങ്ങി. അതു 12.30 വരെ നീണ്ടു. രൂക്ഷമായ വിമര്‍ശനങ്ങള്‍ ധാരാളം ഉണ്ടായി. പിതാവ് ഒന്നും പറയാതെ കേട്ടിരുന്നു. പന്ത്രണ്ടര മണിക്കു പള്ളി മണി മുഴങ്ങിയപ്പോള്‍ പിതാവ് എഴുന്നേറ്റു. എല്ലാവരും എഴുന്നേറ്റു. നിന്നുകൊണ്ട് ഒരു വാചകം ലത്തീന്‍ പറഞ്ഞു. Hide the Past, Guide the future. പലര്‍ക്കും മനസ്സിലായില്ല. പിതാവ് ഉച്ചപ്രാര്‍ത്ഥന ചൊല്ലി യോഗം പിരിഞ്ഞു. അദ്ദേഹത്തിന്റെ മാജിക്ക് കണ്ടു ഞാന്‍ അമ്പരന്നു നിന്നു. എല്ലാ വിമര്‍ശനങ്ങള്‍ക്കും ഉത്തരവും കിട്ടി.
മറ്റൊരവസരത്തില്‍ ഇതുപോലെ ഒരു യോഗത്തില്‍ ഒരച്ചന്‍ പിതാവിനെ രൂക്ഷമായി വിമര്‍ശിച്ചു. ഒന്നും അറിയാത്തതുപോലെ ഇരുന്നു. യോഗാവസാനം നന്ദി പറഞ്ഞതിന്റെ കൂട്ടത്തില്‍ പറഞ്ഞു: "അച്ചന്റെ പേര് പറഞ്ഞു… അച്ചന്‍ എന്തോ പറഞ്ഞു. ഞാന്‍ മൈക്കിന്റെ പിന്നിലായിപ്പോയതുകൊണ്ട് കേട്ടില്ല. അച്ചനോട് ചോദിച്ച് അതു മനസ്സിലാക്കിക്കൊള്ളാം. വിമര്‍ശനത്തെ ഇത്ര മനോഹരമായും വിമര്‍ശിക്കുന്നവരെ വൈരമില്ലാതെയും കാണുന്ന ഒരു സഭാദ്ധ്യക്ഷന്‍.
കാലുഷ്യമില്ലാതെ ഭാഷിക്കുന്നവനും നിരന്തരം കഥ പറയുന്നവനുമായിരുന്നു അദ്ദേഹം. കഥയില്ലാത്ത ഒരു പ്രസംഗവും ഞാന്‍ കേട്ടിട്ടില്ല. സത്യദീപത്തില്‍ വന്നപ്പോഴൊക്കെ പറയാറുണ്ട്. A drop of ink makes millions think – ഒരു തുള്ളി മഷി പതിനായിരങ്ങളെ ചിന്തിപ്പിക്കുന്നു. നിരന്തരം കഥകള്‍ പറഞ്ഞു നിറുത്തുമ്പോള്‍ നിങ്ങള്‍ ആ മുഖത്തേക്ക് നോക്കൂ – താടി നരച്ച് വെളുത്ത അപ്പാപ്പന്റെ വിടര്‍ന്ന ചിരി. ആ ചിത്രം മറയാതെയും മായാതെയും നിലനില്‍ക്കുന്നു. അതാണ് അദ്ദേഹത്തിന്റെ വാഴ്‌വിന്റെ അനശ്വരചിത്രം. അദ്ദേഹം കഥയില്‍ വിശ്വസിച്ചവനായിരുന്നു. കഥയല്ലാതെ എന്തുണ്ടിവിടെ? ദൈവം പോലും ഇല്ലാത്തതിന്റെ വേദനിപ്പിക്കുന്ന കഥയല്ലേ? ഇല്ലാത്തതിനെ ക്കുറിച്ചു വീണ്ടും വീണ്ടും കഥ പറഞ്ഞവന്‍വിവാദങ്ങളെ വെടിഞ്ഞ് ചിരിയും ചിന്തയും ഇളക്കിവിട്ടുകൊണ്ടിരുന്നു. എല്ലാ കഥകളിലും വിനോദവും പ്ര ബോധനവുമുണ്ടായിരുന്നു.
വൈറ്റ് കമ്മീഷന്‍ വന്നപ്പോഴും അ ദ്ദേഹം എറണാകുളം-മെത്രാപ്പോലീത്തയായിരുന്നു. ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമായി അറിയിക്കാനുള്ള എല്ലാ സൗകര്യങ്ങളും സ്വാതന്ത്ര്യവും ചെ യ്തു തന്നു. അദ്ദേഹത്തിനു നമ്മെ അ മ്പരിപ്പിക്കുന്ന ഭാഷാവരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു ധ്യാനം ഞാന്‍ കൂടിയിട്ടുണ്ട്. സുന്ദരമായ ഇംഗ്ലീഷില്‍ കഥകളുടെ പെരുമഴയോടെ അദ്ദേഹം സംസാരിച്ചിരുന്നു. ഇംഗ്ലീഷിനും മലയാളത്തിനും പുറമേ ഫ്രഞ്ച്, ജര്‍മ്മന്‍, ലത്തീന്‍, തമിഴ്, കന്നഡ ഭാഷകള്‍ സുന്ദരമായി സംസാരിക്കുന്നു. ഇതു ഞാന്‍ നേരിട്ടനുഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ സീറോ മലബാര്‍ കത്തോലിക്കരെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു കൊടുക്കാന്‍ അദ്ദേഹത്തെ വത്തിക്കാന്‍ നിയമിച്ചപ്പോള്‍ പൂനയിലെ എല്ലാം കത്തോലിക്ക കേന്ദ്രങ്ങളിലും കൊണ്ടുപോയി അവരെ പരിചയപ്പെടുത്താന്‍ കഴിഞ്ഞു, ഞാന്‍ പൂനയില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍. പിംപ്രി പെന്‍സിലിന്‍ ഫാക്ടറിയുടെ അടുത്തുള്ള ഒരു പള്ളിയില്‍ മലയാളി കത്തോലിക്കരുടെ കുര്‍ബാനയര്‍ പ്പിക്കാന്‍ പിതാവ് വന്നു. അന്ന് അതു അറിഞ്ഞിട്ടാണോ എന്നറിയില്ല ധാരാളം തമിഴ് സ്ത്രീകളും കുര്‍ബാനയില്‍ പങ്കുകൊണ്ടു. കുര്‍ബാനയുടെ പരിപാടികള്‍ കഴിഞ്ഞപ്പോള്‍ അവരോട് പിതാവ് തമിഴിലും പിന്നെ കന്നഡയിലും സംസാരിക്കാന്‍ തുടങ്ങി. മലയാളി സമൂഹത്തില്‍ കാണാത്ത സ്‌നേഹത്തിന്റെ ഊഷ്മളതയുടെ പൂത്തിരി കത്തുന്നതു ഞാന്‍ കണ്ടു. എല്ലാറ്റിനെയും മാനവികമാക്കുന്ന ഒരു മനുഷ്യനെയാണ് ഞാന്‍ കണ്ടത്.
ഭരണത്തില്‍ നിന്നു വിരമിച്ച് വിശ്രമിക്കുമ്പോഴാണ് പിതാവുമായി ഞാന്‍ കൂടുതല്‍ അടുത്തത്. കാക്കനാട് പ്രകൃതിചികിത്സാലയത്തോട് ബന്ധപ്പെട്ട വസതി യിലായിരുന്നു പിതാവ്. പിതാവിന്റെ സഹായിയായ ആന്റണി ചേട്ടനാണ് പിതാവ് കാണാന്‍ അഗ്രഹിക്കുന്നു എന്ന് അറിയിച്ചത്. ഞാന്‍ പിതാവിന്റെ വസതിയില്‍ ചെന്നു. അപ്പോള്‍ പിതാവിന് കലശലായി പാര്‍ക്കിന്‍സന്‍സ് സുഖക്കേട് ബാധിച്ചിരുന്നു. സംസാരിക്കാന്‍ വലിയ പ്രയാസമായിരുന്നു. അന്നു കണ്ടപ്പോള്‍ പിതാവ് പയ്യെ പറഞ്ഞതില്‍ നിന്നും എനിക്കു മനസ്സിലായതു പിതാവ് മരണപത്രം എഴുതിയിരുന്നില്ല, അത് എഴുതണം. തന്റെ പക്കലുള്ള 80 ലക്ഷം രൂപയോളം സേവനം ചെയ്ത മൂന്നു രൂപതകളില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പരിപാടികള്‍ നടത്തണം, അതുപോലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതികള്‍ എഴുതി തയ്യാറാക്കണമെന്നാണ്. കാര്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഞാന്‍ പിന്നെ പോയപ്പോള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനെ കൂട്ടിയാണ് പോയത്. അങ്ങനെ മൂന്നു തവണയെങ്കിലും ഞാന്‍ പിതാവിനെ കണ്ടു. ഒരിക്കല്‍ ഞങ്ങള്‍ രാവിലെ ചെന്നിട്ട് ഒരു വാക്കുപോലും പറയാനാവാതെ ഉച്ചയോടെ തിരിച്ചുപോന്നു. ഞങ്ങളുടെ പദ്ധതികള്‍ പൂര്‍ണ്ണമാകുന്നതിനു മുമ്പ് അദ്ദേഹം ആകസ്മികമായി മരിച്ചു. ഭാഷകൊണ്ട് അമ്മാനമാടിയിരുന്ന മനുഷ്യന്‍ മൂകനായി ഇരിക്കുന്ന ദൃശ്യം എന്റെ മനസ്സില്‍ ഇപ്പോഴുമുണ്ട്.
യാക്കോബ് ദൈവവുമായി മല്‍പ്പിടുത്തം നടത്തി തോറ്റു. അപ്പോള്‍ യാക്കോബ് പറഞ്ഞു: "എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ നിന്നെ ഞാന്‍ വിടുകയില്ല." പടിയറ പിതാവ് ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിച്ചവനും അതിലേറെ അനുഗ്രഹങ്ങള്‍ കൊടുത്തവനുമാണ്. അദ്ദേഹത്തിന് ഒരു ദൈവശാസ്ത്ര പിടിവാശികളുമില്ലായിരുന്നു. അദ്ദേഹത്തിന്റെ ശവമഞ്ചത്തിന്റെ മുന്നില്‍ നിന്നപ്പോള്‍ ഒരു കഥാകാരന്റെ നിശബ്ദതയാണ് ഞാന്‍ അറിഞ്ഞത്. കഥ പറച്ചിലുകാരന്‍ കഥയോടു വിശ്വസ്തത പൂലര്‍ത്തിയാല്‍ കഥ അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന നിശബ്ദത സംസാരിക്കും. അദ്ദേഹത്തിന്റേത് വിശ്വസ്തതയുടെ കഥയായിരുന്നു. അതു എന്തു കഥയായിരുന്നു? ദൈവം എന്നെ സൃഷ്ടിച്ചതിന്റെ പ്രതാപബോധത്തിന്റെ കഥ. ഈ പ്രതാപത്തിന്റെ കഥയായി അദ്ദേഹം ജീവിതം പണിതുണ്ടാക്കി.