കുലച്ചുമരിക്കുന്ന ജീവിതം

കുലച്ചുമരിക്കുന്ന ജീവിതം

പോള്‍ തേലക്കാട്ട്

സുന്ദരമായ വാഴത്തോട്ടം. അഞ്ഞൂറിലധികം വാഴകള്‍ കുലയ്ക്കാറായി നില്‍ക്കുന്നു. കാറ്റ് വാഴകള്‍ ഉലക്കാതിരിക്കാനും ഒടിക്കാതിരിക്കാനും കയറിട്ട് കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. വാഴയിലകളുടെ ഒരു ഹരിതവനം. അതിന്റെ ഓരത്തു നിന്നു വെള്ളം തിരിച്ച് നനക്കുന്ന ആളോട് ചോദിച്ചു:
"എന്തു പണി?"
"വാഴകൃഷി."
"കുലയ്ക്കാറായോ?"
"എല്ലാം രണ്ടാഴ്ച കൊണ്ടു കുലയ്ക്കും."
"എന്തിനാ വാഴ കുലയ്ക്കുന്നേ?"
അയാല്‍ തല ഉയര്‍ത്തി സൂക്ഷിച്ചുനോക്കി. എന്നിട്ടു രണ്ടു കൈയും നിവര്‍ത്തി എന്തോ കാണിച്ചു. എനിക്കു വട്ടാണ് എന്നാണോ? അയാള്‍ ഉത്തരം പറയാതെ നടന്നു നീങ്ങി.

അനുദിനജീവിതത്തിന്റെ മണ്ഡലത്തില്‍ കേള്‍ക്കാത്ത ചോദ്യമായി അയാള്‍ക്കു തോന്നിക്കാണും. ശരിയാണ് വാഴത്തോട്ടത്തില്‍ ഈ ചോദ്യം ആരും ചോദിക്കാറില്ല. നാം ജീവിതത്തിന്റെ സാധാരണ വ്യാപാരതലത്തിലാണ്. വാഴക്കൃഷി അയാള്‍ക്ക് ഉപജീവനമാര്‍ഗ്ഗമാണ്. വാഴ കുലയ്ക്കുമെന്നറിയാവുന്നവനാണ് വാഴകൃഷി നടത്തുന്നതും. അതു വിറ്റ് അയാള്‍ക്ക് കാശാക്കാം. അതാണ് ജീവിതത്തിന്റെ പ്രായോഗിക ബുദ്ധി. അയാള്‍ പണിയെടുക്കുന്നതു പണത്തിനു വേണ്ടിയാണ്. കാര്യകാരണബന്ധങ്ങളുടെയാണ് നാം ജീവിക്കുന്ന ലോകം. എന്തിനാണ് വാഴ കുലയ്ക്കുന്നത് എന്ന ചോദ്യം ആരും ചോദിക്കാറില്ല. അതു ചോദിക്കേണ്ട ചോദ്യമല്ലാതായിരിക്കുന്നു അഥവാ അതു അയാളോട് ചോദിക്കേണ്ട ചോദ്യമല്ല, അതു വാഴയോട് ചോദിക്കേണ്ടതാണ്.

ശരിയാണ് നമുക്ക് അകവും പുറവുമുണ്ട്. നാം പലപ്പോഴും പുറജീവിതത്തെക്കുറിച്ചാണ് പറയുന്നത്. വാഴ നടുന്നത് എന്തിനാ? കാശ് ഉണ്ടാക്കാന്‍. കാശ് ഉണ്ടാക്കുന്നതു എന്തിന്? ജീവിക്കാന്‍. ജീവിക്കുന്നത് എന്തിന്? ഈ ചോദ്യം പുറത്തിന്റെ ചോദ്യമല്ല, അകത്തെ ചോദ്യമാണ്. കാരണം കാര്യങ്ങളുടെ പുറത്തെ ലോകത്തില്‍ ആ ചോദ്യമില്ല. അതു അകത്തിന്റെ ചോദ്യമാണ്. നമ്മുടെ ബാഹ്യമായ ജീവിതത്തിന്റെ കര്‍മ്മങ്ങളില്‍ കാര്യകാരണബന്ധം പ്രധാനമാണ്. എങ്ങനെ ജീവിക്കണമെന്നതിലാണ് നാം സര്‍വ്വത്ര മുഴുകുന്നത്.

എല്ലാറ്റിനെയും ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയുമാണ് നം അനുദിന ജീവിതത്തില്‍. എല്ലാം എങ്ങനെ പരമാവധി ഉപയോഗിക്കാം എന്ന കണ്ണോടെയാണ് എല്ലാം നോക്കുന്നത്. ഉപയോഗത്തിന്റെ അസംസ്‌കൃതങ്ങളെ ചൂഷണം ചെയ്തു പരമാവധി ലാഭകരമായി വിനിയോഗിക്കാനാണ് നാം ശ്രമിക്കുന്ന ത്. അത് ഒരു ശാസ്ത്രീയവും കമ്പോള കേന്ദ്രീയവുമായ കാഴ്ചപ്പാടാണ്. അവിടെ കാട് തടിവെട്ടാനുള്ള ഇടമാണ് പുഴ വെള്ളത്തിന്റെ ശ്രോതസ്സാണ്, പാറകള്‍ പൊട്ടിച്ചു വീടുപണിയുടെ വിലപിടിച്ച് വസ്തുവിന്റ ശ്രോതസ്സാണ്. ഈ കാഴ്ചപ്പാടിന് ശാസ്ത്രീയതയുണ്ട്, അതില്‍ സാങ്കേതികവിദ്യകളുണ്ട്. അതിന്റെ കമ്പോളമുണ്ട്. കണക്ക് എല്ലാം ഭരിക്കുന്നു. കണക്കില്ലാത്തതു മറയ്ക്കപ്പെടുന്നു.

എന്നാല്‍ പുറത്തിനു പുറമേ നമുക്ക് അകമുണ്ട്. എന്തിന് ചെയ്യുന്നു എന്ന ചോദ്യം അകത്തേക്കു ചോദിച്ചാല്‍ പലപ്പോഴും ഉത്തരമില്ലാതാകുന്നു. വാഴ കുലയ്ക്കുന്നത് എന്തിന്? പൂവിടരുന്നത് എന്തിന് ഈ ചോദ്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ചോദ്യങ്ങളാണ്. അവയ്ക്കു വ്യക്തമായ ഉത്തരമുണ്ടോ? അഞ്ചലൂസ് സിലേസിയൂസ് എന്ന മിസ്റ്റിക് കവി എഴുതി "എന്തുകൊണ്ട് എന്നത് ഇല്ലാത്തതാണ്. റോസാപൂവ്, അതു വിടരുന്നതുകൊണ്ട് അതു വിടരുന്നു." എന്തിന് റോസാപൂവ് വിടരുന്നു എന്ന ചോദ്യം ഇല്ലാതാക്കുന്നു. അഥവാ ആ ചോദ്യത്തിനു ഉത്തരം ഇല്ലാതാകുന്നു. അഥവാ, വിടരാന്‍ വേണ്ടി വിടരുന്നു. ലോകത്തില്‍ എല്ലാം അങ്ങനെയല്ലേ? മനുഷ്യന്‍ ജീവിക്കുന്നു? എന്തിന്? ജീവിക്കാന്‍ വേണ്ടി ജീവിക്കുന്നു. പൂക്കാന്‍ വേണ്ടി മാത്രം പൂക്കുന്നു, കുലയ്ക്കാന്‍ വേണ്ടി മാത്രം കുലയ്ക്കുന്നു; സ്‌നേഹിക്കാന്‍ വേണ്ടി മാത്രം സ്‌നേഹിക്കുന്നു. സ്‌നേഹിക്കുന്നതിന് ലക്ഷ്യമുണ്ടോ? ഇല്ല എന്നല്ല ഉത്തരം. സ്‌നേഹത്തിന്റെ ലക്ഷ്യം സ്‌നേഹത്തിനു പുറത്തല്ല. അതിനകത്താണ്. എന്തിനു പഠിക്കുന്നു എന്നു ചോദിച്ചാല്‍ ജോലി കിട്ടാന്‍ പഠിക്കുന്നു എന്നു പറഞ്ഞേക്കാം. അവിടെ പഠനത്തിനു പുറത്താണ് അതിന്റെ ലക്ഷ്യം. അപ്പോള്‍ പഠനലക്ഷ്യം യഥാര്‍ത്ഥ ലക്ഷ്യമാകുമോ? വാഴ അതിന്റെ ജീവിത പൂര്‍ത്തി കണ്ടെത്തുന്നതു കുലച്ചു മരിക്കുന്നതിലാണ്. ലോകത്തിലെ എല്ലാ പൂക്കളും വിലസിക്കുകയും പ്രത്യക്ഷമാകുകയും മടങ്ങുകയും ചെയ്യുന്നു. കുയില്‍പാടുന്നു, കുട്ടികള്‍ നൃത്തം ചവിട്ടുന്നു. ഒന്നും കിട്ടാനല്ല, വെറുതെ സ്‌നേഹിക്കുന്നു. ഒന്നും കിട്ടാനല്ല കുഞ്ഞുങ്ങള്‍ ജനിക്കുന്നത്, അതൊരു ലാഭക്കച്ചവടമാണോ? ഒരു മൂന്നാം ലോകമഹായുദ്ധത്തിനു ശേഷം ലോകം ഉണ്ടാകുമോ? എന്തെങ്കിലും കിട്ടാനാണോ? അല്ല, അതു സ്‌നേഹലീലയില്‍ സംഭവിക്കുന്നു. സ്‌നേഹത്തിന്റെ സംഭവമാണത്. കളി സംഭവിക്കുന്ന, ചിരി സംഭവിക്കുന്ന – പുഴ ഒഴുകുന്നതു പോലെ. പക്ഷെ, ഇവയൊക്കെ നാം കച്ചവട മാക്കുന്നില്ലേ? ഇന്നു നാം ടിവിയില്‍ കാണുന്ന കളികള്‍ കളികളാണോ കച്ചവടക്കാഴ്ചകളാണോ? ലോകത്തെ മുഴുവന്‍, ജീവിതത്തെ മുഴുവന്‍ കച്ചവടക്കണ്ണില്‍ കണ്ട് ജീവിതവും, പ്രപഞ്ചവും കച്ചവടകാഴ്ചയില്‍ മാറ്റപ്പെട്ടു കഴിഞ്ഞു. ഫലമായി നമ്മുടെ ലോകം ലോകമല്ലാതായി. ജീവിതം ജീവിതമല്ലാതായി. കമ്പോളം അതിന്റെ ലാഭത്തിന്റെ കാഴ്ചപ്പാടില്‍ ശാസ്ത്രസാങ്കേതിക വിദ്യകളില്‍ ലോകത്തെ മുഴുവന്‍ കച്ചവടത്തിന്റെ കമ്പോളമാക്കി. കമ്പോളത്തിലെ ലക്ഷ്യമുള്ള ചരക്കുകളാക്കപ്പെട്ടു. എല്ലാറ്റിനും വിലയായി ലക്ഷ്യമായി. എല്ലാം നേട്ടത്തിന്റെ ഉപാധികളായി. മലയും മരവും എല്ലാം ചരക്കാക്കപ്പെട്ടു. എല്ലാറ്റിനെയും ചരക്കാക്കിയവനും ചരക്കായി മാറി. ഫലമായി ജീവിതം ജീവിതത്തില്‍ നിന്നു ഊര്‍ന്നുപോയതു നാം അറിയുന്നില്ല. ലോകത്തെ കമ്പോളമാക്കിയപ്പോള്‍ ലോകത്തിലുള്ള എല്ലാം വിലയുള്ളതായി, ഉപയോഗമുള്ളതായി. എല്ലാറ്റിനും വിലവന്നു എല്ലാറ്റിന്റെയും മൂല്യം പോയി. സാങ്കേതിക വിദ്യ ലോകവ്യാപകമായി. അത് അതിനെ കാണിക്കുന്നു. ലോകത്തിന്റെ രഹസ്യം മറയ്ക്കുന്നു. ലോകം വെറുംചരക്കുകളുടെ സൂപ്പര്‍ മാര്‍ക്കറ്റായി. അസ്തിത്വലീല അപ്രത്യക്ഷമായി. കമ്പോളത്തില്‍ ദൈവം മരിച്ചു. അസ്തിത്വലീല അവതാളത്തിലായി.

കമ്പോളത്തില്‍ നിന്നു ലോകം രക്ഷപ്പെടണമെങ്കില്‍ കവികള്‍ കമ്പോളത്തില്‍ പാടാനുണ്ടാകണം. കവി പാടുന്നതും കവനം നടത്തുന്നതും ഒന്നും കിട്ടാനല്ല, കുയില്‍ പാടുന്നത് ഒന്നിനും വേണ്ടിയല്ല. പൂ വിരിയുന്നതു മാര്‍ക്കറ്റില്‍ കമ്പോളത്തില്‍ വില്ക്കാനല്ല. സ്‌നേഹിക്കുന്നത് ഒന്നും കിട്ടാനല്ല, സ്‌നേഹം കൊടുക്കലാണ്. കമ്പോളത്തില്‍ ദാനമില്ല. കമ്പോളത്തില്‍ സ്‌നേഹമില്ല. കമ്പോളത്തില്‍ കളിയില്ല. കമ്പോളത്തില്‍ സത്യം സംഭവിക്കുന്നില്ല. കമ്പോളത്തില്‍ നീതി പൂക്കില്ല. ചരക്കുകളില്‍നിന്ന് ഒഴിവു എടുക്കാന്‍ നമുക്കു പറ്റുമോ? കറന്റില്ലാതെ ജീവിക്കാന്‍ പറ്റുമോ? ചെരിപ്പില്ലാതെ ഒരു കാതം നടക്കാനാവുമോ? നമുക്കു സാങ്കേതിക വിദ്യയില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിയുമോ? കാവ്യം സംഭവിക്കുമ്പോള്‍ സൃഷ്ടി സംഭവിക്കുന്നു. അത് ഏതോ പുതിയതിന്റെ വരവാണ്. ഒരു കുട്ടി ജനിക്കുന്നതു പ്രപഞ്ചത്തിലെ ഒരു സംഭവമാണ്. അതിന് കാര്യകാരണങ്ങളില്ല. അതു പൂവിരിയുന്നതുപോലെ വിരിയുന്നു. അതു അസ്തിത്വത്തിന്റെ സംഭവമാണ്. സ്‌നേഹം മാംസം ധരിക്കുന്നു. സ്‌നേഹം സംഭവിക്കുന്നിടം ദൈവത്തിന്റെ ലോകമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org