ഒരു മരണനൃത്തം

ഒരു മരണനൃത്തം

പോള്‍ തേലക്കാട്ട്

നൃത്തം പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഒരേ ഒരു തവണയാണ്. അതു സ്‌നാപകയോഹന്നാന്റെ ശിരച്ഛേദവുമായി ബന്ധപ്പെട്ടുമാണ്. ഋജുവായ ആഗ്രഹത്തിന്റെ സമാന്തരപ്രകാശനമാണ് നൃത്തം എന്ന് ബര്‍ണാര്‍ഡ് ഷാ എഴുതിയിട്ടുണ്ട്. പക്ഷെ, ഇവിടെ നൃത്തം എന്തായി മാറി എന്നതു കലയെക്കുറിച്ചുള്ള ചിന്തയില്‍ ഗൗരവമായി പരിഗണിക്കേണ്ടതാണ്. പുതിയ നിയമം രണ്ടു കൊലപാതകങ്ങളുടെ കഥയാണ്, പ്രധാനമായും യേശുവിന്റെ കുരിശുമരണവും സ്‌നാപകന്റെ ശിരച്ഛേദവും, രണ്ടിടത്തും നീതിമാന്റെ രക്തമാണ് ചിന്തപ്പെട്ടത്. "ആബേല്‍ മുതല്‍ സഖറിയവരെ" കൊല്ലപ്പെട്ട നീതിമാന്മാരുടെ രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടി വരുന്ന സ്ഥിതി വിശേഷം (ലൂക്കാ 11:51). രണ്ടിടത്തും കൊല സംഘാതമായി ഗൂഢാലോചനയിലാണ്. യോഹന്നാന്റെ ശിരച്ഛേദത്തില്‍ മുറവിളികൂട്ടുന്ന ഈ കൂട്ടത്തിന്റെ സ്ഥാനത്ത് സലോമിയുടെ നൃത്തം നിലകൊള്ളുന്നു. ഈ നൃത്തത്തെ വിശുദ്ധമായി കാണാനില്ല. അതാണ് മരണം സൃഷ്ടിച്ച നൃത്തം. ആ നൃത്തവേദിയില്‍ വിരുന്നുകാരായി വിളിക്കപ്പെട്ട ഉന്നതരുണ്ടായിരുന്നു. അവരുടെ മുമ്പില്‍ വച്ചാണ് സ്‌നാപകന്റെ തല സലോമി അമ്മയ്ക്കു കൈമാറിയത്. സാക്ഷികളായി കണ്ടിരുന്നവര്‍ നിശബ്ദമായിരുന്നു – ചിന്തയില്ലാത്തവരായിരുന്നു. ഈ നിശ്ശബ്ദ്ധതയും ചിന്താശൂന്യമായ മറവികളുമാണ് നൃത്തം സൃഷ്ടിച്ചത്. ഇതാണ് നൃത്തത്തിന്റെ സ്ഥാനത്തിന്റെ പ്രത്യേകത. ആ നൃത്തം ഉണ്ടാക്കിയതു മരണമാണ്, മരണകാമമാണ്.
ഈ പൈശാചികതയാണ് നൃത്തം ഉണ്ടാക്കിയത്. ബൈബിളില്‍ ഈ വൈരം സലോമിയുടെ അമ്മയ്ക്കാണ്. സ്‌നാപകന്‍ അവരുടെ ഹേറോദേശുമായുള്ള കല്യാണം ചോദ്യം ചെയ്തതിന്റെ പ്രതികരണമായിരുന്നു ആ വൈരം. ഒരു വൈരം കൊലയാക്കാനാണ് നൃത്തം സാഹചര്യമൊരുക്കിയത്. എന്നാല്‍ ഓസ്‌ക്കാര്‍ വൈല്‍ഡിന്റെ പ്രസിദ്ധമായ നാടകത്തില്‍ സലോമിക്കു സ്‌നാപകനോടുള്ള കാമമാണ് കൊലയ്ക്കു കാരണമാകുന്നത്. കാമത്തിന്റെ മോഹഭംഗം നൃത്തവും കൊലയുമായി മാറുന്നു.
കാരാഗൃഹത്തില്‍ കിടന്ന സ്‌നാപകനെ കണ്ട സലോമി സ്‌നാപകനെ കാമിക്കുന്നു. "എത്രമാത്രം പാഴായിപ്പോയവന്‍, ദന്തത്തില്‍ കടഞ്ഞ രൂപമാണവന്‍, വെള്ളിയുടെ നിഴല്‍പോലെ, ചന്ദ്രന്‍പോലെ നിര്‍മ്മലം, ചന്ദ്രികപോലെ അവന്റെ മാംസം, ദന്തംപോലെ പ്രശാന്തം, ഞാന്‍ അവനെ അടുത്തുകാണട്ടെ." പക്ഷെ, സ്‌നാപകന്റെ പ്രതികരണം നിഷേധമാണ്. "ഏതു സ്ത്രീയാണ് എന്നെ നോക്കുന്നത്? അവര്‍ എന്നെ നോക്കരുത്, എനിക്കവളെ അറിയണ്ട. അവളോട് പോകാന്‍ പറയൂ. അവളോട് എനിക്കു സംസാരിക്കണ്ട. ബാബിലോണ്‍ മകളെ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവന്റെ അടുത്തു വരണ്ട. നിന്റെ അമ്മ ഈ ഭൂമിയിലെ അകൃത്യങ്ങളിലൂടെ വിണ്ണ് നിറച്ചിരിക്കുന്നു. അവളുടെ പാപങ്ങള്‍ ദൈവത്തിന്റെ കര്‍ണ്ണപുടങ്ങളിലെത്തിയിരിക്കുന്നു." അ വള്‍ക്ക് സ്‌നാപകനെ ചുംബിക്കണം, പുല്‍കണം. "നിന്റെ അധരങ്ങളില്‍ എനിക്കു ചുംബിക്കണം" എന്ന വാചകം ഈ നാടകത്തില്‍ ഒമ്പതിലധികം തവണ ആവര്‍ ത്തിക്കുന്നു. അതാണ് സ്‌നാപകന്‍ ഭീകരമായി നിഷേധിക്കുന്നത്. ആ നിഷേധത്തിലാണ് അവര്‍ അവളുടെ കാമനൃത്തം ദൂരന്തനൃത്തമാക്കുന്നത്. ആ നൃത്തത്തിലാണ് അവള്‍ക്ക് എന്തു സമ്മാനവും നല്കാന്‍ രാജാവ് തയ്യാറാകുന്നത്. സ്‌നാപകനെ നിശബ്ദനാക്കാനുള്ള ഹേറോദിയായുടെ എല്ലാ ശ്രമങ്ങളും രാജാവ് നിഷേധിക്കുന്നു.
നാടകത്തിന്റെ പശ്ചാത്തലത്തില്‍ പടയാളികളുടെ ഭാഷണമുണ്ട്. "ഏലിയായ്ക്കു ശേഷം ആരും ദൈവത്തെ കണ്ടിട്ടില്ല" എന്നു പറയുന്ന യഹൂദന്റെയും "ഇയാള്‍ പ്രവാചകനായ ഏലിയ" ആണെന്നു പറയുന്ന നസ്രായന്റെയും ശബ്ദങ്ങള്‍ കേള്‍ക്കാം. സ്‌നാപകനെ നിശബ്ദനാക്കാന്‍ പറയുന്ന ഭാര്യയോട് ഹേറോദേസ് പറയുന്നു. "ദൈവത്തിന്റെ വീഞ്ഞിന്റെ ലഹരിയിലാണവന്‍." ഇവിടെ സ്‌നാപകന്റെ തല ചോദിക്കുന്നതു സലോമിയാണ്. ഈ ആവശ്യത്തെ അമ്മ പിന്‍താങ്ങുക മാത്രമാണ്. നിഷ്പാദുകമായി അവള്‍ നൃത്തം ചെയ്യുമ്പോള്‍ "അവള്‍ രക്തത്തില്‍ നൃത്തം ചെയ്യുന്നു" എന്നാണ് ഹേറോദേസ് പറയുന്നത്.
"നിന്റെ സൗന്ദര്യത്തില്‍ ഞാന്‍ ദാഹിക്കുന്നു" എന്നു പറയുന്ന സലോമിയാണ് അവന്റെ തല തളികയില്‍ വച്ചുകൊടുക്കുമ്പോള്‍ അതു ചുംബിക്കുന്നത്. "സ്‌നേഹത്തിനു കയ്പാണ് രുചി" എന്നാണ് അവള്‍ പറയുന്നത്. താന്‍ ചെയ്യാന്‍ പാടില്ലാത്തതു ചെയ്തു എന്ന വേദനയില്‍ സലോമിയെ കൊല്ലാന്‍ കല്പിക്കുന്നു ഹേറോദേസ്. അവള്‍ പ്രേമത്തെ കാമമാക്കി അതു പ്രാപിക്കാനാവാത്ത കടുത്ത വെറുപ്പാക്കി കൊലയില്‍ സംതൃപ്തിയടഞ്ഞു. ഈ അധര്‍മ്മം ചെയ്തതിന്റെ വേദനയില്‍ അവളും കൊല്ലപ്പെടുന്നു. നിശബ്ദമായി ഇതെല്ലാം കണ്ട് രസിക്കുന്ന വരുന്നുകാര്‍. കലാവിരുന്നിന്റെ കലാശം രണ്ടു ഭീകര കൊലകളായിരുന്നു. കാമനൃത്തം മരണനൃത്തമായി. കലയുടെ ആസ്വാദ്യം മനുഷ്യത്വത്തിന്റെ പരിപൂര്‍ണ്ണ നിരാസമായി മാറി. കലയുടെ ഈ അപകടത്തെക്കുറിച്ചു പറഞ്ഞു കൊണ്ട് ലെവീനാസ് എഴുതി "അതു വസന്തയുടെ നേരത്ത് നടത്തുന്ന വമ്പന്‍ ശപ്പാടാണ്." അതാണ് ഈ വിരുന്നു സല്‍ക്കാരത്തിലും നടന്നത്. വിരുന്നായിരുന്നു. വിളമ്പിയത് അവളുടെ ശരീരമാണ് നൃത്തമായി – ശരീരത്തിന്റെ കാമമാണ് അവള്‍ കാണികള്‍ക്കായി വിളമ്പിയത്, ലെവിനാസ് എഴുതിയതുേപാലെ നൃത്തം "തന്നെത്തന്നെ മൂകരുമാക്കി കാണിക്കുന്ന അന്ധയായി തോഴിയാകും." അവള്‍ അമ്മയ്ക്കായി വിളമ്പിയതു കാമത്തിന്റെ വികാരമാണ്. ആവിഷ്‌ക്കാരമുണ്ടാക്കിയതു ജീവനല്ല മരണമായിപ്പോയി. ആ അമൃതേത്തില്‍ അവള്‍ കൊന്നു തന്നെയും പ്രവാചകനേയും. ലെവീനാസ് ഒരു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു "പരസ്യമായ ഈ പ്രസ്താവന അപകടകരമാകാം, എങ്കിലും ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ, മാനവികത ബൈബിളും ഗ്രീക്കുകാരുമാണ്. ശേഷമുള്ളതെല്ലാം വിചിത്രമാണ് – നൃത്തമാണ്." മാനവികത സ്പര്‍ശിക്കാത്ത ഒരു നൃത്തമാണ് പുതിയ നിയമത്തില്‍ കടന്നിരുന്നു നമ്മോട് മനുഷ്യന്റെ മഹത്വം തല്ലിത്തകര്‍ക്കുന്നതിനെക്കുറിച്ചു പറയുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org