സിനഡ് പിതാക്കന്മാരോട് വിനയപൂര്‍വം

സിനഡ് പിതാക്കന്മാരോട് വിനയപൂര്‍വം

സീറോ മലബാര്‍ സഭയുടെ സിനഡ് ഈ ജനുവരി മാസത്തില്‍ സമ്മേളിക്കുകയാണ്. ഈ സമ്മേളനം വലിയ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെയാണ്. കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി രാജിവച്ച് ഒഴിയുന്ന സ്ഥാനത്തേക്ക് ഒരാള്‍ തിരഞ്ഞെടുക്കപ്പെടണം. അത് സിനഡിലെ പിതാക്കന്മാരുടെ ഗൗരവമായ ഉത്തരവാദിത്വമാണ്. സീറോ മലബാര്‍ സഭയുടെ മെത്രാന്മാരുടെ പക്വത കത്തോലിക്ക സഭയും കേരളത്തിലെ ജനങ്ങളും നിര്‍ണ്ണയിക്കാന്‍ പോകുന്ന സന്ദര്‍ഭം. ചരിത്രത്തിലാദ്യമായി സിനഡ് തിരഞ്ഞെടുത്ത നേതാവിന് നിയോഗം പൂര്‍ത്തിയാക്കാതെ പിരിയേണ്ടി വന്നു. വത്തിക്കാന്‍ നിയമിച്ച രണ്ടുപേര്‍ മഹത്വപൂര്‍ണ്ണമായി അതു നിര്‍വഹിച്ചവരായിരുന്നു.

സീറോ മലബാര്‍ കത്തോലിക്ക സമൂഹം കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ കൊണ്ടു പ്രബുദ്ധമായ സമൂഹമായി. പാശ്ചാത്യ സ്വാധീനത്തിന്റെ ഫലമായി ബുദ്ധിയിലും വിശ്വസിച്ച സമൂഹം വളരെ വലിയ രൂപാന്തീകരണങ്ങള്‍ക്ക് വിധേയരായി. കര്‍ഷകരായവര്‍ സാവധാനം വൈദഗ്ധ്യത്തിന്റെ തലമുറയെ സൃഷ്ടിച്ചു. ഈ സമൂഹം ആഗ്രഹി ക്കുന്നതു തമ്മില്‍തല്ലുന്ന ഒരു നേതൃത്വമല്ല. അതു കണ്ട് അവര്‍ മടുത്തു. അനാവശ്യമായ വിവാദങ്ങള്‍ കൊഴുപ്പിച്ചതു സിനഡു തന്നെയാണ്. വിശ്വാസം പ്രത്യയശാസ്ത്രമായി മാറ്റപ്പെടുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പു നല്കു ന്നു. പാര്‍ട്ടി അടിസ്ഥാനത്തിലുള്ള അങ്കമായിരുന്നു നടന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ആശയങ്ങളെക്കാള്‍ ആധികാരികതയുണ്ട്. ഐക്യത്തില്‍ എല്ലാവരേയും ഉള്‍ച്ചേര്‍ ക്കാന്‍ മടിച്ച ഒരു നേതൃത്വമായി ഭവിച്ചു.

ചിലയാളുകള്‍ക്ക് ഒന്നും മനുഷ്യന് അസാധ്യമല്ല എന്ന വിശ്വാസം ആത്മാര്‍ത്ഥമായി പുലര്‍ത്തിപ്പോകും. അവര്‍ക്ക് എല്ലാം സാധ്യമാണ്, എല്ലാം അനുവദനീയമാണ്. ഇതുണ്ടാക്കുന്നതു ധാര്‍മ്മിക മൂല്യങ്ങളേയും നിയമങ്ങളേയും സംബന്ധിച്ച വലിയ പുച്ഛമാണ്. കാലികമായത് നശിപ്പിച്ച് നേടാനാവാത്ത തടസ്സങ്ങള്‍ ഇല്ല എന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇവരാണ് ധര്‍മ്മബോധം നഷ്ടപ്പെട്ട നപുസക മനുഷ്യര്‍. അവര്‍ എല്ലാം കാലികപ്രശ്‌നങ്ങളായി നശിപ്പിക്കാന്‍ കരിമ്പിന്‍ കാട്ടിലേക്ക് ആന എന്ന പോലെ ചരിത്രത്തിലേക്ക് കടക്കുന്ന സമഗ്രാധിപത്യ വീരസാഹസികരാണ്. ഇത്തരക്കാര്‍ക്ക് ഒരു മനപ്രയാസവുമില്ലാതെ യന്ത്രത്തിലെ പല്‍ച്ചക്രം പോലെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മബോധം തീണ്ടാത്ത മനുഷ്യരെ കിട്ടും. ധാര്‍മ്മിക പ്രതിരോധമില്ലാത്തതും ചിന്തയില്ലാത്തതുമായ മനുഷ്യക്കോലങ്ങള്‍.

വിശ്വാസത്തെ പ്രത്യയ ശാസ്ത്രമാക്കുന്ന പ്രലോഭനത്തില്‍ കത്തോലിക്ക സഭ വീണുപോയ ചില കാലഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാഷണ്ടികളെ വേട്ട ചെയ്തതും പിശാചുബാധിതരെ കൊന്നതും ഈ പ്രലോഭനവീഴ്ചയുടെ ഫലങ്ങളാണ്. നന്മതിന്മകളുടെ യുദ്ധങ്ങളായിരുന്നു നടന്നത്. ഏറ്റുമുട്ടലിന്റെ ശാപഗ്രസ്തമായ സംഭവങ്ങളും കാലഘട്ടങ്ങളും. ഹെഗേലിയന്‍ വൈരുധ്യചിന്ത മനുഷ്യബോധത്തില്‍ നിന്നും സമൂഹത്തിലേക്കു കവിഞ്ഞൊഴുകി വിപ്ലവങ്ങള്‍ സൃഷ്ടിച്ച് വര്‍ഗ വൈരു ധ്യങ്ങളുടെ സംഘട്ടന ചരിത്രങ്ങള്‍. വൈരുധ്യത്തിന്റെ സംഘര്‍ഷങ്ങള്‍ മനുഷ്യമനസ്സുകളില്‍ ഉണ്ടാകുക സ്വാഭാവികമാണ്. ഇവിടെ സഭയ്ക്കു പാഠമാകുന്നത് നാസി കാലഘട്ടത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ട റൊമാനോ ഗര്‍ദീനി എന്ന വൈദികനാണ്. ദ്വൈതവാദത്തിന്റെ ഭീകരമായ വര്‍ഗീയതയില്‍ മനുഷ്യചരിത്രം കണ്ട ഏറ്റവും വലിയ ഭീകരതയുടെ ലോക മഹായുദ്ധം മനുഷ്യരെ പാഠം പഠിപ്പിച്ചോ? മനുഷ്യമനസ്സുകളില്‍ ഉണ്ടാകുന്ന വൈരുധ്യങ്ങള്‍ മനസ്സുകളില്‍ത്തന്നെ ധാര്‍മ്മികമായും ആത്മീയമായും വിലയിരുത്തി മനസ്സില്‍ വിലയിപ്പിക്കാന്‍ കഴിയണം എന്നാണ് ഗര്‍ദീനി പഠിപ്പിച്ചത്. സഭ പഠിപ്പിക്കുന്ന ധാര്‍മ്മികതയുടെയും ആത്മീയതയുടെയും വ്യാകരണ വഴി അതാണ് നിര്‍വഹിക്കേണ്ടത്. ''ഇടത്തില്‍ ആധിപത്യം ഉണ്ടാക്കുന്നതിനെക്കാള്‍ പ്രധാനം പ്രക്രിയകള്‍ തുടങ്ങുന്നതാണ്'' എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയതിന്റെ അര്‍ത്ഥം ഇതാണ്. സംഘര്‍ഷങ്ങളുടെ സാമൂഹിക ഉത്ഭവവും അതിന്റെ ഭാഷണവും വായിക്കാനും ഇടപെടാനും കഴിയാത്ത നേതൃത്വം അധികാരത്തിനു ഭൂഷണമല്ല. വൈവിധ്യങ്ങളെ സമന്വയിക്കാനുള്ള വിളിയില്‍ നിന്നു പ്രത്യയശാസ്ത്ര പ്രതിവിധിയിലേക്കു പിന്‍വലിയുന്ന നേതൃത്വം അപകട വഴിയിലാണ്. വൈരുധ്യങ്ങളുടെ സംഘട്ടനങ്ങള്‍ക്ക് ഒരു ദൈവശാസ്ത്രവുമില്ല. സമാധാനത്തിനും സ്‌നേഹത്തിനും ഉപരിയായി ഒരു സത്യവുമില്ല. സമാധാനത്തിലും സ്‌നേഹത്തിലും വൈവിധ്യങ്ങളെ സമന്വയിപ്പിക്കാനാണ് നേതൃത്വം.

ഏതു സമൂഹത്തിനേയും ഒന്നിപ്പിക്കുന്ന ഒരു രാഷ്ട്രീയക്രമം അതിനുണ്ട്. എന്നാല്‍ ആ രാഷ്ട്രീയം വൈവിധ്യത്തിന്റെയായിരിക്കണം. പലമയില്‍ ജീവിക്കാനാണ് കഴിയേണ്ടത്. അതു നല്കുന്നത് ഒരു ജീവിതചര്യയാണ് - അതാണ് ക്രിസ്തുവര്‍ഗം - സഭാജീവിതം. അതു ജാതീയതയല്ല, വര്‍ഗീയതയോ പ്രത്യയശാസ്ത്രമോ അല്ല. ജീവത്തായ വിശ്വാസമാണ്. അവിടെ യാഥാര്‍ത്ഥ്യം പലമയുടെതാണ്, ഈ വിശ്വാസമാണ് ഒന്നിപ്പിക്കുന്നത്. വിശ്വാസത്തിന്റെ മാതൃകകളാകണം നേതാക്കളാകാന്‍ വിളിക്കപ്പെട്ടവര്‍. മുതലാളിത്ത ലിബറലിസവും മാര്‍ക്‌സിസ്റ്റ് സംഘട്ടന സിദ്ധാന്തവും ഒരേ യുക്തിയുടെ രണ്ടറ്റങ്ങളാണ്. ഒന്നിനെ ഇല്ലാതാക്കിയാല്‍ മറ്റേതും ഇല്ലാതാകും. രണ്ടിനേയും സമാധാനത്തില്‍ ഒന്നിപ്പി ക്കുന്നത് ഒരു കലയാണ്; ധര്‍മ്മമാണ്. ഈ ആത്മീയത അപ്പോഴാണ് ചരിത്രം സൃഷ്ടിക്കുന്നതും. യുദ്ധം ഒന്നിനും പരിഹാരമല്ല. സമൂഹത്തെ യുദ്ധത്തിലേക്കു തള്ളിവിടുന്ന നേതൃത്വം വെറും പട്ടാളത്തിന്റെ പണി ചെയ്യുന്നു. വൈവിധ്യത്തിന്റെ ലോകം നോക്കിയാണ് ദൈവം സൃഷ്ടിയുടെ പുസ്തകത്തില്‍ ''നന്നായിരിക്കുന്നു'' എന്നു പറഞ്ഞത്. അതു നന്മ തിന്മകളുടെ വേര്‍തിരിക്കലായിരുന്നില്ല. അതു കളപറിക്കല്‍ സിദ്ധാന്തവുമായിരുന്നില്ല. കള പറിക്കരുത് എന്നാണ് യേശു പഠിപ്പിച്ചത്. ഇതു നേതാക്കള്‍ മറക്കുന്നു. വിമതര്‍ എന്ന മുദ്രകുത്തുന്നു.

സംഘര്‍ഷങ്ങള്‍ ശരിയും തെറ്റും തമ്മിലാകാം; ശരികള്‍ തമ്മിലുമാകാം. ഒരു വിളയേയും കളയാക്കിയല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. വ്യത്യാസങ്ങള്‍ തെറ്റല്ല. പല സാധ്യതകള്‍ ഉണ്ടാകും. ഒന്നില്‍ കൂടുതല്‍ സാധ്യതകള്‍ സ്വീകരിക്കാവുന്ന മണ്ഡലങ്ങളുമുണ്ട്. ഒന്നിനെക്കുറിച്ചും അന്ത്യവിധി നടത്താതിരിക്കുകയാണ് വിവേകം. ''പങ്കുകൊള്ളുന്ന പ്രയാണ''ത്തില്‍ വ്യത്യാസങ്ങളെ സമന്വയിപ്പിക്കുക യും സമ്മേളിപ്പിക്കുകയും ചെയ്യാം എന്ന് ഫ്രാന്‍സിസ് പാപ്പ പഠിപ്പിക്കുന്നു. ഐക്യത്തിനുവേണ്ടി സംഘട്ടനം എപ്പോഴും ഒഴിവാക്കണം. ഐകരൂപ്യമല്ല ഐക്യം.

''ഐക്മാന്‍ ജറുസലേമില്‍'' എന്ന പുസ്തകത്തില്‍ 60 ലക്ഷം യഹൂദരെ കൊല്ലാന്‍ കൊണ്ടുപോയി കൊടുത്ത റുഡോള്‍ഫ് ഐക്മാന്‍ ചിന്തയില്ലാത്ത മനുഷ്യനായിരുന്നു എന്നു ഹന്ന അറന്റ് എഴുതി. ചെയ്തിരുന്ന പ്രവര്‍ത്തികളെ ക്കുറിച്ചു ചിന്തിക്കാന്‍ കഴിയാത്ത ഒരു മനുഷ്യന്‍. തന്റെ സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോടെ ഉപയോഗിക്കാന്‍ മനസ്സാകാതെ അടിമയെപ്പോലെ പെരുമാറിയ വ്യക്തി.

വലിയ ഉത്തരവാദിത്വത്തിന്റെ സ്ഥാനത്തു കയറി ഇരിക്കുകയും ഉത്തരവാദിത്വബോധമൊഴിവാക്കി യന്ത്രത്തിലെ പല്‍ച്ചക്രം പോലെ പെരുമാറുകയും ചെയ്ത വ്യക്തി. തിന്മയുടെ സാധാരണത്വം എന്നതു സാധാരണ കാര്യങ്ങള്‍ ചിന്തയില്ലാതെ പ്രവര്‍ത്തിക്കുന്നതാണ്. തിന്മയ്‌ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകാതെ തിന്മയുടെ വ്യവസ്ഥിതിയില്‍ മുങ്ങിത്താണു കഴിഞ്ഞ മനുഷ്യന്‍. ഇങ്ങനെ ബുദ്ധിയുടെ ഉറവിടം ഉറക്കിയ മനുഷ്യനെ ഉത്തരവാദിത്വരാഹിത്യത്തിനു തൂക്കിക്കൊന്നു ന്യൂറണ്‍ബര്‍ഗ് കോടതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org