വചനത്തിന്‍െറ ഛേദനാചാരം

വചനത്തിന്‍െറ ഛേദനാചാരം
Published on

"ഛേദനാചാരം തീര്‍ച്ചയായും വേണം, വചനത്തിന്, എഴുത്തിന്. അതൊരിക്കല്‍ നടക്കണം, ഓരോ പ്രാവശ്യവും ഒരിക്കല്‍, അനന്തമായ ഒരിക്കല്‍." ഡറീഡ എന്ന യഹൂദചിന്തകനാണു വചനത്തിനു ഛേദനാചാരം വേണമെന്നു പറയുന്നത്. പ്രാകൃതനും പ്രാപഞ്ചികനുമായ മനുഷ്യന്‍റെ അഗ്രഛേദനം വഴിയാണു മനുഷ്യസമൂഹത്തില്‍ അംഗമാകുക. അവന്‍റെ കാമത്തിന്‍റെ മൂര്‍ച്ചയുള്ള അഗ്രങ്ങള്‍ ചെത്തി വേണം അവനെ സമൂഹത്തില്‍ കുടിയിരുത്താന്‍. വെറും മാംസാധിഷ്ഠിതമായവനെ ആന്തരികതയിലും ആത്മാവിലും ജനിപ്പിക്കുന്നു. അതൊരു നിശ്ചയകര്‍മ്മമാണ്, നിര്‍വചനമാണ് അവന്‍റെ ജീവിതത്തെയും ചെയ്തികളെയും.

വാക്കുകളുടെ പരുക്കന്‍ അങ്കുശങ്ങള്‍ മുറിച്ചും ഛേദിച്ചും വാചനസുഖവും ധാരണാസുഖവുമുള്ളതാക്കണം. അതാണല്ലോ അര്‍ത്ഥത്തിന്‍റെ പ്രകാശത്തിനു വേണ്ടത്. ചില സുഖങ്ങളുടെ മുറിച്ചുനീക്കലുള്ളതുപോലെ അതിരുവിട്ട പ്രയോഗങ്ങളുടെ ഛേദനവും നടക്കണം. വാക്കുകള്‍ വന്യമായി കേറി മേഞ്ഞുകളയും. വാക്കുകള്‍ മുറിവുണ്ടാക്കുകയും മാരകമാക്കുകയും ചെയ്യും, ചെയ്യേണ്ടതു ചെത്തിമാറ്റാതെ വിട്ടാല്‍. ആത്മരതിയുടെ ആക്രോശത്തില്‍നിന്നു വാക്കുകളെ സാമൂഹികതയിലേക്കു പരുവപ്പെടുത്തണം. അക്ഷരങ്ങള്‍ കൊല്ലുന്നു; ആത്മാവ് ജീവനുള്ളതാക്കുന്നു.

ചര്‍മ്മം ഛേദിച്ചു വേണം വാക്കുകള്‍ പ്രയോഗിക്കാന്‍, ആ മുറിക്കല്‍ ഒരു വാതില്‍തുറക്കലാണ്, അപരനിലേക്ക്, സമൂഹത്തിലേക്ക്. ഛേദനാചാരം വിശുദ്ധ മുദ്രയുടെ അടയാളമാണ്. പ്രകൃതിയുടെ മകന്‍ മനുഷ്യബന്ധങ്ങളുടെ ഭാഷണലോകത്തിലേക്കു ചേര്‍ക്കപ്പെടുന്നു. അദൃശ്യനും അസന്നിഹിതനുമായ ദൈവത്തിന്‍റെ കയ്യൊപ്പിന്‍റെ മാംസത്തിലെ മുറിവാണത്. ദൈവത്തിന്‍റെ മുറിവിന്‍റെ സാന്നിദ്ധ്യം. വചനം മുറിക്കണം. വചനം മുറിയുമ്പോഴാണു വ്യാഖ്യാനമുണ്ടാകുന്നത്. ജീവിതവ്യാകരണമായി അതു മാറുന്നത്. വിശ്വാസ വ്യാകരണത്തിന്‍റെ മാംസത്തിലെ മുറിവായി അതു നിലകൊള്ളുന്നു. പേരുകള്‍ തെറികളാകുന്ന ഭാഷണത്തിന്‍റെ ലോകത്തില്‍ നടക്കേണ്ട മുറിക്കലില്‍ നിന്നു വീണ്ടും ജനിച്ചു വിശ്വാസത്തിന്‍റെ ഭാഷയുണ്ടാകുന്നത്. മനസ്സിലാക്കലിന്‍റെ സ്നേഹഭാഷയ്ക്കു മാമ്മോദീസ വേണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org