ഭാഷയുടെ മാന്ത്രിക വല

ഭാഷയുടെ വലയിലായിരിക്കുന്നവരാണു നാം. ഭാഷയിലാകുക എന്നാല്‍ പരസ്പരം ബന്ധത്തിലാകുകയാണ്. ഈ ഭാഷണബന്ധം ആര്‍ക്കും നിയന്ത്രിക്കാനോ വരുതിയിലാക്കാനോ സാദ്ധ്യമല്ല. നാം സ്വയം പര്യാപ്തരാണ് എന്ന ആശയം തകര്‍ക്കുന്നതു ഭാഷയാണ്. അസ്തിത്വം എപ്പോഴും വാക്കുകളിലൂടെ സംബന്ധിയിലേക്കു പോകുന്നതാണ്. നാം സ്വയംപര്യാപ്തരല്ല. അസ്തിത്വം ആഴമാര്‍ന്ന സംബന്ധത്തിന്‍റെ സങ്കീര്‍ണ വലയിലാണ്. ഭാഷണ പ്രക്രിയ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ നാം ഒരു ശൃംഖലയിലാണ് എന്നു വ്യക്തമാണ്. എന്നാല്‍ ഈ സംബന്ധത്തിന്‍റെ സങ്കീര്‍ണമായ വല ആരും പുറത്തുനിന്നു നമ്മുടെമേല്‍ അടിച്ചേല്പിക്കുന്നതല്ല. അതിനു പ്രത്യേകമായ ഒരു ഉടയവനില്ല. കാരണം നാലുപാടുമുള്ള നമ്മുടെ നിരന്തരമായ ബന്ധത്തിന്‍റെയും ബന്ധവിഛേദനത്തിന്‍റെയും ഫലമായി ഉണ്ടാകുന്നതാണ്.
എന്നാല്‍ ഈ സംബന്ധത്തിന്‍റെ നൂലാമാല സുരക്ഷിതമായി നില്ക്കുന്നില്ല. അത് എപ്പോഴും അരക്ഷിതമാണ്. ഇങ്ങനെ അതിലോലവും സ്ഥിരം അരക്ഷിതവുമായ സംബന്ധ നൂലാമാലയില്‍ കഴിയുമ്പോള്‍ നമുക്കുണ്ടാകുന്ന മിഥ്യാബോധമാണു നമ്മുടെ സ്വയംപര്യാപ്തത. എനിക്ക് ആരെയും വേണ്ട, ഞാന്‍ മാത്രം മതി എന്ന തോന്നല്‍. എല്ലാ ബന്ധങ്ങളും സ്വയം അഴിയുകയും പിന്നെയും ബന്ധിക്കുകയും ചെയ്യുന്നതു സ്വാഭാവി കമെന്നപോലെ സംഭവിക്കുമ്പോള്‍ ഞാന്‍ അതില്‍ അരക്ഷിതനാകുമ്പോള്‍ ബന്ധത്തിന്‍റെ രഹസ്യത്തിലേക്കു നോക്കിപ്പോകുന്നു. ബന്ധത്തിന്‍റെ കണ്ണികളും വിളക്കലുകളും വേര്‍പെടലും തുടരുമ്പോഴും ഒരിക്കലും ബന്ധം പൂര്‍ണമായി അക്രമത്തിലാഴുന്നില്ല. ബന്ധവിഛേദം സംഭവിക്കുമ്പോള്‍ അതു വീണ്ടും പുതിയ ബന്ധങ്ങള്‍ ഉണ്ടാകുന്നു. എന്തുകൊണ്ട് ഈ സംബന്ധം സ്വാഭാവികമായി ഉണ്ടാകുന്നു? ബന്ധത്തിന്‍റെ ഒരു വ്യാകരണസ്വഭാവവും പ്രപഞ്ചത്തിലുണ്ട്. ഘടനകള്‍ ഉണ്ടാകാതിരിക്കുന്നില്ല. ഈ ബന്ധങ്ങളുടെ ആ കേന്ദ്രബിന്ദു ഒരിടത്തും കാണാനുമില്ല. നിഘണ്ടുവിലെ വാക്കുകള്‍ക്കു സ്ഥിരമായി അനന്തമായി അര്‍ത്ഥമില്ല. അവയ്ക്കു ചില ദൗത്യങ്ങള്‍ മാത്രം. പക്ഷേ ഈ ദൗത്യവും ഈ വ്യാകരണതാത്പര്യവും എങ്ങനെ, എവിടെ നിന്ന്? സംബന്ധിക്കാനുള്ള താത്പര്യത്തിന്‍റെ പിന്നില്‍ എന്ത്? സംബന്ധത്തിന്‍റെ തത്ത്വം പ്രപഞ്ചത്തില്‍ എങ്ങനെ കടന്നു? അതാണല്ലോ പ്രപഞ്ചം ഉണ്ടാക്കുന്നതും. "വ്യാകരണത്തില്‍ നാം വിശ്വസിക്കുന്നിടത്തോളം നമുക്കു ദൈവത്തെ ഒഴിവാക്കാനാവില്ല എന്നു ഞാന്‍ കരുതുന്നു" എന്ന് ദൈവത്തിന്‍റെ മരണം പ്രഖ്യാപിച്ച നീഷേ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org