അവന് ഇടം കൊടുക്കുക

അവന് ഇടം കൊടുക്കുക

പോള്‍ തേലക്കാട്ട്

ജനിക്കാന്‍ ഇടം കിട്ടാത്തവനായിരുന്നു യേശു. സത്രത്തില്‍ അവന് ഇടംകിട്ടിയില്ല. അവന്‍ കാലികളുടെ തൊഴുത്തില്‍ പിറന്നു. ഇടം വളരെ ചര്‍ച്ചകള്‍ക്ക് വിഷയമാണ്. പ്ലേറ്റോ തിമയൂസ് എന്ന കൃതിയിലാണ് ഇട (chora)ത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നത്. അതു അസ്തിത്വത്തി നും അസ്തിത്വമില്ലാത്തതിനും ഇടയിലുള്ള ആകാശമാണ്. ആയിത്തീരലിന്റെ കാലദേശങ്ങളുടെ ഇടം. പ്ലേറ്റോയ്ക്കു എല്ലാം പ്രപഞ്ചത്തിന്റെ ഇടത്തിലാണ്. എല്ലാം ഉള്‍ക്കൊള്ളുന്ന ആകാശം എന്ന പാത്രം അഥവാ ഗര്‍ഭം.
കന്യകാമറിയത്തെ "ഉള്‍ക്കൊള്ളാനാവാത്തതിന്റെ ഇടം" (Chora of the a-chora) എന്നു വിൡുന്ന കീര്‍ത്തനം ബൈസന്റയിന്‍ സഭയിലുണ്ട്. യേശുവിന് ഇടം നല്കിയതാണ്, അമ്മയുടെ ഗര്‍ഭപാത്രം. "നിന്റെ വചനം പോലെ എന്നിലാകട്ടെ" എന്ന മറിയത്തിന്റെ സമ്മതമാണ് അവന് ഇടം കൊടുക്കുന്നത്. ഒരിടത്തിലും ഉള്‍ക്കൊള്ളാനാവാത്തവനു ഇടം നല്കുന്ന നടപടിയായി. ദൈവികത പ്രപഞ്ചത്തില്‍ സംഭവിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യാവതാരത്തെക്കുറിച്ചു പറയുന്ന യോഹന്നാന്റെ സുവിശേഷത്തില്‍ അമ്മയുടെ കാര്യം ഒരു വിവരണത്തിലും ഇല്ല. "വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു" എന്നു മാത്രമാണ് എഴുതിയത്. അവിടെ പുരുഷനെക്കുറിച്ചും സ്ത്രീയെക്കുറിച്ചും ഒന്നും പറയുന്നില്ല.
അമൂര്‍ത്തമായതു കാലദേശങ്ങളില്‍ മൂര്‍ത്തമായി സംഭവിക്കുന്നു. ഇടം കാലത്തിന്റെ ഇടമാകാം, സ്ഥലത്തിന്റെ ഇടവുമാകാം. എന്റെ ഇടം എന്നത് എന്റെ ശരീരം സ്വന്തമാക്കുന്ന ആകാശമാണ്. അതോടൊപ്പം എന്റെ ആയുസ്സ് സ്വന്തമാക്കുന്ന കാലവുമാണ്. എന്റെ ഇടം എനിക്കു ദാനമായി കിട്ടിയതാണ്.
യേശുവിനെ കാണാന്‍ സ്വ ന്തം അമ്മയും സഹോദരങ്ങ ളും കാത്തുനിന്ന ഒരു സന്ദര്‍ഭം മൂന്നു സുവിശേഷങ്ങളില്‍ ഉണ്ട്. എന്നാല്‍ യോഹന്നാന്‍ അതും ഒഴിവാക്കുന്നു. എ ന്നാല്‍ കാനായിലെ കല്യാണത്തില്‍ യേശു ചെയ്ത അത്ഭുതവും യേശുവിന്റെ കുരിശിന്‍ ചുവട്ടില്‍ അമ്മ നിന്ന കാര്യ വും യോഹന്നാന്‍ സാക്ഷിക്കുന്നു. പക്ഷെ, എപ്പോഴും യേശുവിന്റെ അമ്മ എന്നല്ലാതെ ആ സ്ത്രീയുടെ പേര് പറയുന്നില്ല. ബോധപൂര്‍വ്വം അത് ഒഴിവാക്കുന്നു. ബന്ധമുള്ള വീ ട്ടില്‍ അത്ഭുതം പ്രവര്‍ത്തി ക്കാന്‍ ഇടപെട്ടതിന്റെ അതൃപ്തി പ്രകടിപ്പിക്കുന്നു. കുരിശിന്‍ചുവട്ടില്‍ ഒരു ബന്ധവുമില്ലാത്തവനെ മകനാക്കുന്നു. ഇതൊക്കെ കാണിക്കുന്നത് ഒരു വ്യക്തതയാണ്. ആരാണ് യേശുവിന്റെ അമ്മ? വചനം നിറവേറ്റുന്നവനാണ് എന്ന് ഉത്തരം. ദൈവത്തിന്റെ വചനത്തിന് "ഇതാ ഞാന്‍" എന്ന മറുപടി നല്കുന്നവന്‍ എന്ന് അര്‍ത്ഥം. ദൈവത്തിന് ഇടം നല്കുന്നതാണ് ദൈവത്തിന്റെ അമ്മയാകല്‍.
ദൈവത്തിനു സ്വന്തമാംസത്തില്‍ ഇടം കൊടുക്കുക അഥവാ സ്വന്തം ശരീരം അവന് നല്കുക ഇതാണ് ഇടംകൊടുക്കല്‍. മയിസ്റ്റര്‍ എക്കാര്‍ട്ട് എഴുതി, "നാം എല്ലാവരും ദൈവമാതാക്കളാകാന്‍ ഉള്ളവരാണ്. ദൈവകുമാരന്റെ ജന്മം അനന്തമായി സംഭവിക്കുന്നതു കൊണ്ട് എനിക്ക് എന്തു ഗുണം, അത് എന്നില്‍ സംഭവിക്കുന്നില്ലെങ്കില്‍." ലൂക്കായുടെ സുവിശേഷത്തില്‍ "ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ നിറവേറട്ടെ" എന്നതു ഏതു മനുഷ്യനും സാധ്യമാകണം. എക്കാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം സമയത്തിന്റെ പൂര്‍ണ്ണത എന്നതു "ദൈവപുത്രന്‍ നമമില്‍ ജനിക്കുന്നതാണ്." മനുഷ്യപുത്രന് ജനിക്കാനുള്ള ഇടമാണ് എന്റെ ശരീരം. മേരിയെ വാഗ്ദാന പേടകം, വിശുദ്ധപാത്രം, ദേവാലയം എന്നീ പദപ്രയോഗങ്ങളില്‍ വിശേഷിപ്പിക്കുന്നു. കന്യാകാമറിയം ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ പാലമായി. അവള്‍ക്ക് ദൈവത്തിന്റെ അമ്മ എന്ന വിശേഷണം സഭ നല്കുന്നു.
വചനത്തിന്റെ ഇടമാണ് ശരീരം. അതു സാംസ്‌കാരിക ശരീരമായ ഭാഷയാകാം. വചനം മാംസമാകുക എന്നാല്‍ വചനം ജീവിതത്തില്‍ സംഭവിക്കുകയാണ്. യേശുവിന്റെ മരണ ഉത്ഥാനങ്ങള്‍ക്കു ശേഷം മറിയം മഗ്ദലേന യേശുവിന്റെ ശരീരം അന്വേഷിക്കുന്നതായിട്ടാണ് യോഹന്നാന്റെ സുവിശേഷം സാക്ഷിക്കുന്നത്. അവള്‍ അവന്റെ ശരീരം എടുത്തുകൊണ്ടുപോകാന്‍ സന്നദ്ധയായിരുന്നു. മാംസത്തിന്റെ ശരീരത്തില്‍ തൊടാനാണ് തോമസ് നിര്‍ബന്ധം പിടിക്കുന്നതും. അതേ സുവിശേഷത്തില്‍ ശരീരത്തില്‍ തൊട്ടാണ് അത് ഉറപ്പാക്കുന്നത്. യേശുവിന്റെ ശരീരത്തിന്റെ സാന്നിദ്ധ്യം അവസാനിക്കുമ്പോള്‍ ശരീരം തേടല്‍ രണ്ടു പേരുടെ സാക്ഷ്യങ്ങള്‍ കൊണ്ടാണ് സുവിശേഷം അവസാനിക്കുന്നത്. സുവിശേഷം അവസാനിക്കുമ്പോള്‍ എഴുതപ്പെട്ട സുവിശേഷം അവന്റെ ശരീരമായി മാറുന്നു. അവന്റെ കഥ ലിഖിതത്തില്‍ തുടരുന്നു. അവന്റെ ശരീരമായി സഭ മാറുന്നു. സഭയില്‍ അവന്റെ ശരീരം ഉണ്ടാക്കുന്ന അനുഷ്ഠാനം ആരംഭിക്കുന്നു. ഓര്‍മ്മയുടെ അപ്പംമുറിക്കല്‍ അവനുശരീരം കൊടുക്കുന്ന കര്‍മ്മാനുഷ്ഠാനമായി തുടരുന്നു. എന്റെ ശരീരത്തില്‍ സുവിശേഷം ആവര്‍ത്തിക്കണം. എന്റെ കഥ അവന്റെ കഥയായി മാറുമ്പോള്‍ എന്റെ ആയുസ്സ് കൊണ്ട് അവന് ഇടം കൊടുക്കുന്നതായി ജീവിതം മാറുന്നു. മനസ്സില്‍ അവന് ഇടം കൊടുക്കാന്‍ അപരന് ആതിഥ്യം നല്കണം. അവന് ശരീരം കൊടുക്കാന്‍ എന്റെ ശരീരം അപരന് വിളമ്പണം. ഇടം കൊടുത്തു മാത്രമേ അവന്റെ സംഭവം ഉണ്ടാക്കാനാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org