രൂപങ്ങളുടെ വണക്കം

രൂപങ്ങളുടെ വണക്കം

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ പാശ്ചാത്യ – പൗരസ്ത്യ സഭകളിലെല്ലാം ഒരുപോലെ രക്തസാക്ഷികളെയും വിശുദ്ധരെയും അവരുടെ തിരുശേഷിപ്പുകളെയും വണങ്ങാന്‍ തുടങ്ങിയിരുന്നു എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പൗരസ്ത്യസഭകളില്‍ ഈ വണക്കത്തിന്റെ ഭാഗമായി രൂപങ്ങള്‍ ഉണ്ടാക്കി വണങ്ങിയിരുന്നില്ല. പാശ്ചാത്യസഭയില്‍ ഉത്ഭവിച്ച് പ്രചുരപ്രചാരം നേടിയ ഒന്നാണ് തിരുസ്വരൂപ വണക്കം – വിശുദ്ധരുടെ രൂപവും ചിത്രവും വണങ്ങുന്ന രീതി. പല പൗരസ്ത്യസഭകളിലും വിശുദ്ധരുടെ ചിത്രങ്ങളും ഐക്കണുകളും (icons) വണക്കത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും രൂപങ്ങള്‍ ഉപയോഗിക്കുന്നില്ല. റോമന്‍ കത്തോലിക്കാ സഭയിലാണ് രൂപങ്ങളുടെ വണക്കം നിലനില്ക്കുന്നതെന്നു സാരം. അതേസമയം റോമന്‍ കത്തോലിക്കാ സഭയുടെ ഭാഗമായ മിക്കവാറും പൗരസ്ത്യസഭകളിലും ഇപ്പോഴും രൂപങ്ങള്‍ ഉപയോഗിക്കുന്നില്ല; മറിച്ച് ചിത്രങ്ങള്‍ അഥവാ ഐക്കണ്‍സ് മാത്രം.

റോമന്‍ കത്തോലിക്കാ സഭയുടെ തന്നെ ഭാഗവും പൗരസ്ത്യ സഭയുമായ സീറോ-മലബാര്‍ സഭയില്‍ വിശുദ്ധരുടെ രൂപങ്ങള്‍ വണക്കത്തിനായി ഉപയോഗിക്കുന്നുണ്ട്. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ കേരളത്തിലെ നസ്രാണിപ്പള്ളികളില്‍ വിശുദ്ധരുടെ രൂപങ്ങളും ക്രൂശിതരൂപവും ഉപയോഗിച്ചിരുന്നില്ല. കല്‍ദായ പൗരസ്ത്യസഭാ പാരമ്പര്യപ്രകാരം ആരാധനാക്രമ ജീവിതം നയിച്ചിരുന്ന കേരളത്തിലെ നസ്രാണി പരിഷ രൂപങ്ങളോ ചിത്രങ്ങളോ ഐക്കന്‍സോ വണക്കത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നു വിദേശീയ മിഷനറിമാരുടെയും സഞ്ചാരികളുടെയും വിവരങ്ങളില്‍നിന്നും എളുപ്പത്തില്‍ മനസ്സിലാക്കാം. ഉദയംപേരൂര്‍ സൂനഹദോസാണ് രൂപങ്ങളുടെ വണക്കം അഥവാ പ്രതിമാ വന്ദനം സുറിയാനി നസ്രാണികള്‍ക്കിടയില്‍ ഇദംപ്രഥമമായി അവതരിപ്പിച്ചത്. അതേസമയം ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് ചുരുക്കം ചില പള്ളികളില്‍ ചില രൂപങ്ങള്‍ ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നതിലും തെറ്റില്ല. എന്തെന്നാല്‍ സൂനഹദോസിന്റെ കാനോനയില്‍ "മലംകരൈ എടവകയിലെ പള്ളികളില്‍ മിക്കതിലും രൂപങ്ങള്‍ ഇല്ലാതെ അത്രെ ആകുന്നു" എന്നാണ് രേഖപ്പെടുത്തിയിരിക്കുക. ആകയാല്‍ ചില പള്ളികളില്‍ രൂപങ്ങള്‍ ഉണ്ടായിരുന്നു എന്ന ധ്വനിയതിനുണ്ട്. എന്നാല്‍ ഈ രൂപങ്ങള്‍ പാശ്ചാത്യ സഭയിലേതുപോലെ പരസ്യവണക്കത്തിന് ഉപയോഗിച്ചിരിക്കാന്‍ സാധ്യതയില്ല. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇവിടെയെത്തിയ പോര്‍ട്ടുഗീസ് മിഷനറിമാരുടെ സ്വാധീനത്താല്‍ ഏതെങ്കിലും ചില പള്ളികളില്‍ രൂപങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കാം. അല്ലെങ്കില്‍ ബുദ്ധ-ജൈന-ഹൈന്ദവ സംസ്‌ക്കാരങ്ങളുടെ മദ്ധ്യേ ജീവിച്ചിരുന്ന സുറിയാനി നസ്രാണികള്‍ അവരുടെ അമ്പലങ്ങളിലുള്ളതുപോലെ വിശുദ്ധരുടെ കൊത്തുരൂപങ്ങള്‍ തയ്യാറാക്കി പ്രതിഷ്ഠിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ വാദഗതിയെ സമര്‍ത്ഥിക്കാന്‍ ഉപകരിക്കുന്ന മൂന്നു രൂപങ്ങള്‍, (ഉണ്ണിയീശോ, മാതാവ്, വി. ഗീവര്‍ഗീസ്) ബുദ്ധ കലയോടു സാദൃശ്യമുള്ളത്, എറണാകുളം-അങ്കമാലി അതിരൂപത വക കാത്തലിക് ആര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. എങ്കിലും തിരുസ്വരൂപ വണക്കം ഉദയംപേരൂര്‍ സൂനഹദോസിനോടു കൂടിയാണ് കേരള സഭയില്‍ ആരംഭിച്ചത് എന്നു പറയുന്നതാവും ഉത്തമം.

കാരണം, ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍ രണ്ടാം മൌത്വാ, രണ്ടാം യൊഗവിശാരം, പതിനൊന്നാം സാഹായില്‍ ഇപ്രകാരം പറയുന്നു : "മിശിഹാടെയും മര്‍ത്തമറിയത്തുമ്മാടെയും ശുദ്ധമാന പള്ളി ആചരിക്കുന്ന കന്തീശങ്ങടയും രൂപങ്ങളെ ഒണ്ടാക്കയും പള്ളിയില്‍ അതിനെ വച്ച് വന്ദിക്കണം എന്നും നമുക്കു വിശ്വാസം. എന്നാല്‍ കാവ്യരതങ്ങടെ ഭഗവതികളെയും ദെവന്‍മ്മാരെയും വച്ച അതക്കുംമെല്‍ ശരണപ്പെട്ട വിശ്വസിച്ച ആശരിക്കുന്നു എന്നപൊലെ അല്ല നാം പുണ്യവാളരുടെ രൂപങ്ങള്‍ ആശരിക്കുന്നു. രൂപങ്ങള്‍ക്ക ഏതാനും ഒര ശക്തി ഒണ്ടന്നിട്ടല്ല അതിനെ നാം വന്ദിക്കുന്നു. പിന്നെയൊ പു ണ്യവാളരെ അത നമുക്കു കാട്ടുന്നു എന്നതിനെക്കൊണ്ട ഇ രൂപങ്ങള്‍ വന്ദിക്കുന്നതും പുണ്യവാളരെ വന്ദിക്കുന്നതും രണ്ട അല്ല. ഇതിനെക്കൊണ്ട മിശിഹാടെ രൂപം മിശാഹാനെ നമുക്കു കാട്ടുന്നു എന്നതിനെക്കൊണ്ടും മാര്‍ സ്ലീവാ കുരിശുംമെല്‍ തൂങ്ങപ്പെട്ട കര്‍ത്താവിനെ നമുക്കു കാട്ടുന്നതിനെക്കൊണ്ടും മിശിഹാ കര്‍ത്താവിനെ വന്ദിക്കെണ്ടും വണ്ണം തന്റെററ രൂപത്തെയും മാര്‍ സ്ലീവായയും വന്ദിക്കണം. മര്‍ത്തമറിയത്തുംമായയും പുണ്യവാളരെയും വന്ദിക്കും വണ്ണം അവരുടെ രൂപങ്ങളെയും വന്ദിക്കണം. മിശിഹാ കര്‍ത്താവ മത്തായിയുടെ അറിയിപ്പില്‍ അരുളിചൈതു 'മാര്‍ സ്ലീവായെ ചൊദ്യത്തിനുടെ ദിവസത്തില്‍ എല്ലാവര്‍ക്കും എടവിദാനത്തുംകല്‍ കാണ്‍മാറാകും' എന്ന -"

പാശ്ചാത്യസഭയില്‍ ഉത്ഭവിച്ച് പ്രചുരപ്രചാരം നേടിയ ഒന്നാണ് തിരുസ്വരൂപ വണക്കം – വിശുദ്ധരുടെ രൂപവും ചിത്രവും വണങ്ങുന്ന രീതി. പല പൗരസ്ത്യസഭകളിലും വിശുദ്ധരുടെ ചിത്രങ്ങളും ഐക്കണുകളും (ശരീി)െ വണക്കത്തിനു ഉപയോഗിക്കുന്നുണ്ടെങ്കിലും രൂപങ്ങള്‍ ഉപയോഗിക്കുന്നില്ല.

സൂനഹദോസിന്റെ എഴാം മൌത്വാ, ഏഴാംകൂടിവിചാരം ഇരുപത്തിയൊന്നാം കാനൊനയില്‍ ഇപ്രകാരം പറയുന്നു : "മലംകര എടവകയിലെ പള്ളികളില്‍ മിക്കതിലും രൂപങ്ങള്‍ ഇല്ലാതെ അത്രെ ആകുന്നു. ഓരൊരൊ കുരിശ സാമാന്യമായി ഒണ്ടായിരിപ്പൂ. ഇത വിശ്വാസത്തിന്ന അന്തരം ഒള്ള നെസ്‌തൊറിയകാരര ഇത്രനാളും ഇ എടവക വാണതിനെക്കൊണ്ട അവരിടെ തണ്യ പെണക്കത്തിന്ന തക്കവണ്ണം രൂപങ്ങള്‍ തങ്ങടെ പള്ളികളില്‍ വച്ചു ഞായം അല്ലാ. എന്നാല്‍ മലംകര ചെല പള്ളികളില്‍ രൂപം ഒള്ളെടത്ത ഇന്ന രൂപം തിരിപ്പാന്‍ തക്കത അല്ല. എഴുത്തിന്റെറ ചെതക്കെട കൊണ്ടും എഴുത്തുപെട്ട ശീലെടെ പഴക്കംകൊണ്ടും വഴിയെ തിരിപ്പാന്‍ തക്കത അല്ല. ഇതിനെക്കൊണ്ട ശുദ്ധമാന സൂനഹദൊസ പ്രമാണിക്കുന്നു. പള്ളിയിടെ പണി തീര്‍ന്നാല്‍ നടെ മാമ്മൊദീസ മുക്കുവാന്‍ ഒള്ളത മെല്‍ പറഞ്ഞവണ്ണം പണിക്കയും വെണം. അതിന്റെറ ശെഷം ഒടനെ വെണ്ട്വത ആകുന്നത പള്ളിക്കല്‍ വെയ്പാന്‍ രൂപങ്ങള്‍ ഒണ്ടാക്കണം. പള്ളിയിലെ പെരുനാളുകള്‍ക്കു തക്ക രൂപങ്ങള്‍ വെണം താനും. മദുവായില്‍ രൂപം തീര്‍ന്നതിന്റെറ ശെഷം പൊറത്ത ദ്രൊണൊസുകളും ഒണ്ടെംകില്‍ പളളിമൊതല്‍ അഴിച്ച അതിന്ന രൂപങ്ങളും ഒണ്ടാക്കണം. വിശെഷിച്ചും തംപുരാന്റെ അരുളപ്പാട നിന്ന പറഞ്ഞ ലൊകരെ കെള്‍പ്പിപ്പാന്‍ പുല്‍പ്പത്തെ പണിയിപ്പാന്‍ തക്ക പള്ളികളില്‍ ഒടനെ അതും വെണം എന്ന ശുദ്ധമാന സൂനഹദൊസിന്ന വെണ്ടിയിരിക്കുന്നു. ഇ എടവകയില്‍ പുല്‍പ്പം ഒള്ള പള്ളി ചുരുക്കം."

ഉദയംപേരൂര്‍ സൂനഹദോസിന്റെ തുടര്‍ച്ചയെന്നവണ്ണം അങ്കമാലിയില്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് റോസിന്റെ അദ്ധ്യക്ഷതയില്‍ 1603-ല്‍ കൂടിയ സൂനഹദോസിലും രൂപങ്ങളുടെ വണക്കം അവതരിപ്പിക്കപ്പെട്ടു. റോസിന്റെ നിയമാവലിയിലും രൂപങ്ങളുടെ വണക്കം എടുത്തു പറയുന്നുണ്ട്.

എന്നാല്‍ രൂപങ്ങള്‍ സ്ഥാപിച്ചു വണങ്ങുമ്പോഴും ആ രൂപങ്ങള്‍ക്കു പ്രത്യേക ദൈവീകശക്തി ഉണ്ടെന്ന അര്‍ത്ഥം വരുന്നില്ലെന്നും അവയ്ക്കു പ്രത്യേക ശക്തിവിശേഷങ്ങള്‍ ഒന്നുമില്ലെന്നും, അറിഞ്ഞിരിക്കണം എന്നും കാനോനയില്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. മാത്രമല്ല, മിശിഹായും വിശുദ്ധരുമെല്ലാം നമ്മുടെ വഴികാട്ടികളാകയാലാണ് അവരുടെ രൂപങ്ങളെ ബഹുമാനിക്കുന്നത് എന്ന കാരണവും കാനോനകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉദയംപേരൂര്‍ സൂനഹദോസിന്റെയും അങ്കമാലി സൂനഹദോസിന്റെയും വിദേശീയ മിഷനറിമാരുടെ സ്വാധീനത്താലും എല്ലാ ന സ്രാണിപ്പള്ളികളിലും രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും 1653-ലെ കൂനന്‍ കുരിശു സത്യത്തിനുശേഷം പുത്തന്‍കൂറുകാര്‍ യാക്കോബായ വിശ്വാസം സ്വീകരിച്ചതോടെ പൗരസ്ത്യ ആചാരപ്രകാം അവരുടെ ദേവാലയങ്ങളില്‍ നിന്നും രൂപങ്ങള്‍ നീക്കം ചെയ്തു. പകരം ചുമര്‍ ചിത്രങ്ങളും ഐക്കന്‍സും മാത്രം അവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ആ പതിവ് അവര്‍ ഇന്നും തുടരുന്നു.

മേല്പറഞ്ഞ സൂനഹദോസുകളുടെ വെളിച്ചത്തില്‍ നസ്രാണി കത്തോലിക്കര്‍ രൂപങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയെങ്കിലും അത് കൂടുതല്‍ പ്രചാരത്തിലായത് പത്തൊമ്പതാം നൂറ്റാണ്ടിലും സുറിയാനികത്തോലിക്കര്‍ വരാപ്പുഴ ഭരണത്തിന്‍ കീഴിലായിരുന്ന കാലഘട്ടത്തിലുമാണ്. എന്തെന്നാല്‍ 1879-ല്‍ ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത നല്കിയ കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ മദ് ബഹയിലും ത്രോണോസിലും പള്ളിയകത്തുമെല്ലാം വിശുദ്ധരുടെ രൂപങ്ങള്‍ സ്ഥാപിക്കണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

പാശ്ചാത്യസഭയില്‍ ആദിമനൂറ്റാണ്ടുമുതല്‍ ആരംഭിച്ച വിശുദ്ധരോടും അവരുടെ തിരുശേഷിപ്പുകളോടും കബറിടങ്ങളോടുമുള്ള വണക്കവും ആറാം നൂറ്റാണ്ടുമുതല്‍ ആരംഭിച്ച സ്വരൂപ വണക്കവും പതിനാറാം നൂറ്റാണ്ടില്‍ പ്രത്യേകിച്ചും പ്രൊട്ടസ്റ്റന്റ് വിപ്ലവകാലത്ത്, ശക്തമായി വിമര്‍ശിക്കപ്പെടുകയും മതനവീകരണ പ്രസ്ഥാനത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമാവുകയും ചെയ്തു. ഈ എതിര്‍പ്പിന്റെയും വിശ്വാസികള്‍ക്കിടയിലുണ്ടായിരുന്ന ചില ദുരാചാരങ്ങളുടെയും പശ്ചാത്തലത്തില്‍ ത്രെന്തോസ് സൂനഹദോസ് (Council of Trent 1546-1563) കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി. ഏകരക്ഷകനും പരിത്രാതാവുമായ ക്രിസ്തുവിലൂടെ പിതാവായ ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനു ദൈവത്തിനു പ്രീതികരമായ ജീവിതം നയിച്ച വിശുദ്ധരുടെ സഹായം തേടുന്നത് നല്ലതാണെന്നും തിരുസ്വരൂപങ്ങളും തിരുശേഷിപ്പുകളും വണങ്ങുന്നത് തെറ്റല്ലെന്നും അതേസമയം ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന, അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും തെറ്റാകയാല്‍ അവയെ ഉപേക്ഷിക്കണമെന്നും ത്രെന്തോസ് സൂനഹദോസ് പഠിപ്പിച്ചു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസും വിശുദ്ധരോടുള്ള വണക്കത്തെ അംഗീകരിച്ചുകൊണ്ട് പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗീയ ഭവനത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്ന തീര്‍ത്ഥാടക സഭയാണ് ഭൂമിയിലെ വിശ്വാസി സമൂഹം. ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന സഭാംഗങ്ങളും (സ്വര്‍ഗ്ഗവാസികള്‍, വിശുദ്ധര്‍) ലക്ഷ്യത്തിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന സഭാംഗങ്ങളും (നമ്മള്‍) തമ്മില്‍ അഭേദ്യമായ ബന്ധവും ഐക്യവുമുണ്ട്. ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന സഭാംഗങ്ങളെ വണങ്ങുമ്പോള്‍ അവരില്‍ വിജയം കൈവരിച്ച ദൈവത്തിന്റെ അനുഗ്രഹത്തെയും പ്രസാദവരത്തെയും സ്തുതിക്കുകയും വണങ്ങുകയുമാണ് സഭ ചെയ്യുന്നത്. വിശുദ്ധരെ ബഹുമാനിക്കുകയും വണങ്ങുകയും ചെയ്യുമ്പോള്‍ യേശുനാഥന്റെ പെസഹാരഹസ്യം അവരില്‍ വരിച്ച വിജയത്തെയാണ് സഭ യഥാര്‍ത്ഥത്തില്‍ ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നത്. അതേസമയം ദൈവത്തിനു കൊടുക്കേണ്ട ആരാധനയും പരമമായ വണക്കവും (absolute cult-Latria) വിശുദ്ധര്‍ക്കോ, അവരുടെ തിരുശേഷിപ്പകള്‍ക്കോ സ്വരൂപങ്ങള്‍ക്കോ സഭ ഒരിക്കലും കൊടുക്കുന്നില്ല. പരമമായ ആരാധനയും സ്തുതിയും പുകഴ്ചയും വണക്കവും ഏകനും അനാദിയുമായ ദൈവത്തിനു മാത്രമുള്ളതാണ്. അപ്രകാരമുള്ള ആരാധനയും വണക്കവും വിശുദ്ധര്‍ക്കു നല്കുന്നത് ഒന്നാം പ്രമാണത്തിന്റെ ഘനമേറിയ ലംഘനം തന്നെ. വിശുദ്ധര്‍ക്കും അവരുടെ തിരുശേഷിപ്പുകള്‍ക്കും സ്വരൂപങ്ങള്‍ക്കും നല്കുന്നത് ആപേക്ഷികമായ വണക്കം (relative cult – doulia) മാത്രമാണ്. തിരുശേഷിപ്പുകളും സ്വരൂപങ്ങളും ഒരര്‍ത്ഥത്തില്‍ വിശുദ്ധരുടെ 'സുവനീര്‍' ആണെന്നു പറയാം. വിശുദ്ധരെ അനുസ്മരിക്കാനും വിശുദ്ധരുടെ മാതൃകാപരമായ ക്രിസ്തീയ ജീവിതം അനുകരിക്കാനും അവരുടെ ജീവിതത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശ്രേഷ്ഠമായ ക്രൈസ്തവ ജീവിതം നയിക്കാനും നമ്മെ സഹായിക്കുന്ന പ്രതീകങ്ങള്‍ മാത്രമായി സ്വരൂപങ്ങളെയും തിരുശേഷിപ്പുകളെയും കാണാവൂ. ആ രീതിയിലുള്ള വണക്കവും ബഹുമാനവും മാത്രമെ ഇതിനു നല്‌കേണ്ടതുള്ളൂ. ഈ അര്‍ത്ഥ പശ്ചാത്തലത്തിലാണ് പാശ്ചാത്യസഭയില്‍ നിലനില്ക്കുന്ന സ്വരൂപവണക്കം നസ്രാണി സഭയിലേക്ക് പാശ്ചാത്യ മിഷനറിമാര്‍ അവതരിപ്പിച്ചതും പ്രചരിപ്പിച്ചതും.

അനുചിന്തനം: നമ്മുടെ കര്‍ത്താവിന്റെയും മാതാവിന്റെയും ഇതര വിശുദ്ധരുടെയും ചിത്രങ്ങളും രൂപങ്ങളും നമ്മോടൊത്തുള്ള അവരുടെ സാന്നിധ്യത്തിന്റെയും സഹവാസത്തിന്റെയും പ്രതീകങ്ങളാണ്. പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി ജീവിച്ച് ദൈവ ത്തെ മഹത്വപ്പെടുത്തിയ വിശുദ്ധരെപ്പോലെ വിശുദ്ധമായ ജീവിതം നയിക്കാന്‍ ഇവരുടെ രൂപങ്ങളും ചിത്രങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു എന്ന സത്യം നമുക്കു വിസ്മരിക്കാതിരിക്കാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org