വണക്കമാസാചരണം

വണക്കമാസാചരണം

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കേരളത്തിലെ കത്തോലിക്കര്‍ക്കിടയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വളര്‍ന്നു തുടങ്ങിയതും ഇരുപതാം നൂറ്റാണ്ടില്‍ ആഴത്തില്‍ വേരോടിയതുമായ ഒരു ഭക്താഭ്യാസമാണു വണക്ക മാസാചരണം. വിദേശീയ കര്‍മ്മലീത്താ മിഷനറിമാരിലൂടെ കേരളസഭയിലേക്കു രംഗപ്രവേശം ചെയ്ത ഈ ഭക്താനുഷ്ഠാനത്തെ വിദേശീയ മെത്രാന്മാര്‍ മാത്രമല്ല, സ്വദേശീയ മെത്രാന്മാരും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന് ഇവരുടെ ഇടയലേഖനങ്ങളും സര്‍ ക്കുലറുകളും സാക്ഷ്യപ്പെടുത്തുന്നു. വരാപ്പുഴ വികാരി അപ്പസ് തോലിക്കയായിരുന്ന ബര്‍ണ്ണര്‍ദ്ദീന്‍ ബാച്ചിനെല്ലി മെത്രാപ്പോലീത്തായുടെ കാലഘട്ടത്തില്‍, 1860- കളില്‍, 'വണക്കമാസം' എന്ന പ്രാര്‍ത്ഥനാ പുസ്തകം പ്രത്യക്ഷപ്പെട്ടു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. കര്‍മ്മലീത്ത വൈദികരാണ് ഇതിന്റെ രചയിതാക്കള്‍. കര്‍മ്മലീത്താ ഒന്നാംസഭയില്‍ പെട്ട വിദേശീയ കര്‍മ്മലീത്താക്കാരും കര്‍മ്മലീത്താ മൂന്നാംസഭയില്‍പെട്ട സ്വദേശീയ കര്‍മ്മലീത്താ വൈദികരുമാണ് ഇതിന്റെ പ്രചാരകരായി മാറിയത്. മാന്നാനത്തു വിശുദ്ധ ചാവറയച്ചന്‍ സ്ഥാപിച്ച പ്രസ്സിലും കൂനമ്മാവു കൊവേന്തയോടനുബന്ധിച്ചു സ്ഥാപിക്കപ്പെട്ട പ്രസ്സിലുമായിട്ടാണ് ആദ്യകാല വണക്കമാസ പുസ്തകങ്ങള്‍ അച്ചടിക്കപ്പെട്ടത്. ലേഖകന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ഏറ്റവും പഴയ വണക്കമാസപ്പുസ്തകങ്ങള്‍ 1870-കളില്‍ അച്ചടിക്കപ്പെട്ടവയാണ്. അതിനുമുമ്പു അച്ചടിച്ച വണക്കമാസ പുസ്തകം ഉപയോഗത്തിലില്ലായിരുന്നു എന്നു ഉറപ്പിക്കാം. എന്നാല്‍ കയ്യെഴുത്തു പ്രതികള്‍ ഉണ്ടായിരുന്നുവോ എന്നറിയില്ല. ലേഖകന്റെ അന്വേഷണത്തില്‍ അപ്രകാരം കയ്യെഴുത്തുപ്രതികള്‍ കണ്ടെത്തിയില്ല. 1860-കളില്‍ വണക്കമാസപ്പുസ്തകത്തിന്റെ കയ്യെഴുത്തു തയ്യാറാക്കപ്പെടുകയും മാതാവിന്റെ വണക്കമാസം ആരംഭിക്കുകയും ചെയ്തുവെങ്കിലും അതു കേവലം സന്യാസാശ്രമങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നു വെന്നും തീര്‍ച്ചപ്പെടുത്താം.

വരാപ്പുഴ വികാരിയാത്തില്‍ വികാരി ജനറാളായിരുന്ന, 1869-ല്‍ വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായി നിയമിക്കപ്പെട്ട, ഫാ. ലെയൊനാര്‍ദ് ഓഫ് സെന്റ് അലോഷ്യസ് എന്ന മൂപ്പന്‍ പാദ്രി (സീനിയര്‍ പ്രീസ്റ്റ്) 1869 മേടം 24-നു പ്രസിദ്ധീകരിച്ച സര്‍ക്കുലറിലൂടെ യാണു ഇടവകപ്പള്ളികളിലും കുരിശുപള്ളികളിലുമെല്ലാം മാതാവി ന്റെ വണക്കമാസം ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന കല്പന പ്രസിദ്ധപ്പെടുത്തിയത്. 1869 ഡിസംബര്‍ മാസത്തില്‍ മെത്രാന്മാരുടെ ഒരു സൂനഹദോസ് റോമില്‍ വിളിച്ചുകൂട്ടാന്‍ ഒന്‍പതാം പീയൂസ് പാപ്പ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 8-നു (അമലോത്ഭവ തിരുനാള്‍ ദിവസം) മെത്രാന്മാരുടെ സൂനഹദോസ് ആരംഭിക്കാനായിരുന്നു മാര്‍പാപ്പയുടെ തീരുമാനം. ഡിസംബര്‍ 8-നു ആരംഭിക്കുന്ന സൂനഹദോസിന്റെ വിജയത്തിനുവേണ്ടി യും അതിന്റെ ഒരുക്കത്തിന്റെ ഭാഗമായിട്ടും മാതാവിന്റെ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തണമെ ന്നു പാപ്പ മെത്രാന്മാരോട് ആവശ്യപ്പെട്ടു. അതിന്റെ പശ്ചാത്തലത്തില്‍ മാതാവിന്റെ പ്രത്യേക മാദ്ധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കണമെന്നു ആവശ്യപ്പെട്ട് അയച്ച സര്‍ക്കുലറിലാണ് ഫാ. ലെയൊനാര്‍ദ് വണക്കമാസാചരണത്തെക്കുറിച്ചു എഴുതിയിരിക്കുക.

സര്‍ക്കുലറില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "അപ്പഴൊ പ്രിയപ്പെട്ട മക്കളെ, തിന്മകളുടെ പെരിപ്പത്താലെയും അടുത്തിരിക്കുന്ന നാശങ്ങളുടെ ഭയങ്കരത്താലെയും എത്ര വലിയ കാര്യമാകുന്ന ആകമാനത്തിനടുത്ത സൂനഹദൊസു കൂടുവാന്‍ ആവശ്യം കണ്ടിരിക്കുന്ന രെംശൊമിശിഹായുടെ വികാരിയുടെ അഭിപ്രായങ്ങളൊടു നാം എല്ലാവരും ചെര്‍ന്നകൊണ്ട ലൊകമൊക്കെയിലുമുളള ഇടത്തൂടുകളെ നശിപ്പിക്കാന്‍ മുഷ്‌കരത്വം കൈക്കൊണ്ടിരിക്കുന്ന പരിശുദ്ധ ദൈവമാതാവിനൊടു അടുത്തിരിക്കുന്ന തന്റെ വണക്കമാസത്തില്‍ മഹാ എരിവൊടുകൂടി ശുദ്ധ: പള്ളിയുടെ വര്‍ദ്ധിപ്പിനും, വാഴ്‌ചെക്കും, ശുദ്ധ: മാര്‍പാപ്പയുടെ സൌഖ്യത്തിനും രക്ഷയ്ക്കും വെണ്ടിയും തിന്മകളും, പാപക്രമങ്ങളും, ഇടത്തൂടുകളും നശിക്കുന്നതിനും എല്ലാവരും അപെക്ഷിപ്പാന്‍ താല്പര്യമായിരിക്കകൊണ്ട രെം രാജസ്ത്രീയുടെ വണക്കമാസം ഇടവക പള്ളികളിലും കുരിശുപള്ളികളിലും ഇസ്‌കൊളകളിലും മഹാഭക്തിയൊടുകൂടെ കഴിപ്പാനും എല്ലാവരും കൂടുവാനും നാം കല്പിക്കുന്നു. എന്നാല്‍ മെല്‍ചൊല്ലിയ ഗുണങ്ങളെ സാധിക്കുന്നതിന്ന ദൊഷം വിഘ്‌നമായിരിക്കുന്നതു കൂടാതെ ദൈവകോപാഗ്നിയുടെ ശിക്ഷകളെ നമ്മുടെ തലമെല്‍ വലിക്കുന്ന ഏക കാരണമാകയാല്‍ നല്ല കുമ്പസാരത്താല്‍ ആത്മശുദ്ധി വരുത്തുന്നതിന്ന എല്ലാവരും താല്പര്യപ്പെട്ടുകൊള്‍കയും വെണം. വിശേഷിച്ച രെം തിരുമാസം കഴിക്കുന്നതില്‍ വെച്ചുണ്ടാകുന്ന ക്രമക്കെടുകള്‍ പരിശുദ്ധ ദൈവമാതാവിന്ന ഇഷ്ടക്കെടുള്ളതും തന്റെ എത്രയും വല്ലഭമുള്ള മദ്ധ്യസ്ഥാനത്താല്‍ സാധിക്കെണ്ടുന്ന മെല്‍ചൊല്ലിയ ഏറ്റിക്കപ്പെട്ട നന്മകളെ സാധിക്കുന്നതിന്ന വിഘ്‌നമുള്ളതാകയാല്‍ രെം തിരുമാസത്തിന്റെ ഘോഷത്തിനായിട്ട വെടി, വിരുന്ന, വാദ്യം എന്നിങ്ങനെ ഭക്തിക്കും ബൊധയടക്കത്തിന്നും വിരൊധമായിരിക്കുന്ന ശെഷം ക്രമക്കെടുകളെയും നാം വിലക്കിയിരിക്കുന്നുവെന്നു എവല്ലാവരും അറിഞ്ഞിരിക്കട്ടെ". മേല്പറഞ്ഞ കല്പനയുടെ പശ്ചാത്തലത്തില്‍ 1869 മുതല്‍ ഇടവക പള്ളികളിലും കുരിശുപള്ളികളിലും കാലക്രമേണ ക്രിസ്തീയ ഭവനങ്ങളിലും പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം ആണ്ടുതോറും മെയ്മാസത്തില്‍ ആചരിക്കാന്‍ തുടങ്ങി. യൂറോപ്പില്‍ മാതാവിന്റെ വണക്കമാസം ആചരിച്ചിരുന്നതു മെയ് മാസത്തിലായിരുന്നു. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാള്‍ മെയ്മാസത്തിലാണല്ലോ ആചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മെയ്മാസ വണക്കം ആരംഭിച്ചതെന്നു പറയപ്പെടുന്നു.

കേരളത്തിലെ കത്തോലിക്കര്‍ക്കിടയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വളര്‍ന്നു തുടങ്ങിയതും ഇരുപതാം നൂറ്റാണ്ടില്‍ ആഴത്തില്‍ വേരോടിയതുമായ ഒരു ഭക്താഭ്യാസമാണു വണക്ക മാസാചരണം. വിദേശീയ കര്‍മ്മലീത്താ മിഷനറിമാരിലൂടെ കേരളസഭയിലേക്കു രംഗപ്രവേശം ചെയ്ത ഈ ഭക്താനുഷ്ഠാനത്തെ വിദേശീയ മെത്രാന്മാര്‍ മാത്രമല്ല, സ്വദേശീയ മെത്രാന്മാരും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു.

1870 ഡിസംബര്‍ 8-നു ഒമ്പതാം പീയൂസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ തിരുസഭയുടെ പൊതു മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു കല്പന പുറപ്പെടുവിച്ചു. ഏകദേശം ഒരു ദശവത്സരത്തിനുശേഷം വിശുദ്ധ യൗസേപ്പിനോടുള്ള ഭക്തിയും വണക്കവും സവിശേഷമാംവിധം കേരളസഭയിലും പ്രചാരത്തിലായി. അതിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസാചരണ ത്തിനും തുടക്കം കുറിച്ചു. 1879-ലാണു വിശുദ്ധ യൗസേപ്പിനോടുള്ള വണക്കമാസാചരണം ആരംഭിച്ചത്. കര്‍മ്മലീത്താ സഭയിലെ (കര്‍മ്മലീത്താ ഒന്നാം സഭയിലെയും മൂന്നാം സഭയിലെയും) വൈദികരാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസവും എഴുതിയുണ്ടാക്കിയതും പ്രചരിപ്പിച്ചതും. വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ആചരിക്കുന്ന മാര്‍ച്ചുമാസമാണ് വിശുദ്ധന്റെ വണക്കമാസമായി ആചരിക്കുന്നത്.

1879 കുംഭം 13-നു ലെയൊനാര്‍ദ് മെത്രാപ്പോലീത്ത എഴുതിയ ഇടയലേഖനത്തിലാണു വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം ചൊല്ലണമെന്ന നിര്‍ദ്ദേശം ആദ്യമായി നല്കിയത്. പ്രസ്തുത ഇടയലേഖനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "നമ്മുടെ ആത്മശരീരത്തിനു വെണ്ടിയ ദൈവാനുഗ്രഹങ്ങളും ….ശീശ്മയിലുള്‍പ്പെട്ടിരിക്കുന്നവര്‍ക്കു ദൈവ വെളിവും ശീശ്മില്‍നി ന്നും ഒഴിവാകാന്‍ വെണ്ടിയ ആത്മശക്തിയും ലഭിക്കുകയും ചെയ്യും. ആകയാല്‍ അടുത്തിരിക്കുന്ന രെം പിതാവിന്റെ മാസവണക്കം മീനമാസം 1-ാം തീയതി മുതല്‍ 31-ാം തീയതിവരെ എല്ലാ പള്ളികളിലും കുരിശുപള്ളികളിലും ഇസ്‌ക്കൊളകളിലും വീടുകളിലും മഹാ ഭക്തിയൊടെ നടത്തണമെന്ന നമ്മുടെ താല്പര്യമായിരിക്കുന്നു. രെം പിതാവിന്റെ മദ്ധ്യസ്ഥത്തിന്മെല്‍ നമുക്കുണ്ടായിരിക്കുന്ന മനൊശരണം രെം വണ്ണം കല്പിപ്പാന്‍ നമ്മെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ആയതിന്ന നമ്മുടെ ബഹു. വികാരിമാരെയും ബ. പട്ടക്കാരരെയും ആശാന്മാരെയും വീട്ടു തലവന്മാരെയും ചുമതലപ്പെടുത്തുന്നു. നമ്മുടെ രെം കല്പന പോലെ ശുഷ്‌കാന്തിപ്പെടുന്നവര്‍ ക്കു മരണനെരത്തില്‍ രെം ഓര്‍മ്മതന്നെ എത്രയൊ ആശ്വാസം വരുത്തും". ഈ കല്പനയുടെ പശ്ചാത്തലത്തില്‍ 1879 മുതലാണു വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസം പ്രചാരത്തിലായത്.

വരാപ്പുഴ മെത്രാപ്പോലീത്ത ലെയൊനാര്‍ദ് മെലാനൊ 1874 ഡിസംബര്‍ 8-നു തന്റെ വികാരിയാത്തിലെ മുഴുവന്‍ വിശ്വാസികളെയും വികാരിയാത്തിനെയും ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചു. അതിനു മുന്നോടിയായി ഈ പ്രതിഷ്ഠാ കര്‍മ്മം ഡിസംബര്‍ 8-നു എല്ലാ പള്ളികളിലും നടത്തണമെന്നു ഉദ്‌ബോധിപ്പിച്ചു 1874 വൃശ്ചികം 18-നു പള്ളികളിലേക്കു ഇടയലേഖനം അയച്ചു. തിരുഹൃദയ പ്രതിഷ്ഠയുടെയും തിരുഹൃദയ വണക്കത്തിന്റെയും പ്രാധാന്യം പ്രസ്തുത ഇടയലേഖനത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്, ഈ പ്രതിഷ്ഠയുടെയും ഇടയലേഖനത്തിന്റെയും പശ്ചാത്തലത്തില്‍ കാലക്രമേണ കര്‍മ്മലീത്താ വൈദികര്‍ തിരുഹൃദയ വണക്കമാസം ആചരിക്കാന്‍ തുടങ്ങി. കൊവേന്തകളില്‍ ആരംഭിച്ച തിരുഹൃദയ വണക്കമാസാചരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇടവകപ്പള്ളികളിലേക്കും കുരിശുപള്ളികളിലേക്കും വ്യാപിച്ചു. എങ്കിലും തിരുഹൃദയ വണക്കമാസാചരണം വീടുകളില്‍ പ്രചരിച്ചത് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാത്രമാണ്. എറണാകുളം – അങ്കമാലി അതിരൂപതയില്‍ തിരുഹൃദയ ഭക്തിയും തിരുഹൃദയ വണക്കവും പ്രചരിപ്പിക്കാന്‍ ഏറെ പരിശ്രമിച്ച വ്യക്തിയാണു പ്രഥമ വികാരി അപ്പസ്‌തോലിക്കയായ മാര്‍ ളൂയിസ് മെത്രാന്‍. അദ്ദേഹം തന്റെ ദൈവജനത്തിനുവേണ്ടി 1897 മേടം 25-നു എഴുതിയ പ്രഥമ ഇടയലേഖനത്തിലെ പ്രധാന വിഷയം ദൈവമാതൃ വണക്കത്തിന്റെയും തിരുഹൃദയ വണക്കത്തിന്റെയും പ്രാധാന്യവും വണക്കമാസാചരണവുമാണ്. തിരുഹൃദയ തിരുനാള്‍ ആചരിക്കുന്ന ജൂണ്‍ മാസത്തിലാണു തിരുഹൃദയ വണക്കമാസം ആചരിക്കുന്നത്.

ഈ കാലഘട്ടത്തില്‍ തന്നെ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസവും ആരംഭിച്ചു. ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളുടെ വണക്കമാസം ശുദ്ധീകരണാത്മാക്കളെ സവിശേഷമായി ഓര്‍മ്മിച്ചു പ്രാര്‍ത്ഥിക്കുന്ന നവംബര്‍ മാസത്തിലാണ് ആചരിച്ചുവരുന്നത്.

അനുചിന്തനം: ക്രിസ്തീയ ഭക്താനുഷ്ഠാനങ്ങളില്‍ ഒരുകാലത്തു പ്രഥമ സ്ഥാനം നേടിയ ഒന്നായിരുന്നു വണക്കമാസാചരണം. കാലങ്ങള്‍ പിന്നിട്ടപ്പോള്‍, കുടുംബ പ്രാര്‍ത്ഥനപോലും അപ്രത്യക്ഷമായിക്കൊ ണ്ടിരിക്കുന്ന സാഹചര്യത്തില്‍, വണക്കമാസാചരണ വും അപ്രത്യക്ഷമാവുക സ്വാഭാവികമാണല്ലോ. സസ്യങ്ങളുടെ വളര്‍ച്ചയ്ക്കു വളവും ജലവും എപ്രകാരം ആവശ്യമായിരിക്കുന്നുവോ അപ്രകാരം ആത്മീയജീവിതത്തിന്റെ വളര്‍ച്ചയ്ക്കും പരിപോഷണത്തിനും ഇത്തരം ഭക്താനുഷ്ഠാനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തവയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org