സക്രാരി

സക്രാരി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ആഗോള കത്തോലിക്കാ സഭയില്‍ (പാശ്ചാത്യ, പൗരസ്ത്യ സഭകളില്‍) സ്ഥലകാല റീത്തു വ്യത്യാസങ്ങളില്ലാതെ ദേവാലയങ്ങളില്‍ കാണപ്പെടുന്ന ഒന്നാണ് സക്രാരി. പാശ്ചാത്യസഭാ പാരമ്പര്യത്തില്‍ ഉത്ഭവിച്ച സക്രാരി ആഗോള കത്തോലിക്കാ സഭയില്‍ സ്ഥലകാല റീത്തു വ്യത്യാസങ്ങളില്ലാതെ ഇന്നും പ്രചാരത്തിലിരിക്കുന്നു. ദേവാലയത്തിന്റെ പ്രധാന ഭാഗമായ മദ്ബഹയില്‍ (Sanctury) പ്രധാന സ്ഥാനത്തുതന്നെ പ്രതിഷ്ഠിതമാണ് ഈശോയുടെ ശരീരമായ വിശുദ്ധ കുര്‍ബാന (തിരുവോസ്തി) പൂട്ടി സൂക്ഷിക്കുന്ന സക്രാരി. (ചില സ്ഥലങ്ങളില്‍, ലത്തീന്‍ സഭയിലും പൗരസ്ത്യ റീത്തുകളിലും പ്രധാന ത്രോണോസിലല്ല, സൈഡ് ആള്‍ട്ടറില്‍ (Side Alter) ആണ് സക്രാരി സ്ഥാപിച്ചിട്ടുള്ളത്). പാശ്ചാത്യ മിഷനറിമാരുടെ ആഗമനത്തിനു മുമ്പ് കേരളത്തിലെ നസ്രാണി സഭ സക്രാരി ഉപയോഗിച്ചിരുന്നില്ല. അതായത് പള്ളികളില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന ഒരു പതിവ് ഇല്ലായിരുന്നു. രോഗികള്‍ക്കും മറ്റും വിശുദ്ധ കുര്‍ബാന കൊടുക്കേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ വിശുദ്ധ കുര്‍ബാന പീലാസയില്‍ ത്രോണോസില്‍ (ബലിപീഠം) തന്നെ സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ കൂടുതല്‍ സമയമോ ദിവസമോ ത്രോണോസില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിക്കുകയും ചെയ്തിരുന്നില്ല.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പാശ്ചാത്യ മിഷനറിമാര്‍ ഇവിടെയെത്തിയെങ്കിലും ഉദയംപേരൂര്‍ സൂനഹദോസിന്റെ കാലഘട്ടം വരെയും പാശ്ചാത്യ ശൈലികളൊന്നും നസ്രാണികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഉദയംപേരൂര്‍ സൂനഹദോസോടെ, പ്രത്യേകിച്ചും പ്രഥമ ലത്തീന്‍ മെത്രാപ്പോലീത്തയായ ഫ്രാന്‍സിസ് റോസിന്റെ ഭരണത്തോടെ ലത്തീന്‍ ക്രമങ്ങള്‍ നസ്രാണികളുടെ ഇടയില്‍ അവതരിപ്പിക്കുകയും ലത്തീന്‍ ക്രമങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാശ്ചാത്യസഭയില്‍ പ്രചാരത്തിലിരുന്ന പല സമ്പ്രദായങ്ങളും നസ്രാണികള്‍ക്കിടയില്‍ രംഗപ്രവേശം ചെയ്തത്.

ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളിലും ഫ്രാന്‍സിസ് റോസിന്റെ നിയമാവലിയിലും സക്രാരിയെക്കുറിച്ചോ സക്രാരിയില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്നതിനെക്കുറിച്ചോ പരാമര്‍ശങ്ങളൊന്നുമില്ല. കേരളത്തില്‍ സക്രാരി ആദ്യം അവതരിപ്പിക്കപ്പെട്ടത് നസ്രാണിപ്പള്ളികളിലായിരുന്നില്ല എന്നു കരുതേണ്ടിയിരിക്കുന്നു. അതേസമയം പോര്‍ട്ടുഗീസ് മിഷനറിമാരും പിന്നീട് കര്‍മ്മലീത്താ മിഷനറിമാരും മുന്‍കൈ എടുത്ത് സ്ഥാപിച്ച ലത്തീന്‍ പള്ളികളിലും പാശ്ചാത്യസഭാ പാരമ്പര്യപ്രകാരം സക്രാരികള്‍ സ്ഥാപിക്കപ്പെട്ടത് പില്ക്കാലത്താണ് എന്നും രേഖകള്‍കൊണ്ടു തെളിയുന്നു. പാശ്ചാത്യ മിഷനറിമാര്‍ നസ്രാണികളുടെ ഭരണം ഏറ്റെടുത്തിട്ടും ഉടനെ തന്നെ സക്രാരി സമ്പ്രദായം നസ്രാണിപ്പള്ളികളില്‍ നടപ്പാക്കിയില്ല എന്നുവേണം അനുമാനിക്കാന്‍. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെയും ചില ഒറ്റപ്പെട്ട നസ്രാണി പള്ളികളില്‍ മാത്രമാണ് സക്രാരി സ്ഥാപിച്ചു വിശുദ്ധ കുര്‍ബാന സൂക്ഷിച്ചിരുന്നതെന്നു പില്ക്കാലത്തെ റെക്കോഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

പാശ്ചാത്യ മിഷനറിമാരുടെ ആഗമനത്തിനു മുമ്പ് കേരളത്തിലെ നസ്രാണി സഭ സക്രാരി ഉപയോഗിച്ചിരുന്നില്ല. അതായത് പള്ളികളില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന ഒരു പതിവ് ഇല്ലായിരുന്നു.

സക്രാരി എന്ന പദത്തിന്റെ ഉത്ഭവം പോര്‍ട്ടുഗീസു ഭാഷയിലെ 'സക്രാരിയൊ' എന്ന വാക്കില്‍ നിന്നാണ്. ഈ വാക്കിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രത്യേകതയെക്കുറിച്ചും ബഹു. കുരുക്കൂറച്ചന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "സക്രാരിയോ എന്ന പോര്‍ത്തുഗീസ് വാക്കില്‍നിന്നാണ് മലയാളത്തില്‍ സക്രാരി എന്ന വാക്കുണ്ടായത്. ആ പോര്‍ത്തുഗീസ് വാക്കാകട്ടെ സക്രാരിയും (Sacrarium) എന്ന ലത്തീന്‍ വാക്കില്‍ നിന്നു വരുന്നു. വിശുദ്ധ വസ്തുക്കള്‍ സൂക്ഷിക്കുന്ന പേടകം (ചെറിയപെട്ടി) എന്നാണ് അതിന്റെ അര്‍ത്ഥം. ലത്തീനിലെ സാച്ചെര്‍ എന്ന വിശേഷണത്തിന് വിശുദ്ധമായ എന്നര്‍ത്ഥം. അതിന്റെ ധാതുവാകട്ടെ സച് എന്നാണ് (ഗ്രീക്കില്‍ അഗ്-ഇഓസ്, അഗ്-നോസ്). സംസ്‌കൃതത്തിലെ യജ് എന്ന ധാതുവുമായി ഇതിന് ബന്ധമുണ്ട്. ബലിയര്‍പ്പിച്ചുകൊണ്ട് ആരാധിക്കുക എന്നാണല്ലോ ഉദ്ദേശിക്കുന്നത്. സച് എന്ന ധാതുസക് എന്നായിത്തീര്‍ന്നു. സാക്രാ എന്നതിന് വിശുദ്ധമായത് എന്നും ആരിയും എന്നതിന് അതിനെ സംബന്ധിച്ചത് എന്നും അര്‍ത്ഥം. അങ്ങനെ സക്രാരിയും എന്ന വാക്കിന് വിശുദ്ധമായതിനെ സംബന്ധിച്ച എന്നര്‍ത്ഥം വരുന്നു. വിശുദ്ധമായ കുര്‍ബാനയപ്പം സൂക്ഷിക്കുന്ന പേടകമാണെന്ന് സാരം. സ ക്രാരിക്ക് റ്റാബര്‍നാക്കിള്‍ (tabernacle) എന്നാണ് ഇഗ്ലീഷില്‍ പറയുക. താബെര്‍നാ എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് അതിന്റെ വരവ്. കുടില്‍, കൂടാരം, സത്രം, ഷെഡ്, ബൂത്ത്, സ്റ്റാള്‍ എന്നൊക്കെയാണ് അതിനര്‍ത്ഥം. ഇവിടെ പെട്ടി എന്ന അര്‍ത്ഥമേ ഉദ്ദേശിക്കുന്നുള്ളൂ. ചെറുത് എന്നു സൂചിപ്പിക്കാന്‍ കുളും എന്ന പ്രത്യയം ചേര്‍ത്ത് താബെര്‍നാകുളും എന്ന ലത്തീന്‍ വാക്കുണ്ടാക്കുന്നു. അതില്‍നിന്ന് ഇംഗ്ലീഷിലെ ടാബര്‍ നാക്കിള്‍ (റ്റാബര്‍നാക്കിള്‍) എന്ന വാക്കുണ്ടായി. തബ് ആണ് അതിന്റെ അടിസ്ഥാന ധാതു. ഗ്രീക്കിലെ 'തം' തന്നെയാണത്. ഇംഗ്ലീഷിലെ ടേബിള്‍ എന്നര്‍ത്ഥമുള്ള താബുള എന്ന വാക്കും തബ് എന്ന ധാതുവില്‍ നിന്നുണ്ടാകുന്നു (ഡോ. ജോര്‍ജ്ജ് കുരിക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, p. 232).

പോര്‍ട്ടുഗീസ് മിഷനറിമാരിലൂടെ സക്രാരി എന്ന പദവും അതിന്റെ ഉപയോഗവും കേരള സഭയില്‍ അവതരിപ്പിക്കപ്പെടുന്നതിനുമുമ്പ് രോഗികള്‍ക്കു വിശുദ്ധ കുര്‍ബാനയ്ക്കു കൊടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ തിരുപ്പാഥേയം പള്ളിയില്‍ സൂക്ഷിച്ചിരുന്നു. "അങ്ങനെ സൂക്ഷിക്കുന്ന തിരുപ്പാഥേയത്തിന് 'സ്‌വാദാ' എന്നാണ് സുറിയാനി ഭാഷയില്‍ പറഞ്ഞിരുന്നത്. "തിരുവോസ്തി തിരുരക്തത്തില്‍ മുക്കി പീലാസയിലാക്കി കബ്‌ലാന കൊണ്ടു മൂടിക്കെട്ടി 'പറുദീസ്ഖാ' എന്നു വിളിക്കപ്പെടുന്ന പെട്ടികളില്‍ മദ്ബഹയുടെ ഭിത്തികളിലുളള മൈത്തോപ്പില്‍ (Recess) തൂക്കിയത്രെ സൂക്ഷിച്ചിരുന്നത്" (ഫാ. ഫാബിയന്‍, കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുര്‍ബാന, മാന്നാനം, 1953, p. 317).

മുമ്പ് സൂചിപ്പിച്ചതുപോലെ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് നസ്രാണിപ്പള്ളികളില്‍ (കത്തോലിക്കാ സുറിയാനി പള്ളികളില്‍) സക്രാരികള്‍ നിര്‍ബന്ധമായും സ്ഥാപിക്കാന്‍ തുടങ്ങിയത്. സുറിയാനി കത്തോലിക്കര്‍ വരാപ്പുഴ വികാരിയാത്തില്‍ വരാപ്പുഴ വികാരിയപ്പസ്‌തോലിക്കയുടെ കീഴിലായിരുന്ന കാലഘട്ടത്തിലാണ് ഇപ്രകാരം ഒരാചാരം തുടങ്ങിയത്. വരാപ്പുഴ വികാരിയപ്പസ്‌തോലിക്കയായിരുന്ന ആര്‍ച്ചുബിഷപ്പ് ലെയൊനാര്‍ദ്ദ് മെലാനൊയാണ് എല്ലാ പള്ളികളിലും സക്രാരി ഉണ്ടായിരിക്കണമെന്ന നിയമം കൊണ്ടുവന്നത്. 1879-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പ്രതിപാദിക്കുന്നിടത്ത് 5-ാം നമ്പറില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അനെകം പള്ളികളില്‍ സക്രാരി ഇല്ലായ്കകാരണത്താല്‍ കുമ്പസാരിക്കുന്ന വിശ്വാസികള്‍ക്ക ശുദ്ധ: കുര്‍ബ്ബാന കൊടുക്കുന്നതിനുവെണ്ടി പല നാഴികയൊളം ശുദ്ധ: കുര്‍ബാന ത്രൊണൊസിന്മെല്‍ എഴുന്നള്ളിച്ച വെക്കുമാറാകുന്നു. ഇത എത്രയും ആശാരക്കുറവുള്ളതും, തിരുസ്സഭയുടെ കര്‍മ്മന്യായത്തിനു വിരൊധമുള്ളതുമാകുന്നു. എന്നതിനെക്കൊണ്ടു നമ്മുടെ ംരം കല്പന പരസ്യപ്പെടുത്തുന്ന നാള്‍ തുടങ്ങി ഒരു വര്‍ഷത്തിനകത്ത ഇടവകപ്പള്ളികളൊക്കയിലും വലിയ ത്രൊണൊസില്‍ എങ്കിലും ചിതമാകും വണ്ണം അലങ്കരിക്കപ്പെട്ട മറ്റ ത്രൊണൊസില്‍ എങ്കിലും തക്കതായ ഒരു സക്രാരി തീര്‍പ്പിച്ച സ്ഥാപിക്കണമെന്ന നാം കല്പിക്കുന്നു. മെല്‍ചൊല്ലിയ അവധി കഴിഞ്ഞിട്ട യാതൊരു ഇടവകപ്പള്ളിയില്‍ സക്രാരി തീര്‍പ്പിച്ചില്ലായെങ്കില്‍ ആ പള്ളിയില്‍ പെരുന്നാളുകളൊക്കയും നാം മുടക്കിയിരിക്കുന്നു. മെല്‍ചൊല്ലിയ സക്രാരി പുറമെ പൊന്‍പൂശപ്പെട്ടതായിരിക്കണം. അകത്ത് ഒന്നുകില്‍ പൊന്‍പൂശപ്പെട്ടത അല്ലെങ്കില്‍ വെള്ള ദമാസ്‌ക ഇടപ്പെട്ടതായിരിക്കെണം. വിശെഷിച്ച വെടിപ്പായിട്ടുള്ള താക്കൊള്‍ അതിനുണ്ടാക്കി ബ: വിഗാരി സൂക്ഷിക്കയും വെണം" (കല്പനകളും നിയമങ്ങളും, p. 22).

വിശുദ്ധ കുര്‍ബാന എപ്രകാരമാണ് സക്രാരിയില്‍ സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചും കൃത്യമായ നിര്‍ദ്ദേശം ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത നല്കിയിരുന്നു. രോഗികള്‍ക്കും വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനുശേഷം കുമ്പസാരിക്കുന്നവര്‍ക്കും വിശുദ്ധ കുര്‍ബാന കൊടുക്കുന്നതിനു വേണ്ടിയാണ് വിശുദ്ധ കുര്‍ബാന (തിരുവോസ്തി) സൂക്ഷിക്കേണ്ടത് എന്നു വിശദീകരിച്ചതിനുശേഷം ഇപ്രകാരം എഴുതിയിരിക്കുന്നു: "….ഇങ്ങനെയുള്ള സംഗതിയിങ്കല്‍ വെച്ച ആവശ്യത്തിന്ന തക്കതിന്‍വണ്ണം പര്‍ത്തീഞ്ഞ (ചെറിയ ഓസ്തി) കൂദാശ ചെയ്യുകയും ശുദ്ധ: ചൊര (തിരുരക്തം) അടക്കിയതിന്റെ ശെഷം ശുദ്ധ: പര്‍ത്തീഞ്ഞകളെ കുസ് തൊദിയായില്‍ വെക്കയും മുട്ടുകുത്തി എഴുന്നെറ്റ കുസ്‌തൊദിയായ്ക്ക മൂടിക ഇടുകയും ആയത സക്രാരിയില്‍ വെച്ച വീണ്ടും മുട്ടുകുത്തുകയും എഴുന്നെറ്റ വാതില്‍ പൂട്ടുകയും കുര്‍ബാന കൊടുത്തു കഴിയുന്നതുവരെ ഒരു വിളക്കെങ്കിലും ശുദ്ധ: കുര്‍ബാനയുടെ മുമ്പാകെ കത്തിച്ചു വെക്കയും വെണം.

മേല്‍ പ്രസ്താവിച്ച സംഗതികളില്‍ നിന്നും 1879-ലെ കല്പനപ്രകാരം 1880 മുതലാണ് എല്ലാ ഇടവകപ്പള്ളികളിലും നിര്‍ബന്ധമായും സക്രാരി സ്ഥാപിക്കാനും അതില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിക്കാനും (കേരള കത്തോലിക്കാ സഭയില്‍, പ്രത്യേകിച്ചും നസ്രാണികള്‍ക്കിടയില്‍) തുടങ്ങിയതെന്നു സിദ്ധിക്കുന്നു. മാത്രമല്ല, കല്പനപ്രകാരം വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന സക്രാരിക്കു സമീപം കെടാവിളക്കും (എണ്ണവിളക്ക്) കത്തിച്ചു സൂക്ഷിക്കയും ചെയ്തിരുന്നു. സക്രാരിയില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്നു എന്നതിന്റെ ഒരടയാളം കൂടിയാണ് കെടാവിളക്ക്. പില്ക്കാലത്ത് സക്രാരിയുടെ മുന്‍വശത്ത് ഒരു ചെറിയ വിരി (സക്രാരി വിരി) കൂടി ഇടുന്ന പതിവ് ആരംഭിച്ചു. സക്രാരിയുടെ മുന്നിലെ വിരിയും കെടാവിളക്കും സക്രാരിയില്‍ വിശുദ്ധ കുര്‍ബാന വച്ചിരിക്കുന്നതിന്റെ പ്രതീകങ്ങളായി കരുതപ്പെടുന്നു.

ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോന ആറാം മൌത്വാ, ഏഴാം കൂടിവിജാരം, 22-ാം കാനോനയില്‍ പറയുന്നു: "പള്ളിയിലെ വെളക്ക ഒക്കയും വഴിയെ തെച്ച വെളുപ്പിക്കയും അതിലൊന്നില്‍ ഒര തിരി എപ്പഴും കത്തിച്ചിരിക്കയും വെണം." വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്ന പതിവ് ഇല്ലാതിരുന്ന കാലത്തുപോലും ദേവാലയത്തില്‍ ദൈവസാന്നിധ്യത്തിന്റെ പ്രതീകമായി ഒരു കെടാവിളക്ക് കത്തിച്ചിരിക്കണം എന്നതായിരുന്നു സൂനഹദോസിന്റെ കാനോനയില്‍ എഴുതിയിരിക്കുന്നത്.

വരാപ്പുഴ വികാരിയാത്തില്‍നിന്നും സുറിയാനി കത്തോലിക്കരെ വേര്‍പ്പെടുത്തി 1887-ല്‍ ആദ്യം തൃശിവപ്പേരൂര്‍, കോട്ടയം വികാരിയാത്തുകളും 1896-ല്‍ എറണാകുളം, ചങ്ങനാശ്ശേരി, തൃശിവപ്പേരൂര്‍ വികാരയാത്തുകളും സ്ഥാപിതമായപ്പോഴും സുറിയാനിപ്പള്ളികളില്‍ ലൊയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത നല്കിയ കലപ്നകളും നിയമങ്ങളുമാണ് പിന്‍തുടര്‍ന്നത്. 1904-ല്‍ ചങ്ങനാശ്ശേരി വികാരിയപ്പസ്‌തോലിക്ക തയ്യാറാക്കി പ്രസിദ്ധീകരിച്ച ദെക്രത്തു പുസ്തകത്തിലും ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്തായുടെ കല്പന അതേ പ്രകാരത്തില്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍നിന്നും 1904-ല്‍ പോലും എല്ലാ പള്ളികളിലും സക്രാരി സ്ഥാപിച്ചിരുന്നില്ലെന്ന സൂചനയുണ്ട്.

വൈദികര്‍ താമസിക്കുന്ന പള്ളികളില്‍ മാത്രമെ സക്രാരിയില്‍ വിശുദ്ധ കുര്‍ബാന സൂക്ഷിച്ചിരുന്നുള്ളൂ. ഇന്നും ആ പതിവ് തുടരുന്നു. കെടാവിളക്ക് എണ്ണത്തിരിയായിരിക്കണം എന്ന നിബന്ധന പണ്ടുണ്ടായിരുന്നു. എന്നാല്‍ വൈദ്യുതി വിളക്കുകള്‍ വന്നതോടെ എണ്ണവിളക്കുകള്‍ വൈദ്യുതി വിളക്കുകള്‍ക്കു വഴിമാറി. അതുകൊണ്ട് വൈദ്യുതി ഇല്ലാത്തപ്പോഴും ബള്‍ബ് ഫീസാകുമ്പോഴും കെടാവിളക്ക് പള്ളികളില്‍ തെളിയാതെ പോകുന്ന അവസ്ഥയും സാധാരണയായി.

ആദ്യകാലങ്ങളില്‍ സക്രാരി നിര്‍മ്മിച്ചിരുന്നത് മരം കൊണ്ടായിരുന്നു. കൊത്തുപ്പണികളോടു കൂടിയതും തങ്കം കൊണ്ടുള്ള പെയിന്റിംഗ് നടത്തി മനോഹരമാക്കിയതുമായ സക്രാരികളായിരുന്നു പള്ളികളില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 1960-കളായപ്പോഴേക്കും ഇരുമ്പുകൊണ്ടുള്ള സക്രാരികള്‍ ഉപയോഗിച്ചു തുടങ്ങി. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇരുമ്പു സക്രാരി നിര്‍മ്മിക്കാന്‍ പ്രേരകമായത്: 1) പലപള്ളികളിലും കള്ളന്മാര്‍ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി വലിച്ചെറിയാനും കുസ്‌തോദി മോഷ്ടിക്കാനും ഇടയായി. 2) മരംകൊണ്ടുള്ള സക്രാരി ചിതലിന്റെ ആക്രമണത്തിന് ഇരയായി. ഈ രണ്ടു സാഹചര്യങ്ങളാല്‍ മരത്തിന്റെ സക്രാരി മാറ്റി ഇരുമ്പു സക്രാരികള്‍ ഉപയോഗിക്കണമെന്നു മേലദ്ധ്യക്ഷന്മാര്‍ കല്പനയിട്ടു. അതിന്റെ പശ്ചാത്തലത്തില്‍ ഇന്നോളം ഇരുമ്പു സക്രാരികള്‍ ഉപയോഗിച്ചുവരുന്നു. വിവധ ഡിസൈനുകളിലും വലിപ്പത്തിലുമുള്ള ഇരുമ്പു സക്രാരികള്‍ ഇന്ന് ലഭ്യമായിരിക്കുന്നു.

അനുചിന്തനം: മനുഷ്യമക്കളോടുകൂടെ എന്നും വസിക്കാന്‍ ആഗ്രഹിച്ച് മാംസമായി മാറിയ വചനമാകുന്ന ദൈവം ജീവന്റെ അപ്പമായി അവതരിക്കുന്നത് കുസ്‌തോതിയിലും സക്രാരിയിലും ഒളിച്ചിരിക്കാനല്ല മറിച്ച് മനുഷ്യമക്കളുടെ ഹൃദയങ്ങളില്‍ വസിക്കാനാ ണ്. ആകയാല്‍ മനുഷ്യഹൃദയമാകുന്ന സക്രാരിയില്‍ ഈശോ വസിക്കട്ടെ, രാജാവായി വാഴട്ടെ. പരിശുദ്ധ മറിയത്തെപ്പോലെ നമ്മോടുകൂടെ വസിക്കുന്ന (ഇമ്മാനുവേല്‍) ഈശോയെ വഹിക്കുന്ന ചലിക്കുന്ന സക്രാരികളായി നാമോരോരുത്തരും മാറട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org