വികാരിമാരുടെ സ്ഥലമാറ്റം

വികാരിമാരുടെ സ്ഥലമാറ്റം

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

നസ്രാണി സഭയില്‍ അടുത്ത കാലഘട്ടം വരെയും പുരോഹിതരെ പട്ടക്കാര്‍ എന്നാണു വിളിച്ചിരുന്നത്. 'പട്ടം' ഒരു സംസ്‌കൃത പദമാണ്. 'പദവി' എന്ന അര്‍ത്ഥത്തില്‍ പട്ടം എന്ന വാക്ക് പുരാതന കാലം മുതല്‍ ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്നു. ഹിന്ദു രാജാക്കന്മാരും പ്രഭുക്കളും ഉപയോഗിച്ചിരുന്ന ഒരു പദമാണിത്. നെറ്റിപ്പട്ടം, ഇന്ദ്രപ്പട്ടം, പട്ടത്താനം മുതലായ വാക്കുകള്‍ ശ്രദ്ധിക്കുക. ഉദയം പേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ ആവര്‍ത്തിച്ചുപയോഗിക്കുന്ന പദമാണ് 'പട്ടക്കാര്‍' എന്നത് (ഡോ. കുരുക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, pp. 144145). കത്തനാര്‍, ഇടവക പട്ടക്കാരന്‍, ദേശത്തു പട്ടക്കാരന്‍ എന്നെല്ലാം ക്രൈസ്തവ പുരോഹിതന്മാരെ വിളിച്ചിരുന്നു. മിഷനറിമാരുടെ ആഗമനത്തോടെ വിദേശീയ മിഷനറിമാരെ പാതിരിമാര്‍ എന്നു വിളിച്ചു തുടങ്ങിയപ്പോഴാണു നാട്ടിലെ വൈദികരെ (സ്വദേശീയ പുരോഹിതന്മാര്‍) നാട്ടുപട്ടക്കാര്‍, ദേശത്തു പട്ടക്കാര്‍, ഇടവക പട്ടക്കാര്‍ എന്നെല്ലാം വിളിച്ചു തുടങ്ങി. മാത്രമല്ല, സന്യാസസഭകള്‍ സ്ഥാപിക്കപ്പെടുകയും സന്യാസികളായ വൈദികര്‍ കൂടുതലായി സമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ സന്യസ്ത വൈദികരില്‍ നിന്നും ഇടവക പട്ടക്കാരെ തിരിച്ചറിയുന്നതിനു വേണ്ടിക്കൂടിയാണു മേല്പറഞ്ഞ വിധം വിളിക്കാന്‍ തുടങ്ങിയത്.
ആദ്യകാലങ്ങളില്‍ രൂപതയ്ക്കു വേണ്ടിയല്ല, ഓരോ ഇടവകയ്ക്കും വേണ്ടിയാണ് പുരോഹിതര്‍ക്കു പട്ടം നല്കിയിരുന്നത്. പൊതുയോഗത്തിന്റെ അറിവോടും അനുവാദത്തോടും കൂടെ മല്പാനേറ്റുകളില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വൈദികാര്‍ത്ഥികള്‍ക്കു വൈദിക പട്ടം നല്കുകയാണ് ചെയ്തിരുന്നത്. പൊതുയോഗത്തിന്റെ ശിപാര്‍ശയും അംഗീകാരവുമില്ലാതെ മെത്രാന്‍ പുരോഹിതാര്‍ത്ഥിക്കു വൈദികപട്ടം നല്കിയിരുന്നില്ല. യോഗം കൂടി ദേശക്കുറി കൊടുത്താല്‍ മാത്രമേ ഒരാള്‍ പട്ടത്തിന് അര്‍ഹനാകുന്നുള്ളൂ. ഉദയംപേരൂര്‍ സൂന ഹദോസിനു മുമ്പു നസ്രാണികള്‍ക്കിടയിലുണ്ടായിരുന്ന പാരമ്പര്യമനുസരിച്ച് ഒരു വ്യക്തി വൈദിക പട്ടം സ്വീകരിക്കുന്നത് അദ്ദേഹത്തെ ശിപാര്‍ശ ചെയ്യുന്ന പൊതു യോഗത്തിന്റെ ഇടവകയ്ക്കു വേണ്ടിയാണ്. എന്തെന്നാല്‍ അഭിഷിക്തനാകുന്ന വൈദികനെ 'അംശം' (ജീവിക്കാനുള്ള വിഹിതം) നല്കി സംരക്ഷിക്കേണ്ട ചുമതല ഇടവകാംഗങ്ങളുടേതായിരുന്നു. വൈദികന്റെ ഉപജീവനത്തിനുള്ളത് പള്ളിവസ്തുക്കളില്‍ നിന്നും ഇടവകാംഗങ്ങളില്‍ നിന്നുമാണ് നല്കിയിരുന്നത്. 16-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ മിഷനറിമാരുടെ കത്തുകളില്‍ നിന്നും റി പ്പോര്‍ട്ടുകളില്‍ നിന്നുമാണ് വൈദികരുടെ പരിശീലനം, ഉപജീവനം, ശുശ്രൂഷകള്‍ എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നമുക്കു ലഭിക്കുന്നത്.
ഇക്കാലത്ത് ഒരു പള്ളിയില്‍ മൂന്നോ നാലോ എട്ടോ പത്തോ വൈദികര്‍ വരെ ഉണ്ടായിരുന്നു. ഓരോ പള്ളിയിലും ദേശത്തു പട്ടക്കാര്‍ തവണമുറയ്ക്കു ജോലി നോക്കിയിരുന്നു. ദേശത്തു പട്ടക്കാരില്‍ ഏറ്റവും പ്രായമുള്ള ആളായിരുന്നു മൂപ്പച്ചന്‍. അദ്ദേഹത്തിനു ചില പ്രത്യേകതകളും ഉണ്ടായിരുന്നു (ഫാ. പ്ലാസിഡ്, നമ്മുടെ റീത്ത്, p. 198). എന്നാല്‍ ഒരു വ്യക്തിയെയും വിഗാരി എന്ന സ്ഥാനത്ത് നിയമിച്ചിരുന്നില്ല. എല്ലാ വൈദികര്‍ക്കും തുല്യമായ അവകാശാധികാരങ്ങളാണ് അജപാലനശു ശ്രൂഷകളില്‍ ഉണ്ടായിരുന്നത് എന്നും ഇടവകയില്‍ നിന്നും വൈദികര്‍ക്കുള്ള വരുമാനം എല്ലാവരുംകൂടി തുല്യമായി വീതിക്കുകയാണ് ചെയ്തിരുന്നതെന്നും മിഷനറിമാര്‍ എഴുതിയിരിക്കുന്നു (Mundadan, Traditions of St. Thomas Christians, pp. 152-153). മേല്പറഞ്ഞ സാഹചര്യത്തില്‍ വൈദികരെല്ലാം അവരവരുടെ ഇടവകകളില്‍ തന്നെ ശുശ്രൂഷ ചെയ്തു കൊണ്ടു ജീവിച്ചു. വൈദികര്‍ക്കു സ്ഥലമാറ്റം എന്നൊന്ന് ഇല്ലായിരുന്നു. താന്‍ അംഗമായിരിക്കുന്ന ഇടവകയില്‍ത്തന്നെ ശുശ്രൂഷ ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതി. മാത്രമല്ല, അവര്‍ കുടുംബ ജീവിതക്കാര്‍ കൂടിയായിരുന്നുവല്ലോ. മേല്പറഞ്ഞ സാഹചര്യത്തില്‍ ഒരു വൈദികനു മറ്റൊരു പള്ളിയിലേക്കു സ്ഥലം മാറ്റുക എളുപ്പമായിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പോലും
സ്വന്തം ഇടവകയില്‍ മൂന്നും നാലും ദശവത്സരങ്ങള്‍
അജപാലന ശുശ്രൂഷ ചെയ്തവരുടെ ചരിത്രമുണ്ട്.
എന്നിരിക്കിലും പൊതുവില്‍ പത്തൊമ്പതാം നൂറ്റാണ്ടു
മുതല്‍ വൈദികരുടെ സ്ഥലമാറ്റം കുറെക്കൂടെ നടപ്പിലായി;
പ്രത്യേകിച്ചും നസ്രാണി കത്തോലിക്കാ പള്ളികള്‍
എല്ലാം വരാപ്പുഴ വികാരിയാത്തില്‍.


എന്നാല്‍ ഈ പാരമ്പര്യത്തിനു മാറ്റം വരുത്തിയതും വൈദികര്‍ക്കു ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയതും സ്ഥലമാറ്റം നിശ്ചയിച്ചതും ഉദയംപേരൂര്‍ സൂനഹദോസാണ്. ഏഴാം മൌത്വാ ഏഴാം കൂടി വിചാരം രണ്ടാം കാനോനയില്‍ പറയുന്നു: 'പള്ളികളെ എടവകയായി തിരിപ്പാനും അത അത എടവകയില്‍ വെണ്ടുംപൊള്‍ ഓരൊരുത്തരെ നിറുത്തുവാനും നീക്കുവാനും മലംകര മെല്പട്ടക്കാരനെ ആവൂ.' തുടര്‍ന്ന് എഴുതിയിരിക്കുന്നു: 'വിശെഷിച്ചും മലംകരെടെ നല്ല വാഴ്ചനെക്കുറിച്ച ഒരു എടവക ഒരുത്തര്‍ക്കു മരിപ്പോളത്തെക്ക അടക്കി കൊടുക്കരുത എന്ന ശുദ്ധമാന സൂനഹദോസ പ്രമാണിക്കുന്നു.'"
ഒരു പട്ടക്കാരന്‍ രണ്ടു പള്ളികളുടെ വികാരി ആകാന്‍ പാടില്ല; ഒരു പട്ടക്കാരന്റെ പിതാവ് രണ്ടു പള്ളികള്‍ വച്ചിട്ടുണ്ടെങ്കിലും ആ രണ്ടു പള്ളികളില്‍ നിന്നും ഒരു പോലെ പട്ടക്കാരന്‍ 'അംശം' സ്വീകരിക്കാന്‍ പാടില്ല; ഒരു പള്ളിയില്‍ മേല്പട്ടക്കാരന്‍ (മെത്രാന്‍) നിയമിക്കുന്ന മറ്റൊരാളായിരിക്കണം വിഗാരി എന്നും സൂനഹദോസില്‍ തീരുമാനിച്ചിരുന്നു. മൂന്നാം കാനോനയില്‍ പറയുന്നു: 'ശുദ്ധമാന പള്ളിയുടെയും ത്രെന്തോസ് എന്ന സൂനഹദൊസിന്റെയും കല്പന ആകുന്നു. ഒരു പട്ടക്കാരന രണ്ടു പള്ളിക്കലെക്ക കൂടെ വിഗാരിയായി നിക്കരുതെന്നും രണ്ടു പള്ളിക്കലെ ഒപകാരം ഒരുമിച്ച യാവരിക്കരുത എന്നും. എന്നാല്‍ ഇ മലംകര എടവകയില്‍ ചെല പട്ടക്കാര്‍ക്ക പല പള്ളികളില്‍ വെന്തം ഒണ്ടന്നും ആ വെന്തം കൊണ്ട അത അത പള്ളിക്കലെ അമിശക്കൂറു കൂടെ വാങ്ങുന്നു എന്നും ശുദ്ധമാന സൂനഹദൊസ കെട്ടാറെ അത മാറ്റണം എന്നും കല്പിച്ചു. വിശെഷിച്ച ഒരു പട്ടക്കാരന്റെ കാര്‍ന്നവര രണ്ട പള്ളി വച്ചിട്ടുണ്ടെംകിലും ആ രണ്ട പള്ളിയെയും അതിലെ ഒപകാരങ്ങളും ഒരു പട്ടക്കാരന്‍ അടക്കിക്കൂടാ. രണ്ടാല്‍ ഒന്ന തനിക്ക അടക്കിക്കൊണ്ട മറ്റത മെല്പട്ടക്കാരന്‍ ആക്കുന്നവര്‍ക്കു ആക്കുകയും വെണം. ഈ കല്പനക്ക തക്കവണ്ണം ഇരിയാത്ത പട്ടക്കാരന്ന അനെക ദൊഷം ഒണ്ട. മെല്‍പ്പട്ടക്കാരര വഴിയെ കുറ്റപ്പെടുക്കയുംവെണം. വിശെഷിച്ച വിഗാരിയാവാന്‍ തക്ക പട്ടക്കാരന്‍ ഇല്ലാത്തതുകൊണ്ടും ഏറിയൊര ദിഷ്ടതി ആകുന്നതിനെക്കൊണ്ടും ഒരു പള്ളിയിലെ വിഗാരിയെ അതിനടുത്ത പള്ളിയിലെക്കു കൂടെ വിഗാരിയാക്കുക അരുത എന്നില്ല.'
ഉദയംപേരൂര്‍ സൂനഹദോസിന്റെ ഈ നിശ്ചയം 17-ാം നൂറ്റാണ്ടു മുതല്‍ (ഫ്രാന്‍സിസ് റോസ് മെത്രാപ്പോലീത്തായുടെ കാലം മുതല്‍) പൂര്‍ണമായും നടപ്പിലായി എന്നു പറയാനാവില്ല. എന്തെന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലും ദേശത്തു പട്ടക്കാര്‍ അതാതു ഇടവകയ്ക്കുവേണ്ടി പട്ടം സ്വീകരിച്ച് ആ ഇടവകയില്‍ തന്നെ തുടരുകയായിരുന്നു എന്നതിന് വളരെ സാക്ഷ്യങ്ങള്‍ – ഓലയിലും പേപ്പറിലും – എഴുതപ്പെട്ടവ ലഭ്യമാണ്; അതേസമയം തന്നെ ആദ്യ ഇടവകക്കാരായവര്‍ വിഗാരിമാരായിരിക്കുന്നതിനും (അതായത് സ്ഥലംമാറ്റം നടക്കുന്നതിന്) ഇടപ്പള്ളി പള്ളിയുടെ ചരിത്രത്തില്‍ 1795-ല്‍ പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍ ആ ഇടവകാംഗവും അവിടെ വികാരിയുമായിരുന്ന ചെറുതുരുത്തില്‍ പൗലോസ് കത്തനാരെ സ്ഥലം മാറ്റി കല്പന നല്കിയെങ്കിലും കൊച്ചി രാജാവ് ഇടപെട്ടു കല്പന റദ്ദാക്കേണ്ടി വന്നതിന് സാക്ഷ്യങ്ങളുണ്ട്. ഗോവര്‍ണ്ണദോറിന്റെ കത്തുകളില്‍നിന്നും സഭയുടെ ആഭ്യന്തര ഭരണകാര്യങ്ങളില്‍ നാടുവാഴികളായ രാജാക്കന്മാര്‍ ഇടപെടലുകള്‍ നടത്തിയിരുന്നുവെന്നതു വ്യക്തമാണ്. ശക്തന്‍ തമ്പുരാന്റെ കാലത്ത് ഇത്തരം ഇടപെടലുകള്‍ വളരെ ശക്തമായിരുന്നു. "കത്തനാരന്മാരുടെ സ്ഥലമാറ്റങ്ങള്‍ കൂടി രാജസ്ഥാനത്തുനിന്നു തന്നെ നടത്തിയിരുന്നു" എന്നാണു ശക്തന്‍ തമ്പുരാന്റെ ജീവചരിത്രകാരനായ ശ്രീ പുത്തേഴത്ത് രാമമേനോന്‍ ശക്തന്‍ തമ്പുരാന്‍ എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത് (ശക്തന്‍ തമ്പുരാന്‍, p. 290).
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പോലും സ്വന്തം ഇടവകയില്‍ മൂന്നും നാലും ദശവത്സരങ്ങള്‍ അജപാലനശുശ്രൂഷ ചെയ്തവരുടെ ചരിത്രമുണ്ട്. എന്നിരിക്കിലും പൊതുവില്‍ പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ വൈദികരുടെ സ്ഥലമാറ്റം കുറെക്കൂടെ നടപ്പിലായി; പ്രത്യേകിച്ചും നസ്രാണി കത്തോലിക്കാ പള്ളികള്‍ എല്ലാം വരാപ്പുഴ വികാരിയാത്തില്‍ ഉള്‍പ്പെട്ട കാലം മുതല്‍. 1879-ല്‍ ലെയൊനാര്‍ദ് മെത്രാപ്പോലീത്ത പ്രസിദ്ധീകരിച്ച കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 'യാതൊരു പള്ളിയുടെ വിഗാരിയായിട്ട തെരിഞ്ഞെടുക്കപ്പെടുമെന്ന പട്ടക്കാരന്‍ വിഗാരിയുടെ പത്തെന്തി നമ്മാല്‍ കല്പിക്കപ്പെട്ട എഴുതിയ തിയ്യതി തുടങ്ങി 15 ദിവസത്തിനകം അയാള്‍ അതിന്റെ വിഗാരിയായി തെരിഞ്ഞെടുക്കപ്പെട്ടു എന്ന പള്ളിയില്‍ പത്തെന്തി പ്രസിദ്ധപ്പെടുത്തുകയും വെണം. അത പ്രസിദ്ധപ്പെടുത്തുന്ന നാള്‍ തുടങ്ങി വിഗാരിക്കുള്ള വരവു അനുഭവിപ്പാന്‍ തുടങ്ങുകയും ചെയ്യും (p. 37).. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെയും വികാരിമാര്‍ക്ക് സ്ഥലമാറ്റം നല്കുന്നതിനു പ്രത്യേക നിയമങ്ങളും മാനദണ്ഡങ്ങളും നസ്രാണി സഭയില്‍ ഉണ്ടായിരുന്നതായി രേഖകളില്‍ (നിയമ സംഗ്രഹങ്ങളില്‍) കാണുന്നില്ല. രൂപതാദ്ധ്യക്ഷന്റെ തീരുമാനമനുസരിച്ച് വൈദികരുടെ സ്ഥലമാറ്റം നിശ്ചയിക്കപ്പെടുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പല രൂപതകളിലും വൈദികരുടെ സ്ഥലമാറ്റം സംബന്ധമായി ചില പൊതുധാരണകളും പോളിസികളും കാനന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുകയുണ്ടായി.

അനുചിന്തനം: വികാരിമാരുടെ സ്ഥലമാറ്റം ഇടവകയ്ക്കും വൈദികര്‍ക്കും ഒരുപോലെ സഹായകമാണ്. ഒഴുക്കില്ലാത്ത ജലത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടും. ഒഴുകുന്ന ജലം ശുദ്ധമായിക്കൊണ്ടിരിക്കും. ഏതാണ്ടിതുപോലെ കാലാകാലങ്ങളിലെ സ്ഥലംമാറ്റങ്ങള്‍ (changes/transfer) ഇരുകൂട്ടര്‍ക്കും വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഉപകാരപ്രദം തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org