പുഷ്പം (പുള്‍പം, പുല്പം)

പുഷ്പം (പുള്‍പം, പുല്പം)
Published on

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

പള്ളികളില്‍ ഞായറാഴ്ച പ്രസംഗം പറയണം എന്നു മാത്രമല്ല അതിനുവേണ്ടി പ്രസംഗപീഠം (ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനയില്‍ ഉപയോഗിച്ചിരിക്കുന്ന പദം പുല്‍പ്പം എന്നാണ്. പുഷ്പം എന്നും ഇതിനെ വിളിക്കും) ഉണ്ടായിരിക്കണം എന്നും കാനോനയില്‍ നിഷ്‌ക്കര്‍ഷിച്ചിരുന്നു. ആറാം മൌത്വാ, ആറാം കൂടിവിജാരം ഇരുപത്തിയൊന്നാം കാനോനയില്‍ പറയുന്നു: "മദുവായില്‍ രൂപം തീര്‍ന്നതിന്റെറ ശെഷം പൊറത്ത ദ്രൊണൊസുകളും ഒണ്ടെംകില്‍ പള്ളി മൊതല്‍ അഴിച്ച അതിന്ന രൂപങ്ങളും ഒണ്ടാക്കണം. വിശെഷിച്ചും തംപുരാന്റെറ അരുളപ്പാട നിന്ന പറഞ്ഞ ലൊകരെ കെള്‍പ്പിക്കാന്‍ പുല്‍പ്പത്തെ പണിയിപ്പാന്‍ തക്ക പളളികളില്‍ ഒടനെ അതും വെണം എന്ന ശുദ്ധമാന സൂനഹദൊസിന്ന വെണ്ടിയിരിക്കുന്നു. ഇ എടവകയില്‍ പുല്‍പ്പം ഉള്ള പള്ളി ചുരുക്കം." മേല്‍പറഞ്ഞ കാനോനയില്‍നിന്നും ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് വളരെ ചുരുക്കം നസ്രാണി പളളികളില്‍ മാത്രമെ പ്രസംഗപീഠം (പുല്പം) ഉണ്ടായിരുന്നുള്ളൂവെന്നു സിദ്ധിക്കുന്നു. ആകയാല്‍ പതിനേഴാം നൂറ്റാണ്ടുമുതലാണ് പ്രസംഗപീഠം പള്ളികളില്‍ സ്ഥാപിച്ചു തുടങ്ങിയതെന്നു സാരം.

പുല്പ്പത്തെക്കുറിച്ച് ബഹു. കുരുക്കൂരച്ചന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "മൈക്കിന്റെ ഉപയോഗം തുടങ്ങിയതോടെ പള്ളികളില്‍നിന്ന് പുല്പ്പം (പുള്‍പം) മറഞ്ഞു തുടങ്ങി. ഭാഷയില്‍നിന്ന് ആ വാക്കും അപ്രത്യക്ഷമാവുകയാണ്. പ്രസംഗപീഠം എന്നാണ് പുല്പ്പം എന്ന വാക്കിനര്‍ത്ഥം. അത് പുള്‍പം എന്നും പുഷ്പം എന്നും മാറിമാറി ഉപയോഗിച്ചു കാണുന്നു. ചില പഴയ ദേവാലയങ്ങളില്‍ ഇപ്പോഴും പുല്പ്പമുണ്ട്. പള്ളിയുടെ മദ്ധ്യഭാഗത്ത് ഒരു ഭിത്തിയോടു ചേര്‍ത്ത് ഒരാള്‍ പൊക്കത്തില്‍ മരംകൊണ്ടു പ്രസംഗപീഠം ഉണ്ടാക്കുന്നു. അതിലേക്ക് പ്രവേശിക്കാന്‍ നടകളുണ്ടാകും. മൂന്നുവശത്തും അഴികളുള്ള പുള്‍പ്പം കലാസുഭഗമായിരിക്കും. മൈക്കില്ലാതിരുന്ന കാലത്ത് പള്ളിയില്‍ കൂടുന്ന എല്ലാവരും കേള്‍ക്കത്തക്കവിധത്തില്‍ പൊരുള്‍പടാര്‍ത്ത (പൊരുള്‍ പഠാര്‍ത്ഥ = വേദവാക്യങ്ങളുടെ അര്‍ത്ഥം വിശദീകരിക്കല്‍) പറയാന്‍ ഉയര്‍ന്ന പ്രസംഗപീഠങ്ങള്‍ വേണ്ടിവന്നു. കേരളത്തില്‍ ഇന്നത്തെ രീതിയില്‍ കലാഭംഗിയോടെ പുല്‍പ്പങ്ങള്‍ നിര്‍മ്മിച്ചത് ഉദയംപേരൂര്‍ സൂനഹദോസിനു ശേഷമാണ്. "തമ്പുരാന്റെ അരുളപ്പാട നിന്ന ലോകരെ കെള്‍പ്പിപ്പാന്‍ പുല്പ്പത്തെ പണിയിപ്പാന്‍" എന്ന് സൂനഹദോസ് കാനോനയില്‍ പറയുന്നു. "ഞായറാഴ്ചതോറും പൊരുള്‍ പഠാര്‍ത്ഥയും വേണം" എന്നും, പൊരുള്‍ പഠാര്‍ത്ഥ പറയാത്ത ദിവസങ്ങളില്‍ സൂനഹദോസ് കാനോനകള്‍ പുല്പ്പത്തില്‍നിന്ന് വായിച്ച് ജനങ്ങളെ കേള്‍പ്പിക്കണമെന്നും സൂനഹദോസ് കല്പിച്ചിരുന്നു. മലയാളത്തില്‍ എഴുതപ്പെട്ട വേദോപദേശ പുസ്തകങ്ങളും കുര്‍ബാനയ്ക്കു മുമ്പോ പിമ്പോ ജനങ്ങളെ വായിച്ചു കേള്‍പ്പിക്കണമെന്ന നിയമവുമുണ്ടായിരുന്നു.

പുല്പം (പുള്‍പം, പുഷ്പം) എന്ന വാക്ക് പോര്‍ത്തുഗീസു ഭാഷയിലുള്ള പുള്‍പിതോ (പുല്പിതോ) എന്ന വാക്കിന്റെ മലയാളീകൃത രൂപമാണ്. ആ വാക്കാകട്ടെ, പുള്‍പിതും (Pulpitum) എന്ന ലത്തീന്‍ വാക്കില്‍നിന്നും വരുന്നു. ഇംഗ്ലീഷില്‍ പുള്‍പിറ്റ് (Pulpit) എന്നും ഇറ്റാലിയനില്‍ പുള്‍പിതോ എന്നും ജര്‍മ്മനില്‍ പുള്‍ത് എന്നും പറയുന്നു. ഉയരമുള്ള പീഠം (സ്റ്റേജ്, പ്ലാറ്റുഫോം) എന്നാണ് അതിന്റെ അര്‍ത്ഥം. ഇതിന്റെ മൂലധാതു സംശയാസ്പദമാണെന്ന് ലത്തീന്‍ നിഘണ്ടു കര്‍ത്താക്കള്‍ പറയുന്നു. എങ്കിലും ഇതിലെ പുല് (പുള്‍) എന്ന ധാതുവിന് സം സ്‌കൃതത്തിലെ പുല് എന്ന ധാതുവുമായി ബന്ധമുണ്ടായിരിക്കണം. ഉയരുക, വലുതാവുക, ഉയര്‍ത്തിപ്പണിയപ്പെടുക, കൂമ്പാരം കൂട്ടിയിടുക എന്നൊക്കെയാണ് പുല് എന്ന ധാതുവിന് സംസ്‌കൃതത്തിലുള്ള അര്‍ത്ഥം. ലത്തീന്‍ തൊട്ടുള്ള ഭാഷകളില്‍ ഈ അര്‍ത്ഥത്തിലും മറ്റു ചില അര്‍ത്ഥത്തിലും ഇത് ഉപയോഗിക്കുന്നുണ്ട്. പുഷ് എന്ന ധാതുവില്‍ നിന്നുള്ള പുഷ്പിതം എന്ന വാക്കുപോലെ പുല് ധാതുവില്‍ നിന്ന് പുല്പിതം എന്ന വാക്ക് രൂപപ്പെടുത്തി പ്രയോഗിച്ചിരിക്കാം പുല് എന്ന ധാതു ഒന്ന്, ആറ്, പത്ത് എന്നീ ഗണങ്ങളില്‍പ്പെടുത്തി പെരുക്കാവുന്നതാണ് (പോലതി, പുലതി, പോലയതി എന്നിങ്ങനെ)…. യഹൂദരുടെ പ്രാര്‍ത്ഥാനാലയങ്ങളില്‍ വേദഗ്രന്ഥ വായനയ്ക്കായി ഒരു പീഠമുണ്ട്. അതില്‍ നിന്നാണ് ക്രൈസ്തവ ദേവാലയങ്ങളിലും പീഠം നിര്‍മ്മിക്കാനുള്ള പ്രചോദനമുണ്ടായത്. കുര്‍ബാനയുടെ ആദ്യഭാഗം വചനശുശ്രൂഷയാണ്. അതിന് പീഠം ആവശ്യമാണ്. പണ്ട് ഈ പീഠത്തിന് ബേമ്മ, പ്യൂര്‍ഗോസ്, ആവു ദിത്തോറിയും, സുജെസ്തൂസ്, ലെജിത്തോറിയും എന്നൊക്കെ വിളിച്ചിരുന്നു. ഏഴാം നൂറ്റാണ്ടുനു ശേഷമാണ് റോമില്‍ പുല്പങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. കിഴക്കന്‍ സഭകളില്‍ ആദിമകാലം മുതലേ അതുണ്ടായിരുന്നു" (ഡോ. കുരുക്കൂര്‍,  pp. 1651-67).

മുമ്പു സൂചിപ്പിച്ചതുപോലെ കേരളത്തില്‍ 1950-കളിലും 1960-കളിലും വൈദ്യുതി നിലയങ്ങള്‍ സ്ഥാപിതമാവുകയും പള്ളികളില്‍ വൈദ്യുതി കണക്ഷന്‍ എടുക്കുകയും 1970-കളിലും 1980-കളിലുമായി മൈക്ക് ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ പ്രസംഗപീഠങ്ങള്‍ക്കു പ്രസക്തിയില്ലാതെയായി. പുരാതന ദേവാലയങ്ങളിലുണ്ടായിരുന്ന പുല്പ്പങ്ങള്‍ (പ്രസംഗപീഠങ്ങള്‍) അതോടെ നീക്കം ചെയ്യപ്പെട്ടു. എങ്കിലും ഏറെ സവിശേഷമായ കൊത്തുപണികളോടുകൂടിയ പുഷ്പങ്ങള്‍ ചില ദേവാലയങ്ങളില്‍ ഇന്നും സൂക്ഷിച്ചുവരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org