
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ആഗോള ക്രൈസ്തവ സഭാ വിഭാഗങ്ങളെല്ലാം ഒരുപോലെ അനുഷ്ഠിച്ചുവരുന്ന ഒന്നാണ് ഞായറാഴ്ചയാചരണം. ഈശോമിശിഹാ പീഢാനുഭവത്തിനും മരണത്തിനും ശേഷം മഹത്വപൂര്‍ണ്ണനായി ഉയര്‍ത്തെഴുന്നേറ്റത് ആഴ്ചയുടെ ആദ്യദിനമായ ഞായറാഴ്ചയാണ്. ആകയാല്‍ ക്രൈസ്തവര്‍ കര്‍ത്താവിന്റെ ദിവസമായി ആചരിക്കുന്നത് – ആദിമനൂറ്റാണ്ടുമുതല്‍ – ഞായറാഴ്ചയാണ്. ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ഈശോയുടെ ഉത്ഥാനമാണല്ലോ. പെസഹാരഹസ്യങ്ങളെ (ഈശോയുടെ മനുഷ്യാവതാരം, പരസ്യജീവിതം, പീഢാസഹനം, കുരിശുമരണം, ഉത്ഥാനം) ആചരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി ഒത്തുചേരുമ്പോള്‍, കര്‍ത്താവിന്റെ ദിവസമായ ഞായറാഴ്ചയില്‍, ദൈവവചനം വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പതിവ് ആദിമ നൂറ്റാണ്ടു മുതല്‍ എല്ലാ ക്രൈസ്തവ സഭാസമൂഹങ്ങളിലും നിലനിന്നിരുന്നു. കേരളത്തിലെ നസ്രാണി സമൂഹത്തിലും വചനവായനയും പ്രഘോഷണവും ഉണ്ടായിരുന്നുവെന്ന് എല്ലാ പുരാതന രേഖകളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വചന വ്യാഖ്യാനത്തിനും പ്രഘോഷണത്തിനും നിയതമായ രൂപമോ പരിശീലനമോ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഉണ്ടായിരുന്നില്ല എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ ഒന്നില്‍ ഇത് പ്രകടമാണ്. പള്ളി പ്രസംഗത്തെ (ദൈവവചന പ്രഘോഷണത്തെ) "പഠാര്‍ത്ഥ പറയല്‍" എന്നാണ് വി ശേഷിപ്പിച്ചിരുന്നത്.
മനസ്സില്‍ തോന്നുന്നതെന്തും പ്രസംഗിക്കുന്നതല്ല, ഇഷ്ടമുള്ള വ്യാഖ്യാനം വിശുദ്ധ ഗ്രന്ഥഭാഗത്തിന് നല്കുന്നതുമല്ല ശരിയായ പള്ളി പ്രസംഗമെന്നും കുര്‍ബാന മദ്ധ്യേ നടക്കുന്ന പള്ളി പ്രസംഗത്തിനു ഒരുക്കമായി പഠനവും മെത്രാന്റെ അനുവാദവും ഉണ്ടായിരിക്കണമെന്നും ഉദയംപേരൂര്‍ സൂനഹദോസ് കല്പിച്ചു. രണ്ടാം മൌത്വാ, രണ്ടാം യൊഗവിചാരം, പതിനാറാം കാനൊനയില്‍ ഇപ്രകാരം പറയുന്നു : "പട്ടക്കാരര നന്മകള്‍ ആകുന്ന പഠാര്‍ത്ഥ പറഞ്ഞ ലൊകരെ കെള്‍പ്പിക്കുന്നതിനെക്കൊണ്ട ലൊകരുടെ വിശ്വാസത്തിന്റെറ ഉറപ്പും നല്ല സ്വഭാവങ്ങളുടെ മുഴുപ്പും വരുന്ന എന്നതിനെക്കൊണ്ടും മലംകര അറിവും കൊറഞ്ഞ ചെല പട്ടക്കാരര ഒരൊര കഥകള്‍ പറഞ്ഞു കെള്‍പ്പിക്കുന്നു എന്ന ശുദ്ധമാന സൂനഹദൊസ അറിഞ്ഞതിനെക്കൊണ്ടും ഇന്നി തുടങ്ങി മലംകര മെല്‍പട്ടക്കാരന്റെറ പ്രമാണം എഴുതി വാങ്ങിക്കൊള്ളാതെ ആരും പൊരുള്‍ പറയരുത എന്ന ഇ സൂനഹദൊസ പ്ര മാണിക്കുന്നു. വിശെഷിച്ച മറ്റൊരു മെത്രാന്‍ മലംകരക്ക വരുവൊളം പൊരുള്‍ പറയെണ്ടുന്ന പട്ടക്കാരര്‍ക്ക ത്രെന്തൊസ എന്ന സൂനഹദൊസിന്റെറ കല്‍പനക്കു തക്കവണ്ണം പഠിത്വം ചൊധിച്ച അറിവാന്‍ ചൊന്നൊത്ത മൂപ്പന്‍ ബഹുമാനപ്പെട്ട മെത്രാന്‍ വിധിച്ചു. എന്നാല്‍ പഠിത്വം കൊണ്ട പരുക്ഷയില്‍ പെടാതെയും മലംകര മൂപ്പന്റെറ പ്രമാണം എഴുതി വാങ്ങിക്കൊള്ളാതെയും ആരാനും പൊരുള്‍ പറകില്‍ പറയുന്ന പട്ടക്കാരന്ന ആറു മാസത്തെക്കു തന്റെറ പട്ടത്തിന്റെറ അംശം ഏതും പ്രവര്‍ത്തിക്കയും അരുത, അംശം കൊണ്ട ഉണ്ടാകുന്ന ഉപകാരവും അരുത. ഇത ഇവണ്ണം എംകിലും ഒരൊരെ എടവക രക്ഷിപ്പാന്‍ ആകുന്ന പട്ടക്കാര്‍ക്കു നല്ല പുസ്തകത്തില്‍ നല്ല വസ്തുക്കളെ ലൊകരൊടു കെള്‍പ്പിപ്പാന്‍ തക്ക പുസ്തകങ്ങളെ മലയാംപെച്ചില്‍ ഉണ്ടാകണം എന്ന പെരിക പെരിക ബഹുമാനപ്പെട്ട മെത്രാനൊട ഇ സൂനഹദൊസ അപെക്ഷിക്കുന്നു". എഴാം മൌത്വാ, ഏഴാം കൂടിവിചാരം, ഇരുപത്തെഴാം കാനൊനയില്‍ ഇപ്രകാരം പറയുന്നു: "നസ്രാണികളുടെ ഒരുംപാടൊടും കൂടെ സ്‌നെഹത്തൊടും കൂടെ എല്ലാവര്‍ക്കും ഒത്ത പള്ളിക്കല്‍ ഒക്കയും ഒരുമിച്ചെ മതിയാവൂ എന്നും ഇവണ്ണം തന്നെ ഒര പള്ളിക്കല്‍ കുറുബാനയും പൊരുള്‍ പഠാര്‍ത്ഥയും ഇല്ലംകില്‍ മറ്റ അത ഒള്ള പള്ളിക്കല്‍ ഒരുമിച്ച കൂടണം എന്നും".
ഏഴാം മൌത്വാ, ഏഴാം കൂടിവിജാരം, പത്തൊമ്പതാം കാനോനയില്‍ ഇപ്രകാരം പറയുന്നു: "ശുദ്ധമാന ശാസ്ത്രത്തില്‍ എഴുതപ്പെട്ടതും ഏവന്‍ഗാലിയൊനും അറിഞ്ഞവര തന്റെറ ലൊകരുടെ ഉപകാരത്തിന്ന ഞായറാഴ്ചകളിലും പൊരുനാളുകളിലും പൊരുള്‍ പറയണം." സൂനഹദോസിന്റെ ഈ കാനോനയില്‍ വീണ്ടും പറയുന്നു: "എല്ലാ പള്ളികളിലെ വിഗാരിമാര സൂനഹദൊസിലെ എഴുതപ്പെട്ടതൊക്കെയും പെര്‍ത്ത തന്റെറ പള്ളിക്കല്‍ വൈക്കണം എന്ന, ഇ സൂനഹദൊസിലെത എപ്പെരും മുമ്പിലുത്തെത കണ്ടനെരെ എഴുതി ഓരൊരൊ പൊസ്തകം മറ്റെല്ലാ പൊസ്തകങ്ങളൊടും കൂടം വൈക്കണം എന്നും. ഞായറാഴ്ചതൊറും പൊരുള്‍ പഠാര്‍ത്ഥയും വെണം. പൊരുള്‍ പഠാര്‍ത്ഥ ഇല്ലാത്ത ദിവസം ഇ പൊസ്തകത്തില്‍ എഴുത്തപ്പെട്ടവുത്താല്‍ ഏതാനും ലൊകര്‍ക്കു വായിക്കുകയും കെപ്പിക്കുകയും വെണം." ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് റോസിന്റെ കാനോനകളില്‍ ഞായറാഴ്ചകളിലെ പള്ളി പ്രസംഗത്തെക്കുറിച്ച് പ്രത്യേക പരാര്‍ശങ്ങളൊന്നുമില്ല. എന്നിരുന്നാലും ഉദയംപേരൂര്‍ സൂനഹദോസിനുശേഷം പതിനേഴാം നൂറ്റാണ്ടുമുതല്‍ പള്ളികളില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രസംഗവും ദൈവവചന വ്യാഖ്യാനവും അങ്ങിങ്ങായി വല്ലപ്പോഴും ആരംഭിച്ചിരിക്കാം; ഒപ്പം തന്നെ പ്രസംഗപീഠത്തിന്റെ സ്ഥാപനവും. മേല്പറഞ്ഞ കാനോനകളിലൂടെ നസ്രാണിപ്പള്ളികളില്‍ പട്ടക്കാര്‍ നിര്‍ബന്ധമായും പഠാര്‍ത്ഥ (പള്ളി പ്രസംഗം/വചന പ്രഘോഷണം) പറയണമെന്ന കല്പനയുണ്ടായെങ്കിലും അത് എല്ലാ പള്ളികളിലും പ്രാവര്‍ത്തികമായില്ലെന്നു പില്ക്കാല രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണമായി പത്താമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പ്രസംഗം പറയുന്ന പതിവില്ലായിരുന്നു എന്നാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ മാന്നാനം നാളാഗമത്തില്‍ രേഖപ്പെടുത്തിയിരിക്കുക. അദ്ദേഹം എഴുതുന്നു : "മെലെഴുതിയിരിക്കും വണ്ണം സുറിയാനി പള്ളികളില്‍ ഒരിടത്തിലും ഒരു ദര്‍ശനം കെംപ്രിരിയ എന്നതില്ല, എന്നുതന്നെ അല്ല ലത്തീന്‍ പള്ളികളില്‍ ചെന്ന ആ രാനും ദര്‍ശനത്തില്‍ കൂടുകയംകിലും ഒപ്പ ഉടുക്ക എംകിലും ചെയ്താല്‍ ഇത വല്യ പരിഹാസമായി പറകയും ചെയ്യും. ആയതിന്‍ വണ്ണം തന്നെ പഠാര്‍ത്ഥ പറകയും ലൊകരൊടറിയിക്കയും യിങ്ങനെയുള്ള ചട്ടവുമില്ലാതെയിരിക്കയില്‍ ഇദ്ദെഹം വരാപ്പുഴെ പാര്‍ത്തു വന്ന" (മാന്നാനം നാളാഗമം, ഒന്നാം വാല്യം, Book IV, p. 115).
എങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പോലും എല്ലാ പള്ളികളിലും എല്ലാ ഞായറാഴ്ചകളിലും പ്രസംഗം ഇല്ലായിരുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ 1879-ല്‍ ലെയോനാര്‍ദ്ദ് മെത്രാപ്പോലീത്ത നല്കിയ കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "പഠാര്‍ത്ഥ പറവാന്‍ വശമുള്ള ബ. വിഗാരിമാരെല്ലാവരും ഞായാഴ്ച തൊറും ശുദ്ധ: ഏവന്‍ഗെലിയൊന്റെ പൊരുള്‍ പഠാര്‍ത്ഥ പറവാന്‍ വലിയ കടമാകകൊണ്ടു ആയത പറകയും വെണം. എന്നാല്‍ അത അരമണി നെരത്തിലഥികമാകരുത, വിശെഷിച്ച പ്രധാനമായിട്ടു ലൊകര്‍ക്ക ഉപദെശിക്കെണ്ടുന്നത സര്‍വ്വെശ്വരന്‍ നമ്മെ സൃഷ്ടിച്ച കുറിമാനവും അന്ത്യവും മാനുഷന്റെ ഒടുക്കങ്ങളായ മരണം, വിധി, നരകം, മൊക്ഷം, സര്‍വ്വെശ്വരനൊടു പ്രാര്‍ത്ഥിപ്പാനുള്ളതിന്ന പ്രത്യെകം പരീക്ഷ നെരത്ത സര്‍വ്വെശിവരനൊടു പ്രാര്‍ത്ഥിപ്പാനുള്ളതിന്ന നമുക്കുണ്ടായിരിക്കുന്ന ആവശ്യം എന്നുള്ള സംഗതികളുടെ മെലായിരിക്കുന്നു. എന്നാല്‍ ഇതിന്നു വശമില്ലാത്ത ബ : വിഗാരിമാര, വശമാകുവാന്‍ ഉത്സാഹിക്കെണ്ടുന്നതു കൂടാതെ അവരു തന്നെ ചെറിയ വെദൊപദെശം നിര്‍ത്തുനിര്‍ത്തായിട്ട വായിച്ച ഓരൊന്നിന്റെ പൊരുള്‍ തിരിച്ച ലൊകരുടെ മനസ്സിലാക്കുവാന്‍ താല്പര്യപ്പെടുകയും വെണം" (p. 35).
1896-ല്‍ എറണാകുളം, ചങ്ങനാശ്ശേരി, തൃശൂര്‍ വികാരിയാത്തുകള്‍ സ്ഥാപിച്ചതിനുശേഷം 1904-ല്‍ മാര്‍ മാത്യു മാക്കീല്‍ മെത്രാന്‍ ചങ്ങനാശ്ശേരിക്കുവേണ്ടി തയ്യാറാക്കിയ ദെക്രെത്തുപുസ്തകത്തില്‍ ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത നല്കിയ കല്പനയും ചേര്‍ത്തിട്ടുണ്ട്. കൂടാതെ ഇപ്രകാരം കൂട്ടിച്ചേര്‍ത്തിരിക്കുന്നു: "….എന്നതിനെക്കൊണ്ടു മാസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും പ്രസംഗം പറകയൊ പറയിക്കയൊ ചെയ്യാത്ത വികാരിമാരുടെയും അസിസ്‌തേന്തിമാരുടെയും ആ മാസത്തെ പകുതി ശമ്പളം നാം പിടിച്ചു പള്ളിക്കു ചേര്‍ക്കുന്നതാകുന്നു. ആണ്ടുതൊറുമുള്ള മുഴുവന്‍ ധ്യാനത്തിനു കൂടുമ്പോള്‍ പ്രസംഗം പറകയൊ, പറയിക്കയൊ ചെയ്തിട്ടുള്ള പന്ത്രണ്ടുമാസത്തെ കണക്കു തീയതിയൊടുകൂടെ എഴുതി ധ്യാനതലവനെ ഏള്‍പ്പിക്കയും അയാള്‍ നമുക്കയച്ചു തരികയും വെണം. പ്രസംഗം പറവാന്‍ വശമുള്ള ഇടവക പട്ടക്കാറരും ബ. വിഗാരിമാരുടെ നിശ്ചയപ്രകാരം ഞായറാഴ്ചകളിലും കടമുള്ള പെരുന്നാളുകളിലും പ്രസംഗം പറയണം" (pp. 20-21).
ഞായറാഴ്ച പ്രസംഗങ്ങള്‍ എന്ത്, എങ്ങനെ, എത്രനേരം പ്രസംഗിക്കണം എന്നതിനെക്കുറിച്ച് എറണാകുളം അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ നല്കിയ നിര്‍ദ്ദേശം ഏകദേശം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും ഇന്നും പ്രസക്തമാണ്. 1920 ആഗസ്റ്റ് 14-നു മെത്രാപ്പോലീത്ത നല്കിയ കല്പനയില്‍ പറയുന്നു : "നിത്യനാശത്തില്‍ നിന്നു ഒഴിഞ്ഞ് നിത്യരക്ഷ പ്രാപിക്കേണ്ടതിനായി ക്രിസ്ത്യാനികള്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യെണ്ടുന്ന സംഗതികളെക്കുറിച്ചു പട്ടക്കാര്‍ ഞായറാഴ്ചകളിലും മറ്റു കടമുള്ള ദിവസങ്ങളിലും ജനങ്ങള്‍ കൂടുന്ന കുര്‍ബാനകളില്‍ സാധാരണയായി ഏവന്‍ഗേലിയോന്‍ വായിച്ചു കഴിഞ്ഞാലുടനെ കാല്‍ മണിക്കൂര്‍ നേരം പ്രസംഗം പറയണം. കൊവേന്ത പള്ളികളിലും ജനങ്ങള്‍ കൂടുന്നുണ്ടെങ്കില്‍ മേല്‍പ്രകാരം ചെയ്യേണ്ടതാണ്." "ഏവന്‍ഗേലിയോന്‍ കഴിഞ്ഞുള്ള പ്രസംഗവും പ്രായപൂര്‍ത്തിയായവര്‍ക്കു പറഞ്ഞു കൊടുക്കേണ്ട വേദോപദേശ വ്യാഖ്യാനവും ശരിയായി മുന്‍കൂട്ടി തയ്യാറാക്കേണ്ടതുപോലെതന്നെ കുട്ടികളെ വേദോപദേശം പഠിപ്പിക്കുന്നവരും വിഷയം തയ്യാര്‍ ചെയ്യേണ്ടതാണ്."
1928 നവംബര്‍ മാസത്തിലെ എറണാകുളം മിസ്സത്തില്‍ ഞായറാഴ്ച പ്രസംഗത്തെക്കുറിച്ച് മെത്രാപ്പോലീത്ത ഇപ്രകാരം കല്പിച്ചെഴുതി: "അതാതു ദിവസങ്ങളിലെ ഏവന്‍ഗേലിയോനെപ്പറ്റിയൊ തിരുനാളുകളെക്കുറിച്ചൊ സാധാരണയായി ഏവന്‍ഗേലിയൊന്‍ വായിച്ചു കഴിഞ്ഞിട്ടു പറയുന്നതു പ്രസംഗവും ആളുകള്‍ അധികം കൂടുന്ന കുര്‍ബാനയ്ക്കു അതു കഴിഞ്ഞിട്ടോ അതിനു മുമ്പോ പ്രത്യേകം വേദസത്യങ്ങളേയൊ മറ്റൊ പറ്റി പറയുന്നതു പ്രായം ചെന്നവര്‍ക്കുള്ള ഉപദേശവുമാണ്. ഇങ്ങനെ വിശ്വാസപ്രമാണം, വേദപ്രമാണങ്ങള്‍, തിരുസഭയുടെ കല്പനകള്‍ മുതലായ ഓരോന്നിനെക്കുറിച്ചും പറയുകയാണു വേണ്ടത്. എന്നാല്‍ പ്രസംഗം പത്തുമിനിട്ടും ഉപദേശം പതിനഞ്ചു മിനിട്ടും ഉണ്ടായിരുന്നാല്‍ മതി. പ്രസംഗം എല്ലാ കുര്‍ബാനയ്ക്കും ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ പ്രസംഗം സാധാരണയായി എട്ടുപത്തു മിനിറ്റില്‍ കൂടീട്ടു ആവശ്യമില്ല." ഇക്കൂട്ടത്തില്‍ ഏകദേശം പത്തു മിനിറ്റോളം നീളുന്ന സുവിശേഷ പ്രസംഗം മുന്‍കൂട്ടി തയ്യാറായിട്ടുവേണം പ്രസംഗിക്കാനെന്നും പ്രസംഗ വിഷയം കൃത്യമായി പഞ്ചാംഗത്തോടുകൂടിയുള്ള ഫാറത്തില്‍ കുറിച്ചിടണമെന്നും പ്രസംഗം തയ്യാറാക്കാന്‍ എപ്രകാരമാണ് ഒരുങ്ങേണ്ടതെന്നുകൂടി പ്രസ്തുത കല്പനയില്‍ വ്യക്തമാക്കിയിരുന്നു. പ്രസംഗവിഷയം, തീയതി, പ്രധാന വിഷയമുഖങ്ങള്‍ (main point), സുവിശേഷ ഭാഗം, ഓരോ പ്രസംഗത്തിനും ആധാരമായ സുവിശേഷ വാക്യങ്ങള്‍, ഉപമകള്‍. ചരിത്രശലകങ്ങള്‍, വിമര്‍ശനങ്ങള്‍, ഉപയോഗയോഗ്യമായി തോന്നിയതും പ്രസക്തവുമായ ചിന്തകള്‍ ഇവയെല്ലാം കുറിച്ചു വച്ചു നന്നായി ഒരുങ്ങിയ ശേഷമേ പ്രസംഗിക്കാവൂ എന്നും ജനങ്ങള്‍ പൊതുവില്‍ അറിഞ്ഞിരിക്കേണ്ട പല ലൗകിക വിഷയങ്ങളെക്കുറിച്ചും പ്രസംഗങ്ങളിലൂടെ അവര്‍ക്കു അവശ്യം വേണ്ട അറിവുകള്‍ പകര്‍ന്നു കൊടുക്കണമെന്നും പ്രസ്തുത കല്പനയില്‍ എഴുതിയിരുന്നു. മേലദ്ധ്യക്ഷന്മാരുടെ കല്പനകളുടെയും നിര്‍ദ്ദേശങ്ങളുടെയും ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ എല്ലാ പട്ടക്കാരും ഞായറാഴ്ച കുര്‍ബാനയില്‍ വചന വ്യാഖ്യാനം ചെയ്തുവരുന്നു.