വിളിച്ചുചൊല്ലലും വിവാഹവാഗ്ദാനവും

വിളിച്ചുചൊല്ലലും വിവാഹവാഗ്ദാനവും
Published on

ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

(ഭാഗം-1)

വിളിച്ചുചൊല്ലല്‍

വിവാഹം ആശീര്‍വ്വദിക്കപ്പെടുന്നതിനു മുമ്പ് പരസ്യം ചെയ്യുകയും കാനോനികമായ തടസ്സങ്ങളില്ലെങ്കില്‍ മാത്രമേ വിവാഹം ആശീര്‍വദിക്കാവൂ എന്നുമുള്ള നിയമം ആഗോളസഭയില്‍ നടപ്പാക്കിയത് ത്രെന്തോസ് സൂനഹദോസാണ് (1545-1563). എന്തെന്നാല്‍ ത്രെന്തോസ് സൂനഹദോസിനു മുമ്പ് ഇപ്രകാരമൊരു ആചാരം ആഗോള സഭയില്‍ ഒരിടത്തും ഉണ്ടായിരുന്നില്ല. പ്രസ്തുത സൂനഹദോസിന്റെ നിയമങ്ങളെ നസ്രാണികള്‍ക്കിടയില്‍ അവതരിപ്പിച്ചതും വിവാഹത്തിനു മുമ്പ് വിവാഹപരസ്യം നടത്തണമെന്നു കല്പിച്ചതും ഉദയംപേരൂര്‍ സൂനഹദോസാണ്. സൂനഹദോസിന്റെ അഞ്ചാം മൌത്വാ, അഞ്ചാം യൊഗവിജാരം, പെംകെട്ട എന്ന കൂദാശമെല്‍ ഒള്ള പൊരുള്‍, മൂന്നാം കാനൊനയിലാണ് വിവാഹ പരസ്യത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുക. അതില്‍ ഇപ്രകാരം പറയുന്നു : "പെങ്കെട്ടിന്ന ശക്തി ഉണ്ടാവാനും അതിന്ന ഒള്ള മുടക്കം അറിവാനും ത്രെന്തൊസ എന്ന സൂനഹദൊസില്‍ എഴുത്തുപെട്ടതിന്ന ഒത്തവണ്ണം ഇരിപ്പാനും ആയിട്ട ശുദ്ധമാന സൂനഹദൊസ പ്രമാണിക്കുന്നു. കെട്ടുന്നവര ഇരിവരുടെയും എടവകയീന്ന മൂന്ന കുറി ഞാറാഴ്ച ക്ക എംകിലും പെരുനാള്‍ക്ക എംകിലും കുറുബാന കാണ്മാന്‍ യൊഗം ഒക്കയും വന്നാല്‍ കുറുബാന നെരത്തെ എടവകയിലെ മൂപ്പന്‍ ആകുന്ന പട്ടക്കാരന്‍ എംകിലും അയാളുടെ ചൊല്ലാല്‍ മറ്റ ഒരു പട്ടക്കാരന്‍ എംകിലും വിളിച്ചുചൊല്ലണം. 'ഇന്ന ദെശത്ത കുടിയിരിക്കുന്ന ഇന്നവരുടെ മകന്‍ ഇന്ന ദെശത്തെ കുടിയിരിക്കുന്ന ഇന്നവരുടെ മകളെ കെട്ടുവാന്‍ ആയിട്ട ഇരിക്കുന്നു. ഇതിന്ന കെട്ടരുതാത്ത മൊടക്കം ഏതാനും ഒണ്ടന്ന ആരാനും അറിഞ്ഞിരിക്കില്‍ രഹസ്യത്തില്‍ വന്ന അറിയിച്ചെക്കണം. അറിഞ്ഞിരുന്ന അറിയിക്കാത്തവര്‍ക്ക മഹറൊന്‍ ഒണ്ടാം'. ഇവണ്ണം മണവാളന്റെറയും മണവാട്ടിടെയും എടവകയില്‍ കെട്ടും മുമ്പെ മൂന്നു കുറി വിളിച്ച ചൊല്ലുകയും വെണം. ഇങ്ങനെ വിളിച്ച ചൊല്ലിയാല്‍ കെട്ടരുതാത്ത മൊടക്കം ഏതാനും ഒണ്ടെന്ന പട്ടക്കാരന്‍ അറിഞ്ഞാല്‍ അതുംമെല്‍ എങ്ങനെ വെണ്ടു എന്ന നിരൂപിപ്പാനും കല്പിപ്പാനും മെല്‍പട്ടക്കാരനൊട പട്ടക്കാരന്‍ അറിയിക്കയും വെണം. ഇത അറിയിക്കാത്ത പട്ടക്കാരന്‍ കെട്ടിക്കയും അരുത. നിച്ചിരിയത്വം ആയി ഒര പെങ്കെട്ട മൊടക്കുവാന്‍ ആരാനും ഒണ്ടന്ന തൊന്നുകില്‍ മെല്പട്ടക്കാരന്റെറ എംകിലും ആ ശരീരത്തിന്റെറ എംകിലും പ്രമാണം ഒള്ള ശരീത്തിന്റെറ എംകിലും പ്രമാണത്താല്‍ മെല്‍ പറഞ്ഞവണ്ണം വിളിച്ചു ചൊല്ലാതെ കെട്ടിക്കയും ആം".

റോസിന്റെ നിയമാവലി സെപ്രദസലാസാ, അഞ്ചാം സാഹാ, 'പെങ്കെട്ട എന്ന കൂദാശമെല്‍' എന്ന കാനോനയില്‍ വിളിച്ചു ചൊല്ലുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പറയുന്നു : "മൂന്ന ഞാറാഴ്ച എങ്കിലും മൂന്ന ദുഖറാനകളില്‍ എങ്കിലും കൈ പിടിപ്പിക്കും മുന്‍പില്‍ വിഗാരി വിളിച്ച ചൊല്ലണം ഈ വണ്ണം. ഇന്ന എടവകയിലും ഇന്ന ദെശത്തും കുടി ഇരിക്കുന്ന ഇന്നാരുടെ മകനും ഇന്നാരുടെ മകളും തമ്മില്‍ കെട്ടുവാന്‍ ഇരിക്കുന്നു – എന്നാല്‍ ഇ പെങ്കെട്ടിന്ന മൊടക്കം ഒള്ള വസ്തു ആരാനും അറിഞ്ഞിരിപ്പത ഒണ്ട എങ്കില്‍ ഇപ്പൊള്‍തന്നെ വെളിച്ചപ്പെടുകയും വെണം". മേല്പറഞ്ഞ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നസ്രാണികള്‍ വിവാഹത്തിനു മുമ്പ് വിവാഹപരസ്യം പള്ളിയില്‍ പരസ്യമായി വിളിച്ചുചൊല്ലാന്‍ തുടങ്ങി. അക്കാലം മുതല്‍ മൂന്നു ഞായറാഴ്ചകളില്‍ വിളിച്ചുചൊല്ലിയതിനുശേഷം മാത്രമേ വിവാഹം ആശീര്‍വ്വദിക്കാന്‍ പാടുള്ളൂ എന്ന നിയമം കര്‍ശനമായി പാലിക്കപ്പെട്ടു. എന്നാല്‍ കോട്ടയം വികാരി അപ്പസ്‌തോലിക്കയായിരുന്ന ചാള്‍സ് ലവീഞ്ഞ് മെത്രാന്‍ 1891 തുലാം 10-ന് ഫൊറോന വികാരിമാരെ നിയമിച്ചുകൊണ്ട് നല്കിയ കല്പനയില്‍ അവര്‍ക്കുള്ള അധികാരങ്ങള്‍ വിവരിക്കുന്നിടത്ത് "കാരണം ഉണ്ടായിരുന്നാല്‍ ഒരു വിളിച്ചുചൊല്ലു കുറച്ചു കൊടുക്കാം" എന്ന് എഴുതിയിട്ടുണ്ട്. അതുവഴി മൂന്നു ഞായറാഴ്ചകളിലെ വിളിച്ചുചൊല്ലല്‍ തക്ക കാരണങ്ങളുണ്ടായാല്‍ രണ്ടായി കുറച്ചുകൊടുക്കാന്‍ ഫൊറോന വികാരിമാര്‍ക്ക് അധികാരം ലഭിച്ചു. ഇതുപോലൊരു അനുവാദം തൃശ്ശിവപ്പേരൂര്‍ വികാരിയാത്തിലും നല്കിയിട്ടുണ്ടാകും എന്ന് അനുമാനിക്കണം. അവസാനത്തെ പരസ്യം കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷമെ വിവാഹം ആശീര്‍വ്വദിക്കാവൂ എന്നായിരുന്നു നിയമം. എങ്കിലും പ്രത്യേക അനുവാദത്തോടെ ഈ അവധിക്കു മുമ്പും വിവാഹം നടത്തിയിരുന്നു. വിളിച്ചു ചൊല്ലിയതിനുശേഷം വിവാഹം ആറു മാസത്തിലധികം നീണ്ടുപോയാല്‍ സാധാരണയായി വിവാഹപരസ്യം ആവര്‍ത്തിച്ചിരുന്നു (എറണാകുളം അതിരൂപതാ നിയമസംഗ്രഹം, 1950, ു. 56). ഫൊറോന വികാരിമാരില്‍ നിക്ഷിപ്തമായിരുന്ന 'ഒന്നു കുറച്ചുകൊടുക്കല്‍' അധികാരം പില്ക്കാലത്ത് വികാരിമാര്‍ക്കും ലഭിച്ചു. അതുവഴി ഒരു പ്രാവശ്യത്തെ പരസ്യപ്പെടുത്തലില്‍നിന്നും ഒഴിവു നല്കാന്‍ വികാരിമാര്‍ക്കും രണ്ടു പ്രാവശ്യത്തെ പരസ്യപ്പെടുത്തലില്‍നിന്നും ഒഴിവു നല്കാന്‍ ഫൊറോന വികാരിമാര്‍ക്കും അധികാരം ലഭിച്ചു. മൂന്നു പ്രാവശ്യത്തെയും പരസ്യപ്പെടുത്തലില്‍ നിന്ന് ഒഴിവു നല്കാന്‍ രൂപതാദ്ധ്യക്ഷനു മാത്രമേ അധികാരമുള്ളൂ (നിയമസംഗ്രഹം, 2001, ു. 104). സാധാരണയായി വിവാഹവാഗ്ദാനത്തിനുശേഷമാണ് വിവാഹ പരസ്യം നടത്തുന്നത്. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിച്ചപ്പോള്‍ വിവാഹവാഗ്ദാനത്തിനു മുമ്പ് വധൂവരന്മാര്‍ തങ്ങളുടെ സമ്മതം വികാരിമാരുടെ സാക്ഷ്യത്തോടുകൂടി രേഖാമൂലം കച്ചേരിയെ അറിയിച്ച് അനുവാദം വാങ്ങിയാല്‍ വിവാഹ പരസ്യം നേരത്തെ നടത്തുന്നതിനും ഇന്ന് അനുവാദമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org