കുഴിക്കാണം

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

സെമിത്തേരിയും ശവസംസ്‌ക്കാര ശുശ്രൂഷയുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നതും പളളി റെക്കോഡുകളില്‍ പ്രത്യക്ഷപ്പെടുന്നതുമായ ഒരു പദമാണു 'കുഴിക്കാണം' (tomb fee). കേരളത്തില്‍ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടു രൂപപ്പെട്ടതും മധ്യകാലഘട്ടം മുതല്‍ സാമൂഹ്യജീവിതത്തില്‍ ഉപയോഗിച്ചുവരുന്നതുമായ ഈ വാക്ക് അക്കാലം മുതല്‍ തന്നെ പള്ളി രേഖകളിലും (താളിയോലകള്‍) കയറിക്കൂടി. പത്തൊമ്പതാം നൂറ്റാണ്ടുവരെ സെക്കുലര്‍ അര്‍ത്ഥത്തില്‍ (secular usage) മാത്രം ഉപയോഗിച്ചിരുന്ന ഈ പദം പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇന്നോളം ശവസംസ്‌ക്കാര ശുശ്രൂഷയുമായി ബന്ധപ്പെട്ട പദപ്രയോഗമായി മാറി. 'കുഴിക്കാണം' എന്ന വാക്കിനു രണ്ടു വ്യത്യസ്ത അര്‍ത്ഥങ്ങളാണു പ്രധാനമായും ഉള്ളത്. ഈ രണ്ടര്‍ത്ഥത്തിലും ഈ വാക്കു പള്ളി രേഖകളില്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. 'കുഴി', 'കാണം' എന്നീ രണ്ടുപദങ്ങളുടെ സമന്വയമാണല്ലോ 'കുഴിക്കാണം' എന്ന വാക്ക്. 'കുഴി' എന്ന പദത്തിനു ഇവിടെ മരം നടുന്നതിനു എടുക്കുന്ന കുഴി എന്നാണ് അര്‍ത്ഥം; ഒരു വൃക്ഷം നടുന്നതിനു മണ്ണെടുത്തു മാറ്റിയ സ്ഥലം. 'കാണം' എന്നതിനു വ്യത്യസ്തമായ അര്‍ത്ഥങ്ങളുണ്ട്. (ദ്രാവിഡ പദമായ 'കാണുക' എന്ന പദത്തില്‍ നിന്നാണ് 'കാണ'ത്തിന്റെ ഉത്ഭവം. ഇവിടെ 'കാണുക' എന്ന വാക്കിനു ഉടസ്ഥത (possession), പണയം/ഒറ്റി (mortgage), വാടകയ്ക്കു കൊടുക്കല്‍ (lease) എന്നെല്ലാമാണ് അര്‍ത്ഥം. അതിന്റെ പശ്ചാത്തലത്തില്‍ 'കാണം' എന്നതിനു 'മുന്‍കൂറായി നല്കുന്ന വാടക/പാട്ടം' എന്നും 'നിലവും മറ്റും പാട്ടത്തിനേറ്റയാള്‍ ഉടമസ്ഥനു വായ്പയായി (മുന്‍കൂര്‍) കൊടുക്കുന്ന പണം' എന്നുമാണ് അര്‍ത്ഥം. പാട്ടവും കാണവും തമ്മിലും വ്യത്യാസമുണ്ട്. ഒരു വസ്തു (നിലം/പുരയിടം) വാടക യ്ക്ക്/പാട്ടത്തിന് എടുത്തയാള്‍ വിളവെടുപ്പിനുശേഷം കൊടുക്കുന്ന വാടകയാണു പാട്ടം. എന്നാല്‍ 'കാണ'മാകട്ടെ പാട്ടത്തിനേറ്റയാള്‍ ഉടമസ്ഥനു മുന്‍കൂറായി നല്കുന്ന പാട്ടമാണ് (വാടക). ചുരുക്ക ത്തില്‍ കൃഷി ചെയ്യുന്നതിനു മുമ്പേ വ്യവസ്ഥപ്രകാരം നിശ്ചയിച്ചുറപ്പിച്ച പാട്ടം (വാടക) പാട്ടക്കാരന്‍ മുന്‍കൂറായി വസ്തു ഉടമയ്ക്കു നല്കുന്നതാണു കാണം. പാട്ടം കൊടുക്കുന്നതില്‍ പാട്ടക്കാരനു വീഴ്ചയുണ്ടാകാതിരിക്കാനും പാട്ടം ഏതെങ്കിലും കാരണത്താല്‍ കുടിശ്ശികയായി മാറാതിരിക്കാനും ഉടമസ്ഥന്‍ തനിക്കു ലഭിക്കേണ്ട പാട്ടം (വാടക) മുന്‍കൂട്ടി വാങ്ങിക്കുന്നതിനെ കാണം എന്നു വിശേഷിപ്പിക്കുന്നു.
മുകളില്‍ സൂചിപ്പിച്ചതുപോലെ രണ്ടു വ്യത്യസ്ത അര്‍ത്ഥങ്ങളിലാണു 'കുഴിക്കാണം' എന്ന വാക്കു പള്ളി റെക്കോഡുകളില്‍ ഉപയോഗിച്ചിരിക്കുക. വസ്തു (ഭൂമി) ഇടപാടുകളും തെങ്ങ് മുതലായ ഫലവൃക്ഷങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ കാണുന്ന 'കുഴിക്കാണം' എന്ന വാക്കിനു ദേഹണ്ഡവില അഥവാ തെങ്ങ് മുതലായ ഫലവൃക്ഷങ്ങള്‍ (ആറാഴ്ചകള്‍) വച്ചു പിടിപ്പിച്ചതിനു കൊടുക്കുന്ന വില എന്നെല്ലാമാണ് അര്‍ത്ഥം. എന്നാല്‍ ശവസംസ്‌ക്കാരവുമായി ബന്ധപ്പെടുത്തിയാണു കുഴിക്കാണത്തെ എഴുതിയിരിക്കുന്നതെങ്കില്‍ അതിനു ശവക്കുഴിക്കു കൊടുക്കുന്ന വില എന്നാണ് അര്‍ത്ഥം. ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങള്‍ (waste lands) വെട്ടിത്തെളിച്ചു കൃഷിചെയ്യുന്നതിന് ഉടമ വസ്തു പാട്ടത്തിനു കൊടുക്കാറുണ്ട്; പ്രത്യേകിച്ചും നാണ്യവിളകള്‍ കൃഷിചെയ്യുന്നതിന്. ഫലവൃക്ഷങ്ങള്‍ കൃഷിചെയ്യാന്‍ ലഭിച്ച വസ്തുവില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ആദായം ഉണ്ടാകുമ്പോള്‍ പാട്ടക്കാരന്‍ വസ്തു ഉടമയ്ക്കു കൊടുക്കുന്ന വാടക(പാട്ടം)യ്ക്കും വസ്തു ഉടമ പാട്ടക്കാരനു ദേഹണ്ഡ വിലയായി നല്കുന്ന പണത്തിനും കുഴിക്കാണം എന്നു വിളിച്ചിരുന്നു.
ഈ പദമാണു ശവക്കുഴിക്കു നല്കുന്ന വിലയ്ക്കും (tomb fee) പള്ളിരേഖകളില്‍ നല്കപ്പെട്ട പേര്. തെങ്ങ്, കവുങ്ങ് മുതലായ ഫലവൃക്ഷങ്ങള്‍ കുഴിയെടുത്തു നട്ടുവളര്‍ത്തി ആദായമുള്ളതാക്കുന്നതുകൊണ്ട് അതിനു നല്കിയ വാടക കുഴിക്കാണമായതുപോലെ മൃതദേഹങ്ങളും പളളിവക സ്ഥലത്തു കുഴിയെടുത്ത് അടക്കുന്നതുകൊണ്ട് 'കുഴിക്കാണം' എന്ന പേരിട്ടു എന്ന് അനുമാനിക്കാം. പത്തൊമ്പതാം നൂറ്റാണ്ടു മുതലുള്ള പള്ളി റെക്കോഡുകളിലാണു 'ശവക്കുഴിയുടെ വില' എന്ന അര്‍ത്ഥത്തില്‍ 'കുഴിക്കാണം' എന്ന പദം ഉപയോഗിച്ചു കാണുന്നത്. എന്തെന്നാല്‍ മൃതദേഹങ്ങള്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്ന പതിവ് ആരംഭിച്ചതു 19-ാം നൂറ്റാണ്ടില്‍ മാത്രമാണല്ലോ. പളളി റെക്കോഡുകളിലല്ലാതെ സെക്കുലര്‍ റെക്കോഡുകളിലോ ക്ഷേത്ര രേഖകളിലോ 'ശവക്കുഴി വില' എന്ന അര്‍ത്ഥത്തില്‍ കുഴിക്കാണം എന്ന വാക്ക് ഉപയോഗിച്ചു കാണുന്നില്ല.
പള്ളിക്കു ചുറ്റുമായി ശവസംസ്‌ക്കാരം നടത്തിയിരുന്ന ആദ്യകാലങ്ങളില്‍ തന്നെ കുഴിക്കാണം ഈടാക്കിയിരുന്നു. മാത്രമല്ല, ആ രംഭകാലത്തു തുകയില്‍ ഗ്രെയ്ഡ് വ്യത്യാസം ഉണ്ടായിരുന്നില്ല. ആകയാല്‍ എവിടെ അടക്കിയാലും ഒരേ തുക എന്നതായിരുന്നു രീതി. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 'കുഴിക്കാണം' പള്ളിയുടെ ഒരു വരുമാന മാര്‍ഗ്ഗമായി എണ്ണപ്പെട്ടതോടെ പള്ളിക്കു സമീപം അടക്കുന്നതിനു കൂടുതല്‍ തുകയും അകറ്റി അടക്കുന്നതിനു കുറഞ്ഞ തുകയും വാങ്ങാന്‍ തുടങ്ങി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും ശവസംസ്‌ക്കാരത്തിന്റെ സ്വഭാവത്തില്‍ അടിമുടി വ്യത്യാസം പ്രത്യക്ഷപ്പെ ട്ടു. പള്ളിയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായി കുഴിക്കാണം സ്ഥാനം പിടിച്ചു. പള്ളിക്കു ചുറ്റുമായി നടത്തിയിരുന്ന ശവസംസ്‌ക്കാരം ഒരു പ്രത്യേക സ്ഥലത്തു മാത്രമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ സെമിത്തേരി സംബന്ധമായ പുതിയ നിയമങ്ങളും നിബന്ധനകളും പ്രത്യക്ഷപ്പെട്ടു. മതില്‍ ക്കെട്ടു (വേലിക്കെട്ട്) കളോടുകൂടിയ സെമിത്തേരിയില്‍ കുഴിക്കാണത്തിനും സ്ലാബുകള്‍ (പ്രത്യേക നിരക്കുകള്‍ ) ഉണ്ടാക്കി, ഗ്രെയ്ഡ് തിരിച്ചു. കുഴിക്കാണം കൊടുക്കാതെ മൃതദേഹം സംസ്‌ക്കരിക്കാന്‍ പാടില്ലെന്ന നിയമം പോലും സഭാധികാരികളില്‍ നിന്നുണ്ടായി. കുഴിക്കാണം പണമായിത്തന്നെ പള്ളിയില്‍ ഏല്പിക്കണമെന്നായിരുന്നു ആദ്യകാല നിയമം. പിന്നീടു പണമില്ലെങ്കില്‍ 'പണയം മതി' എന്ന നിയമം വന്നു. കുഴിക്കാണം പണമായി അടയ്ക്കാന്‍ കഴിയാത്തവര്‍ സ്വര്‍ണ്ണമോ വെള്ളിയോ (മാല, വള, മോതിരം, കമ്മല്‍, മേയ്ക്കാമോതിരം, തുടല്‍ മുതലായവ) മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ (കിണ്ടി, കോളാമ്പി മുതലായ ഓട്ടുപാത്രങ്ങള്‍) ഭൂമിയോ പള്ളിയില്‍ പണയത്തിനേല്പിച്ചു കുഴിക്കാണത്തില്‍ വകയിരുത്തി ശവസംസ്‌ക്കാരം നടത്തണമെന്നായിരുന്നു കീഴ്‌വഴക്കം. ഇപ്രകാരം പണയം വയ്ക്കുന്ന സാധനങ്ങള്‍ /ഭൂമി മൂന്നു മാസത്തിനകം മുത ലും പലിശയും പള്ളിക്കാര്യത്തിലേല്പിച്ചു പണയവസ്തു തിരിച്ചെടുക്കണമായിരുന്നു. അല്ലെങ്കില്‍ അവ ലേലം വിളിച്ചു തുക പള്ളിക്കാര്യത്തിലേക്കു മുതല്‍ ക്കൂട്ടിയിരുന്നു.
സെമിത്തേരിയെ പല തട്ടുകളായി തിരിച്ചു കുഴിക്കാണത്തിനു ഗ്രെയ്ഡ് നിശ്ചയിച്ചിരുന്നു എന്നു സൂചിപ്പിച്ചുവല്ലോ. മുട്ടം പള്ളിയി ലെ പത്തൊമ്പതാം നൂറ്റാണ്ടിലെ താളി ഓലകളില്‍ നിന്നും മുട്ടത്തു പള്ളിയിലെ സെമിത്തേരിയില്‍ 12 തട്ടുകളിലായി പന്ത്രണ്ടു നിരക്കുകളാണു വാങ്ങിയിരുന്നത്. ഏറ്റ വും കൂടിയ നിരക്ക് 301 ചക്രമായിരുന്നു. കുട്ടികള്‍ക്കു 10 ചക്രവും. പത്തൊമ്പതാം നൂറ്റാണ്ടില്‍ കുഴിക്കാണനിരക്കില്‍ ഒരു പള്ളിയിലും കാര്യമായ വ്യത്യാസം വരുത്തിയതായി കാണുന്നില്ല.
കുഴിക്കാണം പണമായി കൊടുക്കാന്‍ സാധിക്കാത്തവര്‍ക്കും പ ണയപ്പെടുത്താന്‍ വിലപ്പിടിപ്പുള്ള പൊന്‍വെള്ളി സാധനങ്ങളില്ലാത്തവര്‍ക്കും ഭൂമി (നിലം/പുരയിടം) പണയപ്പെടുത്താനും അവസരമുണ്ടായിരുന്നു. പള്ളിയുടെ പ്രധാന വരുമാന മാര്‍ഗ്ഗമായിട്ടു കുഴിക്കാണത്തെ കണ്ടിരുന്നതിനാല്‍ കുഴിക്കാണത്തിന്റെ കാര്യത്തില്‍ നീക്കുപോക്കില്ലായിരുന്നു. കുട്ടികള്‍ക്കുള്ള കുഴിക്കാണ നിരക്ക് എല്ലാ പള്ളികളിലും ഒരേ സംഖ്യ (10 ചക്രം) ആയിരുന്നു. മുതിര്‍ന്നവരുടെ കുഴിക്കാണത്തിന്റെ ഏറ്ററ്വും കുറഞ്ഞ നിരക്കു 16 ചക്രവും. 1859-ല്‍, കുഴിക്കാണം പണമായി കൊടുക്കാന്‍ സാധ്യമല്ലെങ്കില്‍ പണയപ്പാടായി കൊടുക്കണമെന്ന പടിസാധനം (കല്പന) വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്താ നല്കിയിരുന്നെങ്കിലും 1879-ല്‍ ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത നല്കിയ കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ കുഴിക്കാണത്തെക്കുറിച്ച് എഴുതിയിരിക്കുന്നതു: "ശവം അടക്കുന്നതിനു കുഴിക്കാണം വെപ്പിക്കുന്നത പണമായിട്ടല്ലാതെ പണയപ്പടായിട്ട വെപ്പിച്ചുകൂടായെന്നു നാം മുടക്കിയിരിക്കുന്നു" (കല്പനകളും നിയമങ്ങളും, p. 83) എന്നാണ്. കുഴിക്കാണം പണയപ്പാടായി വാങ്ങരുതെന്ന ഈ കല്പന 1879-ല്‍ നല്കിയെങ്കിലും ഇതു പ്രാവര്‍ത്തികമാകാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു.
നസ്രാണി കത്തോലിക്കര്‍ക്കായി 1896-ല്‍ മൂന്നു വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെടുന്നതുവരെ 1879-ല്‍ വരാപ്പുഴയില്‍ നിന്നും നല്കപ്പെട്ട നിയമാവലി പ്രകാരമാണു നടപടിക്രമങ്ങളെല്ലാം ആയിരുന്നത്. സുറിയാനിക്കാര്‍ക്കായി മൂന്നു വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെട്ടതിനുശേഷവും ഏകദേശം രണ്ടു ദശവത്സരക്കാലം ശവസംസ്‌ക്കാര സംബന്ധമായ കാര്യങ്ങളില്‍ പഴയ നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. 1920-കളായപ്പോഴേക്കും സുറിയാനിക്കാരുടെ നാലു രൂപതകളിലും (ഒരു അതിരൂപതയും മൂന്നു സാമന്ത രൂപതകളും) അതാതു മെത്രാന്മാര്‍ ശവസംസ്‌ക്കാരം, കുഴിക്കാണം എന്നിവയെ സംബന്ധിച്ചു പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. അതേസമയം സെമിത്തേരിയുടെ സ്ഥാപനം മുതല്‍ ഇന്നോളം കുഴിക്കാണം (കുടുംബക്കല്ലറകള്‍/ ശാശ്വത കല്ലറകള്‍ എന്നിവയിലൂടെ) പള്ളികളുടെ ഒരു വരുമാന മാര്‍ഗ്ഗമായി നിലകൊള്ളുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org