വീടുവെഞ്ചരിപ്പ്

വീടുവെഞ്ചരിപ്പ്

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കത്തോലിക്കരുടെ ആത്മീയാചാരങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണല്ലോ വെഞ്ചരിപ്പ്. വെഞ്ചിരിക്കുക, വെഞ്ചരിക്കുക, വെഞ്ചിരിപ്പ്, വെഞ്ചരിപ്പ് എന്നിങ്ങനെ വ്യത്യസ്തമായ രീതിയില്‍ ഉച്ചരിക്കപ്പെടുന്ന ഈ പദം ആശീര്‍വ്വദിക്കുക, അനുഗ്രഹിക്കുക, പവിത്രീകരിക്കുക എന്നൊക്കെ അര്‍ത്ഥമുള്ള ബെന്‍സര്‍ (benzer) എന്ന പോര്‍ട്ടുഗീസ് ധാതുവില്‍ നിന്നാണ് ഉത്ഭവിച്ചത്. 'ബെന്‍സെര്‍' എന്ന പദത്തിനോട് 'ഇ' കാരം ചേര്‍ത്ത് ബെന്‍സെരി എന്നാക്കി. (സംസ്‌കൃതത്തിലെ ധാതുക്കള്‍ മലയാളത്തിലേക്കു സ്വീകരിക്കുമ്പോള്‍ 'ഇ' എന്ന ഇടനില ചേര്‍ക്കാറുണ്ട്. അതുപോലെ 'ബെന്‍സെര്‍' എന്ന വാക്കിനോട് 'ഇ' ചേര്‍ത്താണു ബെന്‍സെരി എന്ന പദം രൂപപ്പെട്ടത്). 'ബെന്‍സെരി' എന്ന പോര്‍ട്ടുഗീസു പദത്തെ മലയാളീകരിച്ചപ്പോള്‍ 'ബെന്‍സെരിക്കുക' എന്നായി മാറി. ('ബെന്‍ സെര്‍' ചെയ്യുക = ആശീര്‍വ്വദിക്കുക; ബെന്‍സെരിക്കുക = ആശീര്‍വ്വദിക്കുക). 'ബെന്‍സെരിക്കുക' എന്ന പദം പരിഷ്‌ക്കാരം പ്രാപിച്ചു 'വെഞ്ചരിക്കുക' എന്ന രൂപം സ്വീകരിച്ചു. അതില്‍നിന്ന് വെഞ്ചരിപ്പ് എന്ന ക്രിയധാതു നിഷ്പന്നമായി. ബെന്‍സെര്‍ എന്ന ക്രിയ ലത്തീന്‍ ഭാഷയിലെ ബെനെദീച്ചെരെ (benedicere) എന്ന ക്രിയയില്‍ നിന്നും ഉത്ഭവിച്ചതാണ്. (ബെനെദീച്ചെരെ = ആശീര്‍വ്വദിക്കുക) (ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, ക്രൈസ്തവശബ്ദകോശം. p. 225). പതിനേഴാം നൂറ്റാണ്ടിനു മുമ്പു നസ്രാണികള്‍ക്കിടയില്‍ 'വെഞ്ചരിക്കുക' എന്ന വാക്ക് ഉപയോഗത്തിലിരുന്നതായി കാണുന്നില്ല. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളിലും ഈ പദം ഉപയോഗിച്ചതായി കാണുന്നില്ല. പകരം 'റൂശ്മ' എന്ന സുറിയാനി പദമാണ് 'ആശീര്‍വ്വാദം' എന്ന വാക്കിനു പകരമായി ഉപയോഗിച്ചിരിക്കുന്നത്; 'ആശീര്‍വ്വദിക്കുക' എന്നതിനു 'റൂശ്മ ചെയ്യുക' എന്നും.

കത്തോലിക്കര്‍ക്കിടയില്‍ പാശ്ചാത്യസഭയിലും പൗരസ്ത്യസഭയിലും നിലനില്ക്കുന്ന വിശ്വാസാചാരങ്ങളില്‍ ഒന്നാണു വിവിധ തരത്തിലുള്ള വെഞ്ചരിപ്പുകള്‍. അതിലൊന്നാണു വീടുവെഞ്ചരിപ്പ്. പാശ്ചാത്യ സഭയില്‍ പല രാജ്യങ്ങളിലും ആണ്ടുതോറും വീടുവെഞ്ചരിക്കുന്ന പതിവ് ഇന്നും നിലനില്ക്കുന്നുണ്ട്. കേരള സഭയിലും ഈ ആചാരം നിലനില്ക്കുന്നു. എന്നാല്‍ എന്നുമുതലാണ് വീടുവെഞ്ചരിപ്പ് എന്ന ആചാരം നസ്രാണികള്‍ക്കിടയില്‍ ആരംഭിച്ചത് എന്നതിനു കൃത്യമായ എഴുതപ്പെട്ട രേഖകള്‍ കണ്ടുകിട്ടിയിട്ടില്ല. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ പലതരം 'റൂശ്മ' ചെയ്യലുകളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും വീടു 'റൂശ്മ' ചെയ്യുന്നതിനെക്കുറിച്ചു പ്രത്യേക പരാമര്‍ശങ്ങളൊന്നും കാണുന്നില്ല. സൂനഹദോസിന്റെ കാനോനകളില്‍ പരാമര്‍ശമില്ലെങ്കിലും പുതിയ വീടുകള്‍ പണിയുമ്പോള്‍ വൈദികര്‍ (വികാരിമാര്‍) ആ വീടുകളില്‍പോയി പ്രത്യേക പ്രാര്‍ത്ഥനകള്‍ ചൊല്ലി 'റൂശ്മ' ചെയ്യുന്ന (വെഞ്ചരിപ്പ്) പതിവ് 17-ാം നൂറ്റാണ്ടു മുതല്‍ (ഉദയംപേരൂര്‍ സൂനഹദോസിനുശേഷം) ആരംഭിച്ചിട്ടുണ്ടാകും എന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല. മാത്രമല്ല, 'റൂശ്മ' ചെയ്യുന്നതിനുള്ള 'ഹന്നാന്‍ വെള്ളം' 'റൂശ്മ' ചെയ്യുന്നതിനെക്കുറിച്ച് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ പ്രതിപാദിച്ചിട്ടുണ്ട് (7-ാം മൌത്വാ, 7-ാം കൂടിവിചാരം, പത്താം കാനോന). എന്നാല്‍ ഈ ആചാരത്തിനു എന്തുമാത്രം പ്രചാരം സിദ്ധിച്ചിരുന്നുവെന്നതിനു തെളിവായി രേഖകളൊന്നും ലേഖകനു കണ്ടെത്താനായില്ല.

വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന ലെയൊനാര്‍ദ് മെത്രാപ്പോലീത്തായുടെ കാലഘട്ടം വരെയും വീടുവെഞ്ചരിപ്പ് സംബന്ധിച്ചു പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മെത്രാന്മാര്‍ നല്കിയതായും രേഖകളില്‍ കാണുന്നില്ല. ഇതുസംബന്ധമായ പ്രഥമ രേഖ കണ്ടെത്തിയത് 1879-ല്‍ ലെയൊനാര്‍ദ് മെത്രാപ്പോലീത്ത പ്രസിദ്ധീകരിച്ച കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തിലാണ്. അതില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "ആണ്ടുതോറും മകരമാസം 2-ാം തീയതി തുടങ്ങി അമ്പതു നൊയമ്പ പിടിക്കുന്നതിന്നു മുമ്പ വീടുകളെ ആശീര്‍വ്വദിച്ച തീരുകയും വെണം. എന്നാല്‍ അതിന്നായിട്ട സൂര്‍പ്പിലീസും വെള്ള ഊറാലയും വെണ്ടിയിരിക്കുന്നു. ഓരോര വീട ആശീര്‍വ്വദിച്ചതിന്റെ ശെഷം ആണ്ടുകുമ്പസാരത്തിന്റെ കടം നിറവേറ്റാത്ത യാതൊരുത്തന്‍ ഉണ്ടൊയെന്ന തിരക്കം ചെയ്കയും ഉണ്ടായിരുന്നാല്‍ അവരുടെ ഊരും പെരും പുസ്തകത്തില്‍ പതിക്കയും ഉതപ്പുകള്‍ ഉണ്ടായതിന്മെല്‍ അന്വെഷം ചെയ്കയും ഉണ്ടായിരുന്നാല്‍ നീക്കുന്നതിന്ന താല്പര്യപ്പെടുകയും വീടുകളില്‍ ക്രിസ്തവര്‍ക്കടുത്ത അടക്കത്തൊടുകുടെ പെരുമാറുന്നതിന്ന വെണ്ടിയ മുറികളുടെ വെര്‍ തിരിവില്ലാഞ്ഞാല്‍ വെഗത്തില്‍ ചെയ്യുന്നതിന്ന കല്പിക്കയും വെണം" (p. 47). എന്നാല്‍ കല്പനയിലെ ആദ്യത്തെ വാചകത്തില്‍ നിന്നും വീടുവെഞ്ചരിപ്പ് എന്ന ആ ചാരം മുമ്പേതന്നെ നിലവിലുണ്ടായിരുന്നു എന്ന ധ്വനിയുണ്ട്. ആകയാല്‍ വീടുവെഞ്ചരിപ്പു സംബന്ധമായി എന്തെങ്കിലും നിര്‍ദ്ദേശങ്ങളൊ കല്പനകളൊ അതിനു മുമ്പേ നല്കിയിട്ടുണ്ടാകാം എന്നും അനുമാനിക്കേണ്ടിയിരിക്കുന്നു.

1904-ല്‍ മാര്‍ മാത്യു മാക്കീല്‍ പ്രസിദ്ധീകരിച്ച ദെക്രെത്തു പുസ്തകത്തില്‍ ഈ കല്പന അതേപടി ആവര്‍ത്തിച്ചിട്ടുണ്ട്. അതിന്റെ ആരംഭത്തിലും അവസാനത്തിലും ചെറിയ വ്യത്യാസം വരുത്തിയിട്ടുണ്ട്. വെഞ്ചരിപ്പുമാസത്തെ സംബന്ധിച്ച് ആരംഭത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു; "ആണ്ടുതോറും മകരമാസം 2-നു തുടങ്ങി അന്‍പതു നോമ്പു പിടിക്കുന്നതിന്നു മുന്‍പും അല്ലെങ്കില്‍ ഉയര്‍പ്പിന്റെ ഞായറാഴ്ച മുതല്‍ നാല്പതാം പെരുനാളിനു മുന്‍പും തിരുസഭയുടെ ക്രമപ്രകാരം വീടുകളെ ആശീര്‍വ്വദിച്ചു തീരുകയും വെണം." പ്രസ്തുത കല്പനയുടെയവസാനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "വീടു വെഞ്ചരിക്ക എന്ന ഭക്തമുറ നടപ്പില്ലാത്ത ഇടവകകളില്‍, നടപ്പാക്കുന്നതിന്നു ബഹു. വികാരിമാര്‍ ജനങ്ങളെ ഉത്സാഹിപ്പിക്കുകയും വെണം." ഈ പ്രസ്താവനയില്‍നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍പോലും "വീടുവെഞ്ചരിപ്പ് എന്ന ഭക്ത മുറ" ആചരിക്കപ്പെടാത്ത ഇടവകകളും ക്രിസ്തീയ ഭവനങ്ങളും ഇവിടെയുണ്ടായിരുന്നു എന്നതു വ്യക്തമാണല്ലോ. ആകയാല്‍ എറണാകുളം, ചങ്ങനാശ്ശേരി, തൃശൂര്‍ എന്നീ മൂന്നു വികാരിയാത്തുകള്‍ സ്ഥാപിക്കപ്പെടുകയും സ്വദേശീയ മെത്രാന്മാര്‍ ഭരണം ആരംഭിക്കുകയും ചെയ്തതിനുശേഷം മാത്രമാണു വീടുവെഞ്ചരിപ്പു സര്‍വ്വസാധാരണമായതെന്നു സിദ്ധിക്കുന്നു. അതായത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രം പ്രചുരപ്രചാരം നേടിയ ആചാരമാണ് ഇതെന്നു സാരം. എറണാകുളം വികാരിയാത്തില്‍ മാര്‍ ളൂയിസ് മെത്രാനും മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായും ഇടവകവികാരിമാര്‍ ആണ്ടുതോറും വീടുവെഞ്ചരിച്ചു തിരുഹൃദയ പ്രതിഷ്ഠ നടത്തണമെന്നു ഇടയലേഖനങ്ങളിലൂടെയും കല്പനകളിലൂടെയും വികാരിമാരെയും ദൈവജനത്തെയും ഉദ്‌ബോധിപ്പിച്ചിരുന്നു.

1899 കര്‍ക്കിടകം 31-നു മാര്‍ ളൂയിസ് മെത്രാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ (No. 11) തിരുഹൃദയ പ്രതിഷ്ഠ നടത്തേണ്ടതിന്റെയും വീടുകള്‍ വെഞ്ചരിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. "ആണ്ടുതോറും ക്രിസ്തീയ ഭവനങ്ങള്‍ വെഞ്ചരിച്ചു ദുരദൃഷ്ടങ്ങളില്‍നിന്നും പൈശാചിക ഉപദ്രവങ്ങളില്‍നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ വികാരിമാര്‍ ജാഗ്രതയുള്ളവരായിരിക്കണ"മെന്നാണു മാര്‍ ളൂയിസ് മെത്രാന്‍ വികാരിമാരോടു കല്പിച്ചിട്ടുള്ളത്. മാര്‍ ആഗസ്തീനോസ് കണ്ടത്തില്‍ മെത്രാപ്പോലീത്ത തന്റെ മുന്‍ഗാമിയെപ്പോലെ തന്നെ തിരുഹൃദയപ്രതിഷ്ഠ നടത്തണമെന്നും വീടുകള്‍ ആണ്ടുതോറും വെഞ്ചരിക്കണമെന്നും കല്പിച്ചിരുന്നു. 1934-ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വരവുകളുടെ നിയമസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത കല്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: "പ്രത്യേക അപേക്ഷപ്രകാരമല്ലാതെതന്നെ ആണ്ടുതോറും ഇടവകയിലെ സകല വീടുകളും സാധാരണയായി ഉയിര്‍പ്പു തിരുനാള്‍ കഴിഞ്ഞശേഷം വെഞ്ചരിക്കേണ്ടതും ഓരോ വീട്ടുകാരുടെ ആത്മസ്ഥിതി, കുട്ടികളുടെ മേല്‍നോട്ടം മുതലായവ അറിഞ്ഞ് വേണ്ടതു ചെയ്യേണ്ടതുമാണ്. എന്നാല്‍ ഇതിന് ഓരോരുത്തരും സ്വമനസ്സാലെ കൊടുക്കുന്നതെന്തോ, അതു മാത്രമേ പട്ടക്കാരനും കപ്യാര്‍ക്കുമായി വാങ്ങിക്കാവൂ. എന്നാല്‍ കുടുംബങ്ങളെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന കര്‍മ്മത്തിനു യാതൊന്നും വാങ്ങിക്കരുത്" (p. 39). കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ആണ്ടുതോറുമുള്ള വീടുവെഞ്ചരിപ്പും തിരുഹൃയ പ്രതിഷ്ഠയും പല ഇടവകകളിലും നിന്നുപോയിരിക്കുന്നു. വികാരിമാരുടെ പ്രഥമ കര്‍ത്തവ്യങ്ങളില്‍ ഒന്നാണിതെന്ന കര്‍ത്തവ്യ ബോധവും വികാരിമാര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ക്രിസ്തീയ ഭവനങ്ങളുടെ വിശുദ്ധീകരണത്തിന്റെ ഭാഗമാണല്ലോ വീടു വെഞ്ചരിപ്പും തിരുഹൃദയപ്രതിഷ്ഠയും.

അനുചിന്തനം: ക്രിസ്തീയ ഭവനങ്ങള്‍ നസ്രസ്സിലെ തിരുകുടുംബം പോലെ ഈശോയുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമായിരിക്കേണ്ട ഇടങ്ങളാണ്. ജോബിന്റെ പുസ്തകം ഒന്നാം അദ്ധ്യായം പത്താം വാക്യത്തില്‍ ദൈവം ജോബിനും അവന്റെ ജീവനും കുടുംബത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സംരക്ഷണം തീര്‍ത്തതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം ക്രിസ്തീയ ഭവനങ്ങള്‍ക്കും ദുഷ്ടാരൂപിയില്‍നിന്നും ദുരദൃഷ്ടങ്ങളില്‍നിന്നും പകര്‍ച്ചവ്യാധികളില്‍നിന്നും 'ദൈവത്തിന്റെ വേലികെട്ടിയുള്ള സംരക്ഷണം' ലഭിക്കാന്‍ ആണ്ടുതോറും വെഞ്ചരിക്കപ്പെടുന്നത് ഉചിതമത്രേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org