ഹാനാന്‍ / ഹന്നാന്‍ വെള്ളം

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഒട്ടുമിക്ക മതങ്ങളിലും മതപരമായ ചടങ്ങുകളുടെ അഥവാ കര്‍മ്മങ്ങളുടെ ഭാഗമായി പുണ്യജലം/ പുണ്യതീര്‍ത്ഥം തളിക്കുന്ന പതിവുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുതന്നെ ഈ ആചാരം മനുഷ്യകുലത്തിന്റെ മതാത്മക ജീവിതത്തിന്റെ ഭാഗമായി അനുഷ്ഠിച്ചിരുന്നുവെന്ന് ലോകചരിത്രം സാക്ഷ്യപ്പെടുത്തുന്നു. യഹൂദരുടെ ആചാരാനുഷ്ഠാനങ്ങളില്‍ കുഞ്ഞാടിന്റെ രക്തം ബലിപീഠത്തിലും വിശ്വാസികളുടെ മേലും തളിച്ചിരുന്നത് പഴയനിയമത്തില്‍ പലയിടത്തും ആവര്‍ത്തിച്ചിട്ടുണ്ടല്ലോ. സങ്കീര്‍ത്തനങ്ങളിലും ഇത് ആവര്‍ത്തിച്ചിരിക്കുന്നു. ഹൈന്ദവ സംസ്‌ക്കാരത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും അവിഭാജ്യ ഘടകമാണ് തീര്‍ത്ഥജലം/പുണ്യാഹം തളിക്കുക എന്നത്. പനിനീരോ പുണ്യനദികളില്‍ നിന്നുള്ള (ഹൈന്ദവ പാരമ്പര്യമനുസരിച്ചുള്ള പുണ്യനദികള്‍) തീര്‍ത്ഥജലമോ ആണ് കര്‍മ്മാദികള്‍ക്ക് അവര്‍ ഉപയോഗിക്കുക. ഗംഗ പോലുള്ള നദികളെ പുണ്യനദികളായും ഗംഗാജലത്തെ തീര്‍ത്ഥജലമായും അവര്‍ കാണുന്നു. വ്യക്തികളേയും വസ്തുക്കളേയും അശുദ്ധി അകറ്റി വിശുദ്ധീകരിക്കുന്നതിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രകടനമാണ് അഥവാ പ്രതീകാത്മകമായ പ്രവൃത്തിയാണ് പുണ്യജലം തളിക്കുക എന്നത്.

ഭാരത സംസ്‌ക്കാരത്തില്‍ വിതയ്ക്കപ്പെട്ടു വളര്‍ന്നുവന്ന കേരള നസ്രാണി പാരമ്പര്യത്തിലും പുണ്യജലത്തിനും പണ്യജലം തളിച്ചു വിശുദ്ധീകരിക്കുന്ന ആചാരത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാലാം നൂറ്റാണ്ടുമുതല്‍ സുറിയാനി ആരാധനക്രമ ഭാഷയായി ഉപയോഗിക്കുന്ന കേരളത്തിലെ നസ്രാണികള്‍ പുണ്യജലത്തിനെ "ഹന്നാന്‍ വെള്ളം" എന്നാണ് വിളിക്കുന്നത്. ഈ വാക്കിന്റെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ അര്‍ത്ഥത്തെക്കുറിച്ചും ബഹു. ജോര്‍ജ്ജ് കുരുക്കൂറച്ചന്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "ഹന്നാനാ എന്ന സുറിയാനി വാക്കിന് കനിവ്, കരുണ, കനിവുള്ളവന്‍, അനുഗ്രഹമുള്ളവന്‍ എന്നൊക്കെയാണര്‍ത്ഥം. ആ വാക്കിന്റെ കേവല രൂപമാണ് ഹന്നാന്‍. അത് സ്വതന്ത്രരൂപമായും ഉപയോഗിക്കുന്നു. രോഗികളെ സ്വസ്ഥമാക്കല്‍, വേദസാക്ഷികളുടെ തിരുശേഷിപ്പുകള്‍ ചേര്‍ത്തുണ്ടാക്കിയ വാഴ്ത്തപ്പെട്ട വസ്തു എന്നിങ്ങനെയും അതിനര്‍ത്ഥമുണ്ട്. എണ്ണ, പൂഴി, വിശുദ്ധരുടെ തിരുശേഷിപ്പ് എന്നിവ കലര്‍ത്തി പുരോഹിതന്‍ ആശീര്‍വ്വദിക്കുന്ന വെള്ളമാണ് ഹന്നാന്‍ വെള്ളം. അനുഗ്രഹത്തിന്റെ അഥവാ കാരുണ്യത്തിന്റെ ജലം എന്ന് അതിന് അര്‍ത്ഥം പറയാം. രോഗികളെയും വിവാഹിതരാകുന്നവരെയും അഭിഷേചിക്കാന്‍ കിഴക്കന്‍ സഭകളില്‍ ഈ വിശുദ്ധ ജലം ഉപയോഗിച്ചിരുന്നു. കേരളത്തില്‍ പണ്ട് ഹന്നാന്‍ വെള്ളം വാഴ്ത്തിയിരുന്നത് മൈലാപ്പൂരിലെ മാര്‍ത്തോമ്മാശ്ലീഹായുടെ കബറിടത്തിങ്കല്‍നിന്നു കൊണ്ടുവരുന്ന മണ്ണ് ചേര്‍ത്താണ് എന്ന് ഉദയംപേരൂര്‍ സൂനഹദോസ് കാനോനയിലുണ്ട്. വൈദികരുടെ അഭാവംമൂലം കപ്യാര്‍ ഇങ്ങനെ മണ്ണു കലക്കി ഹന്നാന്‍ വെള്ളം വിതരണം ചെയ്തിരുന്നുവെന്നും അതില്‍ പറയുന്നുണ്ട്. മലയാളികള്‍ ഹന്നാന്‍ വെള്ളം എന്നതിന് 'അന്നാന്‍ വെള്ളം' എന്നും പറയാറുണ്ട്. ഇതുപോലെ 'ഹ' കാരം 'അ' കാരമാകുന്നതിന് പല തെളിവുകളുമുണ്ട്. ഹന്ന എന്ന പേരാണല്ലോ അന്ന ആയി തീര്‍ന്നത്. ഹന്നാന്‍ വെള്ളത്തിന് തീര്‍ത്ഥജലം എന്ന് അടുത്തകാലത്ത് പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ, അര്‍ത്ഥം വ്യത്യസ്തമാണ്. വഴി, കുളിക്കടവിലേക്കുള്ള പടികള്‍, കുളിക്കടവ്, വിശുദ്ധങ്ങള്‍ എന്ന് കരുതപ്പെടുന്ന നദീതീരങ്ങളിലെ വിശുദ്ധസ്ഥലം, അവിടെ നിന്നെടുക്കുന്ന ജലം എന്നൊക്കെയാണ് സംസ്‌കൃതത്തിലെ തീര്‍ത്ഥ എന്നതിന് അര്‍ത്ഥം. തീര്‍ത്ഥത്തിലേക്കുള്ള യാത്രയാണ് തീര്‍ത്ഥാടനം. വിശുദ്ധജലം എന്നൊരര്‍ത്ഥം തീര്‍ത്ഥജലത്തിന് കല്പിക്കാം. എന്നാല്‍ ഹന്നാന്‍ വെള്ളത്തിന് അതിലേറെ അര്‍ത്ഥമുണ്ട്. ഹന്നാനാ എന്ന വാക്കിന്റെ കേവല രൂപമായ ഹന്നാന്‍ എന്ന രൂപമാണല്ലോ നമ്മള്‍ ഉപയോഗിക്കുന്നത്. മ്‌നത്തറാന എന്ന വാക്കിന്റെ കേവലരൂപമായ മ്ത്രാന്‍ (മെത്രാന്‍) എന്ന രൂപം ഇതുപോലെ ഉപയോഗിക്കുന്ന ഒന്നാണ് (ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, p. 254).

സുറിയാനി നസ്രാണികള്‍ പുണ്യജലമായി കരുതി ഉപയോഗിച്ചിരുന്നത് തോമ്മാശ്ലീഹായുടെ കബറിടത്തില്‍ നിന്നും എടുത്ത മണ്ണ് കലക്കിയ വെള്ളമാണ് എന്നു മുകളില്‍ സൂചിപ്പിച്ചുവല്ലോ. ഇതിനെക്കുറിച്ച് 1293-ല്‍ തോമ്മാശ്ലീഹായുടെ കബറിടം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായ മാര്‍ക്കൊ പോളൊ രേഖപ്പെടുത്തിയിട്ടുണ്ട്. നസ്രാണികള്‍ തോമ്മാശ്ലീഹായുടെ കബറിടത്തില്‍ നിന്നെടുത്ത മണ്ണ് കലക്കിയ വെള്ളം "ഹാനാനാ"യായി ഉപയോഗിക്കുന്നു എന്നാണ് മാര്‍ക്കൊ പോളൊ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഈ വെള്ളം രോഗികളെക്കൊണ്ട് കുടിപ്പിക്കുകയും അവര്‍ സൗഖ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് പാരമ്പര്യം. "ഉദയംപേരൂര്‍ സൂനഹദോസിലെ കാനോനകള്‍ സാക്ഷ്യപ്പെടുത്തുന്നതുപോലെ ഈ വെള്ളം തന്നെയാണ് ഹാനാന്‍ വെള്ളമായി പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നത്. വിശുദ്ധരുടെ കബറിടത്തില്‍ നിന്നെടുത്ത മണ്ണൊ മറ്റു അവശിഷ്ടങ്ങളോ എണ്ണപുരട്ടി വെള്ളത്തില്‍ കലക്കി കല്‍ദായക്കാര്‍ ഇന്നും ഉപയോഗിക്കുന്നുണ്ട്. അതിന് 'ഹനാനാ' എന്നാണ് പറയുക" (ഫാ. പ്ലാസിഡ് പൊടിപാറ, 'നമ്മുടെ റീത്ത്', Collected Works of Placid Podipara, Vol. III, p. 197).

നസ്രാണികള്‍ തോമ്മാശ്ലീഹായുടെ കബറിടത്തില്‍ നിന്നെടുത്ത മണ്ണ് കലക്കിയ വെള്ളം "ഹാനാനാ"യായി ഉപയോഗിക്കുന്നു എന്നാണ് മാര്‍ക്കൊ പോളൊ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഈ വെള്ളം രോഗികളെക്കൊണ്ട് കുടിപ്പിക്കുകയും അവര്‍ സൗഖ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് പാരമ്പര്യം.

തോമ്മാശ്ലീഹായുടെ കബറിടത്തിലെ മണ്ണ് കലര്‍ത്തിയ ഹാനാന്‍ വെള്ളത്തിനു പകരം വൈദികര്‍ റൂശ്മ ചെയ്ത (വെഞ്ചരിച്ച) വെള്ളം പുണ്യജലമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഉദയംപേരൂര്‍ സൂനഹദോസിനുശേഷം മാത്രമാണ്. സൂനഹദോസ് കാനോനകളില്‍ പത്താം കാനോനയില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രധാന സംഗതികള്‍ താഴെ പറയുന്നവയാണ്: 1) പള്ളിയില്‍ പ്രവേശിക്കുന്നവര്‍ക്കു തങ്ങളുടെ ചാവുദോഷങ്ങള്‍ക്കു തമ്പുരാനില്‍നിന്നും പൊറുതി പ്രാപിക്കുന്നതിനു സഹായിക്കുന്ന ഹാനാന്‍ വെള്ളം തൊട്ടു പ്രാര്‍ത്ഥിക്കുന്നതിനും തങ്ങളുടെ മേല്‍ അടയാളപ്പെടുത്തുന്നതിനും ആവശ്യമായ ഹാനാന്‍ വെള്ളം മലങ്കരയിലെ പള്ളികളില്‍ കാണുന്നില്ല. ഇപ്രകാരം ഹാനാന്‍വെള്ളം തൊട്ടു പ്രാര്‍ത്ഥിക്കുന്ന പതിവുമില്ല. 2) ചില സ്ഥലങ്ങളില്‍ ഹാനാന്‍ വെള്ളം വച്ചിട്ടുണ്ടെങ്കിലും അത് മൈലാപ്പൂരുനിന്നും കൊണ്ടുവന്ന മണ്ണു കലര്‍ത്തിയ വെള്ളം മാത്രമാണ്. ചില പള്ളികളില്‍ മൈലാപ്പൂരുനിന്നും ശേഖിച്ച മണ്ണു സൂക്ഷിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പട്ടക്കാരല്ലാത്ത കപ്യാര്‍മാര്‍ തന്നെയാണ് മേല്പറഞ്ഞ മണ്ണു കലര്‍ത്തിയ വെള്ളം തയ്യാറാക്കുന്നത്. 3) ഇപ്രകാരം ഉണ്ടാക്കുന്ന വെള്ളം ഹാനാന്‍ വെള്ളമല്ലായെന്നും വിശ്വാസികള്‍ ഇപ്രകാരമുള്ള വെള്ളം ഉപയോഗിക്കരുതെന്നും സൂനഹദോസ് അറിയിക്കുന്നു. 4) ഹാനാന്‍ വെള്ളത്തിന്റെ ഉപയോഗത്തിനു മൈലാപ്പൂരിലെ മണ്ണു കലര്‍ത്തിയ വെള്ളം പകരമാകില്ല. 5) ആകയാല്‍ പട്ടക്കാരന്‍ തന്നെ വെള്ളം റൂശ്മ ചെയ്യണം (ആശീര്‍വ്വദിക്കണം). ആശീര്‍വ്വദിച്ച ഉപ്പു വെള്ളത്തില്‍ ചേര്‍ക്കുകയും വേണം. 6) റോമ്മാ കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച് എല്ലാ പട്ടക്കാരും ഇപ്രകാരം പ്രവര്‍ത്തിക്കണം. 7) ശനിയാഴ്ചതോറും എല്ലാ പട്ടക്കാരും വെള്ളം റൂശ്മാ ചെയ്തു വയ്ക്കണം. കാപ്പയൊഴികെ മറ്റെല്ലാ തിരുവസ്ത്രങ്ങളും ധരിച്ചുവേണം ഹാനാന്‍ വെള്ളം വെഞ്ചരിക്കാന്‍. 8) ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പ് തിരുവസ്ത്രങ്ങളണിഞ്ഞ് വൈദികന്‍ ജനങ്ങളുടെ മേല്‍ ഹാനാന്‍ വെള്ളം തളിക്കണം. 9) വെള്ളം തളിക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ത്ഥന വെള്ളം വെഞ്ചരിക്കുന്ന പ്രാര്‍ത്ഥനയില്‍ ഉണ്ട്. 10) പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ഹാനാന്‍ വെള്ളം തൊട്ട് തങ്ങളുടെമേല്‍ കുരിശടയാളം വരയ്ക്കണമെന്ന് പട്ടക്കാര്‍ ജനങ്ങളെ പഠിപ്പിക്കണം. (ഹാനാന്‍ വെള്ളം റൂശ്മ ചെയ്യുന്നതിനെക്കുറിച്ച് റോസിന്റെ നിയമാവലിയില്‍ യാതൊന്നും പറയുന്നില്ല).

വിവിധ കൂദാശകള്‍ കൊടുക്കുന്നതിനും ഹാനാന്‍ വെള്ളം ഉള്‍പ്പെടെയുള്ള വെഞ്ചരിപ്പുകള്‍ നടത്തുന്നതിനുമുള്ള പ്രാര്‍ത്ഥനകള്‍ ചേന്ദമംഗലത്തെ സമ്പാളൂര്‍ പാതിരിമാര്‍ (ഈശോസഭ വൈദികര്‍) തയ്യാറാക്കി മലങ്കരയിലെ എല്ലാ പള്ളികള്‍ക്കും നല്കണമെന്നും അപ്രകാരം നല്കപ്പെടുന്ന പുസ്തകങ്ങള്‍ പള്ളികളില്‍ത്തന്നെ കൃത്യമായി സൂക്ഷിക്കണമെന്നും സൂനഹദോസിന്റെ ആറാം മൌത്വാ, ആറാം കൂടിവിജാരം പതിനെട്ടാം കാനൊനയില്‍ പറയുന്നു. അതിപ്രകാരമാണ്:

"ഹാനാന്‍ വെള്ളപ്പാത്രം പള്ളികളില്‍ സൗകര്യമുള്ളിടത്ത് വെടിപ്പോടെ സൂക്ഷിക്കണം; വിശ്വാസികള്‍ ഹാനാന്‍ വെള്ളം വീടുകളിലും ഉപയോഗിക്കണം" എന്ന് ബര്‍ണ്ണര്‍ദ്ദീന്‍ ബാച്ചിനെല്ലി മെത്രാപ്പോലീത്ത (1853-1868) കല്പിച്ചതായി ഫാ. പ്ലാസിഡ് പൊടിപാറ നമ്മുടെ റീത്ത് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഈ കല്പനയുടെ തീയതിയും മറ്റും പുസ്തകത്തില്‍ പറയുന്നില്ല) (Collected Works of Rev. Dr. Placid Podipara CMI, Vol. III, p. 240. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനയുടെ പരിഷ്‌ക്കരിച്ച രൂപം 1879-ല്‍ ലെയൊനാര്‍ദ്ദ് മെത്രാപ്പോലീത്ത നല്കിയ കല്പനകളും നിയമങ്ങളും എന്ന ഗ്രന്ഥത്തില്‍ കാണാം. അതിപ്രകാരമാണ്: "ബ. വിഗാരിമാര ശനിയാഴ്ചതൊറും പള്ളിയിലുണ്ടായിരിക്കുന്ന ഹനാന്‍ വെള്ളപ്പാത്രങ്ങളെയെല്ലാം വെടിപ്പാക്കിക്കയും ഞായറാഴ്ചതൊറും കുര്‍ബാനയ്ക്കു മുമ്പ ഹനാന്‍വെള്ളം റൂശ്മ ചെയ്ത, ആയത മെല്‍ചൊല്ലിയ പാത്രങ്ങളൊക്കയിലും ഒഴിപ്പിക്കയും വെണം. ംരം പുണ്യപ്പെട്ട വെള്ളം വിശ്വാസക്കാരര തങ്ങളുടെ വീടുകളില്‍ വെച്ചു സൂക്ഷിച്ചു പെരുമാറുന്നതിന്ന അവരൊട ഗുണദൊഷിക്കയും വെണം" (pp. 42 – 43). ലത്തീന്‍ ആരാധനാക്രമമനുസരിച്ച് ഞായറാഴ്ചകളില്‍ ജനങ്ങളുടെമേല്‍ വിശുദ്ധജലം (ഹാനാന്‍ വെള്ളം) തളിച്ച് വിശുദ്ധീകരിക്കുന്ന പതിവുണ്ട്. ഈ ക്രമമാണ് ന സ്രാണികളും അനുവര്‍ത്തിക്കണമെന്നു സൂനഹദോസ് അനുശാസിച്ചത്. വളരെ അര്‍ത്ഥപൂര്‍ണ്ണമായ ഈ പ്രവൃത്തി സൂനഹദോസിനു ശേഷം രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ നസ്രാണി സഭയിലും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് ലത്തീനീകരണമാണെന്നു പറഞ്ഞ് ഉപേക്ഷിക്കപ്പെട്ടു.

ഉദയംപേരൂര്‍ സൂനഹദോസില്‍വച്ച് മൈലാപ്പൂരിലെ മണ്ണു കലര്‍ത്തിയ വെള്ളം ഹാനാന്‍ വെള്ളത്തിനു പകരമാകില്ല എന്നും ഹാനാന്‍ വെള്ളം പ്രത്യേക പ്രാര്‍ത്ഥനകള്‍ ചൊല്ലി പുരോഹിതന്‍ ആശീര്‍വ്വദിച്ചു (റൂശ്മ ചെയ്തു) തയ്യാറാക്കണമെന്നും കല്പിക്കപ്പെട്ടത് കാലക്രമേണ സഭയുടെ ആചാരാനുഷ്ഠാനമായി മാറി. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് റോസിന്റെ നേതൃത്വത്തില്‍ സുറിയാനിക്കാര്‍ക്കുവേണ്ടി ആരാധനാക്രമ പ്രാര്‍ത്ഥനകള്‍ തയ്യാറാക്കപ്പെട്ടപ്പോള്‍ ഹാനാന്‍ വെള്ളം റൂശ്മ ചെയ്യുന്നതിനുള്ള പ്രാര്‍ത്ഥനകളും ഉപ്പ് റൂശ്മ ചെയ്യുന്നതിനുള്ള പ്രാര്‍ത്ഥനകളും തയ്യാറാക്കപ്പെട്ടു; ഒപ്പം ഉപ്പും വെള്ളവും കലര്‍ത്തുന്നതിനുള്ള പ്രാര്‍ത്ഥനകളും. ലത്തീന്‍ ക്രമത്തില്‍നിന്നും സുറിയാനിയിലേക്കു പകര്‍ത്തിയ വെഞ്ചരിപ്പു പ്രാര്‍ത്ഥനകളാണ് ഫ്രാന്‍സിസ് റോസിന്റെ കാലഘട്ടം മുതല്‍ (1601 മുതല്‍) ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധംവരെയും സീറോ-മലബാര്‍ സഭയില്‍ ഉപയോഗിച്ചിരുന്നത്.

മേല്പറഞ്ഞപ്രകാരം പ്രത്യേക പ്രാര്‍ത്ഥനകള്‍ ചൊല്ലി പുരോഹിതന്‍ ആശീര്‍വ്വദിക്കുന്ന ജലം – ഹാനാന്‍ വെള്ളം – ജനത്തിന്റെ മേല്‍ തളിക്കാന്‍ മാത്രമല്ല വിവിധ സ്ഥലങ്ങളും വസ്തുക്കളും ഭവനങ്ങളും എല്ലാം വിശുദ്ധീകരിക്കുന്നതിന് ഫ്രാന്‍സിസ് റോസിന്റെ കാലം മുതല്‍ ഉപയോഗിച്ചുതുടങ്ങി. വിശ്വാസത്തോടെ പാനം ചെയ്യുന്ന, തളിക്കപ്പെടുന്ന ഹാനാന്‍ വെള്ളം രോഗികള്‍ക്കു സൗഖ്യവും ആരോഗ്യവും പ്രദാനം ചെയ്യുന്നു; വ്യക്തികളെയും സ്ഥലങ്ങളെയും പൈശാചിക ശക്തികളില്‍നിന്നും കാത്തുസൂക്ഷിക്കുന്നു; രോഗങ്ങളും പകര്‍ച്ചവ്യാധികളും ക്ഷുദ്രജീവികളും അകലുന്നതിനു കാരണമാകുന്നു. പുരോഹിതന്‍ പൗരോഹിത്യാധികാരം ഉപയോഗിച്ച് സഭയ്ക്കുവേണ്ടി ഈശോയുടെ നാമത്തില്‍ ആശീര്‍വ്വദിക്കുന്ന ജലം യഥാര്‍ത്ഥ പുണ്യജലം തന്നെയെന്നു സഭ പഠിപ്പിക്കുന്നു.

അനുചിന്തനം: പാപങ്ങള്‍ മോചിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കുവാനും സൃഷ്ടികളായ മനുഷ്യര്‍ക്ക് അധികാരവും ശുദ്ധീകരണത്തിനും രോഗശാന്തിക്കുമുള്ള ശക്തി ജലത്തിനും നല്കിയ ദൈവത്തിന്റെ നാമത്തില്‍ പൗരോഹിത്യാധികാരമുപയോഗിച്ചു പുരോഹിതന്‍ ആശീര്‍വ്വദിക്കുന്ന ജലം തളിക്കപ്പെടുന്ന വ്യക്തികളെയും സ്ഥലങ്ങളെയും വിശുദ്ധീകരിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യും. വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന രോഗശാന്തിക്കു കാരണമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org