മൃതദേഹ സംസ്‌ക്കാര ശുശ്രൂഷ

മൃതദേഹ സംസ്‌ക്കാര ശുശ്രൂഷ

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പു നസ്രാണി പള്ളികളില്‍ ഇന്നത്തേതുപോലുള്ള ഒരു മൃതസംസ്‌ക്കാര ശുശ്രൂഷ ഉണ്ടായിരുന്നില്ല. സെമിത്തേരിയെ കുറിച്ചു പ്രതിപാദിച്ച ലേഖനത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ നസ്രാണികള്‍ അവരുടെ വീട്ടുവളപ്പില്‍ തന്നെയാണു മൃതദേഹം സംസ്‌ക്കരിച്ചത്. മാത്രമല്ല, മൃതസംസ്‌ക്കാരത്തിനു പട്ടക്കാരന്റെ (വൈദികന്‍) സാന്നിധ്യവും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളും നിര്‍ബന്ധമായി കരുതിയിരുന്നില്ല. ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനയിലാണു നസ്രാണികളുടെ മൃതസംസ്‌ക്കാര ശുശ്രൂഷ എപ്രകാരം നടത്തണം എന്നതിനെ സംബന്ധിച്ച പ്രഥമ നിയമം കാണുന്നത്. 7-ാം മൗത്വാ 7-ാം കൂടിവിചാരം 26-ാം കാനോനയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "കുടികളില്‍ ഇരിക്കുന്നവരെ ചെലര മരിച്ചാല്‍ അവരുടെ ചവം പള്ളികളില്‍ കൊണ്ടുവരുവാന്‍ ഉത്സാഹം ഇല്ലായ്കകൊണ്ടും ചെലര്‍ റൂശുമാ ഇല്ലാത്തെടത്ത പട്ടക്കാരെയും കൂടാതെ അടക്കുന്നതിനെക്കൊണ്ടും ശുദ്ധമാന സൂനഹദോസ പ്രമാണിക്കുന്നു. മരിക്കുന്നവരുടെ ഒടയവര എംകിലും വീട്ട ഒടയവരെ എംകിലും അനെകം ദൂരം പള്ളിക്കല്‍ ചവം കൊണ്ടവരുവാന്‍ എംകിലും, പള്ളിക്ക അരികെ കൊണ്ടു വന്നെ മതിയാവൂ എന്ന, ചെതം ആയി ഒരെടത്ത അവുടെ പട്ടക്കാരന്‍ സൂര്‍പ്പിസില കുപ്പായവും ഊറാറയും ഇട്ടപള്ളിയിലെ കുരിശും എടുപ്പിച്ച ഹനുദായും ചൊല്ലിച്ചെന്ന ചവം കൊണ്ടുവന്ന അടക്കുകയും വെണം. ഇവണ്ണം വിഗാരിമാരെ എല്ലാവരൊടും ചൈതെ മതിയാവു. ഏതും തരുവാന്‍ ഇല്ലാത്തവരെ എംകിലും കണക്കെ ചകം ആരാനും ദൂരെന്ന അടക്കുവാന്‍ കൊണ്ട വരുമ്പൊള്‍ പട്ടക്കാരന്‍ അവുടെ ഇല്ല, എംകി ലും എണങ്ങര അവുടെ ഉടനെ എത്തുവാന്‍ തക്കെടത്ത അല്ലംകിലും എണങ്ങര ആവിടത്തൊളം കൂടെകൂട്ടി തങ്ങള്‍ അറിഞ്ഞ നമസ്‌ക്കാരങ്ങളും ചൊല്ലി നമസ്‌കരിച്ച തംപുരാനൊട അപെക്ഷിച്ചുംകൊണ്ട പള്ളിയില്‍ താന്‍ പൊറത്ത റൂശുമാ ഒള്ള എടത്തില്‍ എംകിലും താന്‍ അടക്കുകയും വെണം. മെല്‍ പറഞ്ഞവണ്ണം ശ്രമിച്ച ദൂരത്തെ ശകം പള്ളിക്കല്‍ കൊണ്ടുവരാതെ റൂശുമാനെലത്ത അല്ലാതെ, അടക്കുന്നവരെ വഴിയെ കുറ്റപ്പെടുക്കയും വെണം". (കുടി = വീട്; ഒടയവര്‍ = സ്വന്തക്കാര്‍; ചവം = ശവം; റൂശ്മാ ഇല്ലാത്തെടം = വെഞ്ചരിക്കാത്ത സ്ഥലം; ഹനൂദ = അന്നീദാ; എണങ്ങര്‍ = വിശ്വാസികള്‍; റൂശുമാനെലത്ത = വെഞ്ചരിച്ച സ്ഥലം; കണക്കെ = അതുപോലെ; പട്ടക്കാരന്‍ = വൈദികന്‍).
ഉദയംപേരൂര്‍ സൂനഹദോസിന്റെ തുടര്‍ച്ചയായി 1603-ല്‍ ഫ്രാന്‍സിസ് റോസ് മെത്രാപ്പോലീത്ത വിളിച്ചുകൂട്ടിയ അങ്കമാലി സൂനഹദോസില്‍ അവതരിപ്പിക്കപ്പെട്ടതും "റോസിന്റെ നിയമാവലി" എന്ന പേരില്‍ അറിയപ്പെടുന്നതും 1606-ല്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചതുമായ നിയമാവലിയില്‍ 'പത്താം സാഹാ'യില്‍ മൃതസംസ്‌ക്കാര ശുഷ്രൂഷ എപ്രകാരം നടത്തണം എന്നതിനെക്കുറിച്ചു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിപ്രകാരമാണ് : "നസ്രാണികളായതില്‍ ഒരുത്തര്‍ നല്ലവണ്ണം മരിച്ചുവെംകില്‍ ചവം അടക്കുവാന്‍ നെരമായാല്‍ വേണ്ടത്തക്ക നസ്രാണികളെ വിളിപ്പിച്ച സൂര്‍പ്പലീസും ഊറാറയും താന്‍ ഇട്ട വടിവുള്ള സ്ലീവാ സൂവാസൂര്‍പ്പലീസ ഇട്ട ഒരുത്തരെ പിടിപ്പിച്ച കൊളുത്തിയ മെഴുകുതിരി രണ്ടും ഇരുവര്‍ പിടി ച്ചു ധൂമക്കുറ്റി എടുക്കുന്ന മറ്റൊരുത്തനും മണിയുമായിട്ട മുമ്പില്‍ രണ്ടു പന്തിയായി നസ്രാണികള്‍ നിന്ന അതിന്റെ പിറകെ പിറകെ പട്ടക്കാരര്‍ പലരുണ്ടംകില്‍ അവ രും രണ്ടു വരിയായി നടക്കെണം – എല്ലായിലും പിറകെ വിഗാരി അന്നീദ പുസ്തകം കൈയില്‍ പിടിച്ചുംകൊണ്ടു തൊപ്പിയുമിട്ട നടന്ന ശവം കിടക്കുന്നിടത്തചെന്ന അവിടെന്ന ചൊല്ലെണ്ടുന്ന ക്രിയകളും ചൊല്ലി ശവം എടുപ്പിച്ച ക്രമത്തും വഴിതന്നെ പള്ളിയില്‍ വരണം – വഴിയില്‍നിന്ന പട്ടക്കാരര്‍ ഏറ്റ അന്നീദ ചൊല്ലി ഇരിക്കെണം – മണിയും കിലുക്കുകയും വെണം – മെഴുകുതിരിയും കത്തിക്കണം – കൂടെ പൊരിന്ന അന്മെനികള്‍ കൊന്ത നമസ്‌ക്കരിക്കണം – ശവത്തിന്റെ പിറകെ പട്ടക്കാരര്‍ നടക്കയും വെണം –
എന്നാല്‍ പള്ളിക്കല്‍പുക്കാല്‍ അന്മെനികളുടെ ശവമെംകില്‍ ഹൈക്ലാടെ നടുവില്‍ അതിനെ ഇറക്കി വെക്കെണം. പട്ടക്കാരരിടെ ശവമെംകില്‍ കനുക്കാടെ അകത്തഇറക്കിവച്ച ചില മെഴുകുതിരി കൊളുത്തി അതിന്റെ ചുറ്റും വൈക്കെണം- പട്ടക്കാരര്‍ ചുറ്റും ഇരുന്ന വിഗാരി കിഴക്കൊട്ട തിരിഞ്ഞ ഇരുന്നശെഷം അന്നീദ ചൊല്ലി കൂടിയാല്‍ – മെല്‍ എഴുത്തുപെട്ട ക്രമത്തുംവഴി മര്യാദക്ക തക്കവണ്ണം ശവം എടുത്ത അടക്കുകയും വെണം – രാത്രിയില്‍ ഒരുത്തരയും അടക്കരുതുതാനും – എന്നാല്‍ ഏതുമില്ലാത്തവരിടെ ശവം അടക്കുവാനും അവരെക്കുറിച്ച അന്നീദ ചൊല്ലുവാനും വിഗാരി വെണ്ടുവൊളം ഉത്സാഹിക്കെണം – എറിയൊര മനഗുണം തംപുരാന്‍ ചൈയുമെന്നതിനെകൊണ്ട –
എന്നാല്‍ ഞായറാഴ്ചകളിലും വലിയ പെരുനാളുകളിലും മെല്‍ എഴുത്തപ്പെട്ട ഘൊഷം അരുത – എന്നാല്‍ ഞായറാഴ്ചകളിലും – പെരുനാളുകളിലും ശവം അടക്കിയെ മതിയാവൂ എന്നുവരികില്‍ – ലൊകര്‍ക്ക കുറുബാന ചൈയും മുമ്പില്‍ – രായിലെ കുറഞ്ഞൊര അന്നീദാ ചൊല്ലികൊണ്ട അടക്കണം-
വിശെഷിച്ച വൈകീട്ടു അന്നീ ദാ നമസ്‌കാരം ഒക്കയും കൌറും കല്‍ നമസ്‌ക്കരിക്കയും വെണം – അതിന്റെ പിറ്റെന്നാള്‍ അന്നീദാ കുറുബാന ചൈകയുമാം –
വിശെഷിച്ച വൈകീട്ടത്രെ അടക്കെണമെന്നുവരികില്‍ അന്നീദാ ഒക്കയും വൈകീട്ടുചൊല്ലുകയും പിറ്റെന്നാള്‍ അന്നീദ കുറുബാന ചൈകയുമാം –
എന്നാല്‍ യല്‍ന്ദായിലും കൃന്തായിലും പന്തക്കുസ്തയിലും പതിനഞ്ചനൊന്‍പ വീടുന്ന പെരുനാള്‍ക്കു എംകിലും ഒട്ടും അന്നീ ദാ ചൊല്ലരുത – ഇതെന്നിയെ ഇങ്ങനത്തെ ദിവസങ്ങളില്‍ വൈകീട്ടു അടക്കുവാന്‍ വെണ്ടുന്ന അന്നീ ദാ നമസ്‌ക്കാരും മന്ത്രിച്ച ചൊല്ലിക്കൊണ്ട അടക്കെണം –
വിശെഷിച്ച അതിന്റെ പിറ്റെന്നാള്‍ അന്നീദ നമസ്‌ക്കാരവും കുറുബാനയും ചൊല്ലുകയുമാം – വിശെഷിച്ച ഇതിനൊട മറുത്ത പ്രവൃത്തിക്കുന്ന പട്ടക്കാരര്‍ അന്നീദപ്പണം വാങ്ങരുതെന്ന കല്പനയാകുന്നു (റോസിന്റെ നിയമാവലി, ഏ.ഡി 1606, സ്‌കറിയ സ്‌ക്കറിയ, ed., രണ്ടു പ്രാചീന ഗദ്യകൃതികള്‍, pp. 169170).

പത്തൊമ്പതാം നൂറ്റാണ്ടില്‍
സെമിത്തേരിയില്‍ ശവസംസ്‌ക്കാരം
ആരംഭിച്ച കാലത്തു ശവമഞ്ചം
ഉപയോഗിച്ചിരുന്നില്ല.
വെള്ളത്തുണിയില്‍ പൊതിഞ്ഞാണു
മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിരുന്നത്.
മൃതദേഹങ്ങള്‍ വീടുകളില്‍നിന്നും
സെമിത്തേരിയിലേക്കു വഹിക്കുന്നതിനു
പ്രത്യേകം തയ്യാറാക്കിയ 'ശവമഞ്ചല്‍'
പള്ളിയില്‍ നിന്നും കൊണ്ടുപോയിരുന്നു.


ഉദയംപേരൂര്‍ സൂനഹദോസി ന്റെ കാനോനകളിലും റോസിന്റെ നിയമാവലിയിലും മൃതസംസ്‌ക്കാര ശുശ്രൂഷ എപ്രകാരം നടത്തണമെന്നു നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അപ്രകാരമൊരു ആചാരക്രമം സര്‍വ്വസാധാരണമായിത്തീരാന്‍ വീണ്ടും രണ്ടു നൂറ്റാണ്ടോളം പിന്നിടേണ്ടിവന്നു എന്നു ചരിത്രം സാക്ഷിക്കുന്നു. സെമിത്തേരിയെന്ന സങ്കല്പം യാഥാര്‍ത്ഥ്യമാകുന്നതും ആഘോഷമായ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിച്ചതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ മാത്രമാണെന്നു സെമിത്തേരിയെക്കുറിച്ചുള്ള ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടല്ലോ.
ശവസംസ്‌ക്കാരത്തെക്കുറിച്ചു മേല്പറഞ്ഞ നിയമങ്ങള്‍ തന്നെയാണു 1904-ല്‍ മാര്‍ മാത്യു മാക്കീല്‍ പ്രസിദ്ധീകരിച്ച ദെക്രെത്തു പുസ്തകത്തിലും ഉള്ളത്. ചുരുക്കത്തില്‍ 1870-കളില്‍ ആരംഭിച്ച ആഘോഷമായ ശവസംസ്‌ക്കാര ശുശ്രൂഷയില്‍ മൃതദേഹം പള്ളിയില്‍ കൊണ്ടുവന്നശേഷം സംസ്‌ക്കാരശുശ്രൂഷയുടെ ഭാഗമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു; ഒന്നുകില്‍ അടക്കിനു മുമ്പു മൃതദേഹം പള്ളിയില്‍ വച്ചുകൊണ്ട്, അല്ലെങ്കില്‍ മൃതദേഹം അടക്കിയ ഉടനെതന്നെ. ലത്തീന്‍ പള്ളികളില്‍ ഇന്നും മൃതദേഹം പ ള്ളിയില്‍ വച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന ക്രമം തുടരുന്നുണ്ടെങ്കിലും സുറിയാനി പള്ളികളില്‍ ഈ ക്രമം 1970-കളില്‍ നിറുത്തല്‍ ചെയ്തു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ സെമിത്തേരിയില്‍ ശവസംസ്‌ക്കാ രം ആരംഭിച്ച കാലത്തു ശവമഞ്ചം ഉപയോഗിച്ചിരുന്നില്ല. വെള്ളത്തുണിയില്‍ പൊതിഞ്ഞാണു മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിരുന്നത്. മൃതദേഹങ്ങള്‍ വീടുകളില്‍നിന്നും സെമിത്തേരിയിലേക്കു വഹിക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ 'ശവമഞ്ചല്‍' പള്ളിയില്‍നിന്നും കൊണ്ടുപോയിരുന്നു. നസ്രാണിപ്പള്ളികളില്‍ കണ്ടെത്തിയ താളിയോലകളില്‍നിന്നും 1870-കളിലാണു ശവപ്പെട്ടി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നു മനസ്സിലാക്കാം. എങ്കിലും ഇക്കാലത്തു ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ മാത്രമാണു ശവപ്പെട്ടി ഉപയോഗിച്ചിരുന്നത്. ശവപ്പെട്ടിയുടെ ഉപയോഗം സര്‍വ്വസാധാരണമായതു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മാത്രമാണ്.
ശവസംസ്‌ക്കാര ശുശ്രൂഷയെ സംബന്ധിച്ചു വിശദമായ നിര്‍ദ്ദേശങ്ങളും നിയമങ്ങളും കല്പനയും നല്കിയത് മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയാണ്. 1926 ജനുവരിയിലെ എറണാകുളം മിസ്സത്തില്‍ (Vol. III, No. 9, pp, 174-175) പ്രസിദ്ധീകരിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യം ആദ്യമായി പ്രസിദ്ധം ചെയ്തത്. 1940-ലെ എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ അതു പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. അതിപ്രകാരമാണ്: പ്രേതമഞ്ചത്തിന്റെ അലങ്കാരങ്ങള്‍ ദുഃഖാവസരത്തിനു യോജിച്ചവയായിരിക്കണം; കറുത്തനിറം പ്രധാനമായി കാണത്തക്കവണ്ണമെ മഞ്ചം അലങ്കരിക്കാവൂ. ശവസംസ്‌ക്കാരത്തിനു ബാന്റുപയോഗിച്ചു "ഡെഡ് മാര്‍ച്ച്" എന്നു പറയുന്ന ദുഃഖരാഗം മാത്രം കൊട്ടുന്നതിനു വിരോധമില്ല. അല്ലാതെയുള്ള യാതൊരുതര കൊട്ടും വെടിയും പാടില്ല. കുട, കൊടി മുതലായവയെല്ലാം കറുത്ത നിറത്തിലുള്ളവയായിരിക്കണം. ശവസംസ്‌ക്കാര പ്രദക്ഷിണത്തില്‍ സംബന്ധിക്കുന്നവര്‍ വളരെ നിശബ്ദമായും അണിനിരന്നു നടന്നുകൊണ്ടും കൊന്തനമസ്‌ക്കാരം ചെ യ്തു മരിച്ച ആള്‍ക്കുവേണ്ടി കാഴ്ച വയ്ക്കണം. മാമ്മോദീസാ മുങ്ങിയശേഷം 7 വയസ്സിനു താഴെ മരിക്കുന്ന കുട്ടികളുടെ ശവസംസ്‌ക്കാരമാണെങ്കില്‍ മുന്‍പറഞ്ഞ ദുഃഖസൂചകമായ യാതൊന്നും കൂടാതെ ആഘോഷപൂര്‍വ്വമാണു നടത്തേണ്ടത്. അവര്‍ക്കായി സെ മിത്തേരിയില്‍ ഒരു ഭാഗം പ്രത്യേകം തിരിച്ചിട്ടിരിക്കുകയും വേണം. അവര്‍ക്കു സാധാരണ കുഴിക്കാണം 5 ണ. 8 പൈ. – 7 വയസ്സിനു മീതെ 16 വയസ്സിനു താഴെ വിവാഹം കഴിക്കാത്തവരുടെ ശവസംസ്‌ക്കാരത്തിനു കുഴിക്കാണം പതിവുള്ള നിരക്കില്‍ മൂന്നില്‍ രണ്ടുഭാഗം. മൃതശരീരം അടുത്ത സംബന്ധികള്‍ തന്നെ എടുത്തുകൊണ്ടു പോകുന്നതു തങ്ങള്‍ക്കു ചെയ്തുകൊടുക്കാവുന്ന അവസാന ശു ശ്രൂഷയായതുകൊണ്ട് ഈ പതിവ് എല്ലായിടത്തും നടപ്പില്‍ വരുത്തുന്നതു നല്ലതാണ്. പള്ളിയകത്ത് അല്പനേരം വച്ചു പ്രാര്‍ത്ഥിച്ചിട്ടേ സംസ്‌ക്കാര സ്ഥലത്തേക്കു കൊണ്ടുപോകാവൂ. ആണ്ടു കുമ്പസാരം മുടങ്ങിയിരിക്കുന്ന ആള്‍ മരണസമയത്തില്‍ കുമ്പസാരിച്ചാല്‍ ആ ആളുടെ ശവസംസ്‌ക്കാരത്തിനു കുഴിക്കാണം നിരക്കുള്ളതും പകുതിയുംകൂടി തീര്‍പ്പിക്കണം. മരണാവസരത്തിലും കുമ്പസാരിച്ചില്ലെങ്കില്‍ നിരക്കുള്ള കുഴിക്കാണം തീര്‍പ്പിച്ചുകൊണ്ടു മൃതശരീരം ആശീര്‍വ്വദിച്ചിട്ടുള്ള സെമിത്തേരിക്കു പുറത്തു തിരിച്ചുകെട്ടിയിട്ടുള്ള സ്ഥലത്തു യാതൊരാഘോഷവും കൂടാതെ സംസ്‌ക്കരിക്കണം. ധര്‍മ്മക്കുഴി സൗജന്യമായി വെഞ്ചരിച്ചുകൊടുക്കേണ്ടതാണ്. കുഴിവെട്ടുകൂലി ഓരോ പള്ളിയിലും ആലോചിച്ചു നിശ്ചയിച്ചു യോഗപ്പുസ്തകത്തിലോ മറ്റൊ എഴുതി വയ്ക്കുകയും പകര്‍പ്പു വികാരിയുടെ അടയാളത്തോടുകൂടി അരമനക്കച്ചേരിയിലേയ്ക്കയയ്ക്കുകയും വേണം. കഴിവുണ്ടായിട്ടും ഒരു കുര്‍ബാനയെങ്കിലും മരിച്ച ആളുടെ ആത്മാവിനുവേണ്ടി ചൊല്ലിക്കുന്നില്ലെങ്കില്‍ പതിവനുസരിച്ചുള്ള ശേഷക്രിയയും മറ്റും നടത്തിക്കൊടുത്തുകൂടാ. റാസയോ സ്തപസ്സു കുര്‍ബാനയൊ കഴിഞ്ഞിട്ടുള്ള ചെറിയ ഒപ്പീസു സൗജന്യമായിരിക്കണം. കൊ മ്പഞ്ഞിമെന്ത്. ദര്‍ശനാകമ്പടി, കുഴിവെഞ്ചരിപ്പ്, ചരമപ്രസംഗം, ഏസ്തികൂട്ടല്‍, മരണാനന്തരം പള്ളിയില്‍ കൊടി തൂക്കി മണിയടിക്കുന്നത്, ഒപ്പീസ്, അന്നീദ മുതലായവയ്ക്കു തീര്‍പ്പിക്കേണ്ട സംഖ്യകള്‍ തീര്‍ക്കണം (എറണാകുളം അതിരൂപതയിലെ നിയമംസംഗ്രഹം, pp. 7980).

അനുചിന്തനം: മാന്യമായ മൃതദേഹസംസ്‌ക്കാരം ഓരോ ക്രൈസ്തവന്റെയും അവകാശവും മൃതദേഹങ്ങള്‍ പൂജ്യമായി സംസ്‌ക്കരിക്കേണ്ടതു ക്രൈസ്തവന്റെ കടമയുമാണ്. എന്തെന്നാല്‍ കത്തോലിക്കാ വിശ്വാസമനുസരിച്ചു 'മാമ്മോദീസായാല്‍ മുദ്രിതവും പരിശുദ്ധ കുര്‍ബാനയാല്‍ പരിപുഷ്ടവും വിശുദ്ധ തൈലത്താല്‍ അഭിഷിക്തവുമായിത്തീര്‍ന്ന ശരീരം' ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനനാളില്‍ ഉയിര്‍പ്പിക്കപ്പെടേണ്ടതാകയാല്‍ അതിനെ പൂജ്യമായി സംസ്‌ക്കരിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org