കൊമ്പഞ്ഞിമെന്ത് (കുമ്പഞ്ഞിമെന്ത്)

കൊമ്പഞ്ഞിമെന്ത് (കുമ്പഞ്ഞിമെന്ത്)

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

പള്ളി റെക്കോഡുകളിലും പള്ളിക്കണക്കുകളിലും ദര്‍ശനസമൂഹവുമായി ബന്ധപ്പെട്ടു കാണുന്ന ഒരു വാക്കാണ് 'കൊമ്പഞ്ഞിമെന്ത്'. വൈദികരും ദര്‍ശനക്കാരും മൃതദേഹത്തെ സ്ഥാനവസ്ത്രങ്ങളണിഞ്ഞു അനുഗമിക്കുന്നതിനെയാണ് 'കൊമ്പഞ്ഞിമെന്ത്' എന്നു വിശേഷിപ്പിക്കുക. ഇംഗ്ലീഷില്‍ അക്കമ്പനിമെന്റ് (accompanyment) എന്നു പറയും. പോര്‍ട്ടൂഗീസ് പദത്തിന്റെ മലയാളീകരിക്കപ്പെട്ട പ്രയോഗമാണു കൊമ്പഞ്ഞിമെന്ത്. ഈ വാക്കിന്റെ ഉല്പത്തിയെക്കുറിച്ചും പ്രയോഗത്തെക്കുറിച്ചും ബഹു. കുരുക്കൂരച്ചന്‍ വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

"കുമ്പഞ്ഞിമെന്ത്, കൊമ്പഞ്ഞിമെന്ത്, കുമ്മഞ്ഞിമെന്ത എന്നൊക്കെ പറയപ്പെടുന്നത് സഹഗമനം എന്നര്‍ത്ഥമുള്ള ഒരു പോര്‍ട്ടുഗീസ് പദമാണ്. ഇംഗ്ലീഷിലെ കമ്പനി എന്നതിനു പോര്‍ട്ടുഗീസില്‍ കൊംപന്യ (companhia) എന്നാണ് പറയുക. കൂട്ടം, സംഘം എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. കുമ്പഞ്ഞി, കുംപഞ്ഞിയാക്കൂട്ടം (ഉദയംപേരൂര്‍ സൂനഹദോസ് കാനോനയില്‍) എന്നൊക്കെ പഴയ രേഖകളില്‍ ധാരാളമായി കാണാം. കമ്പനി എന്ന അര്‍ത്ഥത്തില്‍ – പ്രത്യേകിച്ച് പട്ടാളക്കാരെ സംബന്ധിച്ച് – കുപ്പണി എന്നു പറയുന്നതും ഈ വാക്കിന്റെ രൂപാന്തരമാണ്. കമ്പനി എന്ന വാക്ക് ലത്തീനിലെ 'കൊം' എന്ന ഉപ സര്‍ഗവും 'പാനിസ്' എന്ന വാക്കും ചേര്‍ന്നുണ്ടായതാണ്. കൂടെ എന്നര്‍ത്ഥമുള്ള 'കും' എന്ന ഉപസര്‍ഗത്തിന്റെ പ്രാചീന രൂപമാണ് 'കൊം'. പാനിസ് എന്നതിന് അപ്പം എന്നര്‍ത്ഥം. ഗ്രാമീണ ലത്തീന്‍ ഭാഷയില്‍ കൊംപാനിയോ എന്നതിന് ഒന്നിച്ച് അപ്പം ഭക്ഷിക്കുന്നവന്‍, കൂട്ടുകാരന്‍ എന്നിങ്ങനെയാണര്‍ത്ഥം. (ചെറിയ മുറി, അപ്പം സൂക്ഷിക്കുന്ന മുറി എന്നര്‍ത്ഥമുള്ള 'കംപാന' എന്ന വാക്കില്‍ നിന്നാണ് 'കംപാനിയോ' ഉണ്ടായതെന്നു ചിലര്‍ കരുതുന്നു). 'കും' എന്നത് കൊ, കൊം, കൊള്‍, കൊണ്‍, കൊര്‍ എന്നൊക്കെയായിത്തീരും. കംപാനിയോ എന്നതിനു കപ്പലിലെ ചെറിയ അറ എന്നും അര്‍ത്ഥമുണ്ട്. പ്രാചീന കാത്തലാന്‍ ഭാഷയില്‍ കൊംപാനിയ എന്നതിനു കപ്പലില്‍ അപ്പം സൂക്ഷിക്കുന്ന അറ എന്നും അര്‍ത്ഥമുണ്ട്. മധ്യകാലം മുതല്‍ ഇതിന്റെ അര്‍ത്ഥം മാറി സംഘം എന്നായി. ലത്തീനില്‍ ഇതിനോടു സമാനമായി മറ്റൊരു പദമുണ്ട്; 'കൊംപാജെസ്' എന്നപദം. 'കൊംപാഗൊ' എന്നും പറയും. അതാകട്ടെ പാജെരെ എന്ന ധാതുവില്‍നിന്നു വരുന്നു. ഒട്ടിച്ചുച്ചേര്‍ക്കുക എന്നര്‍ത്ഥം. ഗ്രീക്കിലെ 'പഗ്' അല്ലെങ്കില്‍ 'പജ്' എന്നതാണ് അതിന്റെ മൂലരൂപം. സംസ്‌കൃതത്തിലെ 'പച്' എന്ന ധാതുവുമായി അതിനു ബന്ധമുണ്ട്.

സഭാപരമായ രേഖകളില്‍ കൊമ്പഞ്ഞിമെന്ത് അഥവാ സഹഗമനം എന്നു പറയുന്നത് മൃതസംസ്‌ക്കാര ചടങ്ങില്‍ കൂടെ പോകുന്നതിനാണ്. മൃതശരീരം വഹിച്ചുകൊണ്ടുപോകുന്ന പ്രദക്ഷിണത്തില്‍ വൈദികരും ദര്‍ശനക്കാരും കപ്യാരും പങ്കെടുക്കുന്നു. അതിന് അവര്‍ക്കു കൊടുക്കുന്ന ദക്ഷിണയ്ക്ക് കുമ്പഞ്ഞിമെന്തുപടി എന്നു പറയുന്നു. ദര്‍ശനം പ്രചാരത്തില്‍ വന്നതോടെ കുമ്പഞ്ഞിമെന്തെ ഉണ്ടായി. വൈദികര്‍ സൂര്‍പ്പിലേസും ഊറാറയും ധരിച്ചു നമ സ്‌ക്കാരങ്ങള്‍ ചൊല്ലി ശവമഞ്ചത്തെ അനുഗമിക്കുന്നു. ഈ അനുഗമനമാണ് കുമ്പഞ്ഞിമെന്ത്. ഇപ്രകാരം വൈദികര്‍ മരിച്ചയാളുടെ വീട്ടില്‍ ചെന്നു പ്രാര്‍ത്ഥനകള്‍ ചൊല്ലി പ്രദക്ഷിണത്തില്‍ അനുഗമിച്ചു ശവസംസ്‌ക്കാരകര്‍മ്മം നിര്‍വ്വഹിക്കണമെന്ന നിയമം 1606-ല്‍ റോസ് മെത്രാന്റെ കാലത്താണു കര്‍ശനമാക്കിയത് (സെപ്രാദര്‍വ പത്താം സാഹ). ദര്‍ശനക്കാര്‍ ഔദ്യോഗിക വേഷം അണിഞ്ഞു മൃതസംസ്‌ക്കാര കര്‍മ്മത്തില്‍ സംബന്ധിക്കണമെന്നും അദ്ദേഹം കല്പിച്ചു. ഈ നിയമം 1599-ലെ ഉദയംപേരൂര്‍ സൂനഹദോസാണ് ക്രോഡീകരിച്ചത് (6-ാം മൗത്വ, 26-ാം കാനോന). അന്നു മുതലാണ് ഇന്നത്തേതുപോലുള്ള മൃതസംസ്‌ക്കാര സമ്പ്രദായം "നടപ്പിലായത് എന്നതില്‍ സംശയമില്ല" (ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, pp.76-77).

കുരിശ്, തോച്ച, കുട മുതലായവ പിടിച്ചു സ്ഥാനവസ്ത്രങ്ങളണിഞ്ഞു വിലാപയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കു ഒരു ചെറിയ തുക പ്രതിഫലമായി നല്കിയിരുന്നു. ആ പ്രതിഫലത്തിനും "കൊമ്പഞ്ഞിമെന്ത്" എന്ന് വിശേഷിപ്പിച്ചിരുന്നു. മൃതദേഹ സംസ്‌ക്കാര ശുശ്രൂഷയ്ക്കു ഉപയോഗിക്കുന്ന കുരിശ്, കുട, ശവവണ്ടി മുതലായവയ്ക്കു ഒരു തുക വാടകയായി ഈടാക്കുന്ന പതിവ് ഇന്നും നിലനില്ക്കുന്നു. മേല്പറഞ്ഞ സാമഗ്രികള്‍ ദര്‍ശനസമൂഹത്തിന്റെ വകയായി നിര്‍മ്മിച്ചു പള്ളിയിലെക്കൂടി ഉപയോഗത്തിനു കൊടുത്തിട്ടുള്ളവയാണെങ്കില്‍ അവയുടെ വാടക ദര്‍ശനസമൂഹത്തിനുള്ളതായിരിക്കും, അല്ലാത്ത പക്ഷം പള്ളിക്കും. ചില ദര്‍ശനസമൂഹങ്ങള്‍ അംഗങ്ങളുടെ മരണത്തിനു ദര്‍ശസമൂഹം നിര്‍മ്മിച്ച മേല്പറഞ്ഞ സാമഗ്രികള്‍ക്കു വാടക വാങ്ങുകയോ "കൊമ്പഞ്ഞിമെന്ത്" സ്വീകരിക്കുകയോ ഇല്ല.

ദര്‍ശനസമൂഹം തുടങ്ങിയ കാലഘട്ടത്തില്‍ (1870) ഇടപ്പള്ളി പള്ളിയില്‍ കൊമ്പഞ്ഞിമെന്തു പോകുന്നതിനെ സംബന്ധിച്ചു അവരെടുത്തിരുന്ന തീരുമാനം താഴെ പറയും പ്രകാരമായിരുന്നു: "1. കൊം പ്രരിയക്കാരില്‍ ഒരുത്തന്‍ മരിച്ചാല്‍ അപ്പൊള്‍ തന്നെ ബഹു. വിഗാരിയെ വെണ്ടും കാര്യങ്ങള്‍ക്കൊക്കെയ്ക്കും എഴുത്താല്‍ അറിയിച്ചു കൊള്‍കയും ബ. കപ്ലൊന്‍ വിഗാരി, പ്രസുദെന്തി മുതലായി ഇരുപത പെരെ ചമ്മദൊരനെക്കൊണ്ട കൊംപഞ്ഞിമെന്തിന്ന കൂടുവാന്‍ അറിയിക്കയും ആ വകയ്ക്കു ചമ്മ ദൊര്‍ക്ക 6 പുത്തന്‍ ആവശ്യക്കാരന്‍ കൊടുക്കയും ശവം എടുപ്പാന്‍ പൊകുമ്പൊള്‍ പാടുണ്ടായിരുന്നാല്‍ എല്ലാവരും ഒപ്പ ഉടുത്ത കവറു, കുരിശു മുതലായതിനൊടു കൂടെ ക്രമായിപ്പൊകയും ഇരുപതാളില്‍ അധികം വെണമെന്ന അപെക്ഷയുണ്ടായിരുന്നാല്‍ നാല്പതാള്‍ വരെ 8 പുത്തനും ഇതില്‍ അധികം വെണമെന്നായിരുന്നാല്‍ പന്ത്രണ്ടു പുത്തനും കൊംപ്രരിയയ്ക്കും 8 പുത്തന്‍ കൂടി വിശെഷാല്‍ ചമ്മദോര്‍ക്കും ആവശ്യക്കാരന്‍ കൊടുക്കയും ചെയ്യെണ്ടതാകുന്നു.

പള്ളി റെക്കോഡുകളിലും പള്ളിക്കണക്കുകളിലും ദര്‍ശനസമൂഹവുമായി ബന്ധപ്പെട്ടു കാണുന്ന ഒരു വാക്കാണ് 'കൊമ്പഞ്ഞിമെന്ത്.' വൈദികരും ദര്‍ശനക്കാരും മൃതദേഹത്തെ സ്ഥാനവസ്ത്രങ്ങളണിഞ്ഞു അനുഗമിക്കുന്നതിനെയാണ് 'കൊമ്പഞ്ഞിമെന്ത്' എന്നു വിശേഷിപ്പിക്കുക. ഇംഗ്ലീഷില്‍ അക്കമ്പനിമെന്റ് (accompanyment) എന്നു പറയും. പോര്‍ട്ടൂഗീസ് പദത്തിന്റെ മലയാളീകരിക്കപ്പെട്ട പ്രയോഗമാണു കൊമ്പഞ്ഞിമെന്ത്.

2. ഈ ഇടവകയില്‍ കൊംപ്രരിയയില്‍ കൂടാത്തവര്‍ മരിച്ചാല്‍ ദര്‍ശനം വെണമെന്നപെക്ഷിച്ചാല്‍ കൊംപ്രരിയയ്ക്കായി 32 പുത്തനും പുറഎടവകയായിരുന്നാല്‍ 64 പുത്തനും കൊംപ്രരിയയ്ക്കും കൊംപ്രരിയായില്‍ കൂടിയവനായിരുന്നാലും പഷ്ണിക്കഞ്ഞി ഇല്ലാത്ത കൊംപഞ്ഞിമെന്തായിരുന്നാല്‍ കൊംപ്രരിയക്കാര്‍ക്കു 8 പുത്തനും പുറഎടവകയായിരുന്നാല്‍ 16 പുത്തനും കപ്ലൊവികാരിക്കു 24 പുത്തനും ചമ്മൊദൊര്‍ക്കു ഒരു രൂപയും ആവശ്യക്കാരന്‍ കൊടുക്കേണ്ടതാകുന്നു. 3. കൊം പ്രരിയക്കാരില്‍ ഒരുത്തന്‍ മരിച്ചാല്‍ ഓപ്പ വകയ്ക്കു 8 പുത്തന്‍ കൊംപ്രരിയയ്ക്കു കൊടുക്കേണ്ടതാകുന്നു. 4. കൊംപ്രരിയായില്‍ 62 രൂപയില്‍ കുറയാതെ രൂപയായിട്ടെങ്കിലും പണിത്തരമായിട്ടെങ്കിലും (സ്വര്‍ണം etc) കാഴ്ച തന്നാല്‍ അവരുടെ വീട്ടില്‍ രണ്ടടിയന്തിരത്തിന്നു വെള്ളിക്കുരിശു കൂലി കൂടാതെ കൊടുക്കേണ്ടതാകുന്നു."

കൊമ്പഞ്ഞിമെന്തിനു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

1908 സെപ്തംബര്‍ 8-നു മാര്‍ ളൂയിസ് മെത്രാന്‍ നല്കിയ ദെക്രത്തു കല്പനകളില്‍ കൊമ്പഞ്ഞിമെന്തിനെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു: "1.) കൊമ്പഞ്ഞിമെന്തിനു ഒരു നാഴികക്കകത്തു പ്രായം ചെന്നവരുടെതിന്നു രൂപ 1. പൈതങ്ങളുടെതിന്നു രൂപ ¾. ഒരു നാഴിക കഴിഞ്ഞു കൂടുതലുള്ള ഒരൊ നാഴികക്കും അതില്‍ കുറഞ്ഞതിന്നും രൂപ ¼ വീതം നാം നിശ്ചയിച്ചിരിക്കുന്നു. 2). കൊമ്പഞ്ഞിമെന്തിനു മറ്റു പട്ടക്കാരും ക്ഷണിക്കപ്പെട്ടാല്‍ ഒരു നാഴികക്കകത്തുള്ളതിന്നു അവര്‍ക്കൊരൊരുത്തര്‍ക്കും ചക്രം 16 അല്ലെങ്കില്‍ അണ 9. അതിന്മെല്‍ ഒരൊ നാഴികക്കു അതില്‍ കുറഞ്ഞതിന്നു ചക്രം 4 അല്ലെങ്കില്‍ അണ 2 പൈസ 3 വീതം കൊടുക്കണം. 3). കൊമ്പഞ്ഞിമെന്ത് ഇല്ലാതെ ശവക്കുഴി ആശീര്‍വ്വദിക്കുന്നതിന് ചക്രം 6 അല്ലെങ്കില്‍ അണ 3 പൈസ 5. 4). ഏഴുവയസ്സിനു താഴെ മാമ്മോദീസ കൈക്കൊണ്ടു മരിക്കുന്ന ശിശുക്കളെ പാടുപോലെ ബഹുമാന സൂചകങ്ങളായ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ആഘോഷപൂര്‍വ്വം കൊമ്പഞ്ഞിമെന്തുകൂടി അടക്കണം" (p. 12).

1934 സെപ്തംബര്‍ 8-നു പ്രസിദ്ധീകരിച്ച മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ വരവുകളുടെ നിയമസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ കൊമ്പഞ്ഞിമെന്തിനെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ്: "1. കൊമ്പഞ്ഞിമെന്തിന് ഒരു നാഴികയിലധികം ദൂരം പോകേണ്ടതില്ലെങ്കില്‍ പ്രായം ചെന്നവരുടേതിന് രൂപ 1, പൈതങ്ങളുടേതിന് രൂപ ¾. ദൂരം അധിലധികമാണെങ്കില്‍ അധികം വരുന്ന ഓരോ നാഴികയ്ക്കും അതിന്റെ ഏതംശത്തിനും വിശേഷാല്‍ രൂപ ¼. ബ. വികാരിയല്ലാതെ വേറെയാരെങ്കിലും കൊമ്പഞ്ഞിമെന്ത് നടത്തുന്നതായാല്‍ പ്രായം ചെന്നവരുടേതിനുള്ള വകയില്‍നിന്ന് 12 ചക്രവും പൈതങ്ങളുടേതിനുള്ള വകയില്‍നിന്നു 8 ചക്രവും ബ. വികാരിക്കു സ്‌തോളപ്പണമായി കൊടുക്കേണ്ടതാണ്. 2. പല പട്ടക്കാര്‍കൂടിയാണ് കൊമ്പഞ്ഞിമെന്ത് നടത്തുന്നതെങ്കില്‍, ഒരു നാഴികയിലധികം ദൂരം വരാത്തപക്ഷം പ്രായം ചെന്നവരുടേതിന് ബ. വികാരിക്ക് 1മ്പ രൂപ. മറ്റു പട്ടക്കാര്‍ക്ക് ഒരു രൂപവീതം കുട്ടികളുടേതിന് ബ. വികാരിക്ക് 1¼ രൂപാ, മറ്റു പട്ടക്കാര്‍ക്ക് ¾ രൂപാവീതം. ഒരു നാഴികയിലധികം ദൂരമുണ്ടെങ്കില്‍ പ്രായം ചെന്നവരുടെയും കുട്ടികളുടെയും കൊമ്പഞ്ഞിമെന്തിന് ബ. വികാരിക്കും മറ്റു പട്ടക്കാര്‍ക്കും അധികം വരുന്ന ഓരോ നാഴിക ദൂരത്തിനും അതിന്റെ അംശത്തിനും ¼ രൂപാ വീതം കൂടുതല്‍ കൊടുക്കണം.

3. കപ്യാര്‍ക്ക് : ഒരു നാഴികയിലധികം ദൂരം വരാത്തപക്ഷം പ്രായം ചെന്നവരുടെ കൊമ്പഞ്ഞിമെന്തിന് 5¼ ചക്രം (3 അണ.) കുട്ടികളുടേതിന് 3½ ചക്രം (2 അണ.). ഒരു നാഴികയിലധികം ദൂരം വന്നാല്‍ അധികം വരുന്ന ഓരോ നാഴികയ്ക്കും അതിന്റെ അംശത്തിനും ഓരോ അണ കൂടുതല്‍ കൊടുക്കണം. 4. കൊമ്പഞ്ഞിമെന്ത് ദര്‍ശനം കൂടി നടത്തണമെങ്കില്‍ : മരിച്ചയാള്‍ ദര്‍ശനത്തില്‍ കൂടീട്ടില്ലാത്ത പക്ഷം ദര്‍ശനത്തിന് വകമെന്ത് അല്ലെങ്കില്‍ കാഴ്ചയായി വിശേഷാല്‍ 1 രൂപ 2 അണയും. തിരിപ്പണമായി 6 അണയും കൊടുക്കണം. ചെമ്മദോര്‍ക്ക് പ്രായം ചെന്നവരുടെ കൊമ്പഞ്ഞിമെന്തിന് 3 അണ. കുട്ടികളുടേതിന് 2 അണ. ഒരു നാഴിലധികം ദൂരം വരുന്നതായാല്‍ വരുന്ന ഓരോ നാഴികയ്ക്കും അതിന്റെ അംശത്തിനും ഓരോ അണ കൂടുതല്‍ കൊടുക്കണം. 5. ദര്‍ശനം അന്യ ഇടവകയില്‍ പോയി കൊമ്പഞ്ഞിമെന്തിനു കൂടുന്നതായാല്‍ പട്ടക്കാരനും മറ്റും യാത്രാച്ചെലവിനും പുറമെ ആ ഇടവകയില്‍ കൊമ്പഞ്ഞിമെന്തിനുള്ള സാധാരണ നിരക്കിന്റെ ഇരട്ടി കൊടുക്കണം" (വരവുകളുടെ നിയമസംഗ്രഹം, pp. 3234).

കാലങ്ങള്‍ പിന്നിട്ടപ്പോള്‍ കൊമ്പഞ്ഞിമെന്തിനു പ്രതിഫലം നല്കുന്ന സമ്പ്രദായം ഇല്ലാതെയായി. മാത്രമല്ല, ഭൂരിപക്ഷം ഇടവകകളിലും ദര്‍ശനസമൂഹാംഗങ്ങള്‍ സ്ഥാനവസ്ത്രങ്ങളിഞ്ഞു കൊമ്പഞ്ഞിമെന്ത് നടത്തുന്ന പതിവും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.

അനുചിന്തനം: കൊമ്പഞ്ഞിമെന്തോടുകൂടെ ശവസംസ്‌ക്കാര ശുശ്രൂഷ ആരംഭിച്ചതു പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രമാണെങ്കിലും ഇന്നും തുടരുന്ന ആ പതിവ് ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യവും പ്രഘോഷണവുമാണ്. മരണത്തോടെ അവസാനിക്കുന്നതല്ല ക്രൈസ്ത വ ജീവിതമെന്ന വലിയ വിശ്വാസം ലോകത്തോടു പരസ്യ മായി പ്രഖ്യാപിക്കുന്നതിന്റെ സാക്ഷ്യം കൂടിയാണു കൊമ്പഞ്ഞിമെന്ത്. ആകയാല്‍ ദര്‍ശനസമൂഹാംഗങ്ങള്‍ സ്ഥാന വസ്ത്രങ്ങളണിഞ്ഞു കൊമ്പഞ്ഞിമെന്തു നടത്തുന്നത് ഇന്നും വളരെ പ്രസക്തമായ ആചാരം തന്നെ.

Related Stories

No stories found.