നസ്രാണികളും ഇടവകകളും

നസ്രാണികളും ഇടവകകളും

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

മലയാളികള്‍ക്കു പ്രത്യേകിച്ചു മലയാളി ക്രൈസ്തവര്‍ക്കു വളരെ സുപരിചിതമായ പദങ്ങളാണ് 'ഇടവക'യും 'ഇടവക വികാരി'യും. ക്രൈസ്തവരുടെ രേഖകളില്‍ മാത്രമല്ല സര്‍ക്കാരിന്റെ രേഖകളില്‍പോലും ഇടവക എന്ന പദം കാണാനാകും. ചരിത്രപുസ്തകങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്ന പദമാണ് ഇടവക എന്നത്. ശബ്ദതാരാവലിയില്‍ ഇടവക എന്ന വാക്കിന് മൂന്ന് അര്‍ത്ഥങ്ങള്‍ നല്കിയിട്ടുണ്ട്: 1. ഇടപ്രഭുവിന്റെ ഭരണത്തില്‍പ്പെട്ട ദേശം, 'കീഴിട'. 2. ഒരു ക്രിസ്തീയ പുരോഹിതന്റെ ആദ്ധ്യാത്മിക ഭരണത്തിലുള്ള ദേശം. 3. വീട്. ചരിത്രപുസ്തകങ്ങളിലും സര്‍ക്കാര്‍ രേഖകളിലും കാ ണുന്ന ഇടവക (എടവക) എന്ന പ്രയോഗം ഇടപ്രഭുവിന്റെ അഥവാ നാടുവാഴിയുടെ ഭരണപ്രദേശം എന്ന അര്‍ത്ഥത്തിലാണ്. രാജഭരണ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു പദം. എന്നാല്‍ ക്രൈസ്തവരുടെ ചരിത്രപുസ്തകങ്ങളിലും രേഖകളിലും കാണുന്ന ഇടവക (എടവക) എന്ന പ്രയോഗം ക്രിസ്തീയ പുരോഹിതന്റെ ആദ്ധ്യാത്മിക ഭരണപ്രദേശം എന്ന അര്‍ത്ഥത്തിലാണ്. ആകയാല്‍ ഇടവക/എടവക എന്ന വാക്കു ക്രിസ്തീയ പശ്ചാത്തലത്തില്‍ രൂപംകൊണ്ടതല്ല മറിച്ച് ക്രിസ്തീയ പശ്ചാത്തലത്തിലേക്ക് കുടിയേറിയ അഥവാ സ്വീകരിക്കപ്പെട്ട പദമാണെന്നു സാരം.
എടം അഥവാ ഇടം എന്നതിന് സ്ഥലം അഥവാ വീട്, നാടുവാഴിയുടെ വീട് എന്നും അര്‍ത്ഥമുണ്ട്. നാടുവാഴിയുടെ ഭരണസീമയില്‍പ്പെട്ട പ്രദേശമാണ് ഇടവക എന്നതിനാല്‍ 'ഭരണാധികാരം' എന്നൊരര്‍ത്ഥവും ഇതിനുണ്ട്. ക്രൈസ്തവര്‍ ഈ പദത്തെ തങ്ങളുടെ മത ഭാഷയിലേക്കു സ്വീകരിച്ചതോടെ നാടുവാഴികളുടെ ഭരണം (രാജ ഭരണം) അവസാനിച്ചിട്ടും "ഇടവകയും ഇടവക ഭരണവും" സജീവമായി നിലകൊള്ളുന്നു എന്നത് വാസ്തവം. ഇംഗ്ലീഷ് ഭാഷയില്‍ "പാരിഷ്" എന്ന വാക്കിനും ഗ്രീക്കുഭാഷയില്‍ പരോയ്ക്കിയ എന്ന വാക്കിനും ലത്തീനില്‍ "പരോക്കിയ" എന്ന വാക്കിനും മലയാളികള്‍ നല്കിയ പരിഭാഷ അഥവാ പകരം ഉപയോഗിച്ച വാക്കാണ് ഇടവക (എടവക) എന്നത്. ക്രൈസ്തവ പശ്ചാത്തലത്തില്‍ സഭാഭരണ സംബന്ധമായ ഒരു ഡിസ്ട്രിക്റ്റ് എന്നു മാത്രമേ ഇതിനു അര്‍ത്ഥമുള്ളൂ (ഡോ. കുരുക്കൂര്‍, ക്രൈസ്തവ ശബ്ദകോശം, P. 16).
പതിനേഴാം നൂറ്റാണ്ടുവരെ (ഉദയംപേരൂര്‍ സൂനഹദോസു വരെ) കേരളത്തിലെ നസ്രാണികള്‍ ഇടവക/എടവക എന്ന പദം ഉപയോഗിച്ചിരുന്നതു വളരെ വിശാലമായ അര്‍ത്ഥത്തിലായിരുന്നു; അതായത് കേരളക്കരയെ ഒന്നാകെ ഒരു ഇടവകയായി കണ്ടുകൊണ്ടായിരുന്നു. ആകയാല്‍ അവരുടെ മെത്രാപ്പോലീത്തായുടെ അധികാര പ്രദേശത്തെ പൊതുവില്‍ വിശേഷിപ്പിച്ചിരുന്ന പദമാണ് ഇടവക. രൂപത/അതിരൂപത എന്നീ പദപ്ര യോഗങ്ങള്‍ ഇല്ലായിരുന്നു. അതെല്ലാം പാശ്ചാത്യസമ്പര്‍ക്കത്തിലൂടെ ഉടലെടുത്തവ മാത്രമാണ്. ന സ്രാണികള്‍ താമസിച്ചിരുന്ന മലബാര്‍ (കേരളം) കരയെ ഒന്നാകെ ഒരിടവകയും അതിന്റെ മെത്രാപ്പോലീത്തായെ ഇടയനും ആയി കരുതിയിരുന്നു എന്നു സാരം.

എടം അഥവാ ഇടം എന്നതിന് സ്ഥലം അഥവാ വീട്,
നാടുവാഴിയുടെ വീട് എന്നും അര്‍ത്ഥ മുണ്ട്.
നാടുവാഴിയുടെ ഭരണസീമയില്‍പ്പെട്ട പ്രദേശമാണ്
ഇടവക എന്നതിനാല്‍ 'ഭരണാധി കാരം' എന്നൊരര്‍ത്ഥവും
ഇതിനുണ്ട്. ക്രൈസ്തവര്‍ ഈ പദത്തെ തങ്ങളുടെ
മത ഭാഷയിലേക്കു സ്വീകരിച്ചതോടെ
നാടുവാഴികളുടെ ഭരണം (രാജഭരണം) അവസാനിച്ചിട്ടും
"ഇടവകയും ഇടവകഭരണവും" സജീവമായി
നിലകൊള്ളുന്നു എന്നത് വാസ്തവം.


1599-ലെ ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളില്‍ മേല്പറഞ്ഞ സങ്കല്പത്തെ വ്യക്തമായി കാണാനാകും. പുരാതന ചരിത്രഗ്രന്ഥങ്ങളിലും "മലംകര ഇട വക" എന്നു പ്രയോഗിച്ചിരിക്കുന്നത് സുവിദിതമാണല്ലോ. സൂനഹ ദോസിന്റെ കാനോനകളില്‍ പറഞ്ഞിരിക്കുന്നതിന് ഉദാഹരണമായി ഏഴാം മൌത്വാ, ഏഴാം കൂടി വിചാരം, പതിമൂന്നാം കാനോനയില്‍ പറയുന്നു: "മലംകര എടവകയില്‍ ഒള്ള നസ്രാണികള്‍ മാര്‍ഗം അല്ലാത്ത രാജാക്കന്മാരുടെയും കര്‍ത്താക്കടെയും നാടുകളില്‍ ഇരിക്കുന്നതിനെക്കൊണ്ട…" നസ്രാണികളുടെ പ്രഥമ യൂറോപ്യന്‍ മെത്രാപ്പോലീത്തയായ ഫ്രാന്‍സിസ് റോസിന്റെ നിയമാ വലിയിലും (1606-ല്‍ എഴുതിയത്) ഈ പ്രയോഗം കാണാം. അതിന്റെ ആരംഭത്തില്‍ തന്നെ എഴുതിയിരിക്കുന്നു: "നമ്മുടെ മലംകരെ മാര്‍ തൊമ്മാശ്ലീഹാടെ എടവകെടെ കല്പനകള്‍ ഇത." വീണ്ടും മൂന്നാം ഖണ്ഡികയില്‍ പറയുന്നു: "അപ്പളൊ നമ്മുടെ മലംകരെ എടവകെക്ക തക്ക കല്പനകള്‍ ഇന്നൊളം ഇല്ലാഞ്ഞതിനെക്കൊണ്ട പട്ടക്കാരുടെയും അല്‍മ്മെനികളുടെയും എടയില്‍ കലക്കമെ ഉള്ളൂ…" മേല്പറഞ്ഞ ഉദാഹരണങ്ങളില്‍ നിന്നു ഇടവക/എടവക എന്ന പദം ഒരു പാരിഷിനെ (ഇപ്പോഴത്തെ പ്രയോഗം) സൂചിപ്പിക്കാനായിരുന്നില്ല മറിച്ച് പ്രാദേശികസഭയെ സൂചിപ്പിക്കാനായിരുന്നു എന്നത് വ്യക്തം.
"എടവക" എന്നതിന്റെ പഴയ കാഴ്ചപ്പാടില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക പള്ളിയും അതിനോടു ചേര്‍ന്നു കൃത്യമായ അതിര്‍ത്തികളോടുകൂടിയ ഭൂപ്രദേശവും അതില്‍ താമസിക്കുന്ന ക്രൈസ്തവ (നസ്രാണി) കുടുംബങ്ങളും ഉള്‍ക്കൊള്ളുന്ന സംവിധാനത്തെ ഇടവക(എടവക)യായി ചി ത്രീകരിക്കുന്ന തീരുമാനം ഉണ്ടായത് ഉദയംപേരൂര്‍ സൂനഹദോസില്‍ വച്ചായിരുന്നു. സൂനഹദോസിന്റെ കാലത്ത് നസ്രാണികള്‍ക്കു 105 പള്ളികളാണ് മലംകരയില്‍ (മലംകര എടവകയില്‍) ഉണ്ടായിരുന്നത്. 153 വൈദികരും 671 ജനപ്രതിനിധികളും സൂനഹദോസില്‍ സംബന്ധിച്ചു. മേല്പറഞ്ഞ 105 പള്ളികളും ഇടവക പള്ളികള്‍ എന്ന പേരിലല്ല അക്കാലത്ത് അറിയപ്പെട്ടിരുന്നത്. 105 പള്ളികളില്‍ 72 പള്ളികളെ എടവക പള്ളികളാക്കി സൂന ഹദോസില്‍ വച്ച് ഉയര്‍ത്തുകയുണ്ടായി. ഈ ഇടവക പള്ളികളുടെ വികാരിമാരെ ഇടവക വികാരിമാരായും.
ഇതിനെക്കുറിച്ച് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളുടെ ഏഴാം മൌത്വ, ഏഴാം കൂടിവിചാരം, ഒന്നാം കാനോനയില്‍ പറയുന്നു: "ശുദ്ധമാന കത്തോലിക്കാപ്പള്ളി റൂഹാദക്കുദാശായാല്‍ രക്ഷപ്പെടുകയും ബൊധിപ്പിക്കയും ചെയ്യുന്നു എന്നതിനെക്കൊണ്ട നസ്രാണികളുടെ നന്മയായ രക്ഷക്കു വെണ്ടുന്ന കൂദാശകളെ വിരവില്‍ കിട്ടുവാനും ആയിട്ട ഭൂമിയില്‍ ഒള്ള രാജിതങ്ങളില്‍ എല്ലായിടത്തും ആയിട്ട മെത്രാന്മാരെ എടവകകളില്‍ കല്പിച്ചു മെത്രാന്മാരുടെ ഓരൊരൊ എടവകയില്‍ പല പല എടവകകളും അതിന ഓരൊരൊ എടയന്മാരെയും കല്‍പിച്ചു. അത എന്തൈ. മെത്രാന്മാരുടെ എടവകക്കാരര മെത്രാന്മാരാല്‍ ശുദ്ധമാന പാപ്പാനെ വഴങ്ങുന്നു."
സൂനഹദോസിന്റെ കാനോനകളുടെ അവസാനഭാഗത്ത് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: "സൂനഹദോസില്‍ എഴുത്തപ്പെട്ടത ഒക്കയും യൊഗത്തുംകല്‍ വായിച്ചതിന്റെ ശെഷം എല്ലാ പള്ളികളിലും വിഗാരിമാരായി നിപ്പാന്‍ ഒള്ളവരിടെ പെര തിരിച്ച ഇന്നയിന്ന പള്ളിക്കല്‍ ഇന്നാര ഇന്നാര എന്ന വിളിച്ച ചൊല്ലുകയും ചൈതു. ഇതിനെക്കൊണ്ട സൂനഹദൊസില്‍ കല്‍പിക്കപ്പെട്ടവണ്ണം ഇ എടവക ഒക്കയും പല പല പള്ളി എടവകയായി പൈൗക്കയും ചൈതു. അത അത എടവകെടെ അരികെ മാനുഷര കൊറഞ്ഞിട്ട ഒള്ള ചെല ചെറിയ പള്ളികളെ എടവകയായി കല്‍പിച്ചെടത്ത കൂടെ ചെര്‍ക്കുകയും ചൈതു. വിഗാരിമാര നില്‍പാന്‍ തക്ക പള്ളികള്‍ അല്ലായ്ക കൊണ്ട അങ്ങനെ ചെര്‍ത്തുതാനും. എഴുപത്തുരണ്ടു വിഗാരിമാരും എഴുപത്തുരണ്ട എടവകകളും അതിന്നതിന്ന ഇന്നതിന്ന ഇന്നതിന്ന അകത്ത ഒട്ട ആംവണ്ണം കല്‍പിച്ച വിളിക്കപ്പെടുകയും ചൈതു. ഇവണ്ണം കല്‍പിച്ച വിളിച്ചാരെ ഓരൊരൊ വിഗാരിമാര വന്ന മെത്രാപ്പോലീത്താടെ കൈ മുത്തുകയും ചൈതു."
അങ്ങനെ ഉദയംപേരൂര്‍ സൂനഹദോസിനോടുകൂടി നസ്രാണികള്‍ക്കിടയില്‍ ഇടവകയും ഇടവക വികാരിമാരും ഇടവകയായി ഉയര്‍ത്തപ്പെടാത്തവ ഇടവക പള്ളിയോടു ചേര്‍ന്നുള്ള കുരിശുപള്ളികളുമായി മാറി. 1794-ല്‍ പൗളീനോസ് ബര്‍ത്തലൂമിയൊ പാതിരി പ്രസിദ്ധീകരിച്ച ഇന്ത്യ ഓറിയെന്താലിസ് ക്രിസ്തീയാനാ എന്ന ഗ്രന്ഥത്തില്‍ കേരളത്തില്‍ നസ്രാണി കത്തോലിക്കര്‍ക്കു 79 പളളികളും യാക്കോബായക്കാര്‍ക്കു 36 പള്ളികളും ലത്തീന്‍കാര്‍ക്കു 43 പള്ളികളുമാണ് ഉണ്ടായിരുന്നത് എന്നു രേഖപ്പെടുത്തിയിരിക്കുന്നു. 1887-ല്‍ നസ്രാണി കത്തോലിക്കര്‍ക്കായി കോട്ടയം, തൃശ്ശിവപ്പേരൂര്‍ വികാരിയാത്തുകള്‍ സ്ഥാപിതമായപ്പോള്‍ കോട്ടയം വികാരിയാത്തില്‍ 103 ഇടവക പള്ളികളും 49 കുരിശുപള്ളികളും 6 ആശ്രമപള്ളികളും തൃശൂരില്‍ 83 ഇടവക പള്ളികളും 22 കുരിശുപള്ളികളുമാണ് ഉണ്ടായിരുന്നത്. 1880-ല്‍ വരാപ്പുഴ വികാരിയാത്തിനു കീഴില്‍ 156 സുറിയാനി കത്തോലിക്കാ പള്ളികളുണ്ടായിരുന്നു. 1896-ല്‍ മൂന്നു നസ്രാണി വികാരിയാത്തുകളുണ്ടായപ്പോള്‍ തൃശൂരില്‍ 60 ഇട വകപള്ളികളും 13 കുരിശുപള്ളികളും എറണാകുളത്ത് 60 ഇടവക പള്ളികളും 24 കുരിശുപള്ളികളും ചങ്ങാനാശ്ശേരിയില്‍ 77 ഇടവക പള്ളികളും 45 കുരിശുപള്ളികളുമാണ് ഉണ്ടായിരുന്നത്.

അനുചിന്തനം: ഇടയന്റെ ശുശ്രൂഷയ്ക്കുള്ള ഇടമാണ് ഇടവക. പിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയില്‍ ഇടവകയിലെ മുഴുവന്‍ ജനങ്ങളും ഇടയശുശ്രൂഷ ലഭിക്കാന്‍ അര്‍ഹതയുള്ളവരാണ്. ഇടവക ജനങ്ങള്‍ ഇടയന്റെ ഹൃദയത്തിലും ഇടയന്‍ ഇടവകക്കാരുടെ ഹൃദയത്തിലും ഇടം കണ്ടെത്തുമ്പോള്‍ ബന്ധങ്ങള്‍ സുദൃഢമാവുകയും ഇടവക വളരുകയും ചെയ്യും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org