
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി
പുരാതനകാലം മുതല്‍ നസ്രാണിപള്ളികളില്‍ കണക്കെഴുത്തും തിരട്ട് എഴുത്തും ഉണ്ടായിരുന്നു. ഉദയംപേരൂര്‍ സൂനഹദോസിന്റെ ഏഴാം മൌത്വാ (Session VIII) ഇരുപതാം കാനോനയില്‍ പറയുന്നതുപോലെ "പലയിടത്തും പല മാതാരി" എഴുതുന്ന അവസ്ഥയായിരുന്നു. ഒരു ഏകീകൃതരൂപം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല. ഓരോ പള്ളിക്കും നാള്‍വഴിയും (Day Book) തെരട്ടും (Consolidated Account of a Year) ഉണ്ടായിരുന്നെങ്കിലും അതിനു വ്യക്തതയും ഏകീകൃത രൂപവും ലഭിച്ചത് ഉദയംപേരൂര്‍ സൂനഹദോസിനു ശേഷമാണ്. മേല്‍ സൂചിപ്പിച്ച 20-ാം കാനോനയില്‍ പറയുന്നു: "എല്ലാ പള്ളികളിലും ആണ്ടില്‍ ഒരിക്കല്‍ മകര ഞായറ ഒന്നാം ദിവസി അത അത പള്ളിയിടെ കാര്യം പ്രവൃത്തിക്ക. തംപുരാനെ ഭയവും പെടിയും ഒള്ളവരില്‍ വെണ്ടത്തക്കവരെ നാലരെ പള്ളിക്കാര്യത്തിനു കല്പിക്കണം എന്ന. എന്നാല്‍ അ വര നാല്‍വരും വിഗാരിയായിട്ട നില്‍ക്കുന്ന പട്ടക്കാരനും കൂടിക്കൊണ്ട ഓരൊരൊ തിങ്ങടെ ഒടുക്കത്ത ഭണ്ഡാരം തൊറന്ന അതില്‍ ഒള്ളത എടുത്ത നാലരില്‍ ഒരുത്തന്‍ അതിനെ ഒരു പൊസ്തകത്തില്‍ കണക്ക എഴുതുകയും വെണം. …കണക്ക എഴുത്തുകാരന്റെ പക്കല്‍ രണ്ട പൊസ്തകം ഒണ്ടായിരിക്കണം. ഒന്ന പള്ളിക്ക വരുന്ന വരവ എഴുതുവാന്‍. ഒന്ന പള്ളിക്ക വെണ്ടി അഴിയുന്ന അഴിവ എഴുതുവാന്‍. പള്ളിക്ക വെണ്ടി അഴിയുന്ന അഴിവ മരിയാതക്ക തക്കവണ്ണം എണങ്ങനെ അറുപത്തിനാലിനെയും ഒപ്പിച്ചും കൊണ്ടു വെണം. പള്ളി മൊതല്‍ പള്ളി പണിക്കും പള്ളിക്ക വെണ്ടുന്ന ചമയത്തിന്നും വെ ണം അഴിപ്പാന്‍. മെല്‍പട്ടക്കാരന്‍ അത അത പള്ളിക്കലെ അറ്റകുറ്റം നൊക്കുവാന്‍ ചെ ല്ലുമ്പൊള്‍ പൊസ്തകം രണ്ടും മെടിച്ച കണ്ട അതിന്റെ വരവും അഴിവും അറികയും വെണം… ഒരു കൂട്ടം പ്രവൃത്തിക്കാരര വച്ച മറ്റ ചെലര പ്രവൃത്തി ഏല്‍ക്കും പൊള്‍ വൈക്കുന്നവര പെട്ടകവും അതിലെ മൊതലും കണക്ക കണ്ട എണ്ണി വരവ എഴുതുന്ന പൊസ്തകത്തില്‍ എഴുതി ഏല്‍പിക്കയും വെണം. ഏല്‍ക്കുന്നവര അതില്‍ ഒപ്പ ഇടുകയും വെണം; എത്ര മൊതല്‍ തങ്ങള്‍ ഏറ്റു എന്ന പിന്നെ അറിവാന്‍. എന്നാല്‍ ശുദ്ധമാന സൂനഹദൊസ പെരികെ ബഹുമാനപ്പെട്ട മെത്രാപ്പോലീത്തായൊടപെക്ഷക്കുന്നു, താന്‍ ഇപ്പൊള്‍ നടന്നു കാണുന്ന എല്ലായിടത്തും പള്ളിക്ക അനെകം ഒപകാരം ആകുന്ന ഇക്കാര്യം ഇവണ്ണം തന്നെ കല്പിക്കണം എന്നും പള്ളിക്കു വെണ്ടുന്നത എല്ലാം ഒണ്ടാക്കണം എന്നും കല്പിക്കണം."
ഉദയംപേരൂര്‍ സൂനഹ ദോസിന്റെ നിശ്ചയപ്രകാരം വരവും ചെലവും എഴുതുന്ന നാള്‍വഴിയും അതാതു വര്‍ഷത്തെ വരവു ചെലവുകളുടെ സംക്ഷിപ്തരൂപമായ തിരട്ടും നസ്രാണി പള്ളികളില്‍ കാലക്രമേണ എഴുതിത്തുട ങ്ങിയെന്നു പില്ക്കാല റെ ക്കോര്‍ഡുകള്‍ സാക്ഷ്യപ്പെടു ത്തുന്നു. ആണ്ടുതോറും പള്ളിയുടെ വരവുചെലവു കണക്കുകള്‍ ക്രമപ്പെടുത്തി മേലധികാരത്തില്‍നിന്നും അംഗീകാരം വാങ്ങിയിരിക്കണം എന്നൊരു കീഴ്‌വഴക്കവും സുറിയാനി നസ്രാണികള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഈ കീഴ്‌വഴക്കവുമായി ബന്ധപ്പെട്ടു പാറേമ്മാക്കല്‍ ഗോവര്‍ണ്ണദൊര്‍ ഇടപ്പള്ളി പള്ളിക്കു 1793-ല്‍ നല്കിയ ഒരു കല്പന ഇപ്രകാരമായിരുന്നു; "പാറെയംമാക്കല്‍ ഇല്ലപെര വിളിയ്ക്കപ്പെട്ട തൊമാസ ഗുവര്‍ണ്ണദൊരച്ചന്റെ പടിസാധനത്തിന്റെ പെര്‍പ്പ കീഴെ എഴുതിയിരിക്കുന്നത. മലങ്കരെ ഇടവക ഒക്കെയുടെയും ഗൊവര്‍ണ്ണദൊര എഴുത്ത. മലങ്കര ഇടവകയിലുള്ള പള്ളികള്‍ വെദമരിയാദപൊലെ വിചാരിപ്പുള്ളതിന്ന ശുദ്ധമാന കാനൊനകള്‍ക്ക തക്കവണ്ണം നമ്മെ കല്പിച്ച ആക്കിരിയ്ക്കകൊണ്ടും പളളികളുടെ കൈകണക്കളൊക്കെയും കേട്ടു തീര്‍ത്ത നിധാനം വരത്തുവാനും മെലില്‍ പള്ളിമുതലിന്ന ദൊഷം വരാതെയുള്ള മാര്‍ഗ്ഗം വിചാരിപ്പാനും നമ്മുടെ കടമായി ഇരിയ്ക്കകൊണ്ടും എടപ്പള്ളി പള്ളിയുടെ കണക്കുകാര്യം കൊണ്ട യൊഗമായി നമ്മുടെ മുന്‍മ്പാ കെ വന്ന 65-മാണ്ട (കൊ. വ. 965 = 1790 ഏ.ഡി) മീനമാസം മുതല്‍ 68-ാം മാണ്ട (കൊ. വ. 968 = 1793 ഏ.ഡി) മകരമാസം 29 വരെയുള്ള കണക്കുകളൊക്കെയും കെള്‍പ്പിച്ച. ആയതിന്റെ വരിയൊല വിവരമായി നമ്മുടെ പറ്റില്‍ തരികയും ചൈയ്തു. മുന്‍ 61-ാമാണ്ട കര്‍ക്കടകമാസം മുതല്‍ 65-ാമാണ്ട കുംബമാസം വരെയുള്ള കണക്കുകള്‍ നാട്ടാവത്തില്‍ പൊയ് പൊകകൊണ്ട ഈ ആണ്ടുകളിലുള്ള കണക്കു മനസ ഓര്‍മ്മവക്കും വരിയൊല എഴുതി തരികയും ചെയ്തു. ഇതുവണ്ണം കീഴിലുള്ള കണക്കുകളൊക്കെയും തീര്‍ത്ത ഇരിക്കകൊണ്ട മെലില്‍ പ ള്ളിയുടെ കാര്യത്തിനു ദൊഷം വരാതെ ചെറുതുരു ത്തില്‍ കൊച്ചുവര്‍ക്കി തരകനും കൈക്കാരന്മാരും കൂടെ വിചാരിച്ച പള്ളില്‍ വരുന്ന വരവുകാര്യങ്ങളൊക്കെയും ഒരു മൊശവും ദൊഷവും വ രാതെപ്പള്ളില്‍ തന്നെ വച്ച പൂട്ടി സൂക്ഷിച്ച വിവരമായി കണക്ക എഴുതി കൊള്ളണമെന്നും ആണ്ടുതോറും കണക്ക കെള്‍പ്പിപ്പാനുള്ളതിന്ന നമ്മുടെ സാധനം വരുമ്പൊള്‍ നമ്മുടെ മുന്‍ഭാഗെ വന്നിട്ടങ്കിലും നാം കല്പിച്ച അയയ്ക്കുന്ന മെലാളിന്റെ മുമ്പില്‍ വച്ചെങ്കിലും കണക്ക കെള്‍പ്പിച്ച കൊള്ളണമെന്നും ക ല്പിക്കുന്നു. വിശെഷിച്ച എല്ലാപ്പൊഴും കൈയക്കാരന്‍ മാര്‍ക്ക അവിടെ എത്തിവരുന്ന വരവുകള്‍ വച്ച പൂട്ടി സൂക്ഷിപ്പാന്‍ പരാദീനമാകകൊ ണ്ടും നാളുതൊറും കൈയക്കാരന്‍മാരെ ഏള്‍പ്പിച്ച വിവരമായി കണക്കിലും എഴുതിച്ച വച്ചപൂട്ടി അവിടെ തന്നെ സൂക്ഷിച്ചുകൊള്‍കയും പള്ളിക്ക ദിഷ്ടതിയായിരിക്കുന്ന കാര്യങ്ങളക്ക ശിലവിട്ട ആയതിന്റെ കണക്ക വി വരമായി അവരെ കൊണ്ട എഴുതിച്ച കൊള്‍കയും വെണം. ഇത മിശിഹാ പിറന്നിട്ട 1793 കാലം കുംമ്പമാസം പുത്തന്‍ കണക്കില്‍ 22-നു പള്ളിപ്പുറത്തുനിന്നും എഴുത്ത (ഒപ്പ്)".
ഉദയംപേരൂര്‍ സൂനഹ ദോസിന്റെ കാനോനയിലും പാറേമ്മാക്കല്‍ ഗോവര്‍ണ്ണ ദോറിന്റെ കല്പനയിലും പള്ളിയിലെ കണക്കുകള്‍ ഹാ ജരാക്കുമ്പോള്‍ തിരട്ടുഫീസ് അഥവാ ഭദ്രാസന ഫീസ് കൊടുക്കുന്നതിനെപ്പറ്റി സൂചനകളൊന്നുമില്ല. ആകയാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെ യും വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം മെത്രാസന ഫീസായി കൊടുത്തിരുന്നില്ല എന്നു അനുമാനിക്കേണ്ടിയിരിക്കുന്നു. അതേസമയം സഭയുടെ പൊതുവായ ആ വശ്യങ്ങള്‍ക്കുവേണ്ടി വികാരിയാത്തിന്റെ പള്ളികളില്‍ നിന്നും പിരിവുകള്‍ ശേഖരിച്ചതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ആകയാല്‍ 'ആവശ്യനേരത്ത് ആവശ്യംപോലെ' പള്ളിക്കാര്യത്തില്‍നിന്നും വ്യക്തികളില്‍നിന്നും പണം സ്വരൂപിക്കുകയാണ് ചെയ്തിരുന്നത്.
1838-ല്‍ പദ്രുവാദൊ നിറുത്തല്‍ ചെയ്യപ്പെടുകയും എല്ലാ സുറിയാനി പള്ളികളും വരാപ്പുഴ വികാരിയാത്തിന്റെ കീഴിലാവുകയും ചെയ്ത ശേഷം, വരാപ്പുഴ വികാരി അപ്പസ്‌തോലിക്ക പള്ളിക്കണക്കുകള്‍ എപ്രകാരം എഴു തണമെന്നു എല്ലാ നസ്രാണിപള്ളിക്കാര്‍ക്കുമായി കല്പന നല്കിയിരുന്നു. ഇപ്രകാരം 1839-ല്‍ കൊടുത്ത ഒരു വര്യൊലയുടെ നേര്‍പകര്‍പ്പ് ആരക്കുഴ പള്ളിയുടെ പുരാതന തെരട്ടു പുസ്തകത്തില്‍ പകര്‍ത്തി എഴുതിയിട്ടുണ്ട്. 1859-ല്‍ പ്രസ്തുത കല്പന വീണ്ടും പരിഷ്‌കരിച്ചു. 1879-ല്‍ പ്രെ ലെയൊ നാര്‍ദ് ദെസാന്‍ ളൂയീസ് മെത്രാപ്പോലീത്ത പ്രസിദ്ധീകരിച്ച 'കല്പനകളും നിയമങ്ങ ളും' എന്ന പുസ്തകത്തില്‍ പള്ളി വസ്തുക്കളുടെ ഭരണം, കണക്കെഴുതേണ്ട വി ധം, തിരട്ട്, നാള്‍വഴി എന്നിവയെ സംബന്ധിച്ച് 21 നിയമങ്ങള്‍ നല്കിയിട്ടുണ്ട് (ജജ. 7785). പ്രസ്തുത നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് 1887 വരെയും നസ്രാണിപ്പള്ളികളില്‍ നാള്‍വഴിയും തിരട്ടും തയ്യാറാക്കിയിരുന്നത്.
അനുചിന്തനം: യൂറോപ്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ നാള്‍വഴിയും തിരട്ടും എഴുതി സൂക്ഷിക്കുകയും പൊതുയോഗത്തെ ബോധ്യപ്പെടുത്തി പാസ്സാക്കുകയും ചെയ്യുന്ന സമ്പ്രദായം നസ്രാണികളുടെ ശീലമായിരുന്നു. എങ്കിലും ഇതിനൊരു ഏകീകൃത രൂപഭാവം സൃഷ്ടിക്കാന്‍ യൂറോപ്യന്‍ മിഷനറിമാര്‍ നല്കിയ സംഭാവനകളെ നാം വിസ്മരിച്ചുകൂടാ.