![യുദ്ധവും വിശ്വാസവും [02]](http://media.assettype.com/sathyadeepam%2F2025-03-20%2Fchn6c5tt%2Fsaint-jose-sanchez-del-rio02.jpg?w=480&auto=format%2Ccompress&fit=max)
ബാല നോവല്‍ 02 | നെവിന്‍ കളത്തിവീട്ടില്‍
മരണത്തെ ഭയന്ന് വെടിയൊച്ചകളെ പേടിച്ചു കതകും അടച്ചാണ് ആളുകള്‍ മെക്‌സിക്കോയില്‍ കഴിഞ്ഞത്. ഫാ. ഇഗ്‌നേഷ്യസിന്റെ കാലിലെ മുറിവ് കഴുകി മരുന്ന് വയ്ക്കുകയായിരുന്നു ജോസിന്റെ അമ്മ ഡോണാ.
കസേരയുടെ കൈപ്പിടിയില്‍ ചാരിനിന്നുകൊണ്ടു തന്റെ മുറിവിലേക്കു നോക്കി നിന്ന ജോസിനോട് ഫാ. ഇഗ്‌നേഷ്യസ് പറഞ്ഞു: ''നിന്നെ പോലെ ധൈര്യശാലികളായ കൂട്ടികളെയാ സഭയുടെ ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യം. ഇന്നലെ അത്രയും ഭീകരമായ സാഹചര്യത്തില്‍ തോക്കുകള്‍ക്കും വെടിയൊച്ചകള്‍ക്കും
നിന്നു കൊടുക്കാതെ നിങ്ങള്‍ എന്നെ രക്ഷിക്കാന്‍ കാണിച്ച ധൈര്യം, അത് അത്ര നിസ്സാരമല്ല. ഈ ധൈര്യം നിന്നെ ഉന്നതിയില്‍ എത്തിക്കും.''
ഫാ. ഇഗ്‌നേഷ്യസിന്റെ വാക്കുകള്‍ അവസാനിച്ചതും ജോസ് ചോദിച്ചു: ''എന്തുകൊണ്ടാണ് ഫാദര്‍ നമ്മുടെ പ്രസിഡണ്ട് ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നത്.''
തിരിച്ച് ഒരു മറുചോദ്യം ഫാദര്‍ ചോദിച്ചു, ''എന്തിനാണ് നമ്മുടെ ഈശോയെ യഹൂദര്‍ കുരിശില്‍ തറച്ചത് ?''
''ഈശോ ഈ ലോകത്തില്‍ നന്മയുടെ പുതിയ മാറ്റം കൊണ്ടുവരാന്‍ നോക്കി'' ജോസ് ഉടന്‍ മറുപടി നല്‍കി.
''വളരെ ശരിയാണ് നീ പറഞ്ഞത്. ഭൂമിയില്‍ തീയിടാനാണ് അവന്‍ വന്നത്, അനേകരുടെ കണ്ണുകള്‍ തുറക്കാനും പാപത്തിന്റെ അടിമത്തത്തില്‍ നിന്നും അവരെ രക്ഷിക്കാനും. എന്നാല്‍ അവര്‍ക്ക് അവന്‍ പറഞ്ഞതൊന്നും മനസിലായില്ല. അവനു ഭ്രാന്താണെന്ന് അവര്‍ പറഞ്ഞു.''
ചെറിയൊരു നിശ്ശബ്ദതയ്ക്കുശേഷം ഫാദര്‍ തുടര്‍ന്നു, ''ഈശോയെ അവര്‍ കുരിശില്‍ ഏറ്റിയെങ്കില്‍ അവന്റെ അനുയായികളായ നമ്മെ അവര്‍ എന്തുതന്നെ ചെയ്യില്ല. ഇത് ഈശോ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളതാണ്.''
വിഷണ്ണനായി ജോസ് ചോദിച്ചു; ''അപ്പോള്‍ നമുക്ക് മറിച്ചൊന്നും ചെയാന്‍ സാധിക്കില്ലേ...!'' തന്റെ കിടക്കയിലേക്ക് ചാഞ്ഞുകൊണ്ടു ഫാദര്‍ ഇഗ്‌നേഷ്യസ് പറഞ്ഞു: ''ദൈവം ഒരു വഴി കാണിക്കാതിരിക്കില്ല.''
ഉടനെ ഒരു വഴി തെളിഞ്ഞു, വീടിന്റെ മുന്‍വാതിലും തള്ളി തുറന്നു കൊണ്ട് ജോസിന്റെ മൂത്തചേട്ടന്‍ മിഗ്ഗുവേല്‍ ഓടിവന്നു.
''പപ്പാ അറിഞ്ഞോ. അവന്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ പറഞ്ഞു; സെന്ന്യോര്‍ ഗൗഡിയാറും സെന്ന്യോര്‍ റാമിറെസും കൂടി ഒരു സൈന്യത്തെ തയ്യാറാക്കുന്നു. സര്‍ക്കാരിനെതിരെ നില്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ആര്‍ക്കുവേണമെങ്കിലും ഈ സൈന്യത്തില്‍ ചേരാം.
ഞാനും ട്രിനോടായുടെ ചേട്ടനും സൈന്യത്തില്‍ ചേരാന്‍ തീരുമാനിച്ചു. അവര്‍ അവരെ സ്വയം വിശേഷിപ്പിക്കുന്നത് ക്രിസ്റ്ററോസ് (Cristeros) എന്നാണ്., കാരണം അവരുടെ മുദ്രാവാക്യം 'Viva Cristo Rey!' എന്നാണ്.'' ഫാദര്‍ ഇഗ്‌നേഷ്യസ് മനസ്സില്‍ പറഞ്ഞു, ''Viva Cristo Rey!, ക്രിസ്തു രാജന്‍ നീണാള്‍ വാഴട്ടെ.''
(തുടരും)