![യുദ്ധവും വിശ്വാസവും [10]](http://media.assettype.com/sathyadeepam%2F2025-06-12%2F1xbsz1jo%2Fsaint-jose-sanchez-del-rio10.jpg?w=480&auto=format%2Ccompress&fit=max)
ബാല നോവല്‍ 10 | നെവിന്‍ കളത്തിവീട്ടില്‍
ബാലനോവൽ അവസാനിക്കുന്നു...
ആന്‍ഡ് മഗ്ദലനയുടെ ശബ്ദം മുറിക്ക് പുറത്തു കേട്ട് വളരെ സന്തോഷത്തോടെ ബുദ്ധിമുട്ടുകള്‍ എല്ലാം മറന്നത് ജോസ് എഴുന്നേറ്റു നിന്നു. കാവല്‍ക്കാരുടെ ഇടയിലൂടെ ആന്റ് വരുമ്പോള്‍ കയ്യിലുണ്ടായിരുന്ന ചോറ്റുപാത്രത്തില്‍ തന്നെയായിരുന്നു ജോസിന്റെ കണ്ണുകള്‍. അവന്‍ അത് ഭക്തിയോടെ സ്വീകരിച്ചു.
അത് തുറന്ന് അതിലുണ്ടായിരുന്ന വിശുദ്ധ കുര്‍ബാന തന്റെ ഇരു കൈകള്‍ കൊണ്ട് എടുത്ത് നിറകണ്ണുകളോടും സന്തോഷത്തോടും കൂടെ ഉള്‍കൊണ്ടു. സന്തോഷം കൊണ്ട് ആന്റ് മഗ്ദലനയെ പുണര്‍ന്നു നിന്ന ജോസിനെ കാണാന്‍ പുതിയ ഒരു അതിഥി കൂടി വന്നു, അഗ്വാഡ. രണ്ട് പടയാളികള്‍ ആന്റിയെ പുറത്തേക്ക് കൊണ്ടുപോയി. വെറെ രണ്ടു പേര്‍ വന്ന് ജോസിന്റെ കൈകാലുകള്‍ ബന്ധിച്ചു.
അഗ്വാഡ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജോസിന്റെ നേര്‍ക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു: 'ഞാന്‍ നിന്റെ മരണമൊഴി എടുക്കാന്‍ വന്നതാണ്. അതു Long live president Calles എന്നാണെങ്കില്‍ നിന്റെ ആയുസ്സ് കുറച്ചുകൂടെ നീട്ടിക്കിട്ടിയേക്കാം. മറിച്ചാണ് എങ്കില്‍ നീ ഇന്ന് രാത്രി ഉറങ്ങാന്‍ പോകുന്നത് നിന്റെ നിത്യ വിശ്രമത്തിലേക്കായിരിക്കും'.
താന്‍ അല്പം മുമ്പ് ഉള്‍കൊണ്ട വിശുദ്ധ കുര്‍ബാനയുടെ ശക്തിയാല്‍ ജോസ് ഉറക്കെ തന്റെ വിശ്വാസം വിളിച്ചു പറഞ്ഞു: 'ക്രിസ്തു രാജന്‍ ജയിക്കട്ടെ'. അഗ്വാഡ ജോസനെ മര്‍ദിക്കാന്‍ തുടങ്ങി. ഓരോ നിമിഷവും പ്രസിഡണ്ട് കോളസിന് മുദ്രാവാക്യം ഉരുവിടാന്‍ ആവശ്യപ്പെട്ടു. എങ്കിലും ക്രിസ്തു രാജന്‍ ജയിക്കട്ടെ എന്ന് തന്നെ ജോസ് ആവര്‍ത്തിച്ചു.
അഗ്വാഡ ജോസിനെ നിലത്ത് കിടത്തി അവന്റെ രണ്ടു കാല്‍പാദത്തിലെയും തൊലി തന്റെ കത്തികൊണ്ട് മുറിച്ചുമാറ്റി എന്നിട്ട് നിന്റെ ക്രിസ്തുവിന് ജയ് വിളിച്ച് മുന്നോട്ട് നടക്കാന്‍ ആവശ്യപ്പെട്ടു. വേദനകളെല്ലാം സഹിച്ചുകൊണ്ട് ജോസ് മുന്നോട്ട് തന്നെ നടന്നു. അവന്‍ പോകുന്ന വഴികളിലെല്ലാം തന്റെ ചുവന്ന കാല്‍പ്പാടുകള്‍ അവന്‍ പതിപ്പിച്ചു. രണ്ട് പടയാളികള്‍ വന്ന് ജോസിനെ വലിച്ചിഴച്ചു കൊണ്ട് അവരുടെ ശവപ്പറമ്പില്‍ എത്തിച്ചു. തനിക്കുള്ള കുഴി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു മണ്‍വെട്ടി ജോസിന്റെ കയ്യില്‍ കൊടുത്തു.
ജോസ് തന്നാലാവുന്ന ആരോഗ്യമുപയോഗിച്ചിട്ടും ഭൂമിയെ ഒന്ന് ഇളക്കാന്‍ പോലും സാധിച്ചില്ല. ഒരു പടയാളി വന്ന് അവന്റെ കയ്യില്‍ നിന്നും മണ്‍വെട്ടി പിടിച്ചു വാങ്ങി അവനുള്ള കുഴിയെടുത്തു. അവസാനമായി എന്താണ് നിനക്ക് പറയാനുള്ളത് എന്ന് അഗ്വാഡ ചോദിച്ചതും 'ക്രിസ്തുരാജന്‍ ജയിക്കട്ടെ' എന്നു തന്നെ ജോസ് വിളിച്ചു പറഞ്ഞു. എന്നാല്‍ അതു മുഴുവിക്കും മുമ്പേ ആഗ്വാഡയുടെ തോക്കിലെ നിറകള്‍ ജോസിന്റെ ബാല ശരീരത്തെ തുടച്ചു കടന്നു പോയിട്ടുണ്ടായിരുന്നു.
1928 ഫെബ്രുവരി 10 ന് തന്റെ പതിനാലാം വയസ്സില്‍ ജോസ് സാഞ്ചസ് ക്രിസ്തുവിന്റെ രക്തസാക്ഷിയായി തീര്‍ന്നു. 2016 ഒക്‌ടോബര്‍ 16 ഫ്രാന്‍സിസ് മാര്‍പാപ്പ ജോസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
ക്രിസ്തുരാജന്റെ പടയാളിയായി ഭൂമിയില്‍ വിരാജിച്ച ആ പതിനാലു കാരന്‍ വിശ്വാസത്തിനായി പോരാടുവാന്‍ നമ്മെയും ക്ഷണിക്കുന്നു.
(അവസാനിച്ചു)