![യുദ്ധവും വിശ്വാസവും [08]](http://media.assettype.com/sathyadeepam%2F2025-05-31%2Fffskro2i%2Fsaint-jose-sanchez-del-rio08.jpg?w=480&auto=format%2Ccompress&fit=max)
ബാല നോവല്‍ 08 | നെവിന്‍ കളത്തിവീട്ടില്‍
മരണഭീതിയില്‍ ചുറ്റുമുള്ള ശബ്ദങ്ങളൊക്കെ മൂളക്കം പോലെ ജോസിനു തോന്നി. തന്റെ കൈയും കാലും ഒപ്പം കണ്ണും മൂടിക്കെട്ടി ഒരു കുതിരയുടെ മുകളില്‍ കിടത്തി അവര്‍ നീങ്ങി തുടങ്ങി. ഒടുവില്‍ കണ്ണിലെ കെട്ടുമാറ്റിയപ്പോള്‍ ജോസിന് സ്ഥലം വേഗം തിരിച്ചറിയാന്‍ പറ്റി.
ഒരിക്കല്‍ മമ്മയുടെ കൈപിടിച്ചു തിരുനാള്‍ കൂടാന്‍ വന്ന പള്ളിയായിരുന്നു ജോസിന്റെ തടവറ. ജോസിന്റെ കൂടെ വേറെയും ക്രിസ്റ്ററോസും ഉണ്ടായിരുന്നു. തടവുപുള്ളികളെ കാണാന്‍ ജനറല്‍ അവരുടെ അടുക്കല്‍ വന്നു. തങ്ങളുടെ പക്ഷത്ത് ചേരുകയും ക്രിസ്റ്ററോസ് ആര്‍മികളുടെ ഒളിതാവളങ്ങള്‍ കാണിച്ചുതരികയും ചെയ്യുകയാണെങ്കില്‍ തങ്ങളെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കാമെന്ന് ജനറല്‍ ഉറപ്പുനല്‍കി.
എന്നാല്‍ സഭയെ നശിപ്പിക്കുന്ന നിങ്ങളുടെ പക്ഷം ചേരുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് അവര്‍ ഒന്നടങ്കം പറഞ്ഞു.
കുപിതനായ ജനറല്‍ അവനെ തടവില്‍ സൂക്ഷിക്കാന്‍ റഫേല്‍ പിക്കാസോയെ ഏല്‍പ്പിച്ചു. ഈ പിക്കാസോ ജോസിന്റെ അടുത്ത ബന്ധുവും പിതാവിന്റെ സുഹൃത്തുമായിരുന്നു.
എന്നാല്‍ താന്‍ ഫെഡറല്‍ ആര്‍മിയെ സഹായിക്കുന്നതിനാല്‍ ജോസിന്റെ പിതാവുമായുള്ള സൗഹൃദം പൂര്‍ണ്ണമായി അവസാനിച്ചിരുന്നു. ജോസിനെ തിരിച്ചറിഞ്ഞ പക്ഷം അവനെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് പിക്കാസോ ജോസിനെ അടുത്ത് വിളിച്ചു സംസാരിച്ചു.
അദ്ദേഹം ജോസിനോട് ക്രിസ്റ്ററോസ് ആര്‍മിയില്‍ തുടരാതെ തിരികെ വീട്ടില്‍ പോകാനും, ക്രിസ്റ്ററോസ് ആര്‍മിയെ സഹായിക്കുന്നതില്‍ നിന്ന് പിന്‍തിരിയാന്‍ തന്റെ മാതാപിതാക്കളോട് ആവശ്യപ്പെടാനും പറഞ്ഞു. എന്നാല്‍ തന്നെ ഇവിടെ നിന്നും വിടുകയാണെങ്കില്‍ താന്‍ തിരികെ ക്രിസ്റ്ററോസ് ആര്‍മിയില്‍ തന്നെ ചേരുമെന്നും, ഫെഡറല്‍ ആര്‍മിക്കെതിരെ പോരാടുമെന്നും ജോസ് ഉറപ്പിച്ചു പറഞ്ഞു.
പിക്കാസോ തന്റെ മറ്റൊരു ബന്ധുവും ജോസിന്റെ ആന്റിയുമായ മഗ്ദലനയെ ഇതേ ആവശ്യം മുന്‍നിര്‍ത്തി ജോസിനെ കാണാനും സംസാരിക്കാനും അനുവദിച്ചു. എന്നാല്‍ ആന്റിയോടും അതേ മറുപടിയാണ് ജോസ് പറഞ്ഞത്. ജോസിന്റെ ഈ ധൈര്യം കണ്ടു സഹതടവുകാര്‍ പോലും ക്രിസ്തുവിനുവേണ്ടി മരിക്കാന്‍ തയ്യാറായി.
(തുടരും)