യുദ്ധവും വിശ്വാസവും [09]

രക്തസാക്ഷിയായ വി. ജോസ് സാഞ്ചെസിന്റെ കഥ
യുദ്ധവും വിശ്വാസവും [09]
Published on

ബാല നോവല്‍ 09 | നെവിന്‍ കളത്തിവീട്ടില്‍

അതിസങ്കീര്‍ണ്ണമായ ദിവസങ്ങളാണ് ജോസിന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടായത്. തന്റെ പിതാവ് ഡോണ്‍ പുത്രനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി തന്റെ ബന്ധുവും സുഹൃത്തുമായ പിക്കാസോയെ കാണാനെത്തി. എന്നാല്‍ 5000 സ്വര്‍ണ പെസ്സോസ് നല്‍കിയാല്‍ മാത്രമേ ജോസിനെ മോചിപ്പിക്കാനാകൂ എന്ന് പിക്കാസോ പറഞ്ഞതും പപ്പാ ഡോണ്‍ ചോദിച്ചു; 'ഈ യുദ്ധവേളയില്‍ ഇത്രയും തുക ഏര്‍പ്പാടു ചെയ്യുക അസാധ്യമാണ്.'

എന്നാല്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു പിക്കാസോ അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്ന് ജോസിനെ കാണാന്‍ അടച്ചിട്ട ദേവാലയത്തിനുള്ളില്‍ പിക്കാസോ എത്തി. തന്റെ പപ്പാ ഡോണ്‍ കാണാന്‍ വന്ന വിവരം അദ്ദേഹം ജോസിനെ അറിയിച്ചു. തുടര്‍ന്ന് ജോസിന്റെ മുഖത്തു നോക്കാന്‍ മടിച്ചുകൊണ്ട് പുറംതിരിഞ്ഞു നിന്നുകൊണ്ട് പിക്കാസോ തന്റെ പോക്കറ്റില്‍ നിന്നും ഒരു കത്ത് പുറത്തെടുത്ത് വായിക്കാന്‍ തുടങ്ങി:

''ഗവണ്‍മെന്റിനെതിരെ യുദ്ധം ചെയ്യുകയും, ഗവണ്‍മെന്റിന്റെ തീരുമാനങ്ങളെ എതിര്‍ത്തുകൊണ്ട് ഗവണ്‍മെന്റ് നല്‍കിയിട്ടുള്ള നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തു രാജ്യദ്രോഹക്കുറ്റം ചെയ്ത ജോസ് സാഞ്ചെസിനെ വധശിക്ഷയ്ക്ക് വിധിച്ചതായി ഉത്തരവിടുന്നു.'' വായന അവസാനിച്ചതും ജോസിനെ തിരിഞ്ഞുനോക്കാതെ തന്നെ അദ്ദേഹം പുറത്തേക്ക് നടന്നു.

വളരെ അടുത്ത ദിവസം തന്നെ വീണ്ടും പിക്കാസോയെ കാണാന്‍ പപ്പാ ഡോണ്‍ എത്തി. ഇത്തവണ പറഞ്ഞ പണവുമായാണ് അദ്ദേഹം വന്നത്. തന്റെ വീടും സ്ഥലവും വിറ്റു കിട്ടിയ മുഴുവന്‍ പണവുമായിട്ടാണ് തന്റെ മകനെ മോചിപ്പിക്കണമെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും വന്നത്. എന്നാല്‍ തന്റെ മകന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള കത്തുകണ്ട് മനസ്സു തളര്‍ന്നാണ് പപ്പാ തിരികെ പോയത്.

ഇതേ സമയം ഫാ. ഇഗ്‌നേഷ്യസ് രഹസ്യമായി ആരും കാണാതെ ജോസിനെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന പള്ളിയുടെ ജനാലയ്ക്കരികില്‍ വന്ന് ജോസിനോട് സംസാരിച്ചു. ജോസ് ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്, അവസാനമായി തനിക്ക് ഈശോയെ സ്വീകരിക്കണമെന്ന്. അടുത്ത തവണ ആന്‍ഡ് മഗ്ദലന്‍ കൊണ്ടുവരുന്ന ഭക്ഷണപ്പൊതിയില്‍ കുര്‍ബാനയും ഉണ്ടാവുമെന്ന് ഫാദര്‍ ഉറപ്പുകൊടുത്തു.

തന്റെ ആരാച്ചാരോടും തന്റെ അന്ത്യ അഭിലാഷമായി ജോസ് പറഞ്ഞു, ''ഒരിക്കല്‍ക്കൂടി ആന്‍ഡ് മഗ്ദലനയുടെ കയ്യില്‍ നിന്ന് ആഹാരം കഴിക്കണമെന്ന്.'' വിവരമറിഞ്ഞ പിക്കാസോയും ആന്‍ഡ് മഗ്ദലനെ വിളിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു നല്‍കി.

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org