ഇടയകന്യകയും പനിനീര്‍പ്പൂക്കളും [03]

സെന്റ് ജര്‍മ്മയിന്റെ ജീവിതകഥ - [3]
ഇടയകന്യകയും പനിനീര്‍പ്പൂക്കളും [03]
Published on
  • നെവിന്‍ കളത്തിവീട്ടില്‍

പീബ്രാക്കിലെ ഒരു കൊച്ചു വിശുദ്ധയാണിപ്പോള്‍ ജര്‍മെയിന്‍. കൂടെ അയല്‍വാസികളായ പിയര്‍, ജീന്‍, ആന്ദ്രേ, ജാക്‌സ് എന്നീ കുട്ടിപട്ടാളങ്ങളും കാണും. ജെര്‍മെയിന്‍ ആടുമായി പോകുമ്പോള്‍ ഇപ്പോള്‍ അവരും കൂടെ ചെല്ലും. ജെര്‍മെയിന് പുതിയ കൂട്ടുകാരെ കിട്ടിയത് രണ്ടാനമ്മയ്ക്കു തീരെ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. അവര്‍ക്കു ജര്‍മെയിനോടുണ്ടായിരുന്ന ദേഷ്യമെല്ലാം അവള്‍ക്കു കൂടുതല്‍ പണികള്‍ കൊടുത്തുകൊണ്ട് അടക്കി.

ആടുകളെ മേയാന്‍ കൊണ്ടുപോകുമ്പോള്‍ അവളുടെ കൈയില്‍ കമ്പിളിരോമ്മം കൊടുത്തുവിടും, ഒപ്പം ഒരു ആജ്ഞയും, 'സന്ധ്യക്ക് തിരികെവരുമ്പോള്‍ ഇത് മുഴുവന്‍ നൂലാക്കിയിരിക്കണം.' എന്നാല്‍ നൂലിന്റെ അളവ് കുറഞ്ഞാല്‍ പോലും ജെര്‍മെയിന് തല്ലു കിട്ടുമായിരുന്നു.

ജര്‍മെയ്‌നാകട്ടെ തന്റെ ശോഷിച്ച വലതു കൈയും വച്ച്, തണുപ്പത്തു മരവിച്ചു വിറയ്ക്കുന്ന വിരലുകളുമായി കമ്പിളി നൂലുണ്ടാക്കും. കൂടെ കുട്ടികള്‍ വന്നിട്ടുണ്ടെങ്കില്‍ ജര്‍മെയിന്‍ അവര്‍ക്കു താന്‍ കുഞ്ഞുനാളില്‍ കേട്ട ഉണ്ണീശോയുടെയും മാതാവിന്റെയും വിശുദ്ധരുടെയും കഥകള്‍ പറഞ്ഞുകൊടുക്കും.

അവള്‍ ആടുമേയിച്ചിരുന്നതിന്റെ തൊട്ടടുത്തായിരുന്നു പീബ്രാക്കിലെ ഇടവക പള്ളി. കുര്‍ബാനയ്ക്കു സമയമാകുമ്പോള്‍ പള്ളിയില്‍ മണിയടിക്കും. ആ സമയം തന്റെ ഇടയ വടി കൈയിലെടുത്ത് ആടുകളെയെല്ലാം അവള്‍ അടുത്തേക്ക് വിളിക്കും. അവ അവള്‍ക്കു ചുറ്റും ഓടികൂടും. എന്നിട്ട് തന്റെ വടി മണ്ണില്‍ കുത്തിനിര്‍ത്തി അവള്‍ ആടുകളോട് പറയും; 'ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനായി പള്ളിയിലേക്കു പോവുകയാണ്. അതുകൊണ്ടു എല്ലാവരും എന്റെ ഈ വടിയുടെ ചുറ്റും തന്നെ നിന്നോണം.' ജെര്‍മെയിന്‍ പള്ളിയില്‍ പോയി തിരികെ വരുന്നതുവരെ ആടുകള്‍ അനുസരണയോടെ അവിടെ തന്നെ നിന്നു.

അങ്ങനെ മഞ്ഞുകാലം കഴിഞ്ഞു. പതിവുപോലെ ആടുകളുമായി ജെര്‍മെയിന്‍ ഇറങ്ങി. ജെര്‍മെയിന്റെ കൂടെ പിയറും, ജീനും ഉണ്ട്. പള്ളിമണി കേട്ടതും ജെര്‍മെയിന്‍ ആടുകളെ വിളിച്ചുകൂട്ടി വടിയും കുത്തിനിറുത്തി. പെട്ടെന്ന് ജീന്‍ വിളിച്ചു, 'ചേച്ചി ഇന്ന് പള്ളിയിലേക്ക് പോകണ്ട. മഞ്ഞുരുക്കു കാരണം നദിയില്‍ ഒഴുക്ക് കൂടുതലാണ്.' ഒന്ന് ചിരിക്കുക മാത്രം ചെയ്തു ജെര്‍മെയിന്‍ നടന്നു. ആ ചിരിയുടെ രഹസ്യമറിയാന്‍ ജീനും പിയറും പിന്നാലെ നടന്നു. ജെര്‍മെയിന്‍ നദിയുടെ ഓരത്തെത്തി. ഇതു കടന്നാണ് ജെര്‍മെയിന്‍ എന്നും പള്ളിയില്‍ പോയിരുന്നത്. ജീന്‍ പറഞ്ഞത് ശരിയാണ്, വെള്ളം നല്ലോണം ഉയര്‍ന്നു പൊങ്ങിയാണ് ഒഴുകുന്നത്. എന്നാല്‍ ജെര്‍മെയിന്‍ തന്റെ ആദ്യ കാല്‍ എടുത്തുവച്ചതും നദി ഇരുവശത്തേക്കുമായി ഒതുങ്ങിമാറി നടുവിലൂടെ വഴിയൊരുക്കി, മോശയ്ക്കും ഇസ്രായേല്‍ ജനത്തിനും മുന്നില്‍ കടല്‍ രണ്ടായതുപോലെ. ഇതു കണ്ടു ഭയന്ന ജീനും, പിയറും നേരെ പട്ടണത്തിലേക്കോടി അവര്‍ കണ്ടതെല്ലാം നാട്ടുകാരോടു പറഞ്ഞു. വൈകാതെ ജെര്‍മെയിന്റെ രണ്ടാനമ്മയും ഇതറിഞ്ഞു. എന്നാല്‍ ആടുകളെ തനിച്ചാക്കി പള്ളിയില്‍ പോയ ജെര്‍മെയിനോട് അവര്‍ക്കു ദേഷ്യമാണ് വന്നത്. സന്ധ്യയ്ക്കു തിരികെ വരുന്ന ജെര്‍മെയിനെയും കാത്ത് അവര്‍ ആലയ്ക്കു മുന്നില്‍ കോപത്തോടെ നിന്നു.

(തുടരും...)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org