ഇടയകന്യകയും പനിനീര്‍പ്പൂക്കളും [02]

സെന്റ് ജര്‍മ്മയിന്റെ ജീവിതകഥ - [2]
ഇടയകന്യകയും പനിനീര്‍പ്പൂക്കളും [02]
  • നെവിന്‍ കളത്തിവീട്ടില്‍

ജെര്‍മെയിന് തന്റെ പുതിയ വീട് ഒത്തിരി ഇഷ്ടമായി. അവള്‍ അവിടെ ഉണ്ടായിരുന്ന ഉണങ്ങിയ വൈക്കോല്‍ കച്ചികളും ഇലകളും ഗോവണിയുടെ കീഴില്‍ മനോഹരമായി അടുക്കി വച്ച് അവള്‍ക്കായിട്ടൊരു കിടക്ക ഉണ്ടാക്കി. തങ്ങളുടെ ആവാസവ്യൂഹത്തില്‍ കടന്നുകൂടിയ പുതിയ അതിഥിയെ ആലയിലുള്ള ആടുകളും കോഴികളും തുറിച്ചുനോക്കി. എന്നാല്‍ അവര്‍ക്കു സുഹൃത്തുക്കളായി മാറുവാന്‍ അതികം സമയം വേണ്ടിവന്നില്ല. അവള്‍ അവരോടു സംസാരിച്ചിരിക്കും, അവയും ശ്രദ്ധിച്ചു കേട്ടിരിക്കും. ചിലപ്പോളൊക്കെ പല ശബ്ദങ്ങളും ഉണ്ടാക്കി അവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തും. ആലയിലേക്കു വന്നതിനു ശേഷം ഒരിക്കല്‍ പോലും തന്റെ വീട്ടിലേക്കു കയറാന്‍ രണ്ടാനമ്മ അവളെ അനുവദിച്ചില്ല. രാവിലെയും രാത്രിയും തണുത്തുണങ്ങിയ റൊട്ടികള്‍ അവര്‍ കൊണ്ടുവന്നു കൊടുക്കും. വേറെ ഭക്ഷണം ഒന്നും പിനീടവള്‍ അവള്‍ ജീവിതത്തില്‍ രുചിച്ചിട്ടില്ല.

അങ്ങനെയിരിക്കെ പീബ്രാക്കില്‍ മഞ്ഞുകാലം ആരംഭിക്കാറായി. പുറത്ത് ഇപ്പോള്‍ തന്നെ നല്ല തണുപ്പാണ്. ഈ സമയത്താണ് പുതിയ ഉത്തരവാദിത്വം ജെര്‍മെയിനെ തേടി വരുന്നത്. 'ആടുകളെ മേയിക്കുക,' രണ്ടാനമ്മ കാര്‍ക്കശ്യം കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു. എങ്കിലും അവളുടെ ഉള്ളില്‍ അത് പതിഞ്ഞത് യേശു പത്രോസിനോട് 'എന്റെ ആടുകളെ മേയിക്കുക' എന്ന് പറഞ്ഞതു പോലെയാണ്. തണുപ്പില്‍ ആടുകളുമായി പോകുമ്പോള്‍ ഇടാനായി അവള്‍ക്കു ഷൂസോ നല്ല ചെരിപ്പോ ഇല്ലായിരുന്നു. കൈയില്‍ ഇടാന്‍ കൈയുറകളോ കഴുത്തില്‍ അണിയാന്‍ ഷോളോ ഇല്ല. ആകെ ഉള്ള വസ്ത്രമാകട്ടെ ഒത്തിരി തവണ തുന്നിക്കൂട്ടിയതും. എങ്കിലും ആടുകളെ മേയിക്കുന്നതിലൂടെ എനിക്ക് എന്റെ അമ്മയെ സഹായിക്കാമല്ലോ എന്ന ചിന്തയോടെ ജെര്‍മെയിന്‍ ഒരു നീളന്‍ വടിയും കൈയിലെടുത്തു മുന്നേ നടന്നു, എല്ലാം മനസ്സിലായെന്ന പോലെ ആടുകളും നിര നിരയായി പിന്നാലെ നടന്നു. എന്നാല്‍, സ്വന്തമായി നല്ല കിടക്കയില്ലാത്തതോ, നല്ല വസ്ത്രമില്ലാത്തതോ അല്ല ജെര്‍മെയിനെ സങ്കടപ്പെടുത്തിയിരുന്നത്. അവള്‍ക്കു പ്രാര്‍ത്ഥിക്കുവാനായി ഈശോയുടെയോ മാതാവിന്റെയോ രൂപമോ ചിത്രമോ ഇല്ലല്ലോ എന്നുള്ളതാണ്. വീടിനുള്ളിലായിരുന്നപ്പോള്‍ മനോഹരമായ ഒരു കുരിശുരൂപമുണ്ടായിരുന്നു. അതിനോടു ചേര്‍ന്നുതന്നെ മാതാവിന്റെയും ഉണ്ണീശോയുടെയും രണ്ട് ചെറിയ ചിത്രങ്ങളും. എന്നാല്‍ ഇതിനും ഒരു പരിഹാരം ആ കൊച്ചുബുദ്ധിയില്‍ ജനിച്ചു. ജെര്‍മെയിന്‍ വീടിനു പുറകില്‍ കൂട്ടിയിട്ടിരുന്ന വിറകുകളില്‍ നിന്നും നല്ല രണ്ട് കമ്പുകള്‍ തിരഞ്ഞു കണ്ടെത്തി. അവ കൂട്ടിക്കെട്ടി ഒരു കുരിശുണ്ടാക്കി ജെര്‍മെയിന്‍ തന്റെ കിടക്കയ്ക്കരികിലായി ചാരിനിറുത്തി. അന്നുമുതല്‍ മുടങ്ങാതെ ആ കുരിശിനു മുന്നില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തന്റെ സങ്കടങ്ങളും വേദനകളും അവള്‍ ആ സമയം മറന്നു. ചില രാത്രികളില്‍ ജെര്‍മെയിന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗത്തിലെ മാലാഖമാര്‍ അവളുടെ അടുക്കല്‍ വരും. അവര്‍ ജെര്‍മെയിന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് സ്വര്‍ഗീയ ഗീതങ്ങള്‍ ജെര്‍മെയിന് പാടിക്കൊടുക്കും. തന്റെ വീട്ടുകാരെ പോലെ തന്നെ രോഗിയും ക്ഷീണിതയുമായ ജെര്‍മെയിനെ അവളുടെ അയല്‍വാസികളും അവഗണിച്ചിരുന്നു. എന്നാല്‍ അവരില്‍ ചിലരുടെ സമീപനം മാറ്റുന്ന രീതിയിലുള്ള ഒരു സംഭവം ഒരിക്കല്‍ നടന്നു. ജെര്‍മെയിന്റെ അയല്‍വാസികളായ രണ്ടുപേര്‍ രാത്രിയില്‍ വീടിനു വെളിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ മനോഹരമായ സംഗീതം കേട്ടു. തങ്ങള്‍ ഇതുവരെയും കേട്ടിട്ടില്ലാത്ത ആ മനോഹര സംഗീതത്തിന്റെ ഉറവിടം അറിയാന്‍ അവര്‍ തീരുമാനിച്ചു. കാരണം കുറച്ചുനാളുകളായി പലര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവര്‍ ആ സംഗീതത്തെ പിന്‍തുടര്‍ന്ന് ജെര്‍മെയിന്‍ കിടന്നിരുന്ന ആലയുടെ മുന്നിലെത്തി. അവര്‍ ഉറപ്പിച്ചു, അവര്‍ സ്രവിക്കുന്ന ഈ സംഗീതം വരുന്നത് ഈ ആലയില്‍ നിന്നുമാണ്. ശബ്ദമുണ്ടാക്കാതെ അവര്‍ ജനല്‍പാളിയിലൂടെ ഉള്ളിലേക്കു നോക്കി. അവര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ജെര്‍മെയിന്റെ ചുറ്റും വലിയ പ്രകാശം. അവളുടെ കഴുത്തിലെ മുറിവുകള്‍ എല്ലാം മാറിപ്പോയിരുന്നു. ശോഷിച്ച വലതുകൈ ഇടതുകൈ പോലെ ആരോഗ്യമുള്ളതായിരിക്കുന്നു. മൊത്തത്തില്‍ ജെര്‍മെയിന്‍ അതീവ സുന്ദരിയായിരിക്കുന്നു. അവളുടെ പുഞ്ചിരിക്കുന്ന മുഖത്തുനിന്നും അവര്‍ക്കു കണ്ണുകള്‍ എടുക്കാന്‍ സാധിച്ചില്ല. അവര്‍ കേട്ട സംഗീതം ദൈവവുമായുള്ള അവളുടെ മധുര സംഭാഷണമായിരുന്നു.

  • (തുടരും...)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org