ഇടയകന്യകയും പനിനീര്‍പ്പൂക്കളും [08]

സെന്റ് ജര്‍മ്മയിന്റെ ജീവിതകഥ - [8]
ഇടയകന്യകയും പനിനീര്‍പ്പൂക്കളും [08]
Published on
  • നെവിന്‍ കളത്തിവീട്ടില്‍

വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി. ഫ്രാന്‍സിലെ ജനങ്ങള്‍ യുദ്ധഭീകരതയുടെയും അധികാര ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കെട്ടുപാടുകളില്‍ നിന്നും സ്വാതന്ത്രമാകുവാന്‍ തീരുമാനിച്ച കാലം വന്നെത്തി. അങ്ങനെ ഒരു കൊച്ചു കളിമൈതാനത്തില്‍ കളിമാറി കാര്യമായി മുന്നേറിയ ഫ്രഞ്ച് വിപ്ലവം അതിശക്തമായി ആഞ്ഞുവീശി. കൊട്ടാരങ്ങളില്‍ മാത്രമല്ല പള്ളികളിലും നാശം വിതച്ചുകൊണ്ട് അവര്‍ മുന്നേറി. വിപ്ലവകാരികള്‍ പീബ്രാക് പള്ളിയെയും മാറ്റിനിര്‍ത്തിയില്ല. അവര്‍ ജെര്‍മെയിന്റെ പുണ്ണ്യദേഹം മണ്ണില്‍ പുതിയ കുഴിയില്‍ കുമ്മായത്തില്‍ പൊതിഞ്ഞ് സംസ്‌കരിച്ചു. 'എത്രനാള്‍ കഴിഞ്ഞാലും ഇവളുടെ ശരീരം അഴുകില്ലപോലും, ഈ കുമ്മായപ്പൊടിയില്‍ നിന്നും ദൈവം ഇവളുടെ ശരീരത്തെ രക്ഷിക്കുമോ എന്നു നോക്കട്ടെ' അവര്‍ പരസ്പരം ആക്രോശിച്ചു. ശരീരം സൂക്ഷിച്ചിരുന്ന ഇയ്യപേടകം വിപ്ലവകാരികള്‍ വെടിയുണ്ടകള്‍ നിര്‍മ്മിക്കുവാനായി എടുത്തുകൊണ്ടുപോയി. ഈ നീചപ്രവര്‍ത്തിയില്‍ മുന്നില്‍ നിന്നിരുന്ന നാല് നേതാക്കന്മാര്‍ക്ക് ദൈവനീതിയില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.

ഒരാളുടെ കൈ കലാപത്തില്‍ പരിക്കുപറ്റി എല്ലുകള്‍ തകര്‍ന്നുപോയി, വേറൊരുവന്റെ ശരീരം പാതി തളര്‍ന്നു പോയി, ഒരാള്‍ പരുക്കുകളാല്‍ നാലുകാലില്‍ നടക്കേണ്ടിവന്നു, അവസാനത്തെ ആള്‍ക്ക് ഒന്നിനു പിറകെ ഒന്നൊന്നായി രോഗങ്ങള്‍ വന്നുകൊണ്ടിരുന്നു. കാലങ്ങള്‍ക്കുശേഷം ജെര്‍മെയിന്റെ മാധ്യസ്ഥത്താല്‍ തന്നെ ഇവരുടെ രോഗങ്ങള്‍ അത്ഭുതകരമാംവിധം സുഖമാക്കപ്പെട്ടു.

വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞു, 18-ാം നൂറ്റാണ്ടിന്റെ സമാപനത്തോടെ ഫ്രഞ്ച് വിപ്ലവം തണുത്തു വന്നു. അങ്ങനെ ആളുകള്‍ വീണ്ടും പള്ളികളില്‍ എത്തി തുടങ്ങി. 1815-ല്‍ ജെര്‍മെയിന്റെ മരണശേഷം 214 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പീബ്രാക് നിവാസികള്‍ ജെര്‍മെയിന്റെ കല്ലറ തുറന്നു.

കുമ്മായത്തില്‍ പൊതിഞ്ഞ ജെര്‍മെയിന്റെ ശരീരം അവര്‍ കണ്ടു. കുമ്മായത്തിന്റെ ശക്തിയേറിയ പൊള്ളല്‍ കാരണം ജെര്‍മെയിന്റെ ചര്‍മ്മത്തിന്റെ തിളക്കം നഷ്ടപ്പെട്ടെങ്കിലും ദൈവം അവളുടെ ശരീരം പൊടിഞ്ഞില്ലാതാകാന്‍ അനുവദിച്ചില്ല. ഫ്രഞ്ച് വിപ്ലവം ഇല്ലാതാക്കാന്‍ നോക്കിയ പുണ്യവതിയുടെ മഹത്വം അങ്ങനെ ഫ്രാന്‍സിന്റെ അതിര്‍ത്തികളും കടന്നു വ്യാപിച്ചു.

ജെര്‍മെയിന്റെ നാമകരണനടപടികള്‍ വീണ്ടും പുനരാരംഭിച്ചു. ഫാ. എസ്‌ദോദ് ജെര്‍മെയിന്റെ മാധ്യസ്ഥത്താല്‍ നടന്നിട്ടുള്ള അത്ഭുതങ്ങളുടെ ഒരു വിവര പട്ടിക തയാറാക്കി പരിശുദ്ധ പിതാവ് ഗ്രിഗറി പതിനാറാമന്‍ പാപ്പയ്ക്ക് സമര്‍പ്പിച്ചു. ഇതേക്കുറിച്ച് പഠിച്ചതിനുശേഷം പാപ്പ പറഞ്ഞു 'ജെര്‍മെയിനെ പോലുള്ള പുണ്യവതികളെയാണ് സഭയ്ക്ക് ഇന്ന് ആവശ്യം.'

ജെര്‍മെയിനു ദൈവദാസി പദവി നല്‍കി കുറച്ചു നാളുകള്‍ കഴിഞ്ഞതും പാപ്പ കാലം ചെയ്തു. മരണകിടക്കയില്‍ വച്ച് പിതാവ് പറഞ്ഞു 'ജെര്‍മെയിനെ വിശുദ്ധയായി പ്രഖ്യാപിക്കുവാന്‍ എനിക്ക് സാധികില്ലലോ എന്നോര്‍ത്ത് ഞാന്‍ ദുഃഖിക്കുന്നു.'

  • (തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org