നെവിന്‍ കളത്തിവീട്ടില്‍
ജെര്‍മെയിന്‍ മരിച്ചു കൃത്യം 44 വര്‍ഷങ്ങള്‍ക്കപ്പുറം കുസീന്‍ കുടുംബത്തില്‍ മറ്റൊരു മരണം ഉണ്ടായി. എവ്ദാലെഗ്ഗെ എന്ന ജെര്‍മെയിന്റെ തന്നെ അകന്ന ബന്ധുവായിരുന്നു അത്. അങ്ങനെ അവരുടെ സംസ്‌ക്കാര കര്‍മ്മങ്ങള്‍ക്കായി കുടുംബ കല്ലറ തുറന്നതും അത്ഭുതകരമായ കാഴ്ചയാണ് എല്ലാവരും കണ്ടത്. 1601 ല്‍ ആ നാട്ടുകാര്‍ പ്രാര്‍ത്ഥനാപൂര്‍വം സംസ്‌ക്കരിച്ച ജെര്‍മെയിന്റെ പാവനശരീരം, തിരിച്ചറിയാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. കാരണം അടക്കു ദിവസം അവര്‍ അര്‍പ്പിച്ച പൂക്കള്‍ പോലും വാടാതെ സുഗന്ധ പൂരിതമായി നില്‍ക്കുന്നു. തീര്‍ത്തും ആശ്ചര്യ പ്പെടുത്തുന്ന കാഴ്ച. ജെര്‍മെയിന്റെ പുണ്യദേഹം വീണ്ടും ഒരു നോക്കു കാണാന്‍ ഗ്രാമവാസികള്‍ ഓടിയെത്തി. പീബ്രാക്കുകര്‍ മാത്രമല്ല അവിടേക്കു എത്തിയത്; ഫ്രാന്‍സിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ അവിടെയെത്തി, ജെര്‍മെയിന്റെ മാധ്യസ്ഥം തേടി അനുഗ്രഹങ്ങള്‍ തേടി.
എന്നാല്‍ ആ നാട്ടില്‍ പുതിയതായി വന്ന പ്രമാണിയുടെ ഭാര്യ മരിയ ക്ലമെന്റ് പള്ളിയിലെ തിരക്കു കാരണം താന്‍ സ്ഥിരമായി ഇരിക്കാറുള്ള ഇരിപ്പിടം നഷ്ടമായതിനാല്‍ ജെര്‍മെയിന്റ ദേഹം വെളിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു. അധികം വൈകാതെ തന്നെ തന്റെ അഹങ്കാരത്തിനുള്ള പ്രതിഫലം അവര്‍ക്കു കിട്ടി. അവരുടെ മകന് കലശലായ പനി വരുകയും മരുന്നുകളൊന്നും ഫലിക്കാതെ മരണാസന്നനായിത്തീരുകയും ചെയ്തു. തന്റെ ഭാര്യ ജെര്‍മെയിനെക്കുറിച്ച് മോശമായി പറഞ്ഞതിനാലാവാം തനിക്ക് ഈ അവസ്ഥ വന്നതെന്ന് മനസ്സിലാക്കിയ ഫ്രഡിനാണ്ഡ് പ്രഭു ഭാര്യയോടൊത്തു ജെര്‍മെയിന്റെ പക്കല്‍ വന്നു മാപ്പു പറഞ്ഞു. അന്നു രാത്രി ജെര്‍മെയിന്‍ ഇവര്‍ക്ക് പ്രത്യക്ഷയായി കുഞ്ഞിനെ അനുഗ്രഹിക്കുകയും പനി വിട്ടു മാറുകയും ചെയ്തു. പ്രത്യുപകാരമായി ജെര്‍മെയിന്റെ ശരീരം സൂക്ഷിക്കുന്നതിനായി ഈയ്യത്തിന്റെ മഞ്ചം സമര്‍പ്പിച്ചു.
നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനായി ടുളൂസ് അതിരൂപതയിലെ വികാരി ജനറാളച്ചന്‍ വന്നു വിശുദ്ധയുടെ കബറിടം കാണുകയും ആളുകളുടെ പക്കല്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കപ്പൂച്ചിന്‍ വൈദികനായ ഫാ. കോണ്‍സ്റ്റന്റയിന്റെ പക്കല്‍ പരിശുദ്ധ പിതാവിനു നല്‍കുവാന്‍ കൊടുത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ അച്ചന് ഉടനെയുണ്ടായ സ്ഥലം മാറ്റം അതിനൊരു തടസ്സമായിത്തീര്‍ന്നു. അങ്ങനെ ആ രേഖകള്‍ നഷ്ടമാവുകയും ജെര്‍മെയിന്റെ നാമകരണ നടപടികള്‍ വൈകുകയും ചെയ്തു. എന്നാല്‍ ഇതൊന്നും അറിയാതിരുന്ന നാട്ടുകാര്‍ റോമില്‍ നിന്നും പിതാവിന്റെ പ്രഖ്യാപനത്തിനായി കാത്തിരുന്നു. ഈ കാലയളവില്‍ അനേകരാണ് പീബ്രാക്കില്‍ എത്തിക്കൊണ്ടിരുന്നത്.
(തുടരും)