ഇടയകന്യകയും പനിനീര്‍പ്പൂക്കളും [06]

സെന്റ് ജര്‍മ്മയിന്റെ ജീവിതകഥ - [6]
ഇടയകന്യകയും പനിനീര്‍പ്പൂക്കളും [06]
Published on
  • നെവിന്‍ കളത്തിവീട്ടില്‍

ജെര്‍മെയിന്റെ രോഗങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായില്ല. കഴുത്തിലെ വ്രണങ്ങള്‍ ദിനംപ്രതി കൂടി കൂടി വന്നു. അവള്‍ക്കു ചികിത്സയോ ആരോഗ്യകരമായ ഭക്ഷണമോ ആരും നല്‍കിയില്ല. ആലയിലെ പൊടിയും വൃത്തിഹീനമായ മുറിയും അവളെ കൂടുതല്‍ ക്ഷീണിതയാക്കി. അവള്‍ തന്റെ മണവാളനോട് ചേരാറായി. ഈശോയുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള വെളിപാടിന്റെ അര്‍ത്ഥം അവള്‍ക്കു മനസ്സിലായി. അവള്‍ തന്റെ മരണത്തിനായി ഒരുങ്ങി. ഒടുവില്‍ ആ ദിവസം വന്നെത്തി. ഒത്തിരി കാര്യങ്ങള്‍ക്കു മറയും സാക്ഷിയും ആയിരുന്ന രാത്രി അങ്ങനെ ഇതിനും സാക്ഷിയായി.

എന്നാല്‍ ജെര്‍മെയിന്റെ വിശുദ്ധി ലോകത്തോട് വിളിച്ചു പറയാന്‍ ദൈവം മറ്റു രണ്ട് സാക്ഷികളെ കൂടി കരുതിവച്ചു. ദൂരേക്കുള്ള യാത്രയിലായിരുന്ന രണ്ട് സന്യാസിനിമാര്‍ നേരം ഇരുട്ടിയതിനാല്‍ സത്രത്തില്‍ താമസിക്കുവാന്‍ തീരുമാനിച്ചു. രാത്രിയും വൈകി അവര്‍ ആകാശത്തില്‍ ഒരു പ്രകാശം കണ്ടു. ആ പ്രകാശം ക്രമേണ ഒരു പാതയായി രൂപാന്തരപ്പെട്ടു. പ്രകാശം തീര്‍ത്ത ആ പാതയിലൂടെ രണ്ട് രൂപങ്ങള്‍ ഭൂമിയിലേക്കു വരുന്നു. അവര്‍ തിളങ്ങുന്ന വസ്ത്രം ധരിച്ച വലിയ രണ്ട് ചിറകുകളുള്ള മാലാഖമാരായിരുന്നു. അല്പം കഴിഞ്ഞു തിരികെ മുകളിലേക്ക് പോകുന്ന അവരുടെ മധ്യത്തില്‍ സന്യാസിനിമാര്‍ മൂന്നാമതൊരാളെ കൂടി കണ്ടു. ചിറകുകളിലാത്ത പെണ്‍കുട്ടിയുടെ രൂപം. അവര്‍ കണ്ട കാഴ്ചയുടെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായില്ല. അതിരാവിലെ തന്നെ ഇതിന്റെ കാരണം അറിയാന്‍ അവര്‍ തീരുമാനിച്ചു. പ്രഭാതത്തില്‍ അവര്‍ രണ്ടുപേരും ദൂതന്മാര്‍ ഇറങ്ങിവന്നതായി അവര്‍ കണ്ട ആലയുടെ മുന്നിലെത്തി. അവിടെ നിന്നും ഒരു സ്ത്രീ കരഞ്ഞുകൊണ്ട് ഇറങ്ങി വരുന്നതു കണ്ടു. എന്നാല്‍ സന്യാസിനിമാരെ കണ്ടതും അവള്‍ കണ്ണുകള്‍ തുടച്ചു. 'വരൂ, ഞാന്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കാം.' ആ സ്ത്രീ അവരെയും കൂട്ടി ഭവനത്തില്‍ പ്രവേശിച്ചു. സന്യാസിനിമാര്‍ അവരോടു ചോദിച്ചു, 'എന്തിനാണ് നിങ്ങള്‍ കരഞ്ഞത്, അവിടെ ആലയില്‍ എന്താണ് സംഭവിച്ചത്?'

ആ സ്ത്രീ പറഞ്ഞുതുടങ്ങി, 'എന്റെ മകള്‍ ജെര്‍മെയിന്‍...' അവള്‍ക്കു മുഴുവനാക്കാന്‍ സാധിച്ചില്ല. അത് വേറെ ആരുമായിരുന്നില്ല ജെര്‍മെയ്‌ന്റെ രണ്ടാനമ്മ തന്നെ ആയിരുന്നു. ചേതനയറ്റ ജെര്‍മെയിന്റെ ശരീരം കണ്ട് തന്റെ തെറ്റുകള്‍ മനസ്സിലാക്കിയ അവര്‍ മാനസാന്തരത്തിലേക്കു കടന്നു വന്നതാണ്. സന്യാസിനിമാര്‍ ഇന്നലെ രാത്രിയില്‍ കണ്ട അത്ഭുതത്തെക്കുറിച്ച് അവരോടു പറഞ്ഞു. അത് അവരെ വീണ്ടും ദുഃഖിതയാക്കി. സന്യാസിനിമാരുടെ സഹായത്തോടെ ജെര്‍മെയിനെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. ജെര്‍മെയിന്റെ മുറിവുകളും വൈകല്യവും അപ്രത്യക്ഷമായി പോയി. അവള്‍ അതീവ സുന്ദരിയായിത്തീര്‍ന്നു. ആളുകള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. കൂട്ടുകാരായ പിയറും, ജീനും പൂക്കള്‍ കൊണ്ട് കീരീടം ഉണ്ടാക്കി ജെര്‍മെയിന്റെ ശിരസില്‍ വച്ചു. ഒടുവില്‍ പീബ്രാക് ദേവാലയത്തില്‍ കുസീന്‍ കുടുംബ കല്ലറയില്‍ ജെര്‍മെയിനെ അടക്കി.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org