ഇടയകന്യകയും പനിനീര്‍പ്പൂക്കളും [01]

സെന്റ് ജര്‍മ്മയിന്റെ ജീവിതകഥ - [1]
ഇടയകന്യകയും പനിനീര്‍പ്പൂക്കളും [01]
Published on
  • നെവിന്‍ കളത്തിവീട്ടില്‍

ഫ്രാന്‍സിലെ ചെറിയ ഒരു കര്‍ഷക ഗ്രാമമാണ് പീബ്രാക്. കൃഷിക്കു പുറമെ ആടു വളര്‍ത്തലും കമ്പിളി നിര്‍മ്മാണവും അവിടത്തുകാരുടെ പ്രധാന തൊഴിലുകളാണ്. ആകെയുള്ളത് 200 ഭവനങ്ങള്‍. എല്ലാവരും അധ്വാനശീലര്‍. എല്ലാവര്‍ക്കും എല്ലാവരെയും പരസ്പരം അറിയാം. എന്നാല്‍ എല്ലാം അറിഞ്ഞിട്ടും ആരും കണ്ട ഭാവം നടിക്കാഞ്ഞ ഒരു ജീവിതവും ആ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. പീബ്രാക്കിലെ ഒരു പ്രധാന കുടുംബമാണ് കുസീന്‍ കുടുംബം. ധാരാളം സ്വത്തുക്കളും സമ്പത്തും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരു അധികപ്പറ്റായിരുന്നു ആ ബാലിക. അവളെ അവളുടെ അമ്മ ജെര്‍മെയിന്‍ എന്ന് വിളിച്ചു. എന്നാല്‍ ആ വിളി തുടരാന്‍ ആ അമ്മയ്ക്ക് അധികം ആയുസ് ഉണ്ടായിരുന്നില്ല. ജെര്‍മെയിനെ ചെറിയമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് അമ്മ നിത്യയാത്രയായി.

ചെറിയമ്മ വളരെ സ്‌നേഹമുള്ള സ്ത്രീയായിരുന്നു. ജെര്‍മെയിന്‍ കരയുമ്പോഴൊക്കെ ചെറിയമ്മ അവള്‍ക്ക് മാതാവിന്റെ രൂപം കാട്ടിക്കൊടുക്കും. മാതാവിന് അവളുടെ അമ്മയുടെ ഛായയായിരുന്നു എന്ന് ചെറിയമ്മ എപ്പോഴും പറയും. അതുകൊണ്ടുതന്നെ മാതാവിന്റെയും ഉണ്ണീശോയുടെയും കഥകള്‍ കേള്‍ക്കാന്‍ കുഞ്ഞു ജെര്‍മെയിന് ഒത്തിരി ഇഷ്ടമായിരുന്നു. അവള്‍ തന്റെ കൂടെ വളരെ സന്തോഷവതിയായിരുന്നു. എന്നാല്‍ എത്രനാള്‍ താന്‍ ജെര്‍മെയിനെ നോക്കും, തനിക്കും ഒരു കുടുംബം ഇല്ലേ. ചെറിയമ്മ ജെര്‍മെയിന്റെ പിതാവിനെ മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിച്ചു. ജെര്‍മെയിന്റെ നല്ല ഭാവിക്കായാണ് ചെറിയമ്മ ഇങ്ങനെ ചെയ്തതെങ്കിലും അത് അവളുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തിനാണു കാരണമായത്.

തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തിനുശേഷം ഉടനെ തന്നെ ജെര്‍മെയിനും തിരികെ തന്റെ ഭവനത്തിലെത്തി. എന്നാല്‍ ഒരിക്കല്‍പോലും രണ്ടാനമ്മ അവളെ കണ്ടതായി നടിച്ചില്ല. ജെര്‍മെയിനെ സ്‌നേഹിക്കാനോ അവള്‍ക്കു കഥകള്‍ പറഞ്ഞു കൊടുക്കാനോ നല്ല ആഹാരം നല്‍കാനോ അവര്‍ ശ്രമിച്ചിരുന്നില്ല. എങ്കിലും ജെര്‍മെയിന്‍ അവരെ 'അമ്മ' എന്നു തന്നെ വിളിച്ചു. അമ്മയ്ക്ക് ഒത്തിരി ജോലികള്‍ ചെയ്യാനുള്ളതുകൊണ്ടാണ് തന്നെ ശ്രദ്ധിക്കാന്‍ സമയമില്ലാത്തത് എന്ന് അവള്‍ സ്വയം ആശ്വസിച്ചു. ഈ സമയത്താണ് ജെര്‍മെയിന് കലശലായ പനി വരുന്നത്. അവളുടെ കഴുത്തിന് ചുറ്റുമായി ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. അവ വലുതായി പൊട്ടുകയും വ്രണങ്ങളാവുകയും ചെയ്തു. കണ്‍ഠമാല എന്ന അപൂര്‍വരോഗമായിരുന്നു അത്. കൂടാതെ ജെര്‍മെയിന്റെ വലതുകൈയും ഭാഗികമായി തളര്‍ന്നുപോയി. പിന്നീട് മരണം വരെയും ഈ രോഗങ്ങളുടെ ശാപം പേറിയാണ് അവള്‍ ജീവിച്ചത്. നിരന്തരമായ വേദനയും കഴുത്തിനു ചുറ്റും തുടര്‍ച്ചയായ അസ്വസ്ഥതയും ജെര്‍മെയിന്റെ സ്‌കൂള്‍ പഠനം അങ്ങനെ അവസാനിപ്പിച്ചു. സാവധാനം അവളുടെ സൗന്ദര്യവും ഇല്ലാതാകാന്‍ തുടങ്ങി. എന്നാല്‍ ഈ വേദനകള്‍ക്കിടയിലും ഒത്തിരി സന്തോഷമുണ്ടാകുന്ന ഒരു കാര്യം അവളുടെ ജീവിതത്തില്‍ ഉണ്ടായി. തനിക്ക് ഒരു അനിയനെ കിട്ടാന്‍ പോകുന്നു. അത് അവളെ വളരെ സന്തോഷവതിയാക്കി. അവള്‍ തന്റെ അമ്മയുടെ കൂടെ തന്നെയായി നടത്തം. എന്നാല്‍ ഇത് രണ്ടാനമ്മയില്‍ കൂടുതല്‍ വെറുപ്പ് സൃഷ്ടിച്ചു. തന്റെ കുഞ്ഞിന് അവളില്‍ നിന്ന് ഈ മാറാരോഗം പകരുമോ എന്ന് അവര്‍ക്ക് ഭയമായി.

രാത്രി ഭര്‍ത്താവിനു മുന്‍പില്‍ കരഞ്ഞുകൊണ്ട് അവള്‍ നിന്നു.

'എന്താ, എന്താണ് കാര്യം?' ആ സാധുവായ മനുഷ്യന്‍ ഭാര്യയോട് ചോദിച്ചു.

സങ്കടം കലര്‍ന്ന മുഖഭാവത്തോടെ ഭാര്യ മനസ്സിലുള്ളത് പറഞ്ഞു. തന്റെ കുഞ്ഞ് ജെര്‍മെയിനെ പോലെ മാറാരോഗിയാകുമോ എന്ന ആ അമ്മയുടെ ദുഃഖം മാനിച്ച് അയാള്‍ തലയാട്ടി. പിറ്റേദിവസം രാവിലെതന്നെ തന്റെ കിടയ്ക്കകരികില്‍ അമ്മയെ കണ്ട ജെര്‍മെയിന്‍ പുഞ്ചിരിച്ചു. എന്നാല്‍ തന്നെ വലിച്ചെഴുന്നേല്‍പ്പിച്ച് അമ്മ ആജ്ഞാപിച്ചു, 'വേഗം നിന്റെ തുണികളെല്ലാം പെറുക്കി ഒരു സഞ്ചിയിലാക്കി എന്റെ പുറകെ വാ.' അവള്‍ ഭയന്നു പിന്നിക്കീറിയ രണ്ടു കുഞ്ഞുടുപ്പുകളും വേഗം ഒരു സഞ്ചിയിലാക്കി അമ്മയുടെ പുറകെ നടന്നു. അമ്മ നേരെ നടന്നത് തങ്ങളുടെ ആടുകളെയും കോഴികളെയും പാര്‍പ്പിക്കുന്ന ആലയിലേക്കായിരുന്നു. അതിനുള്ളില്‍ കയറി ഒരു കോണിയുടെ കീഴിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അമ്മ പറഞ്ഞു, 'ഇതാണ് ഇനി മുതല്‍ നിന്റെ വീട്...'

(തുടരും...)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org