![വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [5]](http://media.assettype.com/sathyadeepam%2F2024-10-18%2Feofdyvxh%2Fcarlo-acuties-05.jpg?w=480&auto=format%2Ccompress&fit=max)
ബാലനോവല്‍ : 5
നെവിന്‍ കളത്തിവീട്ടില്‍
തന്റെ സ്‌കൂള്‍ പഠനകാലത്തു കാര്‍ലോ ഏറ്റവും അതികം വാദിച്ചിട്ടുള്ള വിഷയമായിരുന്നു ഭ്രൂണഹത്യയെ സംബന്ധിച്ചുള്ളത്. ക്ലാസ്സില്‍ ഇതേക്കുറിച്ചുള്ള ഒരു സംവാദം ഏര്‍പ്പെടുത്തിയപ്പോള്‍ അതിശയമെന്നു പറയട്ടെ കാര്‍ലോ ഒഴികെ എല്ലാവരും ഭ്രൂണഹത്യയെ അനുകൂലിക്കുന്ന രീതിയിലായിരുന്നു സംവാദിച്ചുകൊണ്ടിരുന്നത്. എന്നാല്‍ തനിച്ചെങ്കില്‍ തനിച്ചെന്ന മട്ടില്‍ അവരുടെയെല്ലാം വാദങ്ങളെ കാര്‍ലോ ഒറ്റക് നിന്ന് എതിര്‍ത്തു. കാര്‍ലോയെ ഇത്രയധികം സങ്കടപ്പെട്ടും ദേഷ്യപ്പെട്ടും ആരും അതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളെ അത്രയതികം കാര്‍ലോ ഇഷ്ടപ്പെട്ടിരുന്നു. അവരെ ഇല്ലാതാകാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്ന കാര്യത്തില്‍ കാര്‍ലോ എന്നും ദൈവത്തോട് തര്‍ക്കിച്ചു.
അതുപോലെതന്നെ മാതാപിതാക്കള്‍ വേര്‍പെട്ടതിന്റെ വേദന അനുഭവിക്കുന്ന തന്റെ സുഹൃത്തുക്കളെ കാര്‍ലോ തന്റെ വീട്ടിലേക്കു വിളിക്കുകയും അവരെ ആശ്വസിപ്പിക്കുകയും അവരോടു ചേര്‍ന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.
കാര്‍ലോ ഒഴിവു സമയം ഏറ്റവും അതികം ചെലവഴിച്ചിരുന്നത് തന്റെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമായിരുന്നു. രണ്ടു പൂച്ചയും, നാല് പട്ടിയും, കുറേ ഗോള്‍ഡ് ഫിഷുകളും കാര്‍ലോയ്ക്കുണ്ടായിരുന്നു.
ഇവരെ എല്ലാം കഥാപാത്രങ്ങളാക്കി ചെറിയ ഷോര്‍ട് ഫിലിം ഉണ്ടാക്കലായിരുന്നു മെയിന്‍ പണി. പട്ടികളുടെ നാട്ടിലേക്ക് അതിക്രമിച്ചു കയറിയ പൂച്ചകളും അവരെ തുരത്തി യുദ്ധം ചെയ്യുന്ന പട്ടിക്കൂട്ടവും. എന്നാല്‍ തന്റെ പൂച്ചകളെയും പട്ടികുട്ടികളെയും ഗോള്‍ഡ്ഫിഷിനെയുംകാള്‍ കാര്‍ലോ ഇഷ്ടപ്പെട്ടിരുന്നത് ഡോള്‍ഫിനുകളെ ആയിരുന്നു.
അവയുടെ ഭംഗിയുള്ള ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് എടുത്തു വയ്ക്കുകയും ഡോള്‍ഫിനുകളെ കുറിച്ചുള്ള രസകരമായ വീഡിയോസ് കാണുന്നതും കാര്‍ലോയ്ക്കു വളരെ ഇഷ്ടമായിരുന്നു. ഈ മൃഗങ്ങളും ജന്തു ജാലങ്ങളും മരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് കാര്‍ലോ എപ്പോഴും പറയുമായിരുന്നു. കാരണമായി കാര്‍ലോ പറഞ്ഞിരുന്നത് ''ദൈവത്തിന്നു തന്റെ എല്ലാ സൃഷ്ടികളും വിലപ്പെട്ടതാണ്,
മാത്രമല്ല അവയുടെ നിഷ്‌കളങ്കത കണ്ടാല്‍ ആര്‍ക്കും ദൈവത്തിനു പോലും അവയുടെ ജീവിതം പാഴാക്കിക്കളയാന്‍ തോന്നുകയില്ല'' എന്നായിരുന്നു.
കാര്‍ലോയുടെ മറ്റൊരു പ്രധാന ഹോബി ആയിരുന്നു ഫുട്‌ബോള്‍. വെറുതെ കമ്പ്യൂട്ടര്‍ ഗെയിം മാത്രം കളിച്ചിരുന്നു മടിയനായ കുട്ടിയായിരുന്നില്ല കാര്‍ലോ.
ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പന്തുമായി പാഞ്ഞുകളിച്ചിരുന്ന നല്ലൊരു കാല്‍പ്പന്തു കളിക്കാരന്‍ കൂടിയായിരുന്നു കാര്‍ലോ. കാല്‍പ്പന്തു കളിയിലൂടെ ഒത്തിരി സുഹൃത്തുക്കളെ കാര്‍ലോ നേടിയിരുന്നു. തന്നെക്കാളും മുതിര്‍ന്ന ഒത്തിരിപേരെ പരിചയപ്പെടാന്‍ കാര്‍ലോ ഉപയോഗിച്ചിരുന്ന സൂത്രം കൂടിയായിരുന്നു ഫുട്‌ബോള്‍ കളി.
(തുടരും)