സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 12

അദ്ധ്യായം-12 | വടകരയും കോഴിക്കോടും ഡല്‍ഹിയും
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 12

മലബാര്‍ എക്‌സ്പ്രസ് രാവിലെ 5 നു വടകരയെത്തി. ഒരു ലോഡ്ജില്‍ മുറിയെടുത്ത് പെട്ടിയും മറ്റും വച്ച് കുറേനേരം ഉറങ്ങിയിട്ട് 10 മണിയോടെ കോളജിലെത്തി റിപ്പോര്‍ട്ട് ചെയ്തു. ഒരു മലമുകളിലാണ് മടപ്പള്ളി കോളജ്. വകുപ്പുതലവന്‍ ഗോപാലന്‍ മാസ്റ്ററെ കണ്ടു. ക്ലാ സ്സുകള്‍ തീര്‍ന്നു, ഇനി അടുത്തവര്‍ഷം പഠിപ്പിക്കാമെന്നു മൂപ്പര്‍ പറഞ്ഞു. എനിക്കു നിരാ ശ തോന്നി. അവിടെ അധ്യാപകര്‍ താമസിക്കുന്ന ഒരു വീട്ടില്‍ കൂടാമെന്ന് പുതുതായെത്തിയ സഹദേവനും മറ്റും പറഞ്ഞു. അങ്ങനെ ലോഡ്ജില്‍ നിന്ന് സാധനങ്ങള്‍ അങ്ങോട്ടെത്തിച്ചു. ഒഴിവു ദിവസമായപ്പോള്‍ ശിവദാസ് വന്നു. കൂടെ വടക്കന്‍പാട്ടുകള്‍ സമ്പാദിച്ചു പ്രസിദ്ധീകരിച്ച ടി.എച്ച്. കുഞ്ഞിരാമന്‍ നമ്പ്യാരും ഉണ്ടായിരുന്നു. ശിവദാസ് തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പഠിപ്പിക്കയാണ്. രാവിലേ പോയി വൈകിട്ടെത്തും. വടകരയുടെ പ്രാധാന്യം മൂപ്പര്‍ വിവരിച്ചു. വടക്കന്‍ പാട്ടുകളുടെയും ചെറുശ്ശേരിയുടെയും സ്ഥ ലമാണ്. പുത്തൂരം വീട്, ലോകനാര്‍കാവ് തുടങ്ങിയവ ആ ഭാഗങ്ങളിലാണ്. വടകരയില്‍ സാഹിതീസഖ്യമുണ്ട്. അതിന്റെ പ്രതിമാസ യോഗങ്ങളിലേക്ക് എന്നെ ക്ഷണിച്ചു. അവിടെ ഞാനൊരു പ്രഭാഷണം നടത്തി. അതോടെ പ്രസംഗത്തിനു ള്ള ക്ഷണം സുലഭമായി. പത്രങ്ങളില്‍ വാര്‍ത്തയും വന്നുതുടങ്ങി. ഏതാണ്ടൊരു മാസം പഠിപ്പിക്കാനില്ലാതെ മടപ്പള്ളിയില്‍ കഴിയുക ബുദ്ധിമുട്ടായിരുന്നു. ഗോപാലന്‍മാസ്റ്ററോടും പ്രിന്‍സിപ്പലിനോടും പറഞ്ഞിട്ട് കാഷ്വല്‍ ലീവപേക്ഷ നല്‍കി മൈസൂറിലേക്കൊരു യാത്ര നടത്തി. അവിടെ സെന്റ് ഫിലോമിനാസ് കോളജില്‍ എന്റെ അനിയന്‍ മാത്യുവും കസിന്റെ മകന്‍ തോമസും (അപ്പച്ചന്‍) പി.യു.സിക്കു പഠിക്കുന്നു. എന്റെ അനിയത്തി ചിന്നമ്മയുടെ വിവാഹം കഴിഞ്ഞിരുന്നു. അവളുടെ ഭര്‍ത്താവ് സ്‌കൂളധ്യാപകന്‍ ഡൊമിനിക്കിന്റെ കസിന്‍ ജോണ്‍സാര്‍ അവിടെ ലക്ചറര്‍ ആയിരുന്നു. അദ്ദേഹത്തിന്റെയും മറ്റും ആതിഥ്യം സ്വീകരിച്ച് മൈസൂര്‍ ചുറ്റിക്കറങ്ങി രണ്ടുമൂന്നു ദിവസം കഴിഞ്ഞു മടങ്ങി. അതൊരു നല്ല അനുഭവമായിരുന്നു.

ഗവ. കോളജുകള്‍ പൊതുവേ ആണ്‍-പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ്. അതിനാല്‍ ക്ലാസ്സുകള്‍ വര്‍ണശബളം! കവിതകളും ശാകുന്തളം തര്‍ജമയും മറ്റും പഠിപ്പിക്കാന്‍ അടുത്ത വര്‍ഷം അവസരം കിട്ടി. നല്ല സാഹിത്യതാത്പര്യമുള്ള കുട്ടികളായിരുന്നു മടപ്പള്ളിയിലേത്. ഇ.വി. ശ്രീധരനെന്ന കഥാകൃത്തും സി.എച്ച്. ഹരിദാസെന്ന രാഷ്ട്രീയ നേതാവും അവിടെ എന്റെ വിദ്യാര്‍ഥികളായിരുന്നു; തേവരയില്‍ കെ.വി. തോമസും!

കോളജില്‍നിന്നു രണ്ടു ബസ്‌സ്റ്റോപ്പകലെ ഒരു വൈദ്യശാലയുടെ മുകളിലെ നിലയിലാണ് പുതിയ വര്‍ഷം താമസമാക്കിയത്. പി. സഹദേവന്‍ (ഫിസിക്‌സ്), ദേവരാജന്‍ (മാത്‌സ്), റ്റി.സി. മാത്യു (ഇംഗ്ലീഷ്) എന്നിവരും കൂടെയുണ്ട്. നടന്നാണ് കോളേജിലേക്കും തിരിച്ചും പോയിരുന്നത്. ഹിന്ദിയിലെ ദ്രൗപദി ടീച്ചറും അബുബേക്കറും ഗോപാലന്‍ മാസ്റ്ററും ഞാനും ഒരേ സ്റ്റാഫ്‌റൂമില്‍. നല്ല ബന്ധമായിരുന്നു എല്ലാവരോടും. തിരു-ക്കൊച്ചിയില്‍ നിന്നുള്ളവരെ, വിശേഷിച്ചും നസ്രാണികളെ ചേട്ടന്മാരായി (ക്രൂരന്മാര്‍) മുദ്രകുത്തിയിരുന്നു. അധ്യാപകര്‍ക്ക് പ്രത്യേക പദവിയാകയാല്‍ എനിക്കാമുദ്ര കിട്ടിയില്ല!

തേവരയില്‍ കൂടുതലും ഗദ്യഗ്രന്ഥങ്ങളാണ് പഠിപ്പിക്കാന്‍ എനിക്കു കിട്ടിയിരുന്നത്. കവിത ചൊല്ലി പഠിപ്പിക്കാന്‍ ഉലകംതറ സാറിനു നല്ല വൈഭവമുള്ളതിനാല്‍ അവ അദ്ദേഹം എടുത്തിരുന്നു. മടപ്പള്ളിയില്‍ കവിതകളും ശാകുന്തളം തര്‍ജമയുമൊക്കെ എനിക്കു കിട്ടി. കൃഷ്ണവാര്യരുടെ ആനക്കാരനും എഴുത്തച്ഛന്റെ സ്ത്രീപര്‍വ വും ആവേശത്തോടെ പഠിപ്പിച്ചു. ശാകുന്തളം നാലാമങ്കത്തിലെ ''പുല്ലിനെ മാന്‍ തുപ്പുന്നു, നല്ലിളം മയില്‍.... '' എന്ന കേരളവര്‍മയുടെ തര്‍ജമയിലെ ഫലിതം കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു. ശകുന്തള പിരിഞ്ഞുപോകുന്നതിലെ ദുഃഖം കൊ ണ്ട് മാനിന്റെ വായില്‍നിന്നു പുല്ലു വീ ണുപോകുന്നു എന്നാണ് കാളിദാസ കവികല്പന!

കോളജിലെ സ്റ്റാഫ് ക്ലബ്ബിന്റെയും അധ്യാപക സംഘടനായൂണിറ്റിന്റെയും സെക്രട്ടറിസ്ഥാനം സുഹൃത്തുക്കള്‍ എന്റെ തലയില്‍ വച്ചു. ഹൈസ്‌കൂളിലെ മലയാളാധ്യാപകനും കവിയുമായ വി.ടി. കുമാരനും നോവലിസ്റ്റും ആ നാട്ടുകാരനുമായ പുനത്തില്‍ കുഞ്ഞബ്ദുള്ളയും വന്നു പരിചയപ്പെട്ടു. സമ്മേളനങ്ങളില്‍ പ്രസംഗിക്കാനും വൈകിട്ടു നടക്കാനും കുമാരന്‍ മാസ്റ്ററോടൊത്ത് ചിലപ്പോള്‍ പോകുമായിരുന്നു. സംസ്‌കൃതജ്ഞാനിയായ അദ്ദേഹം ആ ഭാഷയില്‍ എന്നെ വിദഗ്ധ നാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു! സി.പി. ശിവദാസ് തലശ്ശേരിയില്‍ നിന്ന് മടപ്പള്ളിയിലേക്കു മാറ്റം കിട്ടി വന്നിരുന്നു. ഇംഗ്ലീഷ് പ്രൊഫസര്‍ ഒ.ജെ. ആന്റണിയുമായും നല്ല ബന്ധം. എങ്കിലും രണ്ടു വര്‍ഷമായപ്പോള്‍ എനിക്കവിടം മടുത്തു. 1967 ഡിസംബറില്‍ എന്റെ വിവാഹം കഴിഞ്ഞിരുന്നു. ഭാര്യ ഇരിഞ്ഞാലക്കുടയിലെ വനിതാ കോളജില്‍ അധ്യാപിക. വാരാന്ത്യം അങ്ങോട്ടുപോയി ടി.ബിയില്‍ മുറിയെടുത്ത് ഒരുമിച്ചു പാര്‍ക്കുമായിരുന്നു. വിവാഹിതരെ ആ കോളജില്‍ അധികം നിര്‍ത്തുമായിരുന്നില്ല. മാര്‍ച്ചില്‍ പിരിയണം.

മഹാരാജാസിലേക്കു സ്ഥലംമാറ്റം ആഗ്രഹിച്ച് ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം ഡി.സി.ഇ. ഓഫീസിലെത്തി. ആ നാട്ടുകാരനായ അബുബേക്കര്‍ സാറിനെയും കൂട്ടി. മടപ്പള്ളിയില്‍ പ്രിന്‍ സിപ്പലായിരുന്ന ഡോ. എ.എസ്. നാരായണപിള്ളയാണ് ഡയറക്ടറുടെ കസേരയില്‍. ഡോ. ഭാസ്‌കരന്‍ നായര്‍ റിട്ടയര്‍ ചെയ്തിരുന്നു. എ.എസിന് എന്നോടിഷ്ടമായിരുന്നു. എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ കോഴിക്കോട്ടു മാത്രമേ ഒഴിവുള്ളു. താത്പര്യമെങ്കില്‍ ഒരപേക്ഷ എഴുതിത്തരിക. പ്രിന്‍സിപ്പല്‍ വഴിയുള്ളത് പുറകേ അയച്ചാല്‍ മതി എന്നു പറഞ്ഞു. അവിടെവച്ചുതന്നെ അപേ ക്ഷ എഴുതിക്കൊടുത്തു. പ്രിന്‍സിപ്പല്‍ വഴിക്ക് പിന്നാലെയും അയച്ചു.

വേനല്‍ക്കാലാവധി കഴിഞ്ഞ് 1968 ജൂണ്‍ ആദ്യം മടപ്പള്ളിയിലെത്തിയപ്പോള്‍ സ്ഥലംമാറ്റ ഉത്തരവ് എത്തിയിരുന്നു. സഹദേവനും അബുബേക്കറും ദേവരാജനും മറ്റും ചേര്‍ന്ന് എന്നെ യാത്രയാക്കി. അവരൊക്കെ എന്റെ വിവാഹത്തിന് എറണാകുളത്ത് വന്നിരുന്നു. കോഴിക്കോട്ടു ചെ ന്ന് ആകാശവാണിയില്‍ ഉദ്യോഗസ്ഥനും നാട്ടുകാരനുമായ കെ.വി. ജോണിന്റെ മുറിയില്‍ സാധനങ്ങള്‍ വച്ചു. ജോണുമായി മുമ്പു ബന്ധപ്പെട്ടിരുന്നു. ആ മുറിയില്‍തന്നെ തല്‍ക്കാലം കൂടാമെന്നു ജോണ്‍ പറഞ്ഞു. കോളജ് അക്കാലത്ത് മാനാഞ്ചിറയുള്ള ഹൈസ്‌കൂള്‍-ട്രെയിനിങ് കോളജ് കോമ്പൗണ്ടിലായിരുന്നു. അങ്ങോട്ട് കുറഞ്ഞ ദൂരം മാത്രം. അവിടെ റിപ്പോര്‍ട്ടു ചെയ്തു. എന്റെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മുഖ്യവേദിയായി കോഴിക്കോട് മാറുകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെയും കുട്ടികൃഷ്ണമാരാരെയും ആര്‍. രാമചന്ദ്രനെയും കണ്ടു പരിചയപ്പെട്ടു. (വിശദാംശങ്ങള്‍ മറ്റു ഭാഗങ്ങളിലുണ്ട്). ബഷീറുമായി ഒരു അഭിമുഖ സംഭാഷണം തയ്യാറാക്കി മാതൃഭൂമി വീക്കിലിക്കയച്ചു. അത് 1969 സെപ്റ്റംബര്‍ 28-ലെ വീക്കിലിയില്‍ വന്നു. മിസ്സിസ് ജോലിയില്ലാതെ എറണാകുളത്ത് സ്വന്തം വീട്ടിലാണ്. അവധിക്ക് ഞങ്ങള്‍ എന്റെ വീട്ടില്‍ കുറേനാള്‍ പാര്‍ത്തു. അവിടെ അമ്മയും അനിയന്‍ ജോസഫുമുണ്ട്. അവന്റെയും അനിയത്തി ചിന്നമ്മയുടെയും പഠനം അപ്പന്റെ മരണത്തോടെ നിര്‍ത്തേണ്ടിവന്നു. പോസ്റ്റല്‍ ട്യൂഷന്‍ വഴി അവന്റെ പഠനം തുടരാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇളയ അനിയനാണ് മൈസൂരില്‍ പഠിക്കുന്നത്. അതിനുള്ള ചെലവ് ഞാന്‍ വഹിച്ചു. വീട്ടിലെ ചെറിയ ആദായം അവിടത്തെ ചെലവിനുമാത്രം. മുഹമ്മ യോഗ്യാവീട്ടിലേക്കാണ് അനിയത്തിയെ അയച്ചത്. ഭര്‍ത്താവ് വല്ലകത്ത് സ്‌കൂളധ്യാപകന്‍.

മിസ്സിസിനെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമം ആദ്യം ഒരു ഗവേഷണ പരിപാടിയിലും പിന്നീട് ചേളന്നൂര്‍ എസ്.എന്‍. കോളജിലെ ബോട്ടണി അധ്യാപക പോസ്റ്റ് സമ്പാദിക്കുന്നതിലും പര്യവസാനിച്ചു. പുതിയ കോളജാണ്, കെട്ടിടം പണിക്കും മറ്റും സഹായം നല്‍കേണ്ടിവന്നു. ഞങ്ങള്‍ ചേളന്നൂര് വീടു വാടകയ്‌ക്കെടുത്തു താമസം തുടങ്ങി. അപ്പോഴേക്കു ഞങ്ങളുടെ മൂത്തമകന്‍ ജയ്‌സന്‍ പിറന്നിരുന്നു. ഈ കാലത്താണ് ലക്ഷദ്വീപില്‍ ഇന്ദിരാഗാന്ധിയുടെ പ്രസംഗ തര്‍ജമക്കായും പിന്നീട് ഡല്‍ഹി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ റിസേര്‍ച്ച് ഓഫീസറായും പോയത്. ഡല്‍ഹിയും ഉത്തരേന്ത്യയും കണ്ടറിയാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ പരിചയപ്പെട്ട സെക്രട്ടറിതലത്തില്‍ ഉന്നതസ്ഥാനത്തുള്ള ഒരു മലയാളി, നാട്ടില്‍ നല്ല ജോലിയുള്ളവരൊന്നും ഇവിടെ അധികനാള്‍ നില്‍ക്കില്ല എന്നു പറഞ്ഞു! അതങ്ങനെതന്നെ സംഭവിച്ചു. അവിടത്തെ കാലാവസ്ഥ ദുസ്സഹമായി തോന്നി. ഭാര്യ വേനല്‍ക്കാലാവധിയായപ്പോള്‍, കുറേനാളത്തേക്ക് മോനെ അമ്മയെ ഏല്പിച്ചിട്ട് അങ്ങോട്ടുവന്നു. ഞങ്ങളൊരുമിച്ചു ഡല്‍ഹിയും ഹരിദ്വാര്‍, ഋഷികേശ്, ഡറാഡൂണ്‍ തുടങ്ങിയ ഹിമാലയ പ്രാന്തങ്ങളും ചുറ്റിയടിച്ചു. ആ യാത്ര നടക്കുമായിരുന്നില്ല. ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനില്‍ നിന്നുള്ള ഡൂണ്‍ എക്‌സ്പ്രസില്‍ പോകാന്‍, ഓട്ടോ കിട്ടാന്‍ വിഷമിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ വളരെ നീണ്ട ക്യൂ. അതില്‍ നിന്നിട്ട് കാര്യമില്ല. ടിക്കറ്റ് നല്‍കുന്നിടത്തേക്ക് ഞങ്ങള്‍ ചെന്നു. ക്യൂവിനപ്പുറത്ത് മറ്റൊരു ജനാലയ്ക്കല്‍ ഒരു സ്ത്രീ ടിക്കറ്റു വാങ്ങുന്നു! ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കും രണ്ടു ടിക്കറ്റു തന്നു! ക്യൂവില്‍ നിന്നവര്‍ അങ്ങനെ നില്‍ക്കുന്നു! ഭാര്യയെയും കൂട്ടി തിരക്കേറിയ ട്രെയിനില്‍ പ്രയാസപ്പെട്ട് കയറി. ഉടനെ വണ്ടി നീങ്ങുകയും ചെയ്തു. അങ്ങനെ ഈശ്വരാനുഗ്രഹം കൊണ്ടുമാത്രം ആ യാത്ര നടന്നു. (ഉത്തരേന്ത്യന്‍ നഗരങ്ങള്‍ പശ്ചിമേന്ത്യന്‍ ദൃശ്യങ്ങള്‍ എന്ന എന്റെ പുസ്തകത്തില്‍ കൂടുതല്‍ വിവരങ്ങളുണ്ട്). അഞ്ചാറു മാസത്തെ സേവനം കഴിഞ്ഞു മേയ് മാസത്തില്‍ ഭാര്യയോടൊത്തു മടങ്ങി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org