സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 09

അദ്ധ്യായം-9 | അദ്ധ്യാപകരും ചില പ്രസംഗങ്ങളും
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 09

ഹൈസ്‌കൂള്‍ പഠനകാലത്ത് എനിക്കു പ്രിയപ്പെട്ടവരായിരുന്ന അധ്യാപകരില്‍ എം.എന്‍. ശ്രീധരക്കണിയാര്‍ എന്ന കണിയാരുസാര്‍ എന്നോട് പ്രത്യേക അടുപ്പം കാണിച്ചിരുന്നു. ഉപരിപഠനത്തിനു ചേര്‍ന്ന പാലാ കോളജില്‍ നിന്നു ക്ലാസ്സു കഴിഞ്ഞ് ഒരു വെള്ളിയാഴ്ച വീട്ടിലേക്കു പോന്ന ഞാന്‍ ആപ്പാഞ്ചിറയില്‍ ബസ്സിറങ്ങി നടക്കുമ്പോള്‍ ഒരു സൈക്കിള്‍ വന്ന് എന്റെയടുത്തു നിന്നു. നോക്കിയപ്പോള്‍ കണിയാരു സാര്‍! വിവരങ്ങള്‍ ചോ ദിച്ചറിഞ്ഞ് സ്‌നേഹത്തോടെ നല്ല വാക്കുകള്‍ പറ ഞ്ഞ് അദ്ദേഹം പോയി. പിന്നീട് കുറേ വര്‍ഷം കഴി ഞ്ഞ് ഞാന്‍ തേവര കോളേജില്‍ അധ്യാപകനായിരിക്കെ ഞങ്ങളുടെ നാട്ടില്‍ ലക്ഷ്മി ടീച്ചര്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അദ്ദേഹം വന്നു. ഞാനും ഒരു പ്രസംഗകനായിരുന്നു. എന്നെപ്പറ്റി അദ്ദേഹം പ്രസംഗത്തില്‍ നല്ല വാക്കുകള്‍ പറഞ്ഞു. ആ രാത്രി വീട്ടില്‍ വന്നു താമസിച്ചിട്ട് പിറ്റേന്നാണു പോയത്. ബസ്സു കിട്ടുന്നിടം വരെ അദ്ദേഹ ത്തെ അനുഗമിച്ചു. എന്റെ അധ്യാപകവൃത്തി കോഴിക്കോട്ടായതോടെ ബന്ധം കുറഞ്ഞു. എഴുതാന്‍ കഴിവുള്ള ആളായിരുന്നു അദ്ദേഹം. സ്‌കൂള്‍ മാഗസിനില്‍ വന്ന രണ്ടു ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. ആ വഴിക്ക് അദ്ദേഹം മുന്നോട്ടുപോയില്ല.

പാലാ സെന്റ് തോമസ് കോളജില്‍ പ്രീയൂണിവേഴ്‌സിറ്റി ക്ലാസ്സില്‍ ചേര്‍ന്നു പഠിച്ചതേപ്പറ്റി 'തിരി ഞ്ഞു നോക്കുമ്പോള്‍' എന്ന ഇതിലെ 40-ാം അധ്യാ യത്തില്‍ പറയുന്നുണ്ട്. ആ പഠനം അവസാനിക്കുന്ന ഘട്ടത്തില്‍ സഹപാഠികള്‍ ഒരു യാത്ര പറയല്‍ മീ റ്റിംഗ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പലും അധ്യാപകരും ഉണ്ടായിരുന്നു. സംഘാടകരുടെ സ്വാഗത പ്രസംഗം കഴിഞ്ഞു പ്രിന്‍സിപ്പല്‍ ഫാ. കുര്യത്തടം ആശംസകള്‍ നേര്‍ന്നു. മറ്റാരെങ്കിലും പറയുന്നോ എന്ന് അദ്ദേ ഹം ചോദിച്ചപ്പോള്‍ ഞാനെഴുന്നേറ്റ് നാലഞ്ചു മിനിറ്റു സംസാരിച്ചു. സഹപാഠികള്‍ അതു പ്രതീക്ഷിച്ചില്ല. ഫാ. കുര്യത്തടം അവിടെവച്ച് എന്നെ ശ്രദ്ധിച്ചിരിക്കാം. പരീക്ഷ കഴിഞ്ഞ് ഒഴിവുകാലത്ത്, വല്ലതും വായിക്കാന്‍ കോളജില്‍ ചെന്നാല്‍ മാഗസിന്‍ കിട്ടുമല്ലോ എന്നു കരുതി പോയി. ഓഫീസില്‍ ചോദിച്ചപ്പോള്‍ കൊടുത്തു തുടങ്ങിയിട്ടില്ലെന്നു മറുപടി. ഞാന്‍ നിരാശനായി മടങ്ങാന്‍ തുടങ്ങുമ്പോള്‍ പ്രിന്‍ സിപ്പലച്ചനെ കണ്ടു. എന്തിനാ വന്നതെന്ന് അദ്ദേഹം ചോദിച്ചു. മാഗസിന്‍ വാങ്ങാനാണ്, കിട്ടിയില്ല എന്നു ഞാന്‍ പറഞ്ഞു. അദ്ദേഹം ഉടനേ തന്റെ മുറിയില്‍ പോയി മാഗസിനെടുത്തു തന്നിട്ട് എന്റെ ക്ലാസ് നമ്പര്‍ കുറിച്ചുവച്ചു. സന്തോഷത്തോടെ പോന്നു. കുറേനാള്‍ അതും വായിച്ചുകഴിഞ്ഞു. പിന്നീട്, പാസ്സായെന്നറിഞ്ഞശേഷം സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ മാത്രം പാലായില്‍ പോയി.

ഒരു വര്‍ഷത്തെ അലച്ചില്‍ കഴിഞ്ഞ് തേവര കോളജില്‍ പഠനം തുടങ്ങിയശേഷം അവിടത്തെ ഓഡിറ്റോറിയത്തില്‍ നടന്ന ഒരു സമ്മേളനത്തിലും പാലായിലെ പോലെ ഒരു പ്രസംഗാനുഭവം ഉണ്ടായി. ഉലകംതറ സാറിന്റെ മാര്‍ഗനിര്‍ദേശപ്രകാരം മുണ്ടശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും ചില പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. തേവരയിലേത് വലിയൊരു ഓഡിറ്റോറിയമാണ്. 2000-ത്തോളം പേര്‍ ക്കിരിക്കാം. അഖില കേരളാടിസ്ഥാനത്തില്‍ കേരള യൂണിവേഴ്‌സിറ്റി ഓരോ വര്‍ഷവും സംഘടിപ്പിച്ചിരുന്ന പ്രസംഗ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ വി.എം. മാത്യു അവിടെ ഉണ്ടായിരുന്നു. ആ സാഹി ത്യ സമ്മേളനത്തില്‍ ചില പ്രസംഗങ്ങള്‍ക്കുശേഷം ഞാന്‍ കയറി കുട്ടികൃഷ്ണമാരാരുടെ യുക്തിഭദ്രമായ നിരൂപണത്തെപ്പറ്റി സംസാരിച്ചു. മീറ്റിംഗ് കഴിഞ്ഞ് വി.എം. മാത്യു എന്റെയടുത്തുവന്ന് അനുമോദനം അറിയിച്ചു. പാലായില്‍ പ്രസംഗമത്സരത്തില്‍ കിട്ടിയ സമ്മാനംപോലെ പ്രോത്സാഹകമായി അനുഭവപ്പെട്ടു മാത്യുവിന്റെ വാക്കുകള്‍!

യൂണിവേഴ്‌സിറ്റി കോളജില്‍ (തിരുവനന്തപുരം) എം.എ. പ്രീവിയസിന് പഠിക്കുമ്പോഴും ഒരു പ്രസംഗാനുഭവം ഉണ്ടായി. ഒരു ദിവസം നാലു മണിയോടെ ക്ലാസു കഴിഞ്ഞു ഹോസ്റ്റലിലേക്കു പോകാന്‍ ഗേറ്റിലേക്കു നടക്കുമ്പോള്‍ പ്രൊഫ. കരികുളം നാരായണപിള്ള പിന്നില്‍നിന്നു വിളിച്ചിട്ട്, കൊല്ലം എസ്.എന്‍. കോളജില്‍ നടക്കുന്ന പ്രസംഗ മത്സരത്തിനു പോകാന്‍ കുട്ടികളെ തിരഞ്ഞെടുക്കുകയാണ്, വന്നു പങ്കെടുക്കാന്‍ പറഞ്ഞു. ചെന്നു. പില്‍ക്കാലത്ത് അറിയപ്പെട്ട സുന്ദരം ധനുവച്ചപുരം, ജി. ഭാര്‍ഗവന്‍പിള്ള, എന്‍.ആര്‍. ഗോപിനാഥപിള്ള, ഓമല്ലൂര്‍ ഗോപാലകൃഷ്ണന്‍, കണിയാപുരം രാമചന്ദ്രന്‍ ഒക്കെയുണ്ട്. വിമോചന സമരം കഴിഞ്ഞകാലം. ആ സമരക്കാരെ ചീത്തവിളിച്ചുകൊണ്ടായിരുന്നു ചില പ്രസംഗങ്ങള്‍. ഞാന്‍ കയറി വിമോചന സമരത്തെ അനുകൂലിച്ചു സംസാരിച്ചു. എതിര്‍ത്തു പറഞ്ഞ സീതാരാമനെയും അനുകൂലിച്ചു പറഞ്ഞ എ ന്നെയും തെരഞ്ഞെടുത്തു! കൊല്ലത്തെ അനുഭവം തൃപ്തികരമായിരുന്നില്ല. പ്രസംഗം നന്നായി വന്ന ഘട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പേരു തെറ്റിപ്പോയി; പരിഹാസ്യനായി നിര്‍ത്തേണ്ടിവന്നു. സീതാരാമന് രണ്ടാം സമ്മാനം കിട്ടി. യാത്രാച്ചെലവ് കോളജ് ഓഫീസില്‍ നിന്ന് അനുവദിച്ചുതന്നു. ഞാനതു പ്രതീക്ഷിച്ചിരുന്നില്ല. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ ഭക്ഷണാനുഭവം കൂടി ആദരവോടെ ഓര്‍ക്കുന്നു. പാലാ, തേവര, മഹാരാജാസ് ഹോസ്റ്റലുകളിലെ ഭക്ഷണ ത്തെ അപേക്ഷിച്ചു വളരെ മികച്ചതായിരുന്നു അത്.

കൊല്ലത്തെ പ്രസംഗമത്സരം ഒരു ഡിബേറ്റായി രുന്നെന്നു പറയാം. ഓരോ കോളജില്‍നിന്നും ചെല്ലു ന്ന രണ്ടുപേരില്‍ ഒരാള്‍ അനുകൂലിച്ചും മറ്റേയാള്‍ എതിര്‍ത്തുമാണ് പ്രസംഗിക്കേണ്ടിയിരുന്നത്. അന്ന് കേരള ഗവര്‍ണറായിരുന്ന (പിന്നീട് രാഷ്ട്രപതി) വി.വി. ഗിരിയില്‍ നിന്നാണ് വിഷയം എഴുതി വാങ്ങിയത്. ഡോ. ശ്രീനിവാസനായിരുന്നു കോളേജ് പ്രിന്‍സിപ്പല്‍. ഗവര്‍ണര്‍ സീല്‍ ചെയ്തയപ്പിച്ച കവര്‍ അദ്ദേ ഹം ഞങ്ങളുടെ മുമ്പില്‍വച്ചു തുറന്ന് വിഷയം പറ ഞ്ഞു "One world idea is utopean" ഏകലോകാദര്‍ശം സാങ്കല്പികമാണെന്നര്‍ഥം. സീതാരാമന്‍ അതി നെ അനുകൂലിച്ചും ഞാന്‍ എതിര്‍ത്തും പറഞ്ഞു. അതിനടുത്ത മാസമാകാം, കേരള യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ബിരുദദാന സമ്മേളനത്തില്‍വച്ച് ബി.എ. ഒന്നാം റാങ്കിന്റെ സര്‍ട്ടിഫിക്കറ്റ് ഗവര്‍ണര്‍ ഗിരിയില്‍ നിന്നു വാങ്ങാന്‍ എനിക്കു സാ ധിച്ചു. അതിന്റെ ഫോട്ടോ ഇപ്പോഴും കൈയിലുണ്ട്.

ഒരു പ്രസംഗാനുഭവം കൂടി ഇവിടെ പറയാം. പില്‍ ക്കാലത്ത് ഞാന്‍ ഇടപ്പള്ളിയില്‍ താമസിക്കുമ്പോഴാണ് പൊതി സ്‌കൂളില്‍ എന്റെ സഹപാഠിയായിരുന്ന പി.പി. ജോസഫിന്റെ ജ്യേഷ്ഠനും മേവെള്ളൂര്‍ പള്ളിയില്‍ കപ്യാരും എന്റെ സുഹൃത്തുമായിരുന്ന കുഞ്ഞുവക്കച്ചന്‍ മരിച്ച വിവരം അറിഞ്ഞത്. ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമായിരുന്നു. ഉടനേ ഒരു ഡ്രൈവറെ വിളിച്ച് കാറില്‍ മിസ്സിസും ഞാനും പുറപ്പെട്ടു. ചെല്ലുമ്പോള്‍ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനു മുമ്പുള്ള വീട്ടിലെ പ്രാര്‍ത്ഥനകളും മറ്റും നടക്കുകയാണ്. വൈദികനോട് എനിക്കു രണ്ടു വാ ക്കു പറയാനാഗ്രഹമുണ്ടെന്നു പറഞ്ഞു. ചരമപ്രസം ഗം വൈദികരാണ് നടത്താറ്. അദ്ദേഹത്തിന് മരിച്ചയാളെ ശരിക്കറിയില്ല. അതിനാല്‍ അത് എന്നെ ഏ ല്പിക്കുകയും ചരമപ്രസംഗത്തിനായി, നാട്ടുകാരെ യും മറ്റും അമ്പരിപ്പിച്ചുകൊണ്ട് എന്നെ ക്ഷണിക്കുകയും ചെയ്തു. മരിച്ചയാളുമായുള്ള എന്റെ അടുപ്പ വും മറ്റും ഹൃദയസ്പര്‍ശകമായി പറഞ്ഞും പരേതനു നിത്യശാന്തിനേര്‍ന്നും അഞ്ചാറു മിനിറ്റു ഞാന്‍ പ്ര സംഗിച്ചു. അതൊരു നല്ല അനുഭവമായിരുന്നു.

തിരുവനന്തപുരത്തെ എം.എ. ആദ്യവര്‍ഷ പഠനത്തില്‍ അവിസ്മരണീയം കെ.എം. ഡാനിയല്‍ സാ റിന്റെ ക്ലാസാണ്. ലീലാതിലകവും പ്രരോദനവുമാണ് അദ്ദേഹം പഠിപ്പിച്ചിരുന്നത്. ക്ലാസ്സിലെ ആരെക്കൊണ്ടെങ്കിലും പാഠ്യഭാഗം വായിപ്പിക്കും. വിശദീകരണങ്ങളും മറ്റുമാണ് സാറു തരിക. ഞങ്ങളുടെ ക്ലാസ്സില്‍ ഒരു പ്രഭാകരനായിരുന്നു വായനക്കാരന്‍. അയാള്‍ മുന്‍കൂട്ടി വായിച്ചൊരുങ്ങിവന്ന് ഭംഗിയായി അതു ചെ യ്തിരുന്നു. അയാള്‍ ഒരു ജോലി കിട്ടി പോയതോടെ വായനക്കാരന്‍ ഞാനായി. തലേന്ന് ഹോസ്റ്റല്‍ മുറി യിലിരുന്ന് വായിക്കാനുള്ളതൊക്കെ പലകുറി വായിച്ചൊരുങ്ങിയാണു ഞാനും ചെന്നിരുന്നത്. ഒരു ബ ഞ്ചില്‍ നടുക്ക് ഞാനും ഇരുവശവുമായി ജി. ഭാര്‍ഗവന്‍പിള്ളയും ഓമല്ലൂര്‍ ഗോപാലകൃഷ്ണനുമായിരുന്നു. ഓമല്ലൂര്‍ പരിഹസിക്കാനും മറ്റുള്ളവരെ കുഴിയില്‍ ചാടിക്കാനും സമര്‍ഥനായിരുന്നു. ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്പിച്ചിട്ട പാന്റും ധരിച്ചു ക്ലാസ്സില്‍ ചെന്നപ്പോള്‍ എനിക്കൊരു നോട്ടീ സ് ഉണ്ട് കടമമെടുത്ത പാന്റു തിരിച്ചു കൊടുക്കാനെ ന്നു മൂപ്പര്‍ പരിഹസിച്ചു. ക്ലാസ്സിലുണ്ടായിരുന്ന പൂജപ്പുര കൃഷ്ണന്‍നായര്‍ ഞങ്ങളെ ഒരു സിനിമക്കു കൂട്ടിക്കൊണ്ടുപോയി. അതിന്റെ പണം ഞാന്‍ കൊടുക്കാനൊരുങ്ങിയപ്പോള്‍ ഓമല്ലൂര്‍ വേണ്ടെന്നുപദേശിച്ചു. 'പരപ്രത്യയ നേയബുദ്ധി'യായ ഞാനതനുസരിച്ചു; കൃഷ്ണന്‍നായരുടെ വിദ്വേഷത്തിനു പാത്രവുമായി. അതിനു പ്രതിവിധി ചെയ്യാ നും മാപ്പപേക്ഷിക്കാനും തോന്നിയപ്പോഴേ ക്ക് അയാള്‍ മരണമടഞ്ഞിരുന്നു!

ഡോ. കെ. രാഘവന്‍പിള്ളയുടെ സ ഹോദരീപുത്രന്‍ എന്‍.ആര്‍. ഗോപിനാഥപിള്ള ആ ക്ലാസ്സിലുണ്ടായിരുന്നു. അയാള്‍ സംസ്‌കൃതം പഠിച്ചിരുന്നു. നല്ല ഓര്‍മശക്തി യും ഉണ്ടായിരുന്നു. എനിക്കിതു രണ്ടുമില്ല! അയാള്‍ക്ക് ബി.എ.ക്ക് സെക്കന്റ് ക്ലാസ് മാ ത്രം. എനിക്ക് ഫസ്റ്റ് ക്ലാസും റാങ്കും! എന്റെ കൈമുതല്‍ കഠിനാധ്വാനവും ദൈവാനുഗ്രഹവുമായിരുന്നു. എന്നെ പരിഹസിക്കാനും താറടിക്കാനും പിള്ളമാരും ഓമല്ലൂരുമൊ ക്കെ കൂടുമായിരുന്നു. മാത്യു എം. കുഴിവേലിയുടെ മകള്‍ ശാന്ത ആ ക്ലാസ്സിലുണ്ടായിരുന്നു. എം.എ. ഫൈനലിന് (രണ്ടാം വര്‍ ഷം) ഞാന്‍ എറണാകുളത്തേക്കു പോന്നശേഷമാണ് അതൊക്കെ അവളെന്നെ അറിയിച്ചത്. ഗോപിനാഥപിള്ള അധ്യാപകരെ യും പരിഹസിക്കുമായിരുന്നു. അതിനാല്‍ അയാളെ പലര്‍ക്കും ഇഷ്ടമല്ലായിരുന്നു. ക്ലാസ് പരീക്ഷയിലും എം.എ. പ്രീവിയസി നും എനിക്കുതന്നെയായിരുന്നു കൂടുതല്‍ മാര്‍ക്ക്. എന്റെ ഉത്തരക്കടലാസും നോട്ടുബുക്കും വാങ്ങിക്കൊണ്ടുപോയി നോക്കി, എന്നെ പിന്നിലാക്കാനുള്ള വഴികള്‍ അ യാള്‍ കണ്ടെത്തിയിരുന്നു! ഞാന്‍ സ്ഥലം വിട്ടതോടെ റാങ്കു കിട്ടാന്‍ എറണാകുളത്തേ ക്കു പോയെന്നു പിള്ളമാര്‍ പ്രചരിപ്പിച്ചു. എന്റെ അമ്മയുടെ രോഗാധിക്യമാണ് എറണാകുളത്തേക്കു പോരാനിടയാക്കിയത്. അതേപ്പറ്റി മറ്റൊരിടത്ത് എഴുതിയതിനാല്‍ ആവര്‍ത്തിക്കുന്നില്ല. എന്റെ അപ്പന്‍ ഞാന്‍ ബി.എക്കു പഠിക്കുന്ന കാലത്ത് മരിച്ചു. അ തു വലിയ ആഘാതവും പ്രതിസന്ധിയും സൃഷ്ടിച്ചു. മൂത്തമകനായ ഞാന്‍ പഠനം നിര്‍ത്തി വീട്ടുകാര്യങ്ങള്‍ നോക്കണമെന്ന് പലരും ശഠിച്ചു. ഒരു കസിന്‍ (വെട്ടിക്കല്‍ പാപ്പച്ചന്‍) സഹായിക്കാമെന്നും, പഠനം തു ടരണമെന്നും പറഞ്ഞതുകൊണ്ടാണ് നടന്നത്. ഇളംകുളം സാറിനോടും ഡാനിയല്‍ സാറിനോടും മറ്റധ്യാപകരോടും യാത്ര പറഞ്ഞിട്ടാണ് ഞാന്‍ തിരുവനന്തപുരം വിട്ടത്. മഹാരാജാസില്‍ പ്രൊഫ. പി.വി. കൃഷ്ണന്‍ നായര്‍, പ്രൊഫ. സി.എല്‍. ആന്റണി, പി. കുഞ്ഞികൃഷ്ണ മേനോന്‍, എം. അച്ചുതന്‍, എം.കെ. സാനു, ഒ.കെ.വി. തുടങ്ങിയവരായിരുന്നു അധ്യാപകര്‍. സഹപാഠികള്‍ കെ.പി. അപ്പന്‍, വി. രമേശ് ചന്ദ്രന്‍, പീതാംബരന്‍, പൊന്നമ്മ എന്നിവരും. എം.എ. പ്രീവിയസിന് എം. തോമസ് മാത്യു, റെക്‌സ്, വി.കെ. നാരായണന്‍, ജെ.റ്റി ആമ്പല്ലൂര്‍ എന്നിവരും ഉണ്ടായിരുന്നു. അപ്പനും രമേശനുമായി അടുക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി. ക്രൈസ്തവനായി ജനിച്ചു വളര്‍ന്ന ഞാന്‍ അക്രൈസ്തവനായി ജനിച്ചുവളര്‍ ന്ന അപ്പന്റെ, ബൈബിള്‍ വെളിച്ചത്തിന്റെ കവചം, മധുരം നിന്റെ ജീവിതം എന്നീ പു സ്തകങ്ങള്‍ കൂടി വായിച്ചാണ് പില്‍ക്കാല ത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ ഉയരങ്ങളിലേക്ക് കടന്നതെന്നു പറയാന്‍ ലജ്ജ തോ ന്നുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org