സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 05

അദ്ധ്യായം-5 : മിഡില്‍ സ്‌കൂളും സണ്‍ഡേ ക്ലാസും
സത്യത്തിന്റെയും ദുഃഖത്തിന്റെയും വഴികള്‍ - 05

കാരിക്കോട്ടുനിന്നു വിടുതല്‍ സര്‍ട്ടിഫിക്കറ്റു വാങ്ങി, എന്നെയും ജോര്‍ജിനെയും രക്ഷാകര്‍ത്താക്കള്‍ പൊതി മിഡില്‍ സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു. 'പൊതി' എന്ന ചിരിയുണര്‍ത്തുന്ന സ്ഥലനാമം എങ്ങനെ രൂപപ്പെട്ടു എന്നെനിക്കറിയില്ല. വൈ ക്കം-തൊടുപുഴ ബസ് റൂട്ടില്‍ തലയോലപ്പറമ്പു കഴിഞ്ഞാല്‍, എറണാകുളത്തിനു ബസ് തിരിഞ്ഞുപോകുന്ന തലപ്പാറ. അതുകഴിഞ്ഞാല്‍ പൊതി. അന്നവിടെയുള്ള പൊതുസ്ഥാപനങ്ങള്‍ പള്ളിയും അതോടു ചേര്‍ന്നു ള്ള പ്രൈമറി-മിഡില്‍ സ്‌കൂളുകളും മാത്രം. പില്‍ക്കാലത്ത്, സിസ്റ്റേഴ്‌സ് നടത്തുന്ന മേഴ്‌സി ആശുപത്രി വന്നതോടെ 'പൊതി'ക്കു പ്രാധാ ന്യം വര്‍ധിച്ചു.

സ്‌കൂള്‍ തുറന്ന ഘട്ടത്തില്‍ ഒരു ജോണ്‍ സാറായിരുന്നു ഹെഡ്മാസ്റ്റര്‍. അച്ചടക്കം പാലിക്കുന്നതില്‍ സമര്‍ത്ഥന്‍. കുട്ടികള്‍ക്ക്, അദ്ദേഹത്തെ ഭയമായിരുന്നു. വിജയപുരം (കോട്ടയം) ലത്തീന്‍ രൂപതയില്‍പ്പെടുന്ന പൊതിപ്പ ള്ളി വക സ്‌കൂളാണത്. വികാരിയച്ചനാണ് അതിന്റെ മാനേജര്‍. അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസം കൊണ്ടാവാം ജോണ്‍സാര്‍ ജോലിയുപേക്ഷിച്ചുപോയി. തുടര്‍ന്ന് നീലകണ്ഠപ്പിള്ള സാര്‍ ഹെഡ്മാസ്റ്ററായി. അദ്ദേഹം ഒരു ബഹളക്കാരനായിരുന്നു. ചൂരല്‍പ്രയോഗത്തില്‍ വിദഗ്ധന്‍. ഞങ്ങള്‍ ചേര്‍ന്ന ഫസ്റ്റ്‌ഫോ മില്‍ അവിടെ തന്നെയുള്ള സ്‌കൂളില്‍ നിന്ന് 5-ാം ക്ലാസ് ജയിച്ച കുട്ടികളായിരുന്നു കൂടു തല്‍. ഞങ്ങളെപോലെ ഇറുമ്പയം-കീഴൂര്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ഉണ്ടായിരുന്നു. (തേഡ് ഫോം വരെ മിഡില്‍ സ്‌കൂള്‍, 4, 5, 6 - ഹൈസ്‌കൂള്‍, സിക്‌സ്ത്ത് ഫോം അവസാനം എസ്.എസ്.എല്‍.സി. അതോടെ 11 വര്‍ഷ സ്‌കൂള്‍ പഠനം തീരുന്നു).

ഭൂമിശാസ്ത്രം പഠിപ്പിക്കാനാണ് നീലകണ്ഠപ്പിള്ള സാര്‍ ഞങ്ങളുടെ ക്ലാസ്സിലെത്തിയത്. കൈയില്‍ ഒരു മാപ്പും ചൂരലും ഉണ്ടായിരുന്നു. മാപ്പ് ബോര്‍ഡില്‍ നിവര്‍ത്തിയിട്ടു. കാരിക്കോടു സ്‌കൂളില്‍ അങ്ങനെയൊരു സാധനം കണ്ടിട്ടില്ല. ഇന്ത്യയുടെ ഭൂപടമായിരുന്നു അത്. എനിക്കതൊന്നും അറിയില്ലായിരുന്നു. മുന്‍നിര യില്‍ ബഞ്ചിന്റെ ഒരറ്റത്താണ് ഞാനിരുന്നത്. എന്നോട് മാപ്പില്‍ ഹിമാലയം എവിടെയാണെ ന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയൊരു പേര് ഞാനാദ്യം കേള്‍ക്കുകയാണ്. അന്തിച്ചുനിന്ന എന്നോട് അടുത്തിരുന്നവന്‍ താഴേക്ക് അടയാളം നല്‍കി. ഞാനതു കാണിച്ചു. താഴെ ഇന്ത്യന്‍ മഹാസമുദ്രമാണല്ലോ. അതുപറഞ്ഞ് എന്റെ കൈ പിടിച്ചുനീട്ടി ചൂരല്‍പ്രയോഗം കുറേ നടത്തി. ഏതു സ്‌കൂളില്‍ നിന്നാണെന്നും മറ്റും ചോദിച്ചു നാണം കെടുത്തുകയും ചെയ്തു. എനിക്ക് അടയാളം നല്‍കിയവന്‍ പൊതി സ്‌കൂളില്‍ പഠിച്ച എന്റെ നാട്ടുകാരനാണ്. അവന്‍ അറിഞ്ഞുകൊണ്ട് എന്നെ തല്ലു കൊള്ളിക്കാന്‍ ചെയ്ത പണി! മറ്റുള്ളവരെ സംശയിക്കാതെ വിശ്വസിക്കുന്ന ബുദ്ധിശൂന്യത എന്റെ ഉടപ്പിറപ്പാണ്. മൂഢഃപരപ്രത്യയനേയ ബുദ്ധി (മറ്റുള്ളവരുടെ അഭിപ്രായങ്ങളാല്‍ നയിക്കപ്പെടുന്നവന്‍ മൂഢന്‍) എന്നു കാളിദാസന്‍ പറയുന്നുണ്ടല്ലോ. എന്റെ മൗഢ്യം മാത്രമല്ല കാരിക്കോട്ടെ അഭ്യസനത്തിന്റെ ദൈന്യവും അങ്ങനെ ബോധ്യമായി!

നീലകണ്ഠപ്പിള്ള സാറാണ് ഇംഗ്ലീഷും പഠിപ്പിച്ചിരുന്നത്. മലയാളം, കണക്ക് തുടങ്ങിയ മറ്റു വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന ഭാസ്‌കരന്‍ നായര്‍, കൃഷ്ണന്‍ നായര്‍, മത്തായി എന്നീ അധ്യാപകരെയും മീനാക്ഷി ടീച്ചറെയും ഓര്‍ക്കുന്നു. അവിടെയും തോല്‍ ക്കാതെ മൂന്നു ക്ലാസ് കടന്നുകയറിയെന്ന് മാത്രം പറയാം. പൊതി സ്‌കൂള്‍ പരിസരമൊക്കെ അന്നു കുറ്റിക്കാടുകള്‍ നിറഞ്ഞതായിരുന്നു. ഉച്ചക്കുള്ള ഒഴിവുസമയത്ത് ഭക്ഷണം കഴിച്ചിട്ട് കാടുകളില്‍ ഒളിച്ചുകളിക്കുക, വെട്ടിപ്പഴവും മറ്റും പറിച്ചു തിന്നുക, സ്‌കൂള്‍ മുറ്റത്ത് തൊങ്കിക്കളിക്കുക എന്നിവ ഞങ്ങളുടെ വിനോദമായിരുന്നു. (ഒറ്റക്കാലില്‍ ചാടി നടന്ന് കളിക്കൂട്ടുകാരിലൊരാളെ പിടിക്കണം. അതോടെ തൊ ങ്കല്‍ അയാളുടെ ഊഴമാകും).

ഇതൊടൊപ്പം പറഞ്ഞു പോകേണ്ട ഒന്നാ ണ് മതപരമായ അഭ്യസനങ്ങളും ജീവിതാനുഭവങ്ങളും. കത്തോലിക്കരുടെ ജീവിതത്തില്‍ അതു വളരെ പ്രധാനമാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം വേദപാഠക്ലാസ്സുകളാണ് പള്ളിയിലെ ഒരു പ്രധാന പരിപാടി. സണ്‍ഡേ ക്ലാസ് എന്ന പേരില്‍ ഞായറാഴ്ചയാണ് അതു നടത്തപ്പെടുന്നത്. ഞങ്ങളുടെ വികാരിയച്ചന് മറ്റൊരു ഇടവകയുടെ ഭരണംകൂടി ഉണ്ടായിരുന്നതിനാല്‍ ഞായറാഴ്ച അവിടെയും പോകേണ്ടിയിരുന്നു. തന്മൂലം അദ്ദേഹത്തിന്റെ മേല്‍ നോട്ടമോ അധ്യാപനമോ, ആവശ്യമുള്ള ഞങ്ങളുടെ വേദപാഠം ശനിയാഴ്ചയാണ് നടത്തിയിരുന്നത്. ക്രൈസ്തവ വിശ്വാസ-ആചാരങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ കുട്ടികള്‍ സ്വായത്തമാക്കുന്നത് അവിടെവച്ചാണ്. 'സംക്ഷപവേദാര്‍ത്ഥം' എന്ന മലയാളത്തില്‍ ആദ്യം അച്ചടിക്കപ്പെട്ട (ഫാ. ക്ലമന്റ് പിയാനിയസ് രചിച്ച് 1772-ല്‍ റോമില്‍ അച്ചടിച്ചത്) പുസ്തകത്തിലെ ചോദ്യോത്തര രൂപത്തിലുള്ള ക്രൈസ്തവ തത്ത്വങ്ങളുടെ പരിഷ്‌കരിച്ച പാഠമാണ് മുഖ്യമായും പഠിപ്പിച്ചിരുന്നത്. ഇപ്പോള്‍ പ്ലസ്ടു വരെ ആഴ്ചതോറും രണ്ടോ മൂന്നോ മണിക്കൂര്‍ വീതം 12 വര്‍ഷംകൊണ്ട് ഒട്ടേറെ കൂടുതല്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

വേദപാഠ ക്ലാസ്സുകള്‍ ഇക്കാലത്ത് ഒന്നു മുതല്‍ 12 വരെ, സ്‌കൂളിലെപ്പോലെ കുട്ടികളുടെ പ്രായവും പഠിപ്പും നോക്കി ക്ലാസ്സുകയറ്റം നല്‍കി വേര്‍തിരിച്ചിരുത്തി പഠിപ്പിക്കുന്ന രീതി അന്നവിടെ ഇല്ലായിരുന്നു. അതിന് അറിവുള്ള അനേകം അധ്യാപകര്‍ വേണം. നാട്ടിന്‍പുറങ്ങളില്‍ അക്കാലത്ത് അതിനു സാധ്യതയില്ല. വികാരിയച്ചന്‍ തന്നെയാണ് എല്ലാ കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിച്ചിരുന്നത്. അദ്ദേ ഹം താമസിക്കുന്ന കെട്ടിടത്തിന്റെ വീതിയും നീളവുമുള്ള ഒരു വരാന്തയുടെ ഇരുവശത്തും ബഞ്ചുകളിട്ട് പാതിയോളം ഭാഗത്ത് ആണ്‍കുട്ടികളെയും അതിനപ്പുറത്തെ പാതിയില്‍ പെ ണ്‍കുട്ടികളെയും ഇരുത്തി പഠിപ്പിക്കും. ആണ്‍ കുട്ടികളുടെ ഭാഗത്ത് തലയ്ക്കല്‍ വികാരിയച്ചന്‍ ഇരുന്നോ നിന്നോ, അങ്ങേയറ്റത്തുള്ള പെണ്‍കുട്ടികള്‍ കൂടി കേള്‍ക്കാന്‍ പാകത്തില്‍ പറയും. വൈദികന്‍ എത്തും മുമ്പേ കുട്ടികള്‍ വന്നു സീറ്റുപിടിച്ചിരിക്കും. ഒരിക്കല്‍ കൂടുതല്‍ കുട്ടികളുണ്ടായിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ തണ്ടും തടിയുമുള്ള ഒരുത്തന്‍ വരുമ്പോള്‍ സീറ്റുകളെല്ലാം നിറഞ്ഞുകഴിഞ്ഞു. ഇരുന്നവരില്‍ വണ്ണവും ബല വും കുറഞ്ഞ എന്നെ പിടിച്ചു വലിച്ചു താഴെയിട്ടശേഷം അവനിരുന്നു. ഞാന്‍ കരഞ്ഞുകൊണ്ട് അരികില്‍ നി ന്നു. വൈദികന്‍ വന്നപ്പോള്‍ കാര്യം പറ ഞ്ഞു. അദ്ദേഹം എന്തു നടപടി സ്വീകരിച്ചെന്ന് ഇപ്പോള്‍ ഓര്‍മയില്ല. അ ത്തരം ഇല്ലായ്മകളും വല്ലായ്മകളും പലര്‍ ക്കും അവിടെ അനുഭവപ്പെട്ടിരുന്നിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org