
പുസ്തക നിരൂപണത്തിലും മറ്റും എഴുത്തുകാരുടെ കുറവുകള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ പലരുടെയും വിദ്വേഷത്തിന് ഞാന്‍ ഇരയായിട്ടുണ്ട്. അടുപ്പമുള്ളവരെ പൊതുവേദിയില്‍ വിമര്‍ശിക്കാതെ ഒറ്റയ്ക്കു കിട്ടുമ്പോള്‍ നേരിട്ടു പറയുകയാണ് വേണ്ടതെന്ന എം.വി. ദേവന്റെ ഉപദേശം ഗൗരവപൂര്‍വം സ്വീകരിക്കാന്‍ എനിക്കു സാധിച്ചില്ല. അവിവേകവും അഹങ്കാര-ധിക്കാരങ്ങളും എന്റെ ഉടപ്പിറപ്പുകളായിരുന്നു. ആളുകള്‍ പറയുന്നതു സംശയിക്കാതെ വിശ്വസിക്കുകയും ആപത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ഫൂള്‍ കളിപ്പിക്കാന്‍ പറ്റിയ ആള്‍ ഞാനാണെന്ന് കൂട്ടുകാര്‍ കണ്ടിരുന്നു! അകത്ത് കത്തിയും പുറത്ത് പത്തി(സ്‌നേഹം)യുമായി വരുന്നവരെ തിരിച്ചറിയാനുള്ള കഴിവ് എനിക്കില്ലായിരുന്നു, വിശേഷിച്ചും ഔദ്യോഗിക ജീവിതത്തില്‍. കബളിപ്പിക്കപ്പെട്ടു എന്നറിയുമ്പോള്‍ ശക്തിയായി പ്രതികരിക്കും. അപ്പോള്‍ അവര്‍ ദ്രോഹിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യും. അങ്ങനെ ഒട്ടേറെ സഹനങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്.
അസഹിഷ്ണുതയും അക്ഷമയും സ്‌നേഹക്കുറവും യശക്കാമവും ജഡികാസക്തിയും എന്റെ പ്രശ്‌നങ്ങളായിരുന്നു. പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടി ദൈവത്തെയും തന്നെപ്പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കാനും മറ്റുമുള്ള ദൈവകല്പനകള്‍ ലംഘിച്ചാല്‍ ''കര്‍ത്താവു നിന്നെ ശത്രുക്കളുടെ മുമ്പില്‍ തോല്പിക്കും. നീ ഒരു വഴിയിലൂടെ അവര്‍ക്കെതിരായി ചെല്ലും, ഏഴു വഴിയിലൂടെ തോറ്റോടും'' (നിയമാവര്‍ത്തനം 28:25) എന്നു ബൈബിളിലുണ്ട്. എന്റെ പരാജയങ്ങള്‍ക്കും വീഴ്ചകള്‍ക്കും അ ധൈര്യത്തിനും അവിവേകത്തിനും അസത്യബന്ധനങ്ങള്‍ക്കുമൊക്കെ ദൈവകല്പനകളുടെലംഘനമാണ് ഹേതുവെന്നു ഗ്രഹിക്കാന്‍ വേണ്ട ബൈബിള്‍ പരിജ്ഞാനം എനിക്കില്ലായിരുന്നു. മഗ്ദലന മറിയത്തിന്റെ പങ്കിലാവസ്ഥയെപ്പറ്റി അവളുടെ കുടുംബസുഹൃത്തായിരുന്ന തീവ്രവാദി സൈമണോടു യൂദാസ് സ്‌കറിയോത്ത കുത്തികുത്തി ചോദിച്ചപ്പോള്‍ ''നമ്മുടെയും നമ്മുടെ സ്‌നേഹിതരുടെയും വ്രണങ്ങള്‍ മറച്ചുവയ്ക്കാനാണു നമ്മള്‍ ശ്രമിക്കുക'' എന്നു സൈമണ്‍ പറഞ്ഞു! അതിന്റെ പേരില്‍ പത്രോസും പിന്നീട് യേശുവും സൈമണെ അനുമോദിക്കുന്നുണ്ട് (Poem of the Man - God, No.98). ''വിശസനം (കൊടിയ ദുഃഖം, ആപത്ത്) സുഖികളെ വിജ്ഞരാക്കിടും'' എന്നു കുമാരനാശാന്‍ എഴുതി. ദുഃഖം നമ്മെ വിശുദ്ധീകരിക്കും. ''നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്'' എന്നു സെന്റ് പോള്‍ പറയുന്നു (1 തെസലോനിക്ക 4:3).
എന്റെ ചില ദുഃഖാനുഭവങ്ങള്‍ ഓര്‍മ്മയില്‍ വരുന്നു. എന്റെ വല്ല്യമ്മ വളരെനാള്‍ കിടപ്പുരോഗിയായിരുന്നു. ശുശ്രൂഷിച്ചിരുന്ന അമ്മായിമാര്‍ പുറം തുടക്കാന്‍ നോക്കിയപ്പോള്‍ കട്ടിലില്‍ വിരിച്ചിരുന്ന ഷീറ്റ് തോലിയോട് ഒട്ടിച്ചേര്‍ന്നതായി കണ്ട് അപ്പനെ വിളിച്ചു. അദ്ദേഹം വല്ല്യമ്മയുടെ കൈകള്‍ പിടിച്ചു ദേഹം ഉയര്‍ത്തിയിട്ട് ഷീറ്റ് വലിച്ചുമാറ്റാന്‍ എന്നോടു പറഞ്ഞു. ഞാനങ്ങനെ ചെയ്തപ്പോള്‍ വല്ല്യമ്മ പൊട്ടിക്കരഞ്ഞു കണ്ണീരൊഴുക്കി. തൊലി മുഴുവന്‍ പൊളിഞ്ഞുപോയി! ആ ദുഃഖവും ദൃശ്യവും ഇപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്.
ഞങ്ങളുടെ അമ്മായിമാരില്‍ പലരെയും വിവാഹം കഴിച്ചയച്ചിരുന്നത് ഇലഞ്ഞി ഭാഗത്താണ്. വേനല്‍ക്കാല അവധിക്ക് ഞങ്ങള്‍ കുട്ടികള്‍, അവിടങ്ങളില്‍ പോയിരുന്നു. അമ്മായിമാരുടെ മക്കള്‍ വീട്ടില്‍ വരുന്നതും അക്കാലത്താണ്. അങ്ങനെ വന്ന ചിലരോടൊപ്പം ഞാനും ഇളയ ഒന്നോ രണ്ടോ പേരും കൂടി ഇലഞ്ഞിയിലേക്കു പോയി. മൂത്ത അമ്മായിയുടെ വീട് ഇലഞ്ഞി കവലയടുത്താണ്. അവരുടെ ഭര്‍ത്താവ് മുഴുക്കുടിയനായിരുന്നു. കുടിച്ചു കുടിച്ചു സ്വത്തെല്ലാം നശിപ്പിച്ചു. ഒരു മകനും മൂന്നാലു പെണ്‍മക്കളുമുണ്ട്. അവരില്‍ മൂത്ത പെണ്‍മക്കളെ കെട്ടിച്ചയച്ചു. മകനും ഒരു മകളും വീട്ടിലുണ്ട്. ഞങ്ങളവിടെ ചെല്ലുന്നത് ഉച്ചയ്ക്കാണ്. അമ്മായി അരിയിരുന്ന പാത്രം നോക്കിയപ്പോള്‍ ഒരുപിടി അരി മാത്രമാണുള്ളത്. അതിട്ടു തിളപ്പിച്ചു ഞങ്ങള്‍ക്കെന്തൊക്കെയോ ഉണ്ടാക്കിതന്നു. കുറേകഴിഞ്ഞ് കൂടെയുള്ളവരുടെ (ഇളയ അമ്മായി ഏലിക്കുട്ടിയുടെ) വീട്ടിലേക്കു പോയി. ആ അമ്മായിയുടെ ഭര്‍ത്താവിനും മദ്യസേവയുണ്ട്. എങ്കിലും ഇത്രയും കുഴപ്പമില്ല. കൂര് ഭാഗത്താണ് അവരുടെ താമസം. അവര്‍ക്ക് നാലു പെണ്‍മക്കളും ഒരു മകനും. അവരില്‍ മേരിയും ജോണുമാണ് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത്. വീട്ടിലെത്തിയപ്പോള്‍ ഉച്ചയ്ക്കു പട്ടിണിയായിരുന്നെന്നും മറ്റും മേരി അമ്മയോടു പറഞ്ഞു. ''നിങ്ങളിങ്ങോട്ടു പോന്നാല്‍ മതിയായിരുന്നു. ഇവിടെ ചോറും കറികളുമൊക്കെ ഉണ്ടായിരുന്നല്ലോ'' എന്നു പറഞ്ഞ്, ഉടനേ അവ വിളമ്പി തന്നു. ഏറെ സ്‌നേഹമുള്ള ആളായിരുന്നു ഏലിക്കുട്ടി അമ്മായി. ഭര്‍ത്താവ് വൈകിട്ടു മദ്യപിച്ചിട്ടു വരുമ്പോള്‍ മക്കളെ പുരയ്ക്കകത്താക്കും. എന്തുണ്ടായാലും മിണ്ടരുതെന്നു പറയും. ശകാരമോ കയ്യേറ്റമോ ഒക്കെ താന്‍ ഏറ്റുവാങ്ങും. ഈ അമ്മായിയുടെ അന്ത്യനാളുകളില്‍ ഞാനും മിസ്സിസും കൂടി പോയി കണ്ടു. ഊണു കഴിച്ചിട്ടേ പോകാവൂ എന്നു പറഞ്ഞെങ്കിലും ഞങ്ങളങ്ങനെ ചെയ്തില്ല. അത് അവരെ വേദനിപ്പിച്ചെന്നു തോന്നി. വലിയ സല്‍ ക്കാരപ്രിയ ആയിരുന്നു അവര്‍. അവരുടെ രണ്ടുപെണ്‍മക്കള്‍ നഴ്‌സിങ് പഠിച്ചു ബോംബെയിലും പിന്നീട് അമേരിക്കയിലുമെത്തി. അവര്‍ മറ്റ് സ ഹോദരങ്ങളെ സഹായിച്ചു ഭേദപ്പെട്ട നിലയിലെത്തിച്ചു. അവരില്‍ മേരി ഏകദേശം എന്റെ പ്രായമാണ്. മേരിയുടെ ഭര്‍ത്താവു ബേബിയും നല്ല സ്‌നേഹമുള്ളയാള്‍. അവര്‍ ബോംബെയിലായിരുന്നപ്പോള്‍ അണുശക്തിനഗറിലെ അവരുടെ ഫ്‌ളാറ്റില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. 'അണുശക്തി നഗര്‍' എന്നൊരു കവിത അവിടെയിരുന്നാണ് ഞാനെഴുതിയത്. മേരിയുടെ ചേച്ചി ലീലാമ്മയും അമേരിക്കയിലുള്ള അനിയത്തി ജെസ്സിയും ഒറ്റപ്പാലത്തുള്ള അനിയത്തി തെയ്യയും അവരുടെ മക്കളും സുഖമായി കഴിയുന്നു. സഹോദരന്‍ ജോണ്‍ ഇപ്പോഴില്ല.
എന്റെ മറ്റൊരമ്മായിയെ വിവിഹം കഴിച്ചു വിട്ടിരുന്നത് പെരുവ അപ്പുറം കുന്നപ്പിള്ളിയിലാണ്. അവരുടെ മൂത്തമകന്‍ കുട്ടപ്പന്‍ ഏകദേശം എന്റെ പ്രായമായിരുന്നു. ഇടയ്ക്കിടെ വീട്ടില്‍ വരും. എന്നെ മിഡില്‍ സ്‌കൂളില്‍ ചേര്‍ത്ത ഘട്ടത്തില്‍ ശനിയാഴ്ച വീട്ടില്‍ വന്ന് അന്നും ഞായറാഴ്ചയും കൂടെ താമസിച്ചിട്ട് തിങ്കളാഴ്ച ഞാന്‍ സ്‌കൂളില്‍ പോകാനിറങ്ങിയപ്പോള്‍ കുന്നപ്പിള്ളിക്കു പോകാന്‍ കൂടെ ഇറങ്ങി. പൊതിയിലെത്തി ഞങ്ങള്‍ പിരിയാന്‍നേരം എന്റെ കൈ പിടിച്ചു കരഞ്ഞിട്ട് ''എന്റെ പഠിത്തം നിര്‍ത്തി. ഇനി തൂമ്പാപ്പണിയാണ്'' എന്നു പറഞ്ഞു കണ്ണീര്‍ തുടച്ചു കൊണ്ടുപോയി. ഇതുപോലുള്ള വേദനയാണ്, എന്റെ അപ്പന്റെ മരണശേഷം അനിയത്തിയുടെയും അനിയന്‍ ജോസഫിന്റെയും പഠനം നിര്‍ത്തിയപ്പോള്‍, അവരുടെ കണ്ണീര്‍ വീഴുന്നതു കണ്ട്, എനിക്കുണ്ടായത്. ഞാന്‍ നിസ്സഹായനായിരുന്നു.
മേല്‍പ്പറഞ്ഞ കുട്ടപ്പന്റെ നേരെ ഇളയത് മേരി. അവളുടെ അനിയന്‍ പാപ്പച്ചനെ ഞങ്ങള്‍ കുട്ടികളായിരിക്കെ ഉന്തിയിട്ടു മുറിപ്പെടുത്തിയതും ഓര്‍ക്കുന്നു. അവന്റെ നെറ്റി പൊട്ടി ചോര വന്നു. ഞാന്‍ വിഷമത്തിലായി. അമ്മായി വന്ന് എന്തിനാ ഉന്തിയിട്ടതെന്നു നെടുവീര്‍പ്പോടെ ചോദിച്ചു. എനിക്കു മറുപടി ഇല്ലായിരുന്നു... പാപ്പച്ചന്‍ മുതിര്‍ന്നപ്പോള്‍ കേരള പോലീസില്‍ ചേര്‍ന്നു. മലപ്പുറത്തായിരിക്കുമ്പോള്‍ കോഴിക്കോട്ട് എന്റെ വീട്ടില്‍ വന്നു. പോലീസുദ്യോഗം വേദനിപ്പിച്ചിരുന്നതായി തോന്നി. മുന്‍കൂട്ടി വിരമിക്കലെടുത്തു. അകാലത്തില്‍ മരിച്ചു. പാപ്പച്ചന്റെ അനിയന്‍ ജോസ് പൂനയില്‍ സകുടുംബം കഴിയുന്നു. എന്റെ സഹോദരി(കസിന്‍സ്)കളില്‍ വെട്ടിക്കല്‍ കുഞ്ഞമ്മ, അന്നക്കുട്ടി പത്രോസ്, മറിയക്കുട്ടി തമ്പി എന്നിവരെ പ്രത്യേകം ഓര്‍ക്കുന്നു. മറ്റൊരു കസിന്റെ മകന്‍ ഫാ. പ്രശാന്തിനെയും സഹോദരങ്ങളെയും കസിന്‍സ് ചാച്ചമ്മ, അന്നക്കുട്ടി, മറിയക്കുട്ടി, കത്രിക്കുട്ടി, മാമ്പുഴയിലെയും വള്ളിക്കാവുങ്കലെയും വള്ളാനിയിലെയും അമ്മായിമാര്‍, അവരുടെയെല്ലാം മക്കള്‍, കൊച്ചുമക്കള്‍ എന്നിവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
എന്റെ ഭാര്യാപിതാവ് വി. ജോസഫ് വളവി കൊരട്ടി ജെ&പി. കോട്‌സ് കമ്പനിയില്‍ പെഴ്‌സണല്‍ മാനേജരായിരുന്നു. എറണാകുളത്തെ പ്രമുഖ കുടുംബാംഗവും. ഞാനന്ന് മടപ്പള്ളി കോളജിലാണ്. അദ്ദേഹം നാട്ടിലെത്തി എന്റെ കസിന്‍ പാപ്പച്ചനെയും കൂട്ടി വീട്ടില്‍ ചെന്ന് അമ്മയെ കാണുകയും നിരീക്ഷണം നടത്തുകയും ചെയ്തപ്പോള്‍ വീടിന്റെ ഭിത്തിയില്‍, ഞാന്‍ വി.വി. ഗിരിയില്‍ നിന്നു റാങ്കു സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന്റെ ഫോട്ടോ ഫ്രെയിം ചെയ്തുവച്ചിരുന്നതു ശ്രദ്ധിച്ചു. കോളജധ്യാപികയായ തന്റെ മൂത്തമകള്‍ക്കു പറ്റിയ വരന്‍ ഞാനാണെന്നുറപ്പിക്കാന്‍ അതു കാരണമായത്രേ. ഞാന്‍ എത്ര നിസ്സാരനും ദുര്‍ബലനും 'മണ്ടനു'മാണെന്ന് അദ്ദേഹം എങ്ങനെ ഊഹിക്കാന്‍?
വിവാഹത്തിന് മണവാളനും മണവാട്ടിക്കുമുള്ള വസ്ത്രങ്ങള്‍ രണ്ടുകൂട്ടരും ചേര്‍ന്നുവാങ്ങുന്ന പതിവുണ്ട്. അതിനു ഞാനും ചെല്ലണം. ആ ബുദ്ധിമുട്ടോര്‍ത്ത് ഓരോ കൂട്ടരുടേതും സ്വയം വാങ്ങിയാല്‍ മതിയല്ലോ എന്നു ഞാന്‍ പറഞ്ഞു. അതു സമ്മതിച്ച് അവര്‍ മണവാട്ടിക്കു മികച്ച വസ്ത്രങ്ങള്‍ വാങ്ങി, ഒരുങ്ങിവന്നു. ഞാന്‍ ഗാന്ധിജിയുടെ ലളിതജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളാണ്. കോളജില്‍ എബ്രഹാം ലിങ്കന്റെ ജീവചരിത്രം പഠിപ്പിച്ചിരുന്ന കാലവും! സ്‌നേഹിതന്‍ അബൂബക്കര്‍ പറഞ്ഞു, കോട്ടണ്‍ ഷര്‍ട്ടൊരു പുതുമയാകുമെന്ന്. അതു സമ്മതിച്ച് ഞങ്ങള്‍ പോയി കോട്ടണ്‍ തുണി വാങ്ങി തയ്പിച്ചു. അതും മുണ്ടും ധരിച്ചാണ് വിവാഹത്തിനു ചെന്നത്. മണവാട്ടിയും ബന്ധുക്കളുമൊക്കെ പാന്റും കോട്ടും ധരിച്ച മണവാളനെ പ്രതീക്ഷിച്ചിരിക്കാം. എന്റെ 'കോട്ടണ്‍ വേഷം' അവരെ നിരാശപ്പെടുത്തുകയും എന്റെ ബുദ്ധിശൂന്യത വെളിപ്പെടുകയും ചെയ്തു കാണും. ജോസഫ് വളവി വിശാലഹൃദയനായിരുന്നു. അദ്ദേഹവും അമ്മച്ചിയും (ആനി ജെ. വളവി) എന്റെ കുറവുകള്‍ അവഗണിച്ചു! മറ്റുള്ളവരുടെ വികാരവിചാരങ്ങള്‍ മുന്‍കൂട്ടി കാണാനോ അവരെ വേദനിപ്പിക്കാതിരിക്കാനോ വേണ്ട വിവേകം എനിക്കില്ലായിരുന്നു. പിന്നീട് ഭാര്യയുമൊത്ത്, വല്ല വിവാഹത്തിലും പങ്കെടുത്തിട്ടു വരുമ്പോള്‍ മണവാളന്‍ നല്ല വസ്ത്രം ധരിച്ചിരുന്നതായി പറഞ്ഞ് ഭാര്യ എന്നെ ചൂടാക്കാന്‍ നോക്കുമായിരുന്നു! പില്‍ക്കാലത്ത് അമ്മച്ചിയെ വേദനിപ്പിച്ചതും ദുഃഖത്തോടെ ഓര്‍ക്കുന്നു. ഭാര്യയുടെ സഹോദരങ്ങള്‍ വിക്ടര്‍, ജേക്കബ്, ഫാ. ജോസഫ്, അമ്മിണി, ലീലാമ്മ, അച്ചാമ്മ, റീത്താമ്മ എന്നിവരെയും കുടുംബാംഗങ്ങളെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു. എന്റെ മൂത്തമകന്‍ ജയ്‌സന്റെ കാര്യം മുമ്പു പറഞ്ഞു. രണ്ടാമന്‍ ജോസുകുട്ടി 1970 ലും മകള്‍ സിന്ധു 1972 ലും പിറന്നു. അവരെല്ലാം ഇപ്പോള്‍ സകുടുംബം, രണ്ടാമന്‍ ലണ്ടനിലും ശേഷിച്ചവര്‍ എറണാകുളത്തും, കൊച്ചുമക്കള്‍ പലയിടങ്ങളില്‍ ജോലിയോ പഠനമോ ആയും കഴിയുന്നു. ഡോ. ബെട്‌സി, ജയ, ഡോ. ജോണി എന്നിവര്‍ ജാമാതാക്കള്‍. ജോഷ്വ, അലീന, സാം, ഡാനി, റിത്തു, റിയ എന്നിവര്‍ കൊച്ചുമക്കള്‍.