
ഞങ്ങളുടെ തൊട്ടടുത്ത വീട് ഒരു യാക്കോബായ സഹോദരന്‍ മര്‍ക്കോസു ചേ ട്ടന്റേതായിരുന്നു. മര്‍ക്കോസു ചേട്ടന്റെ ഭാര്യ മറിയാമ്മ ചേട്ടത്തി നീണ്ടു മെലിഞ്ഞിരുന്നു. ക്ഷയരോഗിണിയാണെന്ന് പിന്നീടാണറിഞ്ഞത്. അവര്‍ക്കു രണ്ടു മക്കള്‍: കുഞ്ഞുമറിയാമ്മയും ബേബിയും. എന്നെ രണ്ടാം ക്ലാ സില്‍ ചേര്‍ത്ത വര്‍ഷംതന്നെ കുഞ്ഞുമറിയാമ്മയെ ഒന്നാം ക്ലാസില്‍ ചേര്‍ത്തിരുന്നു. ഞ ങ്ങള്‍ ഒരുമിച്ചാണു പോയിരുന്നത്. ജോര്‍ജ് നാലഞ്ചു വീടകലെനിന്നാകയാല്‍ ചിലപ്പൊ ഴേ ഒരുമിച്ചു പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ.
മറിയാമ്മ ചേട്ടത്തി മിക്ക ദിവസവും രാവി ലേ തീയെടുക്കാന്‍ വീട്ടില്‍ വരും. തലേന്നു വൈകിട്ട് അടുക്കളപ്പണി കഴിയുമ്പോള്‍ അ മ്മ തീക്കനലുകളും ചാരവും അടുപ്പില്‍ കൂട്ടിയിടും. മഴയോ മഞ്ഞോ ഉള്ളപ്പോള്‍ തീപ്പെട്ടി കത്തില്ല. അടുപ്പിലെ ചാരത്തില്‍ തീയുടെ അവശിഷ്ടം കാണും. അതില്‍ ഉണക്ക ഓല വച്ച് ഊതിയൂതി, കത്തിക്കും. അതില്‍നിന്ന് ഒന്നുരണ്ടു കനല്‍ കൊണ്ടുപോയി തീപിടിപ്പിക്കാനാണ് മറിയാമ്മ ചേട്ടത്തി വരുന്നത്. കുറേ ദിവസം ഇങ്ങനെ കണ്ടപ്പോള്‍ ഇവര്‍ ക്കൊരു തീപ്പെട്ടി വാങ്ങാന്‍ മേലേ? എന്ന് ഞാന്‍ അമ്മയോടു ചോദിച്ചു. മറിയാമ്മ ചേട്ട ത്തി പൊയ്ക്കഴിഞ്ഞെന്നു കരുതിയാണു ചോദിച്ചത്. അമ്മ കണ്ണുരുട്ടി കാണിച്ചു. അ വര്‍ എന്റെ ചോദ്യം കേട്ട് ''തീപ്പെട്ടി കത്താഞ്ഞിട്ടാണു മോനേ'' എന്നു പറഞ്ഞു തീക്കനലുമായി പോയി. എനിക്കു വിഷമം തോ ന്നി. അമ്മ ശകാരിക്കുകയും ചെയ്തു. തീപ്പെട്ടിയുടെ കത്തല്‍ പ്രക്രിയയൊന്നും എനിക്കറിയില്ലായിരുന്നു. അമ്മ വല്ലപ്പോഴും കത്തിക്കുന്നതേ കണ്ടിരുന്നുള്ളൂ! പിന്നീട് മറിയാമ്മ ചേട്ടത്തി വീട്ടില്‍ വന്നില്ല. ഏതാനും മാസം കഴിഞ്ഞ് അവരുടെ മൃതദേഹം ഒരു ശവപ്പെട്ടിയിലാക്കി കറുത്ത തുണികൊണ്ടു മൂടി കാരിക്കോട്ടെ യാക്കോബായ പള്ളിയിലേക്കു കൊണ്ടുപോകുന്നതാണു കണ്ടത്. ''നീ ആ വര്‍ത്താനം പറഞ്ഞതീപ്പിന്നെ അവരിവിടെ വന്നിട്ടില്ല'' എന്ന് അമ്മ രോഷത്തോടെ എ ന്നോടു പറഞ്ഞു. ഞാന്‍ വിഷണ്ണനും ദുഃഖിതനുമായിരുന്നു.
കുഞ്ഞുമറിയാമ്മയും ബേബിയും എന്നെ മൂത്ത സഹോദരനായിട്ടാണ് കണ്ടത്. അവ രെ ഇടക്ക് വീട്ടില്‍ എന്റെ ഇളയവരുടെ കൂടെ ആക്കിയിട്ട് മറിയാമ്മച്ചേട്ടത്തി വല്ല ആവശ്യത്തിനും പുറത്തുപോകുമായിരുന്നു. മര്‍ക്കോ സ് ചേട്ടന്‍ കച്ചവട കാര്യങ്ങള്‍ക്കും പോകും. ഞാന്‍ ആ കുട്ടികളെ, കൂടുതലും ബേബിയെ വേദനിപ്പിച്ചത് ദുഃഖത്തോടെ ഓര്‍ക്കുന്നു. മറിയാമ്മച്ചേട്ടത്തിയുടെ മരണത്തോടെ മര്‍ക്കോസുചേട്ടന്‍ കുട്ടികളെയും കൊണ്ട് കാരിക്കോ ട്ടെ തന്റെ തറവാട്ടിലേക്ക് പോയി. ഞങ്ങളുടെ അടുത്തുള്ള വീടും പറമ്പും നോക്കാന്‍ വല്ലപ്പോഴും വരും. അപ്പോള്‍ വീട്ടില്‍ വരും. കു ഞ്ഞുമറിയാമ്മ പഠനം തുടര്‍ന്നു. ഞങ്ങള്‍ വേറേ ക്ലാസുകളിലായിരുന്നതിനാല്‍ കാണുമായിരുന്നില്ല. മര്‍ക്കോസുചേട്ടന്‍ പിന്നീട് കൈനോട്ടവും മറ്റും പഠിച്ചു ലക്ഷണം പറയുന്ന പരിപാടിയുമായി നടന്നെന്നും, തമിഴ് നാട്ടിലെവിടെയോ വച്ച് ഒരു പോലീസുകാരന്റെ ലക്ഷണം പറയുമ്പോള്‍ തന്റെ മകളെ വിവാഹം ചെയ്യാന്‍ സാധ്യതയുണ്ടെന്നു പറയുകയും അയാള്‍ കാരിക്കോട്ടുവന്ന് കുഞ്ഞുമറിയാമ്മയെ കാണുകയും വിവാഹം നടത്തുകയും ചെയ്‌തെന്നും കേട്ടു. അതു നീണ്ടുനിന്നില്ലത്രേ! അവളെ തിരിച്ചയച്ചു. മര്‍ക്കോസുചേട്ടന്‍ ഇപ്പോഴില്ല. സഹോദരന്‍ ബേബി യും കുടുംബവുമൊത്ത് കുഞ്ഞുമറിയാമ്മ കഴിയുന്നു. അവരെ കാണാനും സ്‌നേഹബ ന്ധം പുതുക്കാനുമായി സമീപകാലത്ത് നാ ട്ടില്‍ പോയപ്പോള്‍ എന്റെ അനിയന്‍ ജോസഫിനെയും കൂട്ടി അവരുടെ വീട്ടില്‍ ചെന്നു. കുഞ്ഞുമറിയാമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. അനിയന്‍ പരിചയപ്പെടുത്തിയതുകൊണ്ടുമാ ത്രം മനസ്സിലായി. കുറേനേരം സംസാരിച്ചിരുന്നിട്ട് എന്റെ ഒരു പുസ്തകം സമ്മാനിക്കുകയും ബേബിയെ കാണാനാഗ്രഹിക്കുന്നതായി പറയുകയും ചെയ്തിട്ടുപോന്നു. വിവാഹകാര്യമൊന്നും ചോദിച്ച് അവളെ വിഷമിപ്പിച്ചില്ല. ബേബി പിന്നീട് എന്റെയടുത്തുവന്നു. ഒരു കച്ചവടം ഉണ്ട്. മകന്‍ ഡോക്ടറാണ്. സുഖമായി പോകുന്നു.
ലക്ഷ്മിടീച്ചറെപ്പറ്റി പറഞ്ഞല്ലോ. ടീച്ചര്‍ ഞങ്ങള്‍ക്കെല്ലാം വലിയ സഹായമായിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ നിന്നു ടീച്ചറോടൊപ്പം ഞങ്ങള്‍ മടങ്ങുമ്പോള്‍ ഒരു പറമ്പില്‍ ആടി നെ കെട്ടിയിരുന്ന കയറില്‍ അതിന്റെ കുഞ്ഞി ന്റെ കഴുത്തു കുടുങ്ങി ചാകാറായ കാഴ്ച! ഒരു കുര്യാച്ചന്റെ പറമ്പാണ്. അദ്ദേഹത്തിന്റെ മക്കള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ടീച്ചര്‍ കു ര്യാച്ചാ എന്ന് ഉറക്കെ വിളിച്ചു. കുര്യാച്ചന്‍ ഓടിവന്നു. ഭാഗ്യത്തിന് കൈയില്‍ ഒരു മടക്കുകത്തി ഉണ്ടായിരുന്നു. അതു നിവര്‍ത്തി കയര്‍ മുറിച്ച് ആട്ടിന്‍കുട്ടിയെ രക്ഷിച്ചിട്ട് കുര്യാച്ചന്‍ വെറ്റില മുറുക്കി ചുവന്ന ചുണ്ടുകള്‍ വിടര്‍ത്തി സന്തോഷം നിറഞ്ഞ ചിരി ഞങ്ങള്‍ക്കു സമ്മാനിച്ചു. അദ്ദേഹത്തിന്റെ കൃതജ്ഞതാ പ്രകടനമായിരുന്നു അത്.
ലക്ഷ്മിടീച്ചറുടെ വീട് ഞങ്ങളുടെ വീടു കഴിഞ്ഞ് കുറേകൂടി പടിഞ്ഞാറു മാറിയാണ്. ഞങ്ങളുടെ വീടു കുറേ ഉയരത്തിലാകയാല്‍ ടീച്ചര്‍ വഴിയിലൂടെ നടന്നുവരുന്നതു കാ ണാം. കഴിവതും കൂടെ പോകും. ക്രിസ്ത്യാ നി സ്ത്രീകള്‍ അക്കാലത്തു മുണ്ടും ചട്ടയുമാണ് ധരിച്ചിരുന്നത്. ലക്ഷ്മിടീച്ചറുടെ വേ ഷം മുണ്ടും ബ്ലൗസും ഹാഫ് സാരിയുമായിരുന്നു. ടീച്ചറും ശ്രീധരന്‍നായര്‍ സാറും അച്ചുതന്‍പിള്ള സാറുമാണ് അന്നു കാരിക്കോടു സ്‌കൂളിലുള്ളത്. നാലു ക്ലാസു മാത്രം. രണ്ടു ക്ലാസ് രാവിലെയും രണ്ടെണ്ണം ഉച്ചകഴിഞ്ഞും. അധ്യാപകരുടെ എണ്ണം കുറച്ചു ലാഭമുണ്ടാക്കാന്‍ ചെയ്ത വിദ്യയാകാം. ലക്ഷ്മിടീച്ചര്‍ ഭാഷയും (മലയാളം) ശ്രീധരന്‍സാര്‍ കണ ക്കും പഠിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ വല്ലപ്പോഴും വന്ന് പുരാണകഥകള്‍ പറഞ്ഞിട്ടുപോകും. അദ്ദേഹത്തിന് മാനേജര്‍ പണിയും ഉണ്ടല്ലോ. പണിക്കാരെ നിര്‍ത്താതെ ഞങ്ങളെക്കൊണ്ട്, സ്‌കൂള്‍ കോമ്പൗണ്ട് കിളച്ചു നിരപ്പാക്കുക, ചെടികള്‍ നീക്കി വൃത്തിയാക്കുക തുടങ്ങിയ പണികള്‍ അദ്ദേഹം ചെയ്യിച്ചിരുന്നു! സ്‌കൂള്‍ മുറ്റത്ത് തലപ്പന്തുകളി, കിളികളി, തൊങ്കിക്ക ളി തുടങ്ങിയ വിനോദങ്ങളില്‍ ഉച്ചയ്ക്കും ക്ലാ സില്ലാത്തപ്പോഴും ഞങ്ങള്‍ മുഴുകിയിരുന്നു.
ഞങ്ങളുടെ ഭാഗത്തുനിന്നുള്ള കുട്ടികള്‍ തോല്‍ക്കാതെ നോക്കിയിരുന്നത് ലക്ഷ്മിടീച്ചറാകാം! ഞാന്‍ മൂന്നാം ക്ലാസിലേക്കു കടന്നപ്പോള്‍ ഉച്ചകഴിഞ്ഞായി സ്‌കൂള്‍. ഒന്നാം ക്ലാസില്‍ ചേര്‍ത്ത അനിയത്തി ചിന്നമ്മക്ക് രാവിലെയും! അമ്മക്ക് അടുക്കളയില്‍ പണിയുണ്ടായിരുന്നതിനാല്‍ അവളുടെ മുടി ചീകിക്കെട്ടി ഒരുക്കി ലക്ഷ്മിടീച്ചറുടെ കൂടെ വിടു ന്ന ജോലി എനിക്കായിരുന്നു. അധികം വൈ കാതെ എല്ലാവര്‍ക്കും രാവിലെ മുതല്‍ വൈ കിട്ടുവരെ ക്ലാസ് ആക്കിയെന്നാണ് ഓര്‍മ. അ പ്പോള്‍ ഒരു ഭാരതിടീച്ചര്‍ കൂടിവന്നു. ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ നാലുപേര്‍. കുറേ കഴിഞ്ഞപ്പോള്‍ അഞ്ചാം ക്ലാസ് കൂടി അച്ചുതന്‍പിള്ള സാര്‍ സംഘടിപ്പിച്ചെടുത്തു. ഒരധ്യാപകന്‍ കൂടി വന്നു കാണും ഓര്‍മയില്ല. ഇംഗ്ലീഷ് പഠ നം അക്കാലത്തു തുടങ്ങിയിരുന്നത് അഞ്ചിലാണ്. ഭാരതിടീച്ചര്‍ ഞങ്ങളെ ആ ഭാഷ പഠിപ്പിച്ചു. ആ ക്ലാസില്‍ താലൂക്കടിസ്ഥാനത്തി ലോ മറ്റോ പൊതുപരീക്ഷ ഉണ്ടായിരുന്നു. കടലാസില്‍ ഉത്തരമെഴുതണം. അതുവരെ ചോദിച്ചു കേട്ടോ സ്ലേറ്റില്‍ എഴുതിച്ചോ ആ ണു പരീക്ഷ നടത്തിയത്. അഞ്ചാം ക്ലാസ് പരീക്ഷക്ക് കടലാസ് വാങ്ങിക്കൊണ്ടുചെന്നു. ലക്ഷ്മിടീച്ചര്‍ അടുത്തുവന്ന് ചോദ്യങ്ങള്‍ പറയുകയും കടലാസില്‍ എന്തൊക്കെയോ പറഞ്ഞെഴുതിക്കുകയും ചെയ്തു. മറ്റു കുട്ടികളെയും ടീച്ചര്‍ സഹായിച്ചു. അങ്ങനെ ആ കടമ്പയും കടന്നു. 1948-49 കാലത്തായിരുന്നു അഞ്ചാം ക്ലാസ് പഠനം. സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞു. അതുവരെ തിരുവിതാംകൂര്‍ രാജാവും പിന്നീട് രാജപ്രമുഖനും (ഗവര്‍ണര്‍ പദവി) ആയിരുന്ന ശ്രീചിത്തിര തിരുനാളിന്റെ ജന്മദിനത്തിന് മാനേജര്‍ പ്രത്യേക പരിപാടികള്‍ ഒരുക്കുമായിരുന്നു. കുട്ടികളെ നിരനിരയായി വഴിയിലൂടെ ചെറിയ കൊടികള്‍ പിടിപ്പിച്ചും വഞ്ചീശമംഗളം പാടി ച്ചും നടത്തി, രാജഭക്തി പ്രകടിപ്പിച്ചിരുന്നു! ഇടയ്ക്ക് അദ്ദേഹം തിരുവനന്തപുരത്തു പോകയും ചെ യ്തിരുന്നു. എന്തിനെന്ന് ആര്‍ക്കറിയാം!
അധ്യാപകര്‍ക്ക് കാര്യമായ ശ മ്പളമൊന്നും കൊടുത്തിരിക്കില്ല. അവരുടെ വാടിയ മുഖവും ക്ഷീ ണിച്ച ശരീരവും അതു പ്രകടമാക്കിയിരുന്നു. അക്കാലത്തെ പ്രൈ വറ്റ് സ്‌കൂള്‍ അധ്യാപകരുടെ പരിതാപകരമായ അവസ്ഥ പൊതിച്ചോര്‍ പോലുള്ള കാരൂര്‍ക്കഥകളില്‍ നിന്നു വായിച്ചെടുക്കാമല്ലോ!
കാരിക്കോടു സ്‌കൂളില്‍ ഏതെങ്കിലും പാഠപുസ്തകങ്ങള്‍ പഠിച്ചതായോ പഠിപ്പിച്ചതായോ ഓര്‍മയില്ല. ഭാരതിടീച്ചര്‍ അഞ്ചാം ക്ലാസില്‍ കുട്ടികള്‍ക്ക് ഓരോ ഇംഗ്ലീഷു പു സ്തകം തന്ന് പണം വാങ്ങിയതും പുസ്തകത്തില്‍ ഭംഗിയായി പേ രെഴുതി തന്നതും ഓര്‍മയുണ്ട്. അ തിലെ പാഠങ്ങള്‍ പഠിപ്പിച്ചോ, പഠിപ്പിച്ചെങ്കില്‍തന്നെ എന്റെ തലയില്‍ കയറിയോ എന്നു സംശയം. എത്ര ദയനീയമായിരുന്നു അവിടത്തെ അഭ്യസനമെന്ന് അടുത്ത സ്‌കൂളി ലെത്തിയപ്പോള്‍ ബോധ്യമായി! ആ കഥ പിന്നാലേ.